ജീവൻ രക്ഷിക്കാൻ ഇനി ശാസ്ത്രത്തിന്റെ ‘പ്രിന്റ് ’

ഡോ. കീർത്തിപ്രഭ
Published on May 05, 2026, 09:43 PM | 2 min read
2021ൽ കേരള ഹൈക്കോടതിയുടെ ചരിത്രപരമായ ഒരു വിധിയുണ്ടായി. മനുഷ്യത്വം ജാതിക്കും മതത്തിനും ക്രിമിനൽ പശ്ചാത്തലങ്ങൾക്കും അതീതമാണെന്ന മഹത്തായ സന്ദേശമാണ് അതിലൂടെ അടിവരയിട്ടത്. ‘അവയവങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല’ എന്ന കോടതിയുടെ നിരീക്ഷണം അവയവദാനത്തെ കേവലം ഒരു ശസ്ത്രക്രിയ എന്നതിലുപരി സാമൂഹികസൗഹാർദത്തിന്റെയും മതനിരപേക്ഷതയുടെയും പ്രതീകമായി ഉയർത്തിക്കാട്ടി. ഇന്ത്യയിൽ മരണാനന്തര അവയവദാന നിരക്ക് ഇപ്പോഴും കുറവാണെങ്കിലും കേരളത്തിലെ ആരോഗ്യമേഖല ഈ രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങളാണ് നടത്തുന്നത്. 2003-ൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയമുതൽ, കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് നടത്തിയ 10 തുടർച്ചയായ വിജയകരമായ ശസ്ത്രക്രിയകളും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ നേട്ടങ്ങളുംവരെ കേരളത്തിന്റെ വൈദ്യശാസ്ത്രമികവിന്റെ തെളിവുകളാണ്.
അവയവദാനപ്രക്രിയയിലെ കാലതാമസം ഒഴിവാക്കാൻ സർക്കാർതലത്തിൽ ‘കെ -സോട്ടോ' പോലുള്ള സംവിധാനങ്ങളും ‘ഗ്രീൻ കോറിഡോർ' പോലുള്ള സജ്ജീകരണങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ദാതാക്കളെ കണ്ടെത്താനുള്ള വെല്ലുവിളികളും അപേക്ഷകൾ പരിഗണിക്കുന്നതിലെ സാങ്കേതികതടസ്സങ്ങളും ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അവയവദാനം എന്ന സങ്കൽപ്പത്തെതന്നെ മാറ്റിവരയ്ക്കാൻ കെൽപ്പുള്ള ‘ഓർഗൻ പ്രിന്റിങ്' എന്ന അത്യാധുനിക സാങ്കേതികവിദ്യ പ്രസക്തമാകുന്നത്. ദാതാവിനായി കാത്തിരിക്കാതെതന്നെ രോഗിയുടെ സ്വന്തം കോശങ്ങളിൽനിന്ന് അവയവങ്ങൾ ലാബുകളിൽ നിർമിച്ചെടുക്കുന്ന ഈ വിദ്യ, അവയവദാനരംഗത്തെ പരിമിതികളെ മറികടക്കാനും ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാനും സഹായിക്കുന്ന വിപ്ലവകരമായ ഒരു ചുവടുവയ്‌പായിരിക്കും.
വൈദ്യശാസ്ത്രലോകം ആവേശത്തോടെയാണ് ത്രീഡി ഓർഗൻ പ്രിന്റിങ് അഥവാ ബയോപ്രിന്റിങ് എന്ന സാങ്കേതികവിദ്യയിൽ ഉറ്റുനോക്കുന്നത്. നമ്മൾ സാധാരണ പേപ്പറിൽ മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നതുപോലെ, ജീവനുള്ള കോശങ്ങളെ ഒരു പ്രത്യേക പാറ്റേണിൽ അടുക്കിവച്ച് കൃത്രിമമായി അവയവങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യയാണിത്. ഇവിടെ മഷിക്കുപകരം ‘ബയോ -ഇങ്കാ'ണ് ഉപയോഗിക്കുന്നത്. ഇതിനോടകംതന്നെ ഈ മേഖലയിൽ വലിയ മുന്നേറ്റങ്ങളുണ്ട്. നിലവിൽ ലളിതമായ ഘടനയുള്ള മനുഷ്യന്റെ ചർമം, മൂത്രനാളി, തരുണാസ്ഥി എന്നിവ വിജയകരമായി പ്രിന്റ് ചെയ്ത് കഴിഞ്ഞു. അത് ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ഇപ്പോൾ സാധിക്കുന്നുണ്ട്.
നിലവിൽ രക്തക്കുഴലുകൾ പ്രിന്റ് ചെയ്തെടുക്കാനുള്ള തീവ്രമായ ഗവേഷണങ്ങളാണ് നടന്നുവരുന്നത്. ഹൃദയം, കരൾ, വൃക്ക എന്നിവപോലെയുള്ള സങ്കീർണമായ അവയവങ്ങൾ പ്രിന്റ് ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. കാരണം ഇവയ്ക്കുള്ളിലെ കോടിക്കണക്കിന് രക്തക്കുഴലുകളുടെ ശൃംഖല അതേപടി നിർമിച്ചെടുക്കുക എന്നത് പ്രയാസകരമായ ജോലിയാണ്. ചർമത്തിനുപിന്നാലെ രക്തക്കുഴലുകൾകൂടി വിജയകരമായി നിർമിക്കാൻ കഴിഞ്ഞാൽ അത് ഹൃദയം, വൃക്ക തുടങ്ങിയ സങ്കീർണമായ ആന്തരികാവയവങ്ങളുടെ നിർമാണത്തിലേക്ക് വഴിതുറക്കും. ഈ സാങ്കേതികവിദ്യയുടെ വികാസം അവയവമാറ്റ ശസ്ത്രക്രിയാരംഗത്തെ വലിയൊരു പ്രതിസന്ധിക്ക് പരിഹാരമാകും. നിലവിൽ മറ്റൊരു ദാതാവിനെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ ഇതിലൂടെ ഇല്ലാതാകും.
മനുഷ്യശരീരത്തിൽ നേരിട്ട് ഉപയോഗിക്കുന്നതിനുമുന്പായി, ഗവേഷണ ആവശ്യങ്ങൾക്കായി ഇപ്പോൾത്തന്നെ ത്രീഡി പ്രിന്റ് ചെയ്തിട്ടുള്ള അവയവങ്ങൾ ഉപയോഗിക്കുന്നുണ്ട്. പുതിയ മരുന്നുകൾ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവ വൃക്കപോലുള്ള അവയവങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും പഠിക്കാൻ ഇത്തരം കൃത്രിമ അവയവങ്ങൾ സഹായിക്കുന്നു. പൂർണമായി പ്രവർത്തനക്ഷമമല്ലെങ്കിലും, യഥാർഥ കോശങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മരുന്നുകളോടുള്ള ഇവയുടെ പ്രതികരണം കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. വരുംവർഷങ്ങളിൽ വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടെത്തലുകൾക്ക് കഴിയുമെന്ന് ഉറപ്പാണ്.
ഓർഗൻ പ്രിന്റിങ് ഒരു സാങ്കേതികവിദ്യ മാത്രമല്ല, അതിന് രാഷ്ട്രീയവും സാമൂഹികവുമായ വലിയ പ്രാധാന്യമുണ്ട്. ഇത് മനുഷ്യജീവൻ നിലനിർത്തുന്നതിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. നിലവിൽ മരണാനന്തര അവയവമാറ്റം നടക്കണമെങ്കിൽ മറ്റൊരാളുടെ മരണം സംഭവിക്കണം; അവരുടെ സമ്മതം വേണം, അതിലുപരി അത് സ്വീകർത്താവിന്റെ ശരീരവുമായി സാങ്കേതികമായി ചേരുകയും വേണം. ഈ പ്രതിസന്ധികളെല്ലാം ഓർഗൻ പ്രിന്റിങ്ങിലൂടെ പരിഹരിക്കും. ഇതൊരു വലിയ ബിസിനസ് മേഖലയായും മാറും. നമ്മൾ പണം നിക്ഷേപിക്കുന്ന (എസ്‌ഐപി അല്ലെങ്കിൽ പെൻഷൻ പ്ലാൻ പോലുള്ളവ) രീതിയിൽ, നമ്മുടെതന്നെ അവയവങ്ങൾ (ഹൃദയം, കിഡ്നി തുടങ്ങിയവ) മുൻകൂട്ടി പ്രിന്റ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കും. ആവശ്യമുള്ള സമയത്ത് അത് ഉപയോഗിക്കാമെന്നത് വലിയ വിപ്ലവമായിരിക്കും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യരംഗത്ത് കേരളം കൈവരിച്ച സമാനതകളില്ലാത്ത നേട്ടങ്ങൾ, ഓർഗൻ പ്രിന്റിങ് എന്ന അത്യാധുനിക സാങ്കേതികവിദ്യയെ സ്വായത്തമാക്കാനും കരുത്തേകുന്നു. ആരോഗ്യമേഖലയിലെ കേരളത്തിന്റെ ഈ സജീവമായ ഇടപെടലുകൾക്ക് തുടർച്ചയുണ്ടായാൽമാത്രമേ ഭാവിയിൽ മികച്ച അവയവമാറ്റ ചികിത്സാകേന്ദ്രമായി സംസ്ഥാനത്തെ മാറ്റാൻ കഴിയൂ.














