ad
Deshabhimani

Articles

ഇന്ന് ഇന്ത്യൻ രൂപയുടെ തകർച്ച ലോകത്തിനുമുന്നിൽ ഇന്ത്യയുടെ സാമ്പത്തിക ദൗർബല്യത്തിന്റെ പ്രതീകമായി മാറുകയാണ്.

രൂപയുടെ താഴ്‌ച 
മോദിയുടെ വീഴ്‌ച

modi

പ്രതീകാത്മക ചിത്രം

ടി ചന്ദ്രമോഹൻ

Published on May 19, 2026, 10:06 PM | 3 min read

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം അളക്കാൻ പല സൂചികകൾ ഉണ്ടെങ്കിലും ഏറ്റവും എളുപ്പത്തിൽ മനസ്സിലാകുന്ന സൂചികയാണ് രൂപയുടെ മൂല്യം. രാജ്യത്തിന്റെ കറൻസി ശക്തമാകുന്നത് അവരുടെ സാമ്പത്തിക വിശ്വാസ്യതയുടെയും ഉൽപ്പാദനശേഷിയുടെയും അടയാളമാണ്. കറൻസിയുടെ മൂല്യത്തകർച്ച രാജ്യത്തിന്റെ സാമ്പത്തിക ദൗർബല്യത്തിന്റെ സൂചനയായി മാറുന്നു. ഇന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുമ്പോൾ, അത് വെറും സാമ്പത്തികവാർത്ത മാത്രമല്ല; മറിച്ച്‌ മോദിസർക്കാരിന്റെ ഭരണനയങ്ങളുടെ പാളിച്ചയാണ്‌ വ്യക്തമാക്കുന്നത്‌. 2014-ൽ മോദി അധികാരത്തിലെത്തിയപ്പോൾ രാജ്യം കേട്ട പ്രധാന വാഗ്‌ദാനങ്ങളിലൊന്ന് ശക്തമായ സമ്പദ്‌വ്യവസ്ഥയായിരുന്നു. കുറഞ്ഞ സർക്കാർ കൂടുതൽ ഭരണക്ഷമത, മേക്ക്‌ ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, വിശ്വഗുരു ഇന്ത്യ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി രാജ്യത്തെ സാമ്പത്തിക മഹാശക്തിയാക്കുമെന്നായിരുന്നു അവകാശവാദം. എന്നാൽ, ഇന്നത്തെ യാഥാർഥ്യമെന്താണ്?

​ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ, അമൃതകാലം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴും ജനങ്ങളുടെ കൈയിലെ രൂപയുടെ വില കുറഞ്ഞുകൊണ്ടിരിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 96 രൂപ കടന്നിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ എന്തുകൊണ്ടാണ് രൂപയെ സംരക്ഷിക്കാൻ കഴിയാത്തത്. വിദേശനിക്ഷേപം വരുന്നുവെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് ചെറിയ പ്രതിസന്ധികൾ ഉണ്ടാകുന്പോൾത്തന്നെ വിദേശമൂലധനം പിൻവലിച്ചുപോകുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’ പ്രഖ്യാപിച്ചിട്ടും ഇറക്കുമതിയിലേക്കുള്ള ആശ്രയം കുറയാത്തത് എന്താണ്‌. ‘ആത്മനിർഭർ ഭാരത്’ പറഞ്ഞിട്ടും എന്തുകൊണ്ട്‌ ഡോളറിന്റെ മുന്നിൽ രൂപ കൂടുതൽ ദുർബലമാകുന്നു. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ട്.


2013-ൽ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ അന്ന്‌ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ചോദിച്ചത്‌: ‘രാജ്യം നിരാശയിലാണ്; രൂപയെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ചെയ്യുന്നത്‌ എന്താണ്‌’ എന്നാണ്‌. ഇന്ന് അതേ ചോദ്യം ജനങ്ങൾ മോദിസർക്കാരിനോടാണ് ചോദിക്കുന്നത്. കാരണം, 12 വർഷത്തെ ബിജെപി ഭരണത്തിനിടയിൽ രൂപയുടെ മൂല്യത്തിൽ 37 രൂപയുടെ ഇടിവാണുണ്ടായത്. 2014 മേയിൽ ഒരു ഡോളറിന് 59.44 രൂപയായിരുന്ന വിനിമയനിരക്ക് 96 രൂപ 77 പൈസയിലേക്ക്‌ എത്തിയിരിക്കുന്നു. 12 വർഷത്തിനിടെ 60 ശതമാനത്തോളം ഇടിവ്. 2025 മെയ്‌ 31ന്‌ 85.56 ആയിരുന്ന രൂപയുടെ മൂല്യം 2026 മെയ്‌ 20ന്‌ 96.77 രൂപയിലെത്തി. ഒരുവർഷംകൊണ്ട്‌ മൂല്യത്തിൽ 11.21 രൂപയുടെ ഇടിവുണ്ടായി. 13 ശതമാനത്തിന്റെ മൂല്യത്തകർച്ച. ഒരിക്കൽ 60 രൂപയാകുന്നത് ദേശീയദുരന്തമാണെന്നു പറഞ്ഞവർ ഇന്ന് 100 രൂപയിലേക്കുള്ള യാത്രയെക്കുറിച്ച് നിശ്ശബ്ദരാകുന്നു.


പാകിസ്ഥാൻ രൂപയ്‌ക്കെതിരെയും ഇന്ത്യൻ രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞു. 2025 മെയ്‌ 15ന്‌ ഒരു ഇന്ത്യൻ രൂപയ്‌ക്ക്‌ 3.3 പാകിസ്ഥാൻ രൂപ എന്നതായിരുന്നു മൂല്യം. നിലവിൽ പാകിസ്ഥാൻ രൂപയുടെ മൂല്യം 2.9ലേക്ക്‌ ഉയർന്നു. ഇന്ത്യൻ രൂപയ്ക്ക്‌ 11.86 ശതമാനത്തിന്റെ മൂല്യശോഷണം. ബംഗ്ലാദേശ്‌ ടാക്കയ്‌ക്കെതിരായും രൂപയുടെ പ്രകടനം മോശമാണ്‌. ടാക്കയ്‌ക്കെതിരെ രൂപയുടെ മൂല്യം ഒരുവർഷത്തിനിടെ 10 ശതമാനത്തിന്റെ ഇടിവ്‌. ഒരുവർഷംമുമ്പ്‌ രൂപയ്‌ക്കെതിരെ 1.42 ആയിരുന്ന ടാക്കയുടെ മൂല്യം നിലവിൽ 1.28. 2026ൽ ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം കാഴ്‌ചവയ്‌ക്കുന്ന കറൻസിയായി രൂപ.


​രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണം കേന്ദ്രസർക്കാരിന്റെ സാന്പത്തികനയങ്ങളാണ്‌. ഏറ്റവും പ്രധാനപ്പെട്ടത് ഉയരുന്ന വ്യാപാര കമ്മിയാണ്. ഇന്ത്യയുടെ ഇറക്കുമതി, കയറ്റുമതിയേക്കാൾ വളരെയധികം ഉയർന്നിരിക്കുകയാണ്. പ്രത്യേകിച്ച് അസംസ്‌കൃത എണ്ണ, സ്വർണം, ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി വർധിച്ചതോടെ ഡോളറിനുള്ള ആവശ്യകത കുത്തനെ ഉയർന്നു. എന്നാൽ, അതിനൊത്ത കയറ്റുമതിവളർച്ച ഉണ്ടാകാത്തത് രൂപയ്ക്ക് തിരിച്ചടിയായി. അന്താരാഷ്‌ട്രതലത്തിലെ സംഘർഷങ്ങളും സാമ്പത്തികസാഹചര്യങ്ങളും രൂപയുടെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. എന്നാൽ, വിപണിയിലെ സമ്മർദങ്ങൾമാത്രം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. കാരണം, സമാന പ്രതിസന്ധികളെ നേരിട്ടിട്ടും പല രാജ്യങ്ങൾക്കും അവരുടെ കറൻസിയെ സ്ഥിരതയോടെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.


​ഇന്ധനവിലമുതൽ ഭക്ഷ്യവസ്‌തുക്കൾവരെ, വിദേശ വിദ്യാഭ്യാസംമുതൽ മരുന്നുകളുടെ വിലവരെ എല്ലാത്തിനെയും ബാധിക്കുന്ന പ്രതിഭാസമാണ് രൂപയുടെ മൂല്യത്തകർച്ച. അത്‌ സാധാരണ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. ഇന്ത്യപോലുള്ള ഇറക്കുമതിയധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ ഡോളറിന്റെ ശക്തി കൂടുമ്പോൾ ക്രൂഡ്‌ഓയിൽ ഇറക്കുമതിച്ചെലവ് വർധിക്കും. അതിന്റെ പ്രതിഫലം പെട്രോൾ, -ഡീസൽ വിലവർധനയായി ജനങ്ങളിലേക്കെത്തുന്നു. ഗതാഗതച്ചെലവ് കൂടും. ഭക്ഷ്യവില ഉയരും. മരുന്നുകൾക്കും ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും വില കൂടും. വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ ചെലവ് ഇരട്ടിയാകും. വിലക്കയറ്റം വർധിക്കുകയും ജീവിതച്ചെലവ് അസഹനീയമാകുകയും ചെയ്യും. അങ്ങനെ രൂപയുടെ ഇടിവ് സാമ്പത്തിക കണക്കുകളിൽ ഒതുങ്ങാതെ ജനങ്ങളുടെ ജീവിതനിലവാരത്തെ നേരിട്ട് ബാധിക്കുന്നു. അതായത്, ഒടുവിൽ അത്‌ സാധാരണക്കാരന്റെ അടുക്കളയിൽ എത്തിനിൽക്കും.


​രൂപയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക നയപരമായ മാറ്റങ്ങളും വ്യക്തമായി കാണാം. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ രൂപയുടെ മൂല്യം നിയന്ത്രിതമായ രീതിയിലായിരുന്നു. സ്വാതന്ത്ര്യം നേടിയ കാലഘട്ടത്തിൽ ഒരു ഡോളറിന് മൂന്നു രൂപയ്ക്കടുത്തായിരുന്നു വിനിമയനിരക്ക്. പിന്നീട് വിവിധ ഘട്ടങ്ങളിലായി രൂപയുടെ മൂല്യം ഇടിഞ്ഞു. ചില സമയങ്ങളിൽ സർക്കാരുകളുടെ സാമ്പത്തിക നയപരമായ പിഴവുകളും ചിലപ്പോൾ ആഗോള സാമ്പത്തികമാന്ദ്യവും ക്രൂഡ്‌ഓയിൽ വിലവർധനയും രൂപയുടെ തകർച്ചയ്ക്ക് കാരണമായി. എന്നാൽ, അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും നിർദേശപ്രകാരം 1991ൽ കോൺഗ്രസ്‌ സർക്കാർ നവ ഉദാരനയങ്ങൾ നടപ്പാക്കിയതോടെ രൂപയുടെ മൂല്യം കൂടുതൽ വിപണിയോട് ബന്ധപ്പെട്ടു. അതോടെ ആഗോളസാഹചര്യങ്ങളുടെ ആഘാതം കൂടുതൽ പ്രകടമായി. 1993 മുതൽ വിനിമയനിരക്ക് നിശ്ചയിക്കുന്നതിൽനിന്ന് സർക്കാർ പൂർണമായും പിന്മാറുകയും വിപണിയുമായി ബന്ധപ്പെടുത്തി നിശ്ചയിക്കാനും തുടങ്ങി. അതിനുമുന്നോടിയായി രൂപയുടെ മൂല്യം 20 ശതമാനത്തിലധികം കുറച്ചിരുന്നു. നവ ഉദാരനയങ്ങൾ സ്വീകരിച്ച കാലത്ത് 24.-25 എന്ന നിലയിൽനിന്ന് 2003 ആയപ്പോൾ ഡോളറിനെതിരെ 48 രൂപ എന്ന അവസ്ഥയായി. 2004 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ രൂപ ശക്തമായി തിരിച്ചുവന്നിരുന്നു. 2003ൽ 48 രൂപ 39 പൈസയായിരുന്ന വിനിമയനിരക്ക് 2008 മേയിൽ 40 രൂപ 24 പൈസ എന്ന നിലയിലേക്കെത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സർക്കാർ ഭരിച്ച കാലഘട്ടമായിരുന്നു അത്‌. എന്നാൽ, പിന്നീട് ആ മുന്നേറ്റം നിലനിർത്താനായില്ല.


​ഡോളറിനെതിരെ രൂപയുടെ മൂല്യം 100 കടക്കുന്ന ദിവസം ദൂരെയല്ല എന്നതാണ്‌ യാഥാർഥ്യം. അത് സംഭവിച്ചാൽ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാകും. രൂപയുടെ തകർച്ച വെറും സാമ്പത്തികപ്രശ്നമല്ല, രാജ്യത്തിന്റെ രാഷ്ട്രീയ- ഭരണ പ്രതിസന്ധിയുടെ പ്രതിഫലനമാണ്. രാജ്യത്തിന്റെ ശക്തി വെറും വമ്പൻ പരസ്യങ്ങളിലോ വിദേശസന്ദർശനങ്ങളിലോ പ്രഖ്യാപനങ്ങളിലോ അല്ല; ജനങ്ങളുടെ ജീവിതനിലവാരത്തിലും കറൻസിയുടെ വിശ്വാസ്യതയിലുമാണ്. ഇന്ന് ഇന്ത്യൻ രൂപയുടെ തകർച്ച ലോകത്തിനുമുന്നിൽ ഇന്ത്യയുടെ സാമ്പത്തിക ദൗർബല്യത്തിന്റെ പ്രതീകമായി മാറുകയാണ്.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home