അന്തസ്സാണ് ഇൗ കവചം

മഞ്‌ജു കുട്ടികൃഷ്‌ണൻ
Published on Feb 12, 2026, 10:42 PM | 3 min read
പ്രതിഫലം വാങ്ങാത്ത അധ്വാനം. കുടുംബങ്ങളുടെയും നാടിന്റെയാകെയും നിലനിൽപ്പിന്റെ ആധാരം. ഉണരുംമുതൽ ഉറങ്ങുംവരെ കൂലിയില്ലാതെ വീടിനെ ചലിപ്പിക്കുന്ന അധ്വാനത്തിന്റെ പേരാണ് സ്‌ത്രീ. മോഹവും സ്വപ്‌നവും പാതിവഴിയിൽ പരിത്യജിക്കേണ്ടിവരുന്ന, പ്രതിസന്ധികളിൽ കുടുംബഭാരം പേറാൻ ആദ്യം തെരഞ്ഞെടുക്കപ്പെടുന്ന, പരിഗണനയിൽ രണ്ടാംനിരയിലേക്ക് പിന്തള്ളപ്പെടുന്നവർ ഈ സ്‌ത്രീകളാണ്.
അവഗണിക്കപ്പെടുന്ന സ്‌ത്രീജീവിതങ്ങൾക്ക്, അവരുടെ അദൃശ്യഅധ്വാനത്തിന് അംഗീകാരം നൽകുകയാണ് എൽഡിഎഫ് സർക്കാർ. ‘മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാ പെൻഷൻ പദ്ധതി’ സ്‌ത്രീയുടെ സാമൂഹ്യ– സാമ്പത്തിക സ്വാശ്രയത്വത്തിലേക്കുള്ള ഉറച്ച ചുവടുവയ്‌പായി മാറുന്നത് അങ്ങനെയാണ്. സ്ത്രീകളുടെ കൂലിയില്ലാ വീട്ടുവേലയെ മൊത്ത ആഭ്യന്തരവളർച്ചയുടെ (ജിഡിപി) ഭാഗമായിക്കണ്ട്, പെൻഷൻ ഉറപ്പാക്കുന്നത് സംസ്ഥാന സർക്കാരിന്റെ വനിതാനയത്തിന്റെ ഭാഗമായാണ്. സ്‌ത്രീകളുടെ അന്തസ്സും സുരക്ഷയും ഉയർത്തുകയാണ് ലക്ഷ്യം. ലിംഗനീതി എന്ന വിശാല ലക്ഷ്യത്തിലേക്കുള്ള കാൽവയ്പുകൂടിയാണിത്. മറ്റ് പെൻഷനുകളോ വരുമാനമാർഗങ്ങളോ ഇല്ലാത്ത, 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് സ്‌ത്രീകൾക്കും ‘സുരക്ഷിത വല’ ഒരുക്കുകയാണ് സർക്കാർ. ആരും സഹായിക്കാനില്ലാത്ത അവസ്ഥയിൽനിന്ന് മാന്യമായ ജീവിതത്തിലേക്കുള്ള കുതിപ്പിന് ഉൗർജം. ആദ്യഘട്ടമായി മാസം 1000 രൂപവീതം 10.18 ലക്ഷംപേർക്ക് ഉദ്‌ഘാടനദിവസംതന്നെ ബാങ്ക് അക്കൗണ്ടുകളിൽ എത്തി.
ഇത്തരം പെൻഷൻ പദ്ധതി കേരളത്തിലെ സ്‌ത്രീകൾക്ക് ആവശ്യമുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ മികച്ച നേട്ടം കൈവരിച്ചതിനാൽ 1000 രൂപ മാസപെൻഷൻ ആവശ്യമുള്ള സ്‌ത്രീകൾ അധികംപേരുണ്ടാകില്ലെന്ന തോന്നലാകാം കാരണം. സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ ‘ഇക്കണോമിക് റിവ്യൂ 2025' റിപ്പോർട്ടിലുണ്ട്, കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക്. ജനുവരിയിൽ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് കേരളത്തിലെ 1.88 കോടി സ്‌ത്രീകളിൽ 31 ലക്ഷംപേർ മറ്റൊരു ക്ഷേമപെൻഷനും വരുമാനമാർഗവുമില്ലാത്ത താഴ്‌ന്ന സാമ്പത്തിക അവസ്ഥയിലുള്ളവരാണെന്നാണ്. അതിൽ 35 മുതൽ 60 വയസ്സുവരെയുള്ള സ്‌ത്രീകളിൽ ഏറിയ പങ്കും സ്വന്തമായി വരുമാനമില്ലാത്ത, സാമ്പത്തിക പരാശ്രിതരാണ്. കേരളത്തിലെ പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 63.5 ശതമാനമാണെങ്കിൽ സ്ത്രീകളുടേത് 28.8 ആണ്. ഇന്ത്യയിൽ സ്ത്രീസാക്ഷരതയിൽ ഒന്നാംസ്ഥാനത്താണ് തുടർച്ചയായി കേരളം. സ്ത്രീസാക്ഷരതാ നിരക്ക് 92 ശതമാനവും. ദേശീയ ശരാശരി 70.3 ശതമാനംമാത്രം.

വിദ്യാഭ്യാസ നിലവാരത്തിൽ ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലായിട്ടും തൊഴിലില്ലായ്മനിരക്ക് ഉയരുന്നതിന് കാരണങ്ങൾ പലതാണ്. ഉയർന്ന വിദ്യാഭ്യാസയോഗ്യത അനുസരിച്ചുള്ള ജോലി സ്‌ത്രീകൾക്ക് കിട്ടുന്നില്ല. ഐടി, സേവന മേഖല ഒഴികെ സ്വകാര്യ മേഖലകളിൽ തൊഴിലവസരങ്ങൾ വേണ്ടത്ര വർധിക്കുന്നില്ല. അസംഘടിത മേഖലകളിലും സ്വകാര്യ മേഖലകളിലും പുരുഷന്മാരേക്കാൾ കുറഞ്ഞ ശമ്പളമാണ്. ജോലിസ്ഥലങ്ങളിലെ സുരക്ഷ, രാത്രി ഷിഫ്‌റ്റിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ, യാത്രാസൗകര്യങ്ങളുടെ കുറവ് എന്നിവ സ്‌ത്രീകളുടെ തൊഴിൽലഭ്യത പരിമിതപ്പെടുത്തുന്നു. ഗ്രാമീണ മേഖലകളിൽ അവസരങ്ങൾ കുറവായതും ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിലെ പരിമിതിയും തൊഴിൽവിപണിയിൽനിന്ന് സ്‌ത്രീകളെ അകറ്റുന്നു.
യുവതികൾക്കിടയിലെ തൊഴിലില്ലായ്മാനിരക്ക് യുവാക്കളേക്കാൾ 47 ശതമാനം കൂടുതലാണ്. 58 ശതമാനം സ്‌ത്രീകൾക്ക് പ്രസവം, കുട്ടികളുടെ പരിചരണം, പ്രായമായവരുടെ ശുശ്രൂഷ തുടങ്ങിയ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടിവരുന്നു. "വീട് നോക്കുക എന്നത് സ്ത്രീയുടെ പ്രാഥമിക കടമയാണ്’ എന്ന യാഥാസ്ഥിതിക ചിന്താഗതി നിലനിൽക്കുന്നു. 35-നും 60-നും ഇടയിലുള്ള സ്ത്രീകൾ, പ്രത്യേകിച്ച് ദരിദ്രകുടുംബങ്ങളിൽ മാനസിക, ശാരീരികവുമായ സമ്മർദം അനുഭവിക്കുന്നവരാണ്. ഭർത്താവിന്റെ മരണശേഷമോ മക്കൾ നോക്കാത്ത സാഹചര്യത്തിലോ ഇവർ ദാരിദ്ര്യത്തിലാകുന്നു. കേരളത്തിൽ കുടുംബസ്വത്തുക്കളും ഭൂമിയും ഭൂരിഭാഗവും പുരുഷന്മാരുടെ പേരിലാണ്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തത് സ്ത്രീകൾക്ക് ബാങ്ക് വായ്പകൾക്ക് തടസ്സമാകുന്നു.

സ്ഥിരവരുമാനമില്ലാത്ത സ്ത്രീകളിൽ ഭൂരിഭാഗവും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളോ ചെറിയ തുക ഓണറേറിയം ലഭിക്കുന്ന സ്കീം തൊഴിലാളികളോ വീടുകൾ കേന്ദ്രീകരിച്ച് തയ്യൽ, ഭക്ഷണനിർമാണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരോ ആണ്. വരുമാനം വളരെ കുറവാണ്. വരുമാനം നിലയ്ക്കുന്ന മാസങ്ങളിൽ ഒരു നിശ്ചിത തുക കൈയിൽ വരുമെന്നത് മാനസികധൈര്യം നൽകും. നിത്യചെലവുകൾക്ക് പെൻഷൻ ആശ്വാസമാകും. ഓരോ ചെറിയ കാര്യത്തിനും ഭർത്താവിനോടോ മക്കളോടോ പണം ചോദിക്കേണ്ടി വരുന്നത് സ്ത്രീകളുടെ ആത്മാഭിമാനത്തെ ബാധിക്കാറുണ്ട്. 1000 രൂപ എങ്ങനെ ചെലവാക്കണമെന്ന് തീരുമാനിക്കാനുള്ള ‘സാമ്പത്തികസ്വാതന്ത്ര്യം' അവരുടെ വ്യക്തിത്വത്തിന് കരുത്തുനൽകും.
പദ്ധതിയിൽ ട്രാൻസ്‌ജെൻഡർ സ്‌ത്രീകളെ ഉൾപ്പെടുത്തിയത് സ്ത്രീപക്ഷ–-മനുഷ്യാവകാശ നിലപാടിന്റെ പ്രഖ്യാപനംകൂടിയാണ്. ലിംഗഭേദത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്നവർക്ക് ഇത് വലിയൊരു പിന്തുണയാകും. അതിദാരിദ്ര്യ ലഘൂകരണത്തിന്റെ ഭാഗമായി കണ്ടെത്തിയ അതിദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് പദ്ധതിയിൽ മുൻഗണനയുണ്ട്. സാമ്പത്തികശാസ്ത്രത്തിലെ ഈ ‘ചെറിയ’, സാമൂഹ്യസുരക്ഷയിലെ ‘വലിയ’ തുക അന്നംമുട്ടുന്നവർക്ക് ജീവവായുവാണ്. 2025-–-26ലെ ബജറ്റിൽ ജെൻഡർ ബജറ്റ് വിഹിതം 21.5 ശതമാനമായി ഉയർത്തിയത് ഈ പെൻഷൻ പദ്ധതികൂടി മുന്നിൽ കണ്ടുകൊണ്ടാണ്. 31 ലക്ഷത്തോളം സ്ത്രീകൾക്ക് പെൻഷൻ നൽകാനായി 3820 കോടി രൂപയാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നത്.















