ആ പാട്ടുകൾക്ക് പിന്നിൽ ഇങ്ങനെയുമുണ്ട് ഒരാൾ

വി ജി ബാലകൃഷ്‌ണൻ

രവി മേനോൻ
Published on Jun 09, 2025, 01:05 PM | 10 min read
ജോലി മാത്രമായിരുന്നില്ല ബാലകൃഷ്‌ണന് ശബ്ദലേഖനം; തപസ്യ കൂടിയായിരുന്നു. നല്ലൊരു പാട്ട് പിറന്നുവീഴുന്ന നിമിഷങ്ങൾ ജീവിതത്തിലെ ധന്യനിമിഷങ്ങളായി കരുതി ഈ സൗണ്ട് എൻജിനിയർ. എന്നും എപ്പോഴും പിറന്നുവീഴാം അത്തരം നിമിഷങ്ങൾ. ചിലപ്പോൾ നേരം പുലരുംമുമ്പ്, അല്ലെങ്കിൽ രാത്രി വളരെ വൈകി.
ഗുരുവായൂരിൽ ചെന്നാൽ ഉണ്ണിക്കണ്ണനെ കൺകുളിർക്കെ കണ്ടു വണങ്ങും ആദ്യം. അതു കഴിഞ്ഞാൽ നേരെ ചെല്ലുക ക്ഷേത്രപരിസരത്തെ കാസറ്റ് കടകളിലേക്കാണ്. ഒരു ഓട്ടപ്രദക്ഷിണം.
ആ കടകളിൽനിന്നെല്ലാം ഗന്ധർവനാദം സ്റ്റീരിയോ എഫക്ടോടെ ഒഴുകിയെത്തി അന്തരീക്ഷത്തിൽ നിറയുന്നുണ്ടാകും അപ്പോൾ.
ആദ്യം കാണുന്ന കടയിൽ കടന്നുചെന്ന് ബാലകൃഷ്‌ണൻ ചോദിക്കും: ‘‘പുതിയ കാസറ്റാണല്ലേ? എങ്ങനെയുണ്ട് റെക്കോഡിങ് ക്വാളിറ്റി? കൊള്ളാമോ?’’
വി ജി ബാലകൃഷ്‌ണൻ
ഉത്തരം മിക്കപ്പോഴും ഒന്നുതന്നെ ആയിരിക്കും: ‘‘എന്താ സംശയം? തരംഗിണിയല്ലേ. ചോദിക്കാനുണ്ടോ. ഗംഭീരം.’’ ചില കടയുടമകൾ ഇത്രകൂടി പറയും: ‘‘ഞങ്ങളിവിടെ മ്യൂസിക് സിസ്റ്റത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ തരംഗിണി കാസറ്റാണ് ഇട്ടുനോക്കുക.’’
ആ മറുപടി കേട്ട് പലപ്പോഴും കണ്ണു നിറഞ്ഞിട്ടുണ്ട് ബാലകൃഷ്‌ണന്. എങ്ങനെ നിറയാതിരിക്കും? സ്വന്തം കുഞ്ഞുങ്ങളെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞുകേൾക്കുമ്പോൾ ഏത് അച്ഛനാണ് വികാരഭരിതനാകാതിരിക്കുക? ഒ എൻ വിയുടെ ഭാഷ കടമെടുത്താൽ, 'ഒരു പരിക്കുമേൽക്കാതെ കുഞ്ഞിനെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നെടുത്ത്, അതിന്റെ മാതാപിതാക്കളെ ഏൽപ്പിക്കുന്ന വിദഗ്‌ധ ഡോക്ടറുടെ ശ്രദ്ധയും പ്രാർഥനയും പരിഭ്രമ’വുമെല്ലാം ആവശ്യപ്പെടുന്ന അങ്ങേയറ്റം ഉത്തരവാദിത്വം നിറഞ്ഞ ജോലിയാണല്ലോ ശബ്ദലേഖകന്റേത്.
തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിൽ ആ ജോലി വർഷങ്ങളോളം ആസ്വദിച്ച് നിർവഹിച്ചയാളാണ് വലിയവീട്ടിൽ ഗോവിന്ദൻ ബാലകൃഷ്‌ണൻ. 1980‐നും 91‐നുമിടയ്‌ക്ക് തരംഗിണിയിൽ പിറന്നുവീണ പാട്ടുകളിൽ തൊണ്ണൂറു ശതമാനത്തിന്റെയും മികവിന് പിന്നിൽ ബാലകൃഷ്‌ണന്റെ സൂക്ഷ്മതയാർന്ന കാതുകൾ കൂടിയുണ്ട്; വിരലുകളും.
'ഗുരുവായൂരിലെ കാസറ്റ് കടകളിൽ അക്കാലത്ത് മികച്ച സ്റ്റീരിയോ സംവിധാനമാണ് ഉണ്ടായിരുന്നത്. അവർക്ക് കൃത്യമായി വിലയിരുത്താനാകും ഓരോ കാസറ്റിന്റെയും റെക്കോഡിങ് നിലവാരം’ ‐ ബാലകൃഷ്‌ണന്റെ ഓർമ. സൗണ്ടിങ് ക്വാളിറ്റി മാത്രം ചോദിച്ചറിഞ്ഞു സംതൃപ്തനായ ശേഷം, കാസറ്റ് വാങ്ങാൻ നിൽക്കാതെ ഇറങ്ങിപ്പോകുന്ന മനുഷ്യനെ അമ്പരപ്പോടെ നോക്കിനിൽക്കും കടക്കാർ. അവർക്കറിയില്ലല്ലോ ഈ കസ്റ്റമർ ആരെന്ന്. അക്കാര്യം ബാലകൃഷ്‌ണനൊട്ട് വെളിപ്പെടുത്താറുമില്ല.
ജോലി മാത്രമായിരുന്നില്ല ബാലകൃഷ്‌ണന് ശബ്ദലേഖനം; തപസ്യ കൂടിയായിരുന്നു. നല്ലൊരു പാട്ട് പിറന്നുവീഴുന്ന നിമിഷങ്ങൾ ജീവിതത്തിലെ ധന്യനിമിഷങ്ങളായി കരുതി ഈ സൗണ്ട് എൻജിനിയർ. എന്നും എപ്പോഴും പിറന്നുവീഴാം അത്തരം നിമിഷങ്ങൾ. ചിലപ്പോൾ നേരം പുലരുംമുമ്പ്, അല്ലെങ്കിൽ രാത്രി വളരെ വൈകി.
സ്റ്റുഡിയോയിലെ കൺസോളിൽ ചെന്നിരുന്നാൽ സൂര്യനുദിക്കുന്നതും അസ്‌തമിക്കുന്നതുമൊന്നും അറിയണമെന്നില്ല. ഹെഡ്ഫോണിലേക്ക് ഒഴുകിയെത്തുന്ന ഗാനത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ മനസ്സ് ഏകാഗ്രമായി സഞ്ചരിക്കുമ്പോൾ പുറംലോകത്ത് നടക്കുന്ന കാര്യങ്ങളൊക്കെ ചിന്തിക്കാൻ ആർക്കുണ്ട് സമയം?
‘വസന്തഗീതങ്ങളിലെ മാമാങ്കം പലകുറി കൊണ്ടാടി എന്ന പാട്ട് ദാസേട്ടൻ പാടിത്തീർന്നത് ഒരു ദിവസം പുലർച്ചെ മൂന്നു മണിക്കാണ്. പാടി മതിവരാഞ്ഞ് വീണ്ടും വീണ്ടും പാടിക്കൊണ്ടേയിരുന്നു അദ്ദേഹം.
രവീന്ദ്രൻ
സംഗീത സംവിധായകൻ രവീന്ദ്രൻ മാഷും ദാസേട്ടനും തമ്മിലുള്ള കെമിസ്ട്രി അത്ഭുതത്തോടെ കണ്ടിരിക്കുകയായിരുന്നു ഞാൻ. രവീന്ദ്രന് വേണ്ടതെന്തെന്ന് ദാസേട്ടനറിയാം. ദാസേട്ടനിൽനിന്ന് തനിക്ക് വേണ്ടത് എങ്ങനെ നേടിയെടുക്കാമെന്ന് രവീന്ദ്രനും. ഒടുവിൽ മാമാങ്കത്തിന്റെ ഫൈനൽ വേർഷൻ സ്‌പീക്കറിലൂടെ ഒഴുകിവന്നപ്പോൾ അനുഭവിച്ച നിർവൃതി... പറഞ്ഞറിയിക്കാനാവില്ല അത്.’
കോതമംഗലംകാരനെങ്കിലും ബാലകൃഷ്‌ണൻ പഠിച്ചതും വളർന്നതും അടിമാലിയിലാണ്. സിനിമയോട് കുട്ടിക്കാലത്തേയുണ്ട് ഭ്രമം. അടിമാലിയിലെ അപ്സര എന്ന് പേരുള്ള സിനിമാക്കൊട്ടകയിൽ തറയിലിരുന്നാണ് അന്നൊക്കെ സിനിമ കാണുക.
തമിഴ്, ഹിന്ദി പടങ്ങളാണധികവും. എല്ലാവരും എം ജി ആറിന്റെയും ശിവാജിയുടെയും ധാരാസിങ്ങിന്റേയുമൊക്കെ വീരസാഹസിക പ്രകടനങ്ങളിൽ മുഴുകി വെള്ളിത്തിരയിൽ കണ്ണുനട്ടിരിക്കുമ്പോൾ പന്ത്രണ്ടുവയസ്സുകാരൻ ബാലകൃഷ്‌ണന്റെ കാതുകളാണ് ജാഗരൂകമാകുക.
'ദൃശ്യങ്ങളേക്കാൾ ശബ്ദമാണ് എനിക്കെപ്പോഴും അത്ഭുതം പകർന്നത്. പ്രത്യേകിച്ച് കഥാപാത്രങ്ങളുടെ സംഭാഷണം. പിന്നിലെ ചുമരിലെ ദ്വാരങ്ങളിൽനിന്ന് ഒഴുകിയിറങ്ങിവരുന്ന പ്രകാശവീചികളിലൂടെ വ്യത്യസ്‍ത ഭാഷകളിലുള്ള സംഭാഷണശകലങ്ങൾ എങ്ങനെ സ്‌ക്രീനിൽ ഒഴുകിയെത്തുന്നു? ഒരു ദിവസം അതിന്റെ പൊരുളറിയാൻ പ്രൊജക്റ്റർ റൂമിൽ പതുങ്ങിച്ചെന്ന് ഓപറേറ്ററോട് ചോദിക്കുകവരെ ചെയ്‌തു.
പാവം പ്രൊജക്റ്റർ ഓപറേറ്റർക്ക് കാരണം കൃത്യമായി വിശദീകരിച്ചു തരാനുള്ള ജ്ഞാനമൊന്നും ഉണ്ടായിരുന്നില്ല. ചുറ്റിവച്ചിരിക്കുന്ന ഫിലിമിന്റെ അറ്റത്തുള്ള രണ്ടു വര ചൂണ്ടിക്കാട്ടി അദ്ദേഹം ഇത്രമാത്രം പറഞ്ഞു: ‘‘ഇതാണ് സൗണ്ട്. നമുക്ക് കാണാൻ പറ്റില്ല. കേൾക്കാനേ പറ്റൂ.’’
കാണാൻ പറ്റാത്ത ആ ശബ്ദം തേടിയുള്ള അലച്ചിലാണ് ബാലകൃഷ്‌ണനെ സൗണ്ട് റെക്കോഡിങ്ങിന്റെ മായാലോകത്തെത്തിച്ചത്. അന്നൊന്നും ചിന്തിച്ചിട്ടുപോലുമില്ല യേശുദാസിനെ പോലൊരു മഹാഗായകന്റെ ഐതിഹാസികമായ സംഗീതയാത്രയുടെ ഭാഗമാകുമെന്നും, എത്രയോ അനശ്വര ഗാനങ്ങളുടെ സൃഷ്ടിയിൽ പങ്കാളിയാകുമെന്നും. എല്ലാം വിധി ബാലകൃഷ്‌ണന് വേണ്ടി കരുതിവച്ച നിയോഗങ്ങൾ.
ശബ്‌ദലോകത്തേക്ക്
പത്താം ക്ലാസ് പഠനത്തിന് പിന്നാലെ, അച്ഛന്റെ പേഴ്സിൽ നിന്ന് 'റാഞ്ചിയ’ 26 രൂപയുമായി ബാലകൃഷ്‌ണൻ ചെന്നൈയിലേക്ക് വണ്ടി കയറുന്നു. അവിടെ പ്രൊജക്‌റ്റർ ഓപറേറ്ററായി ജോലി ചെയ്‌തിരുന്ന കുടുംബ സുഹൃത്തിനെ കാണുകയായിരുന്നു ലക്ഷ്യം. അയാൾ വഴി ഏറ്റവും തിരക്കുള്ള ശബ്ദലേഖന നിലയങ്ങളിലൊന്നായ രേവതി സ്റ്റുഡിയോയിൽ പരിശീലനാർഥിയായി ചേരുന്നു ബാലകൃഷ്‌ണൻ.
പത്താം ക്ലാസ് പഠനത്തിന് പിന്നാലെ, അച്ഛന്റെ പേഴ്സിൽ നിന്ന് 'റാഞ്ചിയ’ 26 രൂപയുമായി ബാലകൃഷ്‌ണൻ ചെന്നൈയിലേക്ക് വണ്ടി കയറുന്നു. അവിടെ പ്രൊജക്‌റ്റർ ഓപറേറ്ററായി ജോലി ചെയ്‌തിരുന്ന കുടുംബ സുഹൃത്തിനെ കാണുകയായിരുന്നു ലക്ഷ്യം. അയാൾ വഴി ഏറ്റവും തിരക്കുള്ള ശബ്ദലേഖന നിലയങ്ങളിലൊന്നായ രേവതി സ്റ്റുഡിയോയിൽ പരിശീലനാർഥിയായി ചേരുന്നു ബാലകൃഷ്‌ണൻ.
പ്രശസ്‌തനായ ആർ കണ്ണനാണ് അന്നവിടെ ചീഫ് റെക്കോഡിസ്റ്റ്. 'കണ്ണൻ സാറിന്റെ ശിഷ്യത്വമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്‐ ബാലകൃഷ്‌ണൻ പറയും. ശരിക്കും ഒരു ജീനിയസ് ആയിരുന്നു അദ്ദേഹം. ശബ്ദത്തിന്റെ നിത്യകാമുകൻ.
സാറിന്റെ ഫസ്റ്റ് അസിസ്റ്റന്റ് ആയി അമീർ എന്നൊരാൾ. തേർഡ് അസിസ്റ്റന്റ് ആയി ഞാനും. ശമ്പളം അറുപത്തഞ്ചു രൂപ. കേബിൾ ചുറ്റിവയ്‌ക്കുക, മൈക്ക് പൊസിഷൻ അഡ്ജസ്റ്റ് ചെയ്യുക തുടങ്ങിയ ചെറുകിട ജോലികളേയുള്ളൂ അന്നെനിക്ക്.’
അമീർ, സുപാൽ, ബാലകൃഷ്ണൻ (ഇടത്തുനിന്ന്)
കണ്ണൻ പിന്നീട് ഭരണി സ്റ്റുഡിയോയിലേക്ക് തിരിച്ചപ്പോൾ അമീറും ബാലകൃഷ്‌ണനുമുണ്ടായിരുന്നു ഒപ്പം. പി ഭാനുമതി എന്ന വിഖ്യാത നടിയുടേതാണ് ഭരണി സ്റ്റുഡിയോ. മലയാളത്തിലെ പ്രശസ്‌ത സംഗീത സംവിധായകരെല്ലാം അവിടെ വന്നുപോകുന്നത് അത്ഭുതത്തോടെ കണ്ടുനിന്നിട്ടുണ്ട് അക്കാലത്ത്; അവരുടെയൊക്കെ കഴിവുകൾ പൂർണമായി തിരിച്ചറിഞ്ഞത് പിന്നീടാണെങ്കിലും.
പി ഭാനുമതി
ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, കെ രാഘവൻ, ബാബുരാജ് തുടങ്ങിയവരൊക്കെ സ്റ്റുഡിയോയിൽ സ്ഥിരക്കാർ. 'ഓരോരുത്തർക്കും ഓരോ ശൈലിയാണ്. അകലെനിന്ന് ആ ശൈലികൾ നോക്കിക്കാണുന്നതിലുമുണ്ടായിരുന്നു ഒരു കൗതുകം.’ ബാലകൃഷ്‌ണൻ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു കോഴ്‌സിൽ ചേർന്നുകൊണ്ട് ശബ്ദലേഖനത്തിന്റെ സാങ്കേതികവശങ്ങൾ ഹൃദിസ്ഥമാക്കിയതും അക്കാലത്തു തന്നെ.
1977‐ലാണ് തരംഗിണിയിലേക്കുള്ള യാത്ര. പ്രശസ്‌തമായ അരുണാചലം സ്റ്റുഡിയോയിലെ ഒരു തിയറ്റർ ലീസിനെടുത്ത് യേശുദാസ് സ്വന്തമായി സ്റ്റുഡിയോ തുടങ്ങാൻ ആലോചിച്ചുകൊണ്ടിരുന്ന കാലം. കണ്ണനും അമീറും ശബ്ദലേഖകരായി ഒപ്പം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
'രണ്ടുപേർക്കും വിരോധമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ സാങ്കേതികകാരണങ്ങളാൽ കണ്ണൻ സാർ അവസാന നിമിഷം പിന്മാറി. ആ ഘട്ടത്തിലാണ് ഞാനും കൂടെ ചെല്ലണമെന്ന് അമീർ ആവശ്യപ്പെടുന്നത്. എതിർപ്പൊന്നുമുണ്ടായിരുന്നില്ല എനിക്ക്.’ അങ്ങനെ ചെന്നൈ തരംഗിണി സ്റ്റുഡിയോയിൽ അമീറിന്റെ സഹായിയായി ചേരുന്നു ബാലകൃഷ്‌ണൻ. സംഭവബഹുലമായ ഒരു സംഗീതയാത്രയുടെ തുടക്കം.
റെക്കോഡിങ് സാങ്കേതികവിദ്യ വിപ്ലവാത്മകമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കാലമായിരുന്നു. ജപ്പാനില്‍നിന്ന് യേശുദാസ് കൊണ്ടുവന്ന ടിയാക്കിന്റെ (ടോക്യോ ടെലിവിഷൻ അക്കോസ്റ്റിക് കമ്പനി) ടാസ്‌കം സീരീസിലെ എട്ട് ട്രാക്ക് റെക്കോഡറിലാണ് അന്ന് തരംഗിണിയിൽ ഗാനലേഖനം.
ബാലമുരളികൃഷ്ണയോടൊപ്പം ബാലകൃഷ്ണൻ (വലത്ത്),കരുണാകരൻ തുടങ്ങിയവർ തരംഗിണിയിലെ ഒരു റെക്കോർഡിങ്ങിനിടെ
തെന്നിന്ത്യൻ ഗാനലേഖനരംഗത്ത് ഒരു അപൂർവതയായിരുന്നു ആ സംവിധാനം. 'പ്രിയ’ എന്ന തമിഴ് സിനിമയിലെ പാട്ടുകള്‍ ഇളയരാജ റെക്കോഡ് ചെയ്‌തത് ഈ സംവിധാനമുപയോഗിച്ചാണ്. 'തരംഗിണിയിലെ സ്റ്റീരിയോ റെക്കോഡിങ് കാണാൻ എൽ വി പ്രസാദിനെപ്പോലുള്ള സ്റ്റുഡിയോ ഉടമകൾ വന്നിരുന്നത് ഓർമയുണ്ട്.
എല്ലാവർക്കും ഒരു അത്ഭുതക്കാഴ്‌ചയായിരുന്നു അത്.’ ബാലകൃഷ്‌ണൻ ഓർക്കുന്നു.
തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോഴേ പ്രധാന റെക്കോഡിസ്റ്റുകളിലൊരാളായി ബാലകൃഷ്‌ണനെ നിശ്ചയിച്ചിരുന്നു യേശുദാസ്. 1980 നവംബര്‍ 23‐നായിരുന്നു വെള്ളയമ്പലത്ത് തരംഗിണി സ്റ്റുഡിയോയുടെ ഉദ്‌ഘാടനം.
ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത് 'സഞ്ചാരി’ എന്ന സിനിമയില്‍ യൂസഫലി കേച്ചേരി എഴുതി യേശുദാസ് തന്നെ ഈണമിട്ടു പാടിയ 'ശ്യാമധരണിയില്‍' എന്ന ഗാനം. യൂജിൻ പെരേരയായിരുന്നു ചീഫ് സൗണ്ട് എന്‍ജിനിയര്‍. പക്ഷെ റെക്കോര്‍ഡിങ്ങിന് ഹരിശ്രീ കുറിച്ചത് വന്ദ്യവയോധികനായ കോടീശ്വരറാവു. 1961 നവംബര്‍ 14‐ന് ഭരണി സ്റ്റുഡിയോയില്‍ യേശുദാസിന്റെ ശബ്ദം 'കാൽപ്പാടുകള്‍’ എന്ന സിനിമയ്‌ക്ക് വേണ്ടി ആദ്യമായി ആലേഖനം ചെയ്‌ത അതേ കോടീശ്വരറാവു തന്നെ.
യേശുദാസിന്റെ പ്രത്യേക ക്ഷണപ്രകാരം ചെന്നൈയില്‍നിന്ന് എത്തിയതായിരുന്നു അദ്ദേഹം.
ആദ്യ ദിവസത്തെ റെക്കോഡിങ് സെഷന്‍ ശരിക്കും ഒരു ആഘോഷമായിരുന്നു. 'കൊമ്പ്’ എന്ന സിനിമക്ക് വേണ്ടി ചിറയിന്‍കീഴ് രാമകൃഷ്‌ണന്‍ നായര്‍ എഴുതി എം ജി രാധാകൃഷ്‌ണന്‍ ചിട്ടപ്പെടുത്തിയ 'വിലാസലതികേ വീണ്ടും വന്നു’ എന്ന പാട്ട് പാടി യേശുദാസ് സ്ഥലം വിടുമ്പോള്‍ സമയം പുലര്‍ച്ചെ അഞ്ചു മണി.
പിന്നീടങ്ങോട്ട് തരംഗിണി ഉറങ്ങിയതേയില്ല. രാവും പകലുമെന്നില്ലാതെ റെക്കോഡിങ്ങുകള്‍. ഉദ്‌ഘാടനം കഴിഞ്ഞു പിറ്റേവർഷം തന്നെ തരംഗിണിയിൽനിന്ന് ചലച്ചിത്രേതര ആല്‍ബങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങുന്നു. സിനിമാഗാനങ്ങളില്‍നിന്ന് അപ്രത്യക്ഷമായിത്തുടങ്ങിയിരുന്ന മെലഡി ആൽബങ്ങളിലൂടെ തിരിച്ചുകൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. ആദ്യം ഇറക്കിയത് യേശുദാസിന്റെ ശാസ്‌ത്രീയ സംഗീത ആല്‍ബമാണ്.
അതുകഴിഞ്ഞ് ടി കെ ആര്‍ ഭദ്രനും യേശുദാസും ചേര്‍ന്നൊരുക്കിയ അയ്യപ്പഭക്തി ഗാനങ്ങള്‍. ഓണം ആല്‍ബം എന്ന ആശയത്തിന് തുടക്കം കുറിച്ചത് അതേ വർഷം പുറത്തിറങ്ങിയ ഒ എന്‍ വി‐ആലപ്പി രംഗനാഥ് കൂട്ടുകെട്ടിന്റെ ഗാനങ്ങളാണ്.
ഉത്സവഗാനങ്ങളും വസന്തഗാനങ്ങളും ഗ്രാമീണഗാനങ്ങളും ഹിന്ദു, ക്രിസ്‌ത്യൻ ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും പിന്നാലെ വന്നു. തരംഗിണി ആല്‍ബങ്ങളുടെ സുവര്‍ണയുഗം തുടങ്ങിയിരുന്നതേയുള്ളൂ; ഒപ്പം റെക്കോഡിസ്റ്റായ ബാലകൃഷ്‌ണന്റേയും.
പ്രഗല്‍ഭരായ കലാകാരന്മാരാണ് അന്ന് റെക്കോര്‍ഡിങ്ങുകള്‍ക്ക് എത്തുക. ടി എന്‍ കൃഷ്‌ണന്‍, തിരുവിഴ ജയശങ്കര്‍, മാവേലിക്കര കൃഷ്‌ണന്‍കുട്ടി നായര്‍, പണ്ഡിറ്റ് ജനാര്‍ദന്‍ മിട്ട, വീണാ പാര്‍ഥസാരഥി, ശിവമണി, സിതാര്‍ കൃഷ്‌ണകുമാര്‍... അങ്ങനെ പലരും. 1980‐ കളുടെ അവസാനം ശ്യാമിന്റെ കുറെ പാട്ടുകള്‍ക്ക് കീബോര്‍ഡ് കൈകാര്യം ചെയ്യാന്‍ എ ആര്‍ റഹ്‌മാന്‍ (അന്ന് ദിലീപ്) വന്നതും ഓര്‍ക്കുന്നു.
അനശ്വര ഗാനങ്ങൾക്ക് പിന്നിൽ
റെക്കോഡ് ചെയ്‌ത പാട്ടുകൾ പലതും ബാലകൃഷ്‌ണന്റെ ഓർമയിലില്ല. പിന്നീടെപ്പോഴെങ്കിലും അപ്രതീക്ഷിതമായി കാതിൽ വന്നു വീഴുമ്പോഴാണ് അവ പിറന്നുവീണ നിമിഷങ്ങൾ ഓർമയിലെത്തുക. സന്തോഷം തോന്നും. ഒപ്പം ഒരു കാലം മുഴുവൻ മനസ്സിലേക്ക് ഒഴുകിവരും.
സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ, അരയന്നമേ ആരോമലേ, ഉത്രാടപ്പൂനിലാവേ വാ, എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ, യഹൂദിയായിലെ, സംകൃത പമഗരി, രാധ തൻ പ്രേമത്തോടാണോ, നീയെന്നേ ഗായകനാക്കി, ഉദിച്ചുയർന്നൂ മാമലമേലെ ഉത്രം നക്ഷത്രം, ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ, തുളസീ കൃഷ്‌ണതുളസി, അഷ്ടമിരോഹിണി നാളിലെൻ... തരംഗിണിയുടെ കൺസോളിലിരുന്ന് ഇതുപോലുള്ള നൂറു നൂറു മനോഹരഗാനങ്ങളുടെ പിറവിയിൽ ഭാഗഭാക്കാകാൻ കഴിഞ്ഞത് ജീവിതം കനിഞ്ഞുനൽകിയ അപൂർവ സൗഭാഗ്യങ്ങളിലൊന്നായി കരുതുന്നു ബാലകൃഷ്‌ണൻ.
വർഷങ്ങളോളം ഒപ്പമുണ്ടായിരുന്ന എള്ളാത്ത് കരുണാകരനേയും സുപാലിനേയും പോലുള്ള ശബ്ദലേഖകർ പലരും ഇന്നില്ല എന്നത് വേദനിപ്പിക്കുന്ന ഓർമ. ബാലകൃഷ്‌ണനെ പിന്തുടർന്ന് തരംഗിണിയിലെ ഗാനലേഖനത്തിന്റെ ചുമതല ഏറ്റെടുത്തത് കരുണാകരനാണ്.
1960‐കളുടെ അവസാനം മുതലിങ്ങോട്ട് സംഗീതസംവിധായകരുടെ എത്രയോ തലമുറകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു ബാലകൃഷ്‌ണന്. രേവതി സ്റ്റുഡിയോയിലും ഭരണിയിലും ഉണ്ടായിരുന്ന കാലംമുതലേ അറിയാം ദേവരാജൻ മാഷിനെ. ഭരണി സ്റ്റുഡിയോയിലെ ഹാളിൽ ഒരു ജമുക്കാളം വിരിച്ച് അതിൽ കിടന്നുകൊണ്ട് അസിസ്റ്റന്റായ ആർ കെ ശേഖറിന് നൊട്ടേഷൻ പറഞ്ഞുകൊടുക്കുന്ന മാഷിന്റെ ചിത്രം മറക്കാനാവില്ല.
ദേവരാജൻ
ആ കിടപ്പിൽ തന്നെ ചിലപ്പോൾ പാട്ട് മൂളിക്കൊടുക്കുന്നതും കേൾക്കാം. തന്റെ സ്വകാര്യതയിലേക്ക് ആരും ഇടിച്ചുകയറിവരുന്നത് മാഷിനിഷ്ടമില്ല. ഗൗരവക്കാരനാണ്. ഇഷ്ടപ്പെട്ടില്ലെങ്കിൽ മുഖത്ത് നോക്കിപ്പറയും അക്കാര്യം. എന്നാൽ എല്ലാവരും അങ്ങനെയല്ല. ബാബുരാജ് വന്നാൽ ആഘോഷമാണ് സ്റ്റുഡിയോയിൽ. ഓരോരുത്തർക്കും ഓരോ രീതി. പെരുമാറ്റത്തിലെന്നപോലെ സംഗീതസൃഷ്ടിയിലും സമീപനത്തിലെ ഈ വ്യത്യസ്‌തത പ്രകടം.
എല്ലാ സംഗീത സംവിധായകരുടേയും ശൈലികളുമായി അനായാസം പൊരുത്തപ്പെടാൻ കഴിഞ്ഞു എന്നതാണ് യേശുദാസിനെ മികച്ച ഗായകനാക്കി വളർത്തിയതെന്ന് വിശ്വസിക്കുന്നു ബാലകൃഷ്‌ണൻ. സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത താരതമ്യങ്ങൾക്ക് അതീതമായിരുന്നു. പാട്ടുകാരിൽ യേശുദാസിനെ മാത്രം ദേവരാജൻ മാഷ് ശാസിച്ചു കേട്ടിട്ടില്ല.
കാരണം മറ്റൊന്നുമല്ല; മാഷ് മനസ്സിൽ ഉദ്ദേശിക്കുന്നത് എന്തെന്ന് തിരിച്ചറിഞ്ഞ് കൃത്യമായി അത് പാട്ടിൽ ആവിഷ്‌കരിക്കും ദാസേട്ടൻ. ഓരോ സംഗീത സംവിധായകനും വേണ്ടതെന്തെന്ന് മനസ്സിലാക്കി അവരുടെ ശൈലികൾക്കൊത്ത് സ്വന്തം ആലാപനം പാകപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് അര നൂറ്റാണ്ടുകാലം ദാസേട്ടനെ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള ഗായകനാക്കി നിലനിർത്തിയത്.
പിന്നെ, പകരം വയ്‌ക്കാനില്ലാത്ത ആ നാദസൗന്ദര്യവും. ആദ്യശ്രവണമാത്രയിലേ മനുഷ്യമനസ്സുകൾ കീഴടക്കുന്ന എന്തോ ഒരു മാജിക് യേശുദാസിന്റെ ശബ്ദത്തിൽ ഉൾച്ചേർന്നിരുന്നു എന്ന് വിശ്വസിക്കാനാണ് ബാലകൃഷ്‌ണനിഷ്ടം. 'മറക്കാനാവാത്ത ഒരനുഭവമുണ്ട്. 1960‐കളിൽനിന്നുള്ള ഓർമ. ഭരണിയിൽ ഒരിക്കൽ ദാസേട്ടൻ പാടിക്കൊണ്ടിരുന്നപ്പോൾ സ്റ്റുഡിയോ ഉടമയായ ഭാനുമതി അമ്മ യാദൃച്ഛികമായി ആ വഴി കടന്നുപോകുന്നു.
സ്‌പീക്കറിലൂടെ ഒഴുകിവരുന്ന ശബ്ദം കേട്ട് നിമിഷങ്ങളോളം നിശ്ചലയായി നിന്നു അവർ. ആദ്യമായി കേൾക്കുകയായിരുന്നിരിക്കണം അവർ ആ ശബ്ദം. പാട്ട് മുഴുവൻ ആസ്വദിച്ചശേഷം മാനേജർ സുബ്ബറാവുവിനെ വിളിച്ചുവരുത്തി അവർ ചോദിച്ചു: ആരാണീ ഗായകൻ? യേശുദാസ് എന്ന മറുപടി കേട്ട് എന്തോ നിശ്‌ചയിച്ചുറപ്പിച്ചപോലെ നടന്നു നീങ്ങി അവർ. അധികം താമസിയാതെ തന്റെ അടുത്ത തെലുങ്ക് ചിത്രത്തിൽ ദാസേട്ടനെക്കൊണ്ട് പാടിക്കുകയും ചെയ്‌തു.’
ആഞ്ഞം മാധവൻ നമ്പൂതിരിക്കും യേശുദാസിനും ഒപ്പം ബാലകൃഷ്ണനും കരുണാകരനും (ഇടത്ത്)
ഏത് ശബ്ദലേഖകന്റേയും സൗഭാഗ്യമാണ് യേശുദാസിനെ പോലൊരു ഗായകൻ എന്ന കാര്യത്തിൽ സംശയമില്ല ബാലകൃഷ്‌ണന്. 'ദാസേട്ടന്റെ ശബ്ദം അതിന്റെ ഭാവപൂർണതയിൽ എത്തിച്ചേരുക വൈകുന്നേരമാണ്. രാത്രി ഒൻപതു മണി കഴിഞ്ഞാൽ ആ ശബ്ദം വേറൊരു തലത്തിലെത്തും. രവീന്ദ്രൻ മാഷൊക്കെ ആ സമയത്താണ് പാട്ടുകൾ റെക്കോഡ് ചെയ്യുക. സമയം വൈകുന്തോറും ശബ്ദത്തിന് ഗാംഭീര്യവും സൗന്ദര്യവും കൂടും.
പകൽ മുഴുവൻ നീണ്ട വാം അപ്പിന് ശേഷമുള്ള തികവാർന്ന ശബ്ദം. പല പാട്ടുകളും പാടിത്തീരുക രാത്രിയുടെ അന്ത്യയാമങ്ങളിലാണ്.’ അങ്ങേയറ്റം പെർഫെക്ഷനിസ്റ്റ് ആണ് യേശുദാസ് എന്ന് കൂട്ടിച്ചേർക്കുന്നു ബാലകൃഷ്‌ണൻ. ആലാപനത്തിലെ ചെറിയൊരു പാളിച്ചപോലും സഹിക്കാനാവില്ല അദ്ദേഹത്തിന്.
അങ്ങനെ തോന്നിയാൽ വീണ്ടും വീണ്ടും പാടിക്കൊണ്ടിരിക്കും. പൂർണ തൃപ്തി വന്ന ശേഷമേ ടേക്ക് ഫൈനൽ ആക്കൂ. തനിക്ക് എന്തെങ്കിലുമൊരു തെറ്റ് സംഭവിച്ചാൽ പാട്ട് കേട്ടുപഠിച്ച് പാടുന്നവരും അതേ തെറ്റ് ആവർത്തിക്കുമല്ലോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക.
മൈക്കുമായി ഇത്രയേറെ ഇണങ്ങിച്ചേർന്നു നിൽക്കുന്ന ശബ്ദങ്ങൾ അധികമില്ല എന്നാണ് ബാലകൃഷ്‌ണന്റെ നിരീക്ഷണം. അങ്ങേയറ്റം സ്വാഭാവികമായ ഒരു പൊരുത്തം. 'പലരും പാടുമ്പോൾ ശ്വാസം അകത്തേക്കെടുക്കുന്നത് പാട്ടിൽ കേൾക്കാം. പിന്നീടത് മായ്‌ക്കുകയാണ് പതിവ്.
എന്നാൽ ദാസേട്ടൻ പാടുമ്പോൾ അതിന്റെ ആവശ്യം വരാറില്ല. മൈക്രോഫോണിന് മുന്നിലെ അദ്ദേഹത്തിന്റെ ശബ്ദനിയന്ത്രണം അപാരം. പാട്ടിന്റെ വരികൾക്കും സംഗീതത്തിനും ഇണങ്ങുന്ന ഭാവങ്ങളോരോന്നും അനായാസം ആ ആലാപനത്തിൽ വന്നു നിറയുന്നത് അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്.’
തരംഗിണി കാസറ്റുകളുടെ റെക്കോഡിങ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ളതാവണം എന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു യേശുദാസിന്. ഗ്രാമഫോൺ കാലം മുതലിങ്ങോട്ട് സംഗീതലോകത്തെ എല്ലാ മാറ്റങ്ങൾക്കും സാക്ഷ്യംവഹിച്ച ഒരു സാങ്കേതിക വിദഗ്‌ധൻ കൂടി അദ്ദേഹത്തിന്റെ ഉള്ളിലുണ്ടല്ലോ.
ബാലകൃഷ്‌ണൻ, മോഹൻകുമാർ, കരുണാകരൻ
തരംഗിണിയുടെ ജനറൽ മാനേജരായി വിരമിച്ച സതീഷ് സത്യന്റെ ഓർമയിൽ ഒരനുഭവമുണ്ട്. 'ഒട്ടാരിയുടെ 8 ട്രാക്ക് റെക്കോഡിങ് മെഷീന്റെ ഒരു ചിപ്പ് സംഘടിപ്പിക്കാൻ വേണ്ടി ചെന്നൈയിലെ റിച്ചി സ്ട്രീറ്റിൽ ചെന്നതായിരുന്നു. ഇലക്ട്രോണിക്‌സ് സാധനങ്ങളും സ്‌പെയർ പാർട്ടുകളും കിട്ടുന്ന സ്ഥലമാണ്.
ചിപ്പ് അന്വേഷിച്ചു നടക്കുമ്പോൾ തൊട്ടടുത്ത് ഒരു കടയിൽനിന്ന് ആവണിപ്പൂക്കൾ എന്ന തരംഗിണി ആൽബത്തിലെ തുളസീ കൃഷ്‌ണതുളസി എന്ന പാട്ട് ഒഴുകിവരുന്നു. മലയാളികളുടെ കടയായിരിക്കണം. എന്നാൽ ചെന്നു നോക്കിയപ്പോൾ കണ്ടത് കടയുടമയായ സർദാർജി പാട്ടു കേട്ട് കണ്ണടച്ചിരിക്കുന്നതാണ്. കൗതുകം തോന്നി.
എന്താണീ മലയാളം ഗാനാസ്വാദനത്തിന്റെ പൊരുൾ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറയുകയാണ്: ഇത് ഏത് ഭാഷയാണ്, ആരാണ് പാടുന്നത് എന്നൊന്നും എനിക്കറിയില്ല. ശ്രദ്ധിക്കാറുമില്ല. ഒന്നുമാത്രം അറിയാം. അസാധ്യ റെക്കോഡിങ് ക്വാളിറ്റിയുള്ള കാസറ്റാണ്.
എന്റെ കടയിലെ മ്യൂസിക് സിസ്റ്റങ്ങളുടെ സൗണ്ടിങ് നിലവാരം പരിശോധിക്കാൻ ഞാൻ ഈ കാസറ്റാണ് ഇട്ടുനോക്കുക...’
ഏത് ഗാനലേഖകനെ സംബന്ധിച്ചും അങ്ങേയറ്റം അഭിമാനിക്കാൻ വകയുള്ള ഉത്തരം.
അച്ഛനോടൊപ്പം വന്ന ഗായിക
തരംഗിണി സ്റ്റുഡിയോയോട് ചേർന്നുള്ള വരാന്തയിൽ പാടാനുള്ള ഊഴം കാത്തിരിക്കുന്ന കൊച്ചു പെൺകുട്ടിയുടെ മുഖം ഇന്നുമുണ്ട് ബാലകൃഷ്‌ണന്റെ ഓർമയിൽ. 1980‐കളുടെ മധ്യത്തിലാവണം. അച്ഛനോടൊപ്പമാണ് ആ കുട്ടി വരിക. 'സ്റ്റുഡിയോയിൽ നല്ല തിരക്കുള്ള കാലമാണ്.
ദിവസം മുഴുവൻ നീളുന്ന റെക്കോഡിങ്ങുകൾ. ചിലതൊക്കെ നമ്മൾ പ്രതീക്ഷിക്കാതെ നീണ്ടുപോകും. കാലത്ത് വന്നു ചിലപ്പോൾ വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വരാറുണ്ടായിരുന്നു ആ കുട്ടിക്ക്. കാത്തിരുന്നു മടുത്താൽ അച്ഛൻ വന്നു ചോദിക്കും, ഇനിയും വൈകുമോ എന്ന്. എനിക്കെന്ത് പറയാൻ പറ്റും? കാര്യങ്ങളൊന്നും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ.
എന്നാൽ മൈക്കിന് മുന്നിൽ ചെന്നുനിന്നാൽ കുട്ടി മറ്റെല്ലാം മറക്കും. ഒറ്റയടിക്ക് പാട്ട് പഠിച്ചു പാടും അവൾ. ചിലപ്പോൾ ആദ്യ ടേക്കിൽ തന്നെ പാട്ട് ഓക്കേ. പാട്ട് പഠിച്ചെടുക്കുന്നതിലുള്ള ആ കുട്ടിയുടെ മിടുക്ക് അന്നേ മനസ്സിൽ തങ്ങിയിരുന്നു.’
അച്ഛനൊപ്പം സ്റ്റുഡിയോയിൽ വന്നിരുന്ന ആ ബാലിക പിന്നീട് തിരക്കേറിയ ഗായികയായി വളരുന്നതും ഇന്ത്യയിലെ തന്നെ മികച്ച പാട്ടുകാരിയായി മാറുന്നതും വിസ്മയത്തോടെ കണ്ടുനിന്നവരിൽ ബാലകൃഷ്‌ണനും ഉണ്ടായിരുന്നു.
കെ എസ് ചിത്ര
കെ എസ് ചിത്ര എന്നായിരുന്നു ആ കുട്ടിയുടെ പേര്. 'ബാലേട്ടനെ മറക്കാനാവില്ല. എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിലെ പ്രധാനപ്പെട്ട പല പാട്ടുകളും റെക്കോഡ് ചെയ്‌തത് അദ്ദേഹമാണ്’ ‐ ചിത്രയുടെ വാക്കുകൾ. 'മാമാട്ടുക്കുട്ടി അമ്മയിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി, നോക്കെത്താദൂരത്ത് കണ്ണുംനട്ടിലെ ആയിരം കണ്ണുമായ്... ഒക്കെ ഓർമയിലുണ്ട്. പിന്നേയും എത്രയോ പാട്ടുകൾ...’
ജി വേണുഗോപാൽ
ഏറ്റവും പ്രിയപ്പെട്ട സ്റ്റുഡിയോ ആണ് ജി വേണുഗോപാലിന് തരംഗിണി. 'ഒരു ഗായകന്റെ നിയന്ത്രണത്തിലുള്ള സ്റ്റുഡിയോ എന്നതായിരുന്നു തരംഗിണിയുടെ ഏറ്റവും വലിയ സവിശേഷത. മേന്മയും അതു തന്നെ. ഏതു പുതിയ പാട്ടുകാരനും സഹായകമായ അന്തരീക്ഷമായിരുന്നു അന്നവിടെ.
പിന്നെ ബാലകൃഷ്‌ണനേയും കരുണാകരനേയും പോലെ വലിപ്പച്ചെറുപ്പമില്ലാതെ സൗഹൃദമനസ്സോടെ ഇടപെടുന്ന സൗണ്ട് എൻജിനിയർമാർ. തരംഗിണിയിലെ പ്ലഗ്ഇൻ, അക്കോസ്റ്റിക്‌സ് എല്ലാം ഗായകർക്ക് അനുകൂലമായിരുന്നു. ചെന്നൈയിലെ എ വി എമ്മിലും മറ്റും നേരെ മറിച്ചാണ് സ്ഥിതി.
അവിടത്തെ മൈക്കും മറ്റു സംവിധാനങ്ങളും അക്കാലത്തെ ഏറ്റവും പ്രശസ്‌തരായ ഗായകർക്ക് വേണ്ടിയായിരുന്നു എന്ന് തോന്നാറുണ്ട്. നമുക്കൊന്നും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലുമില്ല. ഉച്ചയ്‌ക്ക് ഒരു മണി കഴിഞ്ഞ് സ്റ്റുഡിയോയിൽ നിന്നതിന് സംഗീത സംവിധായകനേയും എന്നെയും ഗെറ്റൗട്ട് പറഞ്ഞ് ഇറക്കിവിട്ടിട്ടുവരെയുണ്ട് അവിടെനിന്ന്.
അത്തരം ദുരനുഭവങ്ങൾ തരംഗിണിയിൽ നിന്നുണ്ടായിട്ടേയില്ല.’ മരിക്കുന്നില്ല ഞാൻ എന്ന ചിത്രത്തിലെ ചന്ദന മണിവാതിൽ ( ഏഴാച്ചേരി രാമചന്ദ്രൻ‐രവീന്ദ്രൻ ), ഊഴത്തിലെ കാണാനഴകുള്ള മാണിക്യക്കുയിലേ
( ഒ എൻ വി‐അർജുനൻ ) , ആലിലക്കുരുവികളിലെ മനസ്സേ ശാന്തമാകൂ (ബിച്ചു‐മോഹൻ സിതാര) തുടങ്ങിയ പാട്ടുകൾ റെക്കോഡ് ചെയ്‌തത് ബാലകൃഷ്‌ണനാണെന്നോർക്കുന്നു വേണുഗോപാൽ.
ഭക്തിഗാനരചനയിൽ വഴിത്തിരിവായി മാറിയ തരംഗിണിയുടെ അയ്യപ്പഗാനങ്ങ ( വോള്യം 8 ) ളുടെ റെക്കോഡിങ് ഗാനരചയിതാവ് ആർ കെ ദാമോദരന്റെ ഓർമയിലുണ്ട്. 'ദാസേട്ടന്റെ ആഗ്രഹപ്രകാരമാണ് ശ്രീദേവദേവസുതം എന്ന സംസ്‌കൃത ഭാഷാ ഗാനം അതിലുൾപ്പെടുത്തിയത്. ശരിക്കും ഒരു കച്ചേരിയുടെ അന്തരീക്ഷമായിരുന്നു സ്റ്റുഡിയോയിൽ.
ആർ കെ ദാമോദരൻ
മൃദംഗം വായിക്കാൻ തിരുവാരൂർ ഭക്തവത്സലം, ഘടം വായിക്കാൻ വിക്കു വിനായക്റാം... അങ്ങനെ പ്രഗത്ഭ കലാകാരന്മാരുടെ ഒരു നിര. കൺസോളിലിരുന്ന് പാട്ടുകൾ ആസ്വദിച്ച് റെക്കോഡ് ചെയ്യുന്ന ബാലകൃഷ്‌ണന്റെ ചിത്രം മറക്കാനാവില്ല. ടി എസ് രാധാകൃഷ്‌ണൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ പമ്പാ ഗണപതി, പാപം മറിച്ചിട്ടാൽ പമ്പ, കൊച്ചുതൊമ്മൻ സ്വാമിയുണ്ട് തുടങ്ങിയവ സൂപ്പർഹിറ്റായി.
അങ്ങനെ എത്രയെത്ര ഓർമകൾ. 1991‐ലാണ് ബാലകൃഷ്‌ണൻ തരംഗിണിയോട് വിടപറഞ്ഞത്. തുടർന്ന് കുവൈത്തിൽ ജോലിയുമായി അഞ്ചു വർഷം. നാട്ടിൽ തിരിച്ചെത്തിയശേഷം ഭാര്യ ബേബി ഗിരിജയോടൊപ്പം പെരുമ്പാവൂരിൽ കഴിയുന്നു എഴുപത്തിമൂന്നുകാരനായ ബാലകൃഷ്‌ണൻ.
യേശുദാസിനൊപ്പം ബാലകൃഷ്‌ണനും ഭാര്യ ബേബി ഗിരിജയും
'പുതിയ പാട്ടുകൾ അധികം കേൾക്കാറില്ല. ഡിജിറ്റൽ നിലവാരമൊക്കെ ഉണ്ടെങ്കിലും പാട്ടുകൾക്ക് എവിടെയൊക്കെയോ സ്വാഭാവികത നഷ്ടപ്പെട്ടപോലെ. പഴയ പാട്ടുകളാണ് കേൾക്കാറ്. ചിലതൊക്കെ കേൾക്കുമ്പോൾ അവ റെക്കോഡ് ചെയ്‌ത നിമിഷങ്ങൾ ഓർമയിൽ വന്നു നിറയും. നമ്മുടെ ജീവിതത്തിന്റെ ഭാഗമാണല്ലോ ആ പാട്ടുകളെല്ലാം...’
ഓഡിയോ കാസറ്റുകളുടെ കാലം കഴിഞ്ഞു. പിന്നാലെ വന്ന കോംപാക്ട് ഡിസ്‌കും എംപിത്രീയും ഐപോഡുമെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗം. സാങ്കേതികവിദ്യ അനുനിമിഷം മാറിവരുമ്പോഴും പാട്ടുകൾ മാത്രം ആദ്യകേൾവിയിലെ അതേ അനുഭൂതി പകർന്നുകൊണ്ട് നമുക്കൊപ്പമുണ്ട്.
'ഇന്നോർക്കുമ്പോൾ ആഹ്ലാദവും തെല്ലൊരു അഭിമാനവും തോന്നും; എത്രയോ അനശ്വര ഗാനങ്ങളുടെ ആദ്യ ശ്രോതാവാകാൻ അവസരമുണ്ടായതിൽ. ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ലാത്ത സൗഭാഗ്യങ്ങളല്ലേ അതൊക്കെ?’ ബാലകൃഷ്‌ണന്റെ ആത്മഗതം.
എണ്ണമറ്റ അനശ്വര ഗാനങ്ങള്‍ പിറന്നുവീണ തരംഗിണി സ്റ്റുഡിയോ ഇന്ന് ചരിത്രത്തിന്റെ ഭാഗം. വെള്ളയമ്പലത്ത് ആ സ്റ്റുഡിയോ നിന്നിരുന്ന സ്ഥലത്ത് പുതിയൊരു ഫ്ലാറ്റ് സമുച്ചയം തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്നും വല്ലപ്പോഴുമൊക്കെ അതിലെ കടന്നുപോകുമ്പോൾ കാതോർക്കാറുണ്ട്; 'കാട്രിനിലേ വരും ഗീതങ്ങൾ’ക്കായി...
മലയാളികൾക്ക് മറക്കാനാകുമോ ആ ഗാനവസന്തം?.
ദേശാഭിമാനി വാരികയിൽ നിന്ന്














