ക്രൂരതയുടെ വേരുകൾ തിരയുമ്പോൾ

ഡോ. കീർത്തിപ്രഭ
Published on Jun 08, 2026, 09:51 PM | 2 min read
അർഷിദ് എന്ന ഒന്നരവയസ്സുകാരനെ അമ്മയും അവരുടെ നിലവിലുള്ള പങ്കാളിയും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയുള്ള ആർക്കും വിസ്‌മരിക്കാനാകില്ല. കുഞ്ഞിന്റെ ശരീരത്തിലേറ്റ ഏതാണ്ട് 91 മുറിവുകളും ആന്തരിക പരിക്കുകളും ക്രൂരതയുടെ അങ്ങേയറ്റം സൂചിപ്പിക്കുന്നതാണ്. 19 വയസ്സുള്ള പെൺകുട്ടി പ്രസവിച്ചയുടൻ കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവവും വാർത്തകളിൽ കണ്ടു. പിന്നീട് ആ പെൺകുട്ടി കുഞ്ഞിനെ തിരികെ വേണമെന്നും ആവശ്യപ്പെട്ടു. ഈ രണ്ട് സംഭവങ്ങളിലും നിയമപരമായ ശിക്ഷ പ്രതികൾക്ക് ലഭിക്കുമെന്നതിൽ തർക്കമില്ല; അങ്ങനെതന്നെ വേണം. എന്നാൽ, എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിൽ മനുഷ്യർ, പ്രത്യേകിച്ച് അമ്മമാർ ഇത്രയും ദാരുണമായ മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്നത് എന്നത് പരിശോധിക്കണം. അതിന്റെ സാമൂഹികവും മനശ്ശാസ്‌ത്രപരവുമായ കാരണങ്ങളും അന്വേഷിക്കേണ്ടതുണ്ട്.
പ്രസവിച്ചയുടനെ കുഞ്ഞിനെ വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിന് പക്വതയില്ലായ്‌മ, ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ, കുഞ്ഞിനോടുള്ള താൽപ്പര്യക്കുറവ് തുടങ്ങി പല കാരണങ്ങളുണ്ടാകാം. പിന്നീട് കുഞ്ഞിനെ തിരികെ ചോദിച്ചതിനുപിന്നിലെ യഥാർഥ പ്രേരണയും അജ്ഞാതമാണ്. ഭയവും പക്വതയില്ലായ്‌മയും അവബോധക്കുറവും സൃഷ്‌ടിക്കുന്ന ദുരന്തങ്ങൾ കൃത്യമായി അവലോകനം ചെയ്‌ത് പരിഹരിക്കാനുള്ള ശ്രമങ്ങൾ എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിൽ സാധ്യമാകാതെ വരുന്നത്.
പ്രായപൂർത്തിയായ പെൺകുട്ടിക്ക് താൻ ഗർഭിണിയാകുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടും കൃത്യമായ പ്രതിരോധമാർഗങ്ങളെക്കുറിച്ചോ മുൻകരുതലുകളെക്കുറിച്ചോ ചിന്തിക്കാൻ കഴിഞ്ഞിട്ടില്ല. പക്വതയോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ നമ്മുടെ യുവതലമുറയെ പ്രാപ്തരാക്കുന്ന ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവ് ഇവിടെ വ്യക്തമാണ്. ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട്, മാതാപിതാക്കളുടെ പ്രതികരണം, സമൂഹത്തിൽനിന്നുള്ള ഒറ്റപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള അമിതമായ ഭയം അവളുടെ ചിന്താശേഷിയെ പൂർണമായും തളർത്തിക്കളഞ്ഞിരിക്കാം. ഭയം മനുഷ്യനെ ഏറ്റവും വലിയ അവിവേകങ്ങളിലേക്ക് നയിക്കാറുണ്ട്. കുഞ്ഞിനെ തിരികെ ചോദിച്ചതിനുപിന്നിലെ യഥാർഥ കാരണം, മനസ്‌താപമാണോ മറ്റ് സമ്മർദമാണോ എന്നറിയില്ല. എങ്കിലും, പ്രതിസന്ധിഘട്ടത്തിൽ യുക്തിസഹമായി ചിന്തിക്കാനോ ഉറച്ച തീരുമാനം എടുക്കാനോ കഴിയാത്തവിധം പെൺകുട്ടിയുടെ മാനസികാവസ്ഥ തകർന്നുപോയിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.
ഒന്നരവയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ, ക്രൂരതയ്‌ക്ക് ന്യായീകരണമില്ല. ഇത്രയും ക്രൂരമായി ചിന്തിക്കുന്ന തരത്തിലേക്ക് മനുഷ്യൻ എങ്ങനെയാണ് എത്തുന്നത്. ഒരാളെ കുറ്റവാളിയാക്കുന്നതിൽ ജീവിക്കുന്ന സാഹചര്യത്തിനും പങ്കുണ്ട്. സ്‌നേഹവും സുരക്ഷിതത്വവും മാനസികപിന്തുണയും ലഭിക്കുന്ന അന്തരീക്ഷമാണ് പ്രധാനം.
പ്രതികളെ ശിക്ഷിച്ചതുകൊണ്ടോ ജയിലിലടച്ചതുകൊണ്ടോമാത്രം കുറ്റകൃത്യങ്ങൾ അവസാനിക്കില്ല. ആളുകളുടെ മാനസികാവസ്ഥയിൽ മാറ്റമുണ്ടാകണം. ഗർഭകാലത്തും പ്രസവശേഷവും സ്‌ത്രീകൾക്ക് കൃത്യമായ മാനസികാരോഗ്യ പിന്തുണ നൽകാൻ കുടുംബങ്ങളും ആരോഗ്യവകുപ്പും ശ്രദ്ധിക്കണം. ഭയം കാരണം പെൺകുട്ടികൾ കുഞ്ഞുങ്ങളെ എറിഞ്ഞുടയ്‌ക്കുന്ന അവസ്ഥ ഇല്ലാതാകണമെങ്കിൽ, അവരെ ചേർത്തുപിടിക്കാനും കേൾക്കാനും കുടുംബങ്ങൾ തയ്യാറാകണം. ഭയമില്ലാത്ത അന്തരീക്ഷമേ തെറ്റിൽനിന്ന് മനുഷ്യനെ പിന്തിരിപ്പിക്കൂ. തെറ്റുകൾ സംഭവിക്കുന്നവർക്ക് കൗൺസലിങ്ങുംമറ്റും നൽകി തെറ്റുതിരുത്തി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അന്തരീക്ഷവും ഒരുക്കണം.
പ്രതികളെ ജയിലിൽ അടയ്‌ക്കുന്നതോടെ ആ കേസിന് താൽക്കാലിക ശമനം ഉണ്ടായേക്കാം. എന്നാൽ, അതുകൊണ്ടുമാത്രം നാളെ മറ്റൊരു കുഞ്ഞും ക്രൂരതയ്‌ക്ക് ഇരയാകാതിരിക്കില്ല. ശിക്ഷകൾക്കൊപ്പം, മനുഷ്യനെ മനുഷ്യനായി നിലനിർത്തുന്ന മാനസികാരോഗ്യസാഹചര്യങ്ങളും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷവും ഉറപ്പാക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന്, ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ നടത്താൻ കുടുംബങ്ങളും ഭരണനേതൃത്വവും തയ്യാറാകണം. എങ്കിൽമാത്രമേ ഇനിയൊരു കുഞ്ഞും ഭയത്തിന്റെയോ ക്രൂരതയുടെയോ ഇരയാകാതിരിക്കൂ.














