മനുഷ്യനെ ഉദാരനാക്കുന്ന റംസാൻ

ഡോ. കെ ടി ജലീൽ
Published on Feb 18, 2026, 10:55 PM | 2 min read
മനുഷ്യജീവിതത്തിന്റെ അർഥതലങ്ങൾ അന്വേഷിച്ചുള്ള യാത്രയിൽ ആത്മീയതയുടെ തുഷാരവർഷമായി വീണ്ടും റംസാൻ വന്നെത്തുകയാണ്. ഒരുമാസക്കാലത്തെ പട്ടിണി കിടക്കലല്ല റംസാൻ. മനുഷ്യമനസ്സുകൾ മാലിന്യമുക്തമാക്കാനും ദൈവവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുമാണ് റംസാൻ വർഷത്തിലൊരിക്കൽ ആഗതമാകുന്നത്. ലൗകികസുഖങ്ങളിൽ ആറാടുന്ന മനുഷ്യമനസ്സിനെ മോചിപ്പിച്ച് സമഭാവനയുടെ ലോകത്തേക്ക് ആനയിക്കലാണ് റംസാന്റെ പൊരുൾ.
റംസാൻ, വ്രതത്തിന്റെ നാളുകൾമാത്രമല്ല, ചരിത്രത്തിന്റെയും വിജയത്തിന്റെയും ഓർമപ്പെടുത്തൽകൂടിയാണ്. വിശുദ്ധ ഖുർആൻ അവതരിച്ച മാസമെന്ന പ്രത്യേകത റംസാനുള്ളതാണ്. സത്യവും അസത്യവും തമ്മിൽ ‘ബദറിൽ' മുഖാമുഖം ഏറ്റുമുട്ടി നേടിയ വിജയം നടന്നത് ഒരു റംസാനിലാണ്. ഔന്നത്യപൂർണമായ വിജയം കൊയ്ത് മക്ക ജയിച്ചടക്കിയപ്പോൾ മുഹമ്മദ് നബി പ്രകടിപ്പിച്ച അസാമാന്യമായ ‘മാപ്പ്' കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ ‘മക്കാ വിജയം’ നടന്നതും ഒരു റംസാനിലാണ്.
പുണ്യങ്ങൾ ഭൂമിയിലേക്ക് പ്രവഹിച്ചെത്തുന്ന ആയിരം മാസങ്ങളെക്കാൾ ഉത്തമമായ രാത്രി കടന്നുവരുന്നതും റംസാൻ മാസത്തിലാണ്. സ്വർഗകവാടങ്ങൾ മനുഷ്യർക്കുമുന്നിൽ തുറക്കപ്പെടുന്ന മാസമെന്ന പ്രത്യേകതയും റംസാനുണ്ട്. പിശാച് ബന്ധനസ്ഥനാക്കപ്പെടുന്നതും നരകവാതിലുകൾ അടയ്‌ക്കപ്പെടുന്നതും റംസാൻ നാളുകളിലാണ്. ദൈവം കാരുണ്യത്തിന്റെ വാതിലുകൾ ലോകർക്കായി തുറന്നിടുന്ന മാസവുംകൂടിയാണ് റംസാൻ.
വിശപ്പിനോടും പട്ടിണിയോടുമുള്ള ഐക്യപ്പെടൽകൂടിയാണ് റംസാൻ. വിശക്കുന്നവന്റെ പ്രയാസം ഒരു നോമ്പുകാരൻ റംസാനിലൂടെ അറിയുന്നു. ഹൃദയത്തെയും ഇന്ദ്രിയങ്ങളെയും സംയമനത്തിലൂടെ വഴിനടത്താൻ വ്രതം മനുഷ്യനെ പഠിപ്പിക്കുന്നു.
നോമ്പിന്റെ പരമമായ ലക്ഷ്യം ദൈവഭക്തി ആർജിക്കലാണ്. മനുഷ്യൻ അടിസ്ഥാനപരമായി ശുദ്ധപ്രകൃതക്കാരനാണ്. സാഹചര്യങ്ങളാണ് അവനെ നല്ലവനും പിശാചുമാക്കുന്നത്. ‘റംസാൻ' എന്ന വാക്കിന്റെ അർഥം പാപങ്ങളെ കരിച്ചുകളയുന്നത് എന്നാണ്. മനുഷ്യന്റെ ഉള്ളിലെ അഴുക്കുകൾ വൃത്തിയാക്കി ഒരുവർഷത്തിലെ 11 മാസം നല്ല മനസ്സോടെ, ചുറ്റുവട്ടത്ത് ജീവിക്കുന്നവരോട് പെരുമാറാനുള്ള പരിശീലനമാണ് റംസാനിൽ ഒരാൾ കരസ്ഥമാക്കുന്നത്. വിശപ്പിനോടും പട്ടിണിയോടുമുള്ള ഐക്യപ്പെടൽകൂടിയാണ് റംസാൻ. വിശക്കുന്നവന്റെ പ്രയാസം ഒരു നോമ്പുകാരൻ റംസാനിലൂടെ അറിയുന്നു. ഹൃദയത്തെയും ഇന്ദ്രിയങ്ങളെയും സംയമനത്തിലൂടെ വഴിനടത്താൻ വ്രതം മനുഷ്യനെ പഠിപ്പിക്കുന്നു.
മുഹമ്മദ് നബി റംസാനെ മൂന്നു പത്തുകളായി തിരിച്ചിരിക്കുന്നു: ആദ്യ പത്ത്, അളവറ്റ കാരുണ്യവർഷത്തിന്റേതാണ്. രണ്ടാംപത്ത്, പാപമോചനത്തിനായുള്ള പ്രാർഥനയുടേതാണ്. അവസാന പത്ത് അഥവാ മൂന്നാംപത്ത്, നരകമോചനത്തിനായുള്ള സൽക്കർമങ്ങളും പ്രാർഥനയും ഒത്തുചേർന്നതാണ്.
ഇസ്ലാമിക ആരാധനാകർമങ്ങളിൽ ഏറ്റവും കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒന്നാണ് വ്രതം. ഒരുനേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവന്റെ വേദന സ്വന്തം വയറിലൂടെ തിരിച്ചറിയാൻ നോമ്പ് സഹായിക്കുന്നു. റംസാനിൽ ‘അടിച്ചുവീശുന്ന കാറ്റുപോലെ' ഉദാരത മനുഷ്യനിലേക്ക് പ്രസരിക്കുന്നു. കാറ്റിന് വിവേചനമില്ലാത്തതുപോലെ, മനുഷ്യന്റെ കാരുണ്യവും ജാതിമതഭേദമന്യേ സർവചരാചരങ്ങളിലേക്കും പടരണമെന്നാണ് റംസാന്റെ വിവക്ഷ. ആരോഗ്യപരമായ കാരണങ്ങളാൽ നോമ്പുനോൽക്കാൻ കഴിയാത്തവർ പാവപ്പെട്ടവന് ഭക്ഷണം നൽകൽ നിർബന്ധമാണ്. നോമ്പുകാലത്തെ സാമൂഹിക ക്ഷേമവുമായി ബന്ധിപ്പിക്കുന്നതാണ് ഇവിടെ കാണാനാവുക. ആരാധനയ്‌ക്ക് ഭംഗംവരുമ്പോൾ പ്രായശ്ചിത്തം ചെയ്യൽ കഷ്ടപ്പെടുന്നവനെ സഹായിച്ചുകൊണ്ടാണ്.
റംസാൻ സ്വയം വിലയിരുത്തലിന്റെയും ആത്മവിമർശത്തിന്റെയും നാളുകളാണ്. സ്വയം തിരുത്തലാണ് റംസാനിൽ നടക്കുന്നത്. ചെയ്തുപോയ തെറ്റുകളിൽ ആത്മാർഥമായി പശ്ചാത്തപിക്കാനും മേലിൽ തെറ്റിന്റെ വഴികളിലൂടെ സഞ്ചരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനും റംസാൻ അവസരമൊരുക്കുന്നു. ഓരോ ദിവസവും കുളിച്ച് വൃത്തിയാകുന്നപോലെ ഒരുവർഷത്തേക്കുള്ള മനസ്സിന്റെ വൃത്തിയാക്കലാണ് ഒരുമാസത്തെ വ്രതനാളുകൾ. നിർബന്ധദാനം (സകാത്ത്) നടത്താൻ വിശ്വാസികൾ തെരഞ്ഞെടുക്കുന്നത് റംസാൻ മാസമാണ്. അതുകൊണ്ടുതന്നെ റംസാൻ ദാനധർമങ്ങളുടെ മാസമായും അറിയപ്പെടുന്നു. എല്ലാ ആരാധനകളുടെയും കാതൽ, മനുഷ്യന്റെ പ്രയാസങ്ങൾ അകറ്റലാണ്. അവരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കലാണ്. സമഭാവനയിലേക്ക് ലോകത്തെ വഴിനടത്തലാണ്.















