ad
Deshabhimani

Articles

ഉത്തരംകിട്ടാതെ ഒരച്ഛന്റെ ചോദ്യം മുഴങ്ങുന്നു

ഉത്തരം തേടുന്നു രാജന്റെ ഓർമകൾ

rajan case
എം ജഷീന

Published on Jun 24, 2025, 11:36 PM | 1 min read


‘എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്’–- അമ്പതാണ്ടിപ്പുറവും ഉത്തരംകിട്ടാതെ ഒരച്ഛന്റെ ചോദ്യം മുഴങ്ങുന്നു. കോഴിക്കോട്‌ റീജ്യണൽ എൻജിനീയറിങ്‌ കോളേജിൽനിന്ന്‌ (ആർഇസി) കരുണാകരന്റെ പൊലീസ്‌ ഇറക്കി കൊണ്ടുപോയി കക്കയം ക്യാമ്പിലിട്ട്‌ ക്രൂരമായി ഇല്ലാതാക്കിയ മകൻ രാജനെ തേടിനടന്ന പ്രൊഫ. ഈച്ചരവാര്യരുടെ ഈ ചോദ്യമൊന്ന്‌ മതി, ഭീതിദമായ കാലത്തെ അടയാളപ്പെടുത്താൻ.


1976 മാർച്ച്‌ ഒന്നിന്‌ പുലർച്ചെയാണ്‌ പൊലീസ്‌ ആർഇസി ക്യാമ്പസിലെത്തി രാജനെയും ജോസഫ്‌ ചാലിയെന്ന വിദ്യാർഥിയെയും കക്കയം ക്യാമ്പിലേക്ക്‌ കൊണ്ടുപോയത്‌. കായണ്ണ പൊലീസ്‌ സ്‌റ്റേഷനിലുണ്ടായ നക്സലൈറ്റ്‌ ആക്രമണത്തിലുൾപ്പെട്ടെ ഒരു രാജനെ തേടിയാണ്‌ പൊലീസ്‌ എത്തിയതെന്ന്‌ പറയുന്നു. ഡിഐജി ജയറാം പടിക്കലിന്റെ ചുമതലയിലുള്ള ക്യാമ്പിൽ ക്രൂരമർദ്ദനത്തിലും ഉരുട്ടലിലുമാണ്‌ രാജൻ കൊല്ലപ്പെട്ടതെന്ന്‌ സമാന ഭീകരത നേരിട്ടവർ പിന്നീട്‌ വെളിപ്പെടുത്തി. ജീപ്പിലിട്ട്‌ കൊണ്ടുപോയ മൃതദേഹം എന്തുചെയ്തെന്ന്‌ പുറംലോകം അറിഞ്ഞിട്ടില്ല. അന്ന്‌ പൊലീസിൽ ഡ്രൈവറായിരുന്ന ഒരാൾ 10 വർഷംമുമ്പ്‌ വെളിപ്പെടുത്തിയത്‌ രാജനെ കൂത്താട്ടുകുളത്തെത്തിച്ച്‌ ഐസ്‌ ചേംബറിലിട്ട്‌ കൊന്ന്‌ മൃതദേഹം പന്നികൾക്ക്‌ നൽകിയെന്നാണ്‌.


മകനെ അന്യായ തടങ്കലിൽനിന്ന്‌ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഈച്ചരവാര്യർ അന്ന്‌ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനുൾപ്പെടെ അപേക്ഷ നൽകി. ഹേബിയസ്‌ കോർപസ്‌ ഫയൽചെയ്തു. പൊലീസ് സൂപ്രണ്ടായിരുന്ന ലക്ഷ്മണ, ഡിഐജി ജയറാം പടിക്കൽ, ആഭ്യന്തരമന്ത്രി കരുണാകരൻ, എസ്ഐ പുലിക്കോടൻ നാരായണൻ തുടങ്ങിയവരായിരുന്നു പ്രതികൾ. കക്കയത്ത്‌ ക്യാമ്പ്‌ പ്രവർത്തിച്ചില്ലെന്നും രാജനെ പിടിച്ചിട്ടില്ലെന്നും പ്രതികൾ സത്യവാങ്മൂലം നൽകി. രാജൻ കൊല്ലപ്പെട്ടതായി കോടതി കണ്ടെത്തിയെങ്കിലും പ്രതികളുടെ മർദ്ദനമേറ്റാണ്‌ മരിച്ചതെന്ന് തെളിയിക്കാനായില്ല. വ്യാജസത്യവാങ്മൂലം നൽകുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിന്‌ 1977ൽ ഏപ്രിലിൽ കരുണാകരന്‌ മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടിവന്നു. മൃതദേഹം കിട്ടാത്തതിനാൽ പ്രതികൾ അപ്പീലിൽ കുറ്റവിമുക്തരാക്കപ്പെട്ടു. മകന്‌ നീതിക്കായി തന്റെ സകല സമ്പാദ്യവും ആരോഗ്യവും മാറ്റിവച്ച്‌ കോടതിയിലും പൊലീസ്‌ സ്റ്റേഷനിലും മന്ത്രിമന്ദിരങ്ങളിലും കയറിയിറങ്ങിയ ഈച്ചരവാര്യർ 2006ലാണ്‌ അന്തരിച്ചത്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home