സമരംതന്നെ ബദൽ

സി ബി ദേവദർശനൻ
Published on Jun 29, 2026, 10:50 PM | 3 min read
ഇന്ത്യൻ രാഷ്ട്രീയം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നവഉദാര നയങ്ങൾക്കും കോർപറേറ്റ് കേന്ദ്രീകൃത വികസനമാതൃകയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്ന ഭരണകൂടസമീപനം കാർഷികമേഖലയെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ജീവിതം കൂടുതൽ പ്രതിസന്ധിയിലാകുമ്പോൾ പ്രതിരോധവും സമരങ്ങളും രാജ്യവ്യാപകമായി ശക്തിപ്പെടുകയാണ്.
കാർഷികമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമാണ്. ഉൽപ്പാദനച്ചെലവിന്റെ വർധന, വിളകൾക്ക് ന്യായവില ലഭിക്കാത്തത്, പൊതുമേഖലാ പിന്തുണയുടെ കുറവ്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, ഭൂമിയുടെയും ജലസ്രോതസ്സുകളുടെയും മേലുള്ള കോർപറേറ്റ് നിയന്ത്രണം എന്നിവയൊക്കെ ചേർന്നാണ് ഈ പ്രതിസന്ധി മൂർച്ഛിപ്പിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് ചെറുകിട–-ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമാണ്.
കർഷകത്തൊഴിലാളികളുടെ അവസ്ഥ ഇതിലും സങ്കീർണമാണ്. തൊഴിൽദിനങ്ങളുടെ കുറവ്, കൂലിവർധനയിലെ പിന്നാക്കാവസ്ഥ, സാമൂഹ്യസുരക്ഷയുടെ അഭാവം, തൊഴിലവകാശങ്ങളിലുണ്ടാകുന്ന കടന്നാക്രമണങ്ങൾ എന്നിവ അവരുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലുള്ളവയെ ദുർബലപ്പെടുത്തുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ സമീപനങ്ങൾ ഈ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു.
ഇത്തരം സാഹചര്യത്തിൽ ഇടതുപക്ഷം പൊതുവിൽ മുന്നോട്ടുവയ്ക്കുന്നത് ജനകീയ ബദലാണ്. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുക, കാർഷികമേഖലയിലെ പൊതുനിക്ഷേപം വർധിപ്പിക്കുക, ഭൂമിയില്ലാത്തവർക്ക് ഭൂമി വിതരണംചെയ്യുക, കർഷകത്തൊഴിലാളികളുടെ തൊഴിലും സാമൂഹികസുരക്ഷയും ഉറപ്പാക്കുക എന്നിവയാണ് ഇടതുപക്ഷനയങ്ങളുടെ കേന്ദ്രബിന്ദു.
തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രധാന നേട്ടങ്ങളെല്ലാം സംഘടിതസമരങ്ങളിലൂടെയാണ് നേടിയത്. അതുകൊണ്ടുതന്നെ ഇന്നത്തെ സാഹചര്യത്തിലും സമരംതന്നെ ബദൽ എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമാകുന്നു. ജനങ്ങളുടെ ജീവിതോപാധികളെയും ജനാധിപത്യാവകാശങ്ങളെയും സംരക്ഷിക്കുന്നതിന് വിശാലമായ തൊഴിലാളി -കർഷക ഐക്യം കെട്ടിപ്പടുക്കുകയും ജനകീയപ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
ദേശീയരാഷ്ട്രീയത്തിൽ മതനിരപേക്ഷതയും ജനാധിപത്യവും സാമൂഹ്യനീതിയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടവും സാമ്പത്തിക അവകാശങ്ങൾക്കായുള്ള പോരാട്ടവും പരസ്പരം ബന്ധപ്പെട്ടതാണ്. അതിനാൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സമരങ്ങൾ വെറും ഉപജീവനപ്രശ്നങ്ങൾക്കായുള്ള പോരാട്ടമല്ല; മറിച്ച് ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാനുള്ള വിശാലമായ ജനകീയമുന്നേറ്റത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കാർഷികമേഖലയെ രക്ഷിക്കാനും തൊഴിലാളിവർഗത്തിന്റെ ഭാവി ഉറപ്പാക്കാനും സംഘടിത ജനകീയസമരങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ പ്രധാന ദൗത്യം.
ജനകീയ ഐക്യവും പോരാട്ടവുമാണ് മുന്നോട്ടുള്ള വഴി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം തൊഴിലവകാശത്തെ അടിസ്ഥാനമാക്കിയുള്ള നിയമപരമായ അവകാശമാണ്. തൊഴിലില്ലാത്ത ഗ്രാമീണകുടുംബങ്ങൾക്ക് വർഷത്തിൽ നൂറുദിവസത്തെ തൊഴിൽ ഉറപ്പാക്കുകയും തൊഴിൽ ലഭ്യമാക്കാൻ സർക്കാരിനെ ബാധ്യസ്ഥമാക്കുകയും ചെയ്യുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര -ബിജെപി സർക്കാർ പുതിയതായി അടിച്ചേൽപ്പിച്ച നിയമമാണ് വികസിത് ഭാരത് -ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ). വിബി-ജിആർഎഎം(ജി) എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. പുതിയ പദ്ധതിപ്രകാരം 60:40 എന്ന പ്രകാരം കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പദ്ധതിവിഹിതം പങ്കിടണമെന്നാണ് നിർദേശം. ഇത് സംസ്ഥാനങ്ങളുടെമേൽ അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്നു. തൊഴിലുറപ്പ് എന്ന അവകാശത്തിൽനിന്നും നിയമത്തിൽനിന്നും സ്കീമിലേക്ക് (പദ്ധതി) ഇത് മാറുന്നു. തൊഴിൽ നൽകേണ്ടത് നിയമപ്രകാരം സർക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു, തൊഴിൽ അവകാശവുമായിരുന്നു. ഈ അവകാശം കവർന്നെടുക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
കാർഷിക സീസണിലെ തൊഴിൽനിയന്ത്രണം തൊഴിലാളികളെ വലിയ തോതിൽ ബാധിക്കും. വിത്തിടൽ, കൊയ്ത്ത് തുടങ്ങിയ കാർഷിക സീസണുകളിൽ വിബിജിആർഎഎംജി പദ്ധതിപ്രകാരമുള്ള ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഇത് രാജ്യത്തെ ഭൂപ്രമാണിമാർക്കുവേണ്ടിയാണ്. തൊഴിലുറപ്പുകൂലിപോലും ലഭ്യമാകാതെ കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ ഇവർ നിർബന്ധിതമാകുന്നു. കർഷകരെ സഹായിക്കാനെന്ന വ്യാജേന ഗ്രാമീണതൊഴിലാളികളുടെ കൂലിയും ജോലിയും തട്ടിപ്പറിക്കാനാണ് ഈ നിയമവ്യവസ്ഥ അടി ച്ചേൽപ്പിച്ചിട്ടുള്ളത്. ഇത് കർഷകത്തൊഴിലാളികളുടെ വരുമാനസുരക്ഷയെ വലിയ തോതിൽ ബാധിക്കും.
പഞ്ചായത്തുകളും ഗ്രാമസഭകളും നിർദേശിക്കുന്ന പദ്ധതികൾ നടപ്പാക്കുന്ന നിലവിലുള്ള രീതി മാറ്റുകയും തൽസ്ഥാനത്ത് കേന്ദ്രസർക്കാർ നോട്ടിഫൈ ചെയ്യുന്ന പ്രദേശങ്ങളിലേക്ക് പദ്ധതി ചുരുക്കുകയും ചെയ്യും. കേന്ദ്ര ബിജെപി സർക്കാരിന് കക്ഷിരാഷ്ട്രീയ താൽപ്പര്യത്തോടെയും കോർപറേറ്റ് മൂലധനശക്തികൾക്ക് അനുകൂലമായും പദ്ധതി നടപ്പാക്കുന്നതിന് പഴുത് നൽകുന്നതാണ് ഈ പരിഷ്‌കാരം. കേന്ദ്രസർക്കാർ നൂറുദിവസത്തിൽനിന്ന് 125 ദിവസമായി തൊഴിൽ വർധിപ്പിക്കുമെന്നു പറയുന്നുവെങ്കിലും ഇത് തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാൻവേണ്ടി മാത്രമാണ്.
കേരളം തൊഴിലുറപ്പ് പദ്ധതിയുടെ നടപ്പാക്കലിൽ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണ്. കുടുംബങ്ങൾക്ക് ലഭിക്കുന്ന ശരാശരി തൊഴിൽദിനങ്ങൾ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ ശരാശരി 35-–40 ദിവസത്തിനടുത്ത് നിൽക്കുമ്പോൾ, കേരളത്തിലത് 66 ദിവസത്തിലധികമാണ്. ഗ്രാമീണ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും വരുമാനസുരക്ഷയിൽ തൊഴിലുറപ്പ് പദ്ധതി നിർണായക പങ്കുവഹിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയെ അവകാശാധിഷ്ഠിത നിയമത്തിൽനിന്ന് ലക്ഷ്യാധിഷ്ഠിത പദ്ധതിയാക്കി മാറ്റുന്നതോടെ തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായും ദുർബലപ്പെടുകയാണ്.
അതുകൊണ്ട് തൊഴിലുറപ്പ് പദ്ധതിയുടെ കുറവുകൾ പരിഹരിക്കുന്നതിനും കേന്ദ്ര പദ്ധതിവിഹിതം വർധിപ്പിക്കുന്നതിനുംവേണ്ടി രാജ്യവ്യാപകമായി പ്രക്ഷോഭത്തിന്റെ പാതയിലാണ് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ. കർഷകത്തൊഴിലാളികൾക്കും ഭൂമിയില്ലാത്ത ദരിദ്രർക്കും ലഭിക്കുന്ന പ്രധാനപ്പെട്ട സാമൂഹ്യസുരക്ഷാ സംവിധാനം എന്ന നിലയിൽ തൊഴിലുറപ്പ് പദ്ധതിയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കർഷകത്തൊഴിലാളി സംഘടനകളെയും ഗ്രാമീണതൊഴിലാളികളുടെ സംഘടനകളെയും ഏകോപിപ്പിക്കാൻ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ നേതൃത്വം നൽകിവരികയാണ്.
മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പുതിയ ബജറ്റിൽ സംസ്ഥാനവിഹിതമായി 2090.96 കോടി രൂപ വേണ്ടിടത്ത് 1422.60 കോടിമാത്രമാണ് നീക്കിവച്ചിട്ടുള്ളത്. ഇത് പദ്ധതിപ്രവർത്തനം കേരളത്തിൽ തീരെ ഇല്ലാതാക്കും. കേന്ദ്രസർക്കാരിന്റെ മാതൃകയിൽ കേരളത്തിലെ യുഡിഎഫ് സർക്കാരും തൊഴിലുറപ്പ് പദ്ധതിയെ സമ്പൂർണ തകർച്ചയിലേക്ക് നയിക്കുകയാണ്. ഈ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകളെ നിർബന്ധിതമാക്കാനുള്ള അതിശക്തമായ പ്രക്ഷോഭത്തിന് ഗ്രാമീണ തൊഴിലാളിവർഗം തയ്യാറെടുക്കുകയാണ്.














