ജനങ്ങളോട് കരുതലില്ലാത്ത പ്രധാനമന്ത്രി


എം എ ബേബി
Published on Sep 01, 2026, 12:00 AM | 3 min read
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി, വനിതാ സംവരണ നിയമം പാസാക്കിയത് നേട്ടമായി എടുത്തുകാട്ടുകയും തുടർന്ന് പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും അത് നടപ്പാക്കുന്നത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷ പാർടികളുടെ മേൽ ചുമത്തുകയും ചെയ്തു. എന്നാൽ തടസ്സം സൃഷ്ടിക്കുന്നത് അദ്ദേഹത്തിന്റെ സർക്കാർതന്നെയാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ മൺസൂൺ സമ്മേളനകാലത്ത് ആയിരക്കണക്കിന് സ്ത്രീകൾ ജന്തർമന്തറിലും പരിസരത്തും പ്രതിഷേധിച്ചു. സെൻസസുമായും മണ്ഡല പുനർനിർണയവുമായും ബന്ധിപ്പിക്കാതെ 33 ശതമാനം വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. നാഷണൽ കോയലിഷൻ ഫോർ വിമൻസ് റിസർവേഷന്റെ ബാനറിൽ വനിതാ സംഘടനകളും സിവിൽ സൊസൈറ്റി കൂട്ടായ്‌മകളും വിവിധ രാഷ്ട്രീയ പാർടികളുമായി കൂടിക്കാഴ്ച നടത്തുകയും ഈ വിഷയത്തിൽ അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. എന്നിട്ടും ബിജെപി ഇതിന് ചെവികൊടുക്കാൻ തയ്യാറല്ല. മണ്ഡലങ്ങളെ തങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് വിഭജിച്ച് പുനക്രമീകരിക്കാനും മണ്ഡലാതിർത്തികൾ തങ്ങൾക്ക് അനുകൂലമായി പുനർവരയ്ക്കാനുമുള്ള തന്ത്രംമാത്രമാണ് അവർക്ക് ഈ നിയമനിർമാണമെന്ന് വ്യക്തം.
ദുരിതാശ്വാസത്തിലും രാഷ്‌ട്രീയം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നൽകിയത് "രാജ്യം മുഴുവൻ അവർക്കൊപ്പം ഉറച്ചുനിൽക്കുന്നു' എന്ന പൊള്ളയായ ഉറപ്പല്ലാതെ മറ്റൊന്നുമല്ല. അവരുടെ വേദനയും ദുരിതവും താൻ മനസ്സിലാക്കുന്നെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് വിപരീത അനുഭവമാണ്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വരൾച്ച തുടങ്ങിയ ദുരന്തസാഹചര്യങ്ങളിൽ, ബിജെപിയിതര സർക്കാരുകൾ ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾക്ക് ദുരിതാശ്വാസത്തിനായി ആവശ്യപ്പെട്ട ഫണ്ടിന്റെ ചെറിയ ഭാഗം മാത്രമാണ് ലഭിച്ചത്. ദുരന്തത്തിന്റെ വ്യാപ്തിയല്ല, രാഷ്ട്രീയമാണ് ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡമായി മാറിയിരിക്കുന്നത്.
2018-ലെ വിനാശകരമായ വെള്ളപ്പൊക്കത്തിനുശേഷം വിദേശത്തുനിന്ന് സഹായം സ്വീകരിക്കാൻ കേരളത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച കാര്യം സംസ്ഥാനത്തെ ജനങ്ങൾ മറന്നിട്ടുണ്ടാകില്ല. വിദേശത്തുനിന്ന് ഉദാരമായ സഹായ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും ഇതായിരുന്നു കേന്ദ്രനിലപാട്. എന്നാൽ കഴിഞ്ഞ വർഷം മഹാരാഷ്ട്രയ്‌ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ ഫണ്ട് സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. വെള്ളപ്പൊക്കകാലത്ത് ഭക്ഷ്യധാന്യങ്ങൾ നൽകിയതിനും വ്യോമസേന നടത്തിയ സേവനങ്ങൾക്കുമായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിൽനിന്ന് നൂറുകണക്കിന് കോടി രൂപ ഈടാക്കി. 2024-ലെ വയനാട് മണ്ണിടിച്ചിലിനെത്തുടർന്ന് കേരളത്തിന് സഹായം അനുവദിക്കാനും കേന്ദ്ര സർക്കാർ വിസമ്മതിച്ചു. വലിയ പ്രതിസന്ധിയുടെ നിമിഷങ്ങളിൽപ്പോലും സംസ്ഥാനങ്ങൾ തമ്മിൽ പരിഗണനാ വിവേചനം നിലനിൽക്കുകയാണ്.
അടുത്തിടെ പുറത്തുവന്ന സിഎജി റിപ്പോർട്ട് ദേശീയ ദുരന്ത നിവാരണ നിധിയായ എൻഡിആർഎഫി-ന്റെ ഫണ്ടിൽ പകുതിപോലും കേന്ദ്രം ചെലവഴിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. 2024-–25ൽ എൻഡിആർഎഫി-ന് കീഴിൽ അനുവദിച്ച 11,474 കോടിയിൽ 5,356 കോടി മാത്രമാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയത്. 6,118 കോടി ഉപയോഗിക്കാതെ ശേഷിച്ചു. പിഎം കെയേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾപ്രകാരം, ‘ഏതുതരത്തിലുള്ള അടിയന്തരാവസ്ഥയോ ദുരിതസാഹചര്യമോ’ നേരിടുന്നതിനായി രൂപീകരിച്ച ഈ ഫണ്ടിൽ 2024-–25 അവസാനത്തോടെ 8,452 കോടി ഉണ്ടായിരുന്നു. അതിൽ 93 ശതമാനവും സ്ഥിരനിക്ഷേപങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വെറും 88 ലക്ഷം മാത്രമാണ് വിതരണം ചെയ്തത്— ഫണ്ടിന്റെ ആകെ തുകയായ 8,452 കോടിയുടെ വെറും 0.001 ശതമാനം!
ഈ ഫണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നാണ് നിയന്ത്രിക്കുന്നത്. ഇതിന് പരിധിയില്ലാത്ത സിഎസ്ആർ ഫണ്ടുകൾ ലഭിക്കുകയും ചെയ്യുന്നു. എന്നിട്ടും കേന്ദ്ര സർക്കാർ വിവരാവകാശ നിയമം പാലിക്കാനും സിഎജി ഓഡിറ്റിന് വിധേയമാകാനും തയ്യാറാകുന്നില്ല. സുതാര്യതയുടെ അഭാവംകാരണം, ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ കാര്യത്തിലെന്നപോലെ, ഭരണകക്ഷിയെ പ്രീതിപ്പെടുത്തുന്നതിനായി കോർപറേറ്റ് കമ്പനികൾ ഈ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മാർഗമില്ല. ദുരന്തങ്ങൾ നേരിടുന്നവരെ പ്രധാനമന്ത്രി പരിഗണിക്കുന്നില്ല.
സ്വതന്ത്ര ചിന്തയ്‌ക്കെതിരായ ആക്രമണത്തെ ചെറുക്കുക
പുനരുജ്ജീവിത രാഷ്ട്രം ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നെന്ന ആഖ്യാനം അവതരിപ്പിക്കാൻ മോദി ശ്രമിച്ചെങ്കിലും അധികമാരും ഇത് ഏറ്റെടുക്കുന്നില്ല. അതുകൊണ്ടാണ് പുതിയൊരു വിശേഷണം ആവശ്യമായി വന്നത് —"ദിമാഗി നക്സൽ'(നക്‌സൽ മാനസ്സികാവസ്ഥ). അദ്ദേഹത്തിന്റെ സ്വന്തം അണികളിൽ ഭ്രാന്തമായ ഉന്മാദം വളർത്താനും ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നവരിൽ ഭയം സൃഷ്ടിക്കാനുമുള്ള മുദ്രാവാക്യമാണിത്. സായുധ നക്സലുകളെ ഒറ്റപ്പെടുത്തി ഇല്ലാതാക്കിയതുപോലെ, ‘വികസിത് ഭാരത്’ എന്ന തന്റെ സങ്കൽപ്പം സാക്ഷാൽക്കരിക്കാൻ ദിമാഗി നക്സലുകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഓപ്പറേഷൻ കഗാറിന്റെ പേരിൽ നടക്കുന്ന നിയമവിരുദ്ധ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് ഇടതുപക്ഷ പാർടികൾ സംയുക്തമായി കഴിഞ്ഞ വർഷം പ്രധാനമന്ത്രിക്ക് കത്തെഴുതിയ കാര്യം ഓർക്കേണ്ടതാണ്. മാവോയിസ്റ്റുകൾ ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാപിക്കുകയും സംഭാഷണത്തിനുള്ള തങ്ങളുടെ അഭ്യർഥന പരിഗണിക്കണമെന്ന് ആവർത്തിച്ച് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടും കേന്ദ്ര സർക്കാരും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളും ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമം നടത്തിയില്ല. തുടർന്ന് നടപ്പാക്കിയത് മനുഷ്യത്വരഹിതമായ കൊലപാതകത്തിന്റെയും ഉന്മൂലനത്തിന്റെയും നയമാണ്.
തെറ്റായ വഴിയിലൂടെ സഞ്ചരിക്കുകയും തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി ജനാധിപത്യവിരുദ്ധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്ത വഴിതെറ്റിയ മാവോയിസ്റ്റുകളെ മോദി സർക്കാർ ഭരണകൂട ഭീകരതയുടെ നയത്തിലൂടെ ഉന്മൂലനം ചെയ്തെങ്കിൽ, ദിമാഗി നക്സലുകളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുമെന്ന ഭീഷണി ലക്ഷ്യമിടുന്നത് എല്ലാ ഇടതുപക്ഷ -ജനാധിപത്യ ശക്തികളെയും, അതിലുപരി ചോദ്യങ്ങൾ ഉന്നയിക്കുകയും ‘ഔദ്യോഗിക’ ആഖ്യാനം അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന എല്ലാവരെയുമാണ്. സ്വതന്ത്ര ചിന്തയ്‌ക്കെതിരായ ആക്രമണം കൂടുതൽ കടുക്കുമെന്നതിന്റെ സൂചനയാണിത്.
‘തുക്ഡെ- തുക്ഡെ ഗാങ്’, ‘അർബൻ നക്സൽ’, ‘ആന്ദോളൻ ജീവി’ തുടങ്ങിയ വിശേഷണങ്ങൾ ഭീമ കൊറേഗാവ് കേസ്, ഡൽഹി കലാപക്കേസ്, ന്യൂസ്‌ക്ലിക്ക് കേസ് തുടങ്ങി വിവിധ കേസുകളിൽ ഭരണകൂടപീഡനത്തിന് ഇരയായവർക്കെതിരെ ഉപയോഗിച്ചിരുന്നു. ജന്തർമന്തറിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതോ ഇപ്പോഴും പോരാട്ടം തുടരുന്നതോ ആയ യുവജനങ്ങൾക്കെതിരായ നിരീക്ഷണം, സൈബർ ആക്രമണങ്ങൾ, ഭീഷണികൾ, പ്രതികാര ആക്രമണങ്ങൾ എന്നിവ കൂടുതൽ ശക്തമായി തുടരുമെന്നതിന്റെ സൂചനകളാണ് വെളിവാക്കപ്പെടുന്നത്.
നമ്മുടെ കടമ സംഘടിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്യുക എന്നതാണ്.
( കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ‘പ്രധാനമന്ത്രിയുടെ പൊള്ളയായ പ്രസംഗം’ എന്ന ലേഖനത്തിന്റെ അവസാനഭാഗം )















