Deshabhimani

Articles

ഇന്ന്‌ പ്രവാസി 
ഭാരതീയ ദിനം

രാജ്യം മറക്കരുത്‌ പ്രവാസികളെ

pravasi bharatiya divas
avatar
ബാദുഷ കടലുണ്ടി

Published on Jan 09, 2026, 12:00 AM | 2 min read

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന്‌ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ സ്മരണയ്ക്കായി ജനുവരി ഒന്പതിന്‌ രാജ്യം ‘പ്രവാസി ഭാരതീയ ദിനം' ആചരിക്കുന്നു. എന്നാൽ, വർണാഭമായ അവാർഡ് നിശകൾക്കും ആഡംബരപൂർണമായ മാമാങ്കങ്ങൾക്കും അപ്പുറം രാജ്യത്തിന്റെ നട്ടെല്ലായ ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികളുടെ ജീവിതത്തിൽ എന്തു മാറ്റമാണ് ഈ ദിനം കൊണ്ടുവരുന്നത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ആഘോഷങ്ങൾ കേന്ദ്രസർക്കാരിനും അതിജീവനം പ്രവാസിക്കും എന്ന വിരോധാഭാസമാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത്.


​ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിന്റെ വലിയൊരു പങ്ക് പ്രവാസികൾ നൽകുന്നതാണ്. കഴിഞ്ഞ സാമ്പത്തികവർഷംമാത്രം ഏകദേശം 13500 കോടി ഡോളറാണ് ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി വരുമാനം നേടുന്ന രാജ്യമായി ഇന്ത്യ തുടരുമ്പോഴും ആ വരുമാനത്തിന്റെ സൃഷ്ടാക്കളായ പ്രവാസികൾക്കായി ഒരു രൂപയുടെ ക്ഷേമപദ്ധതിപോലും നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ഓരോ പ്രവാസിദിനത്തിലും അവാർഡുകൾ നൽകി കൈകഴുകുന്ന കേന്ദ്രം, കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന കൊടിയപീഡനങ്ങളും മടങ്ങിയെത്തിയ പ്രവാസികളുടെ കണ്ണീരും കണ്ടില്ലെന്ന് നടിക്കുന്നു.


pravasi


​പ്രവാസികളെ സംരക്ഷിക്കാൻ സമഗ്രമായ കുടിയേറ്റനിയമം കൊണ്ടുവരണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. എന്നാൽ, അണിയറയിൽ ഒരുങ്ങുന്ന ‘ഓവർസീസ് മൊബിലിറ്റി ബിൽ 2025' പ്രവാസികളെ സംരക്ഷിക്കാനാണോ അതോ നിയന്ത്രിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രവാസിസമൂഹത്തിൽ വലിയൊരു പങ്കും കേരളത്തിൽനിന്നുള്ളവരായിട്ടും ബില്ലിന്റെ ഭാഗമായി വരുന്ന കൗൺസിലുകളിൽ കേരളംപോലുള്ള സംസ്ഥാനങ്ങളെ ഉൾപ്പെടുത്തുന്നില്ല എന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. പാർലമെന്റിലോ പൊതുസമൂഹത്തിലോ ഗൗരവമായ ഒരു ചർച്ചപോലും നടത്താതെ ഇത്തരം നിയമനിർമാണം വെല്ലുവിളിയാണ്. സുരക്ഷിതമായ കുടിയേറ്റവും മടങ്ങിവന്നവരുടെ പുനരധിവാസവും ഉറപ്പാക്കാൻ ഈ ബില്ലിന് കഴിയുമോ എന്നത് ഇപ്പോഴും ചോദ്യചിഹ്നം.


​കേന്ദ്രത്തിന്റെ ഈ അവഗണനകൾക്കിടയിലാണ്, കേരള സർക്കാരിന്റെ പ്രവാസിനയങ്ങൾ ലോകത്തിന് മാതൃകയാകുന്നത്. നൂറിൽപ്പരം രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളും എംപിമാരും എംഎൽഎമാരും ഒത്തുചേരുന്ന ബൃഹത്തായ ജനാധിപത്യവേദിയായി ‘ലോക കേരളസഭ' മാറുന്നു.


loka kerala sabha


ഈ മാസം അവസാനം നടക്കുന്ന ലോക കേരളസഭ പ്രവാസികൾക്ക് അഭിമാനിക്കാവുന്ന വേദിയാണ്. വൻകിട ബിസിനസുകാരനും സാധാരണ തൊഴിലാളിയും തോളോടുതോൾ ചേർന്ന് ഇരുന്ന് ചിന്തകളും സ്വപ്നങ്ങളും പങ്കുവയ്‌ക്കുന്നു. കേരളത്തിന്റെ വികസനത്തിന് ക്രിയാത്മകമായ നിർദേശങ്ങൾ നൽകുന്നതിനൊപ്പം പ്രവാസികളുടെ വിഷയങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഇതിലൂടെ സാധിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ് പ്രവാസികൾക്കായി ഇത്രയും വിപുലമായ ഒരു നിയമസഭാ മാതൃകയിലുള്ള വേദി ഒരുങ്ങുന്നത്. കേന്ദ്രസഹായമില്ലാതെയാണ് കേരളം പ്രവാസി ക്ഷേമനിധിയും പെൻഷൻ പദ്ധതികളും നടപ്പാക്കുന്നത്. പ്രവാസിവരുമാനത്തിന്റെ സിംഹഭാഗവും കേരളത്തിന്റെ വിഹിതമായിട്ടും ഇത്തരം പദ്ധതികൾക്ക് സാമ്പത്തികസഹായം നൽകാൻ കേന്ദ്രം വിമുഖത കാണിക്കുന്നു. പ്രവാസികളെ വെറും ‘പണം കായ്ക്കുന്ന മരങ്ങളാ’യിമാത്രം കാണുന്ന കേന്ദ്രനിലപാടിനെതിരെ നാം ശബ്ദമുയർത്തേണ്ടതുണ്ട്. കുടിയേറ്റം സുരക്ഷിതമാക്കാനും വിദേശമണ്ണിലെ തൊഴിൽപീഡനങ്ങളിൽനിന്ന് സംരക്ഷണം നൽകാനും മടങ്ങിവരുന്നവരുടെ പുനരധിവാസം ഉറപ്പാക്കാനും ഒരു ദേശീയനയം അനിവാര്യമാണ്. പ്രവാസികൾക്കായി ഒരു പ്രത്യേക പദ്ധതി കേന്ദ്രം ആവിഷ്കരിക്കണം.


​പ്രവാസി ഭാരതീയ ദിനം ആഘോഷങ്ങളിലല്ല, മറിച്ച് പ്രവാസിയോടുള്ള ഉത്തരവാദിത്വങ്ങളിലാണ് അർഥവത്താകേണ്ടത്. ഓരോ കഷ്ടപ്പാടിലും അവർക്കൊപ്പം നിൽക്കാനും അവകാശങ്ങൾക്കായി പോരാടാനും കേരള പ്രവാസിസംഘം പ്രതിജ്ഞാബദ്ധമാണ്. കേരളം ഉയർത്തിപ്പിടിക്കുന്ന ഈ പ്രവാസിക്ഷേമ മാതൃകകൾ രാജ്യം മുഴുവൻ നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.


(കേരള പ്രവാസിസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home