കോലാഹലങ്ങൾക്കിടയിൽ സത്യം തിരിച്ചറിഞ്ഞേ പറ്റൂ

കേരളത്തിൽ കടുത്ത ആക്രമണം നേരിടുന്ന രാഷ്‌ട്രീയപ്രസ്ഥാനമാണ് സിപിഐ എം. നിറംപിടിപ്പിച്ച നുണകളും ഉദ്വേഗം ജനിപ്പിക്കുന്ന കെട്ടുകഥകളും ഉപയോഗിച്ചാണ് കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ ആക്രമണം നടത്തുന്നത്. പാർടി നയങ്ങളും നേതാക്കളും ഹീനമായ ഈ ആക്രമണത്തിന്റെ ഇരകളാണ്. വർഗീയത ആളിക്കത്തിച്ച്, നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ആർഎസ്എസ്–ബിജെപിയും, ഭരണഘടനാതത്വങ്ങളും ജനാധിപത്യമൂല്യങ്ങളും കാറ്റിൽ പറത്തി രാജ്യമാകെ തടവറയാക്കിയ അടിയന്തരാവസ്ഥയ്ക്ക് നേതൃത്വം നൽകിയ കോൺഗ്രസും, അഴിമതിക്കാരായ ഇതര ബൂർഷ്വാ പാർടി നേതാക്കളും നേരിടുന്ന വിമർശങ്ങളേക്കാൾ കടുത്ത രാഷ്‌ട്രീയ ആക്രമണത്തിന് സിപിഐ എം വിധേയമാകുന്നത് എന്തുകൊണ്ട്? അച്ചടി-–ദൃശ്യ–ഡിജിറ്റൽ മാധ്യമങ്ങളുടെ ഏറ്റവും വലിയ ഇരയായി സിപിഐ എം മാറിയത് എന്തുകൊണ്ട്? രാജ്യത്തെ മറ്റെല്ലാ രാഷ്ട്രീയപാർടികളിൽനിന്നെല്ലാം വ്യത്യസ്‌തമായ പ്രസ്ഥാനമാണ് സിപിഐ എം എന്നതാണ് മേൽചോദ്യങ്ങൾക്കുള്ള ലളിതമായ ഉത്തരം.
സിപിഐ എം രാജ്യത്തെ അധ്വാനിക്കുന്ന വർഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമാണ്. തൊഴിലാളിവർഗ നേതൃത്വത്തിൽ തൊഴിലാളി–കർഷക സഖ്യം കെട്ടിപ്പടുത്ത്, ദരിദ്രരും- പട്ടിണിക്കാരും- അടിച്ചമർത്തപ്പെട്ടവരും- വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരും സാമൂഹികമായ അടിച്ചമർത്തലിന് വിധേയരാകുന്നവരുമായ ജനകോടികളുടെ മോചനവും ഉയർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനം. സമകാല ഇന്ത്യയിൽ ജനങ്ങളിൽ മഹാഭൂരിപക്ഷത്തെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്നത് സാമ്രാജ്യത്വപിന്തുണയോടെ രാജ്യത്തെ വൻകിട കുത്തക മുതലാളിമാരും നാടുവാഴികളും അവരുടെ പിണിയാളുകളും ചേർന്ന ഭരണവർഗങ്ങളാണ്. ഈ ശക്തികളുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ഭരണകൂടം. കോൺഗ്രസും ബിജെപിയും അടങ്ങുന്ന ബൂർഷ്വാ രാഷ്ട്രീയപാർടികൾ ഭരണകൂടശക്തികളുടെ താൽപ്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരാണ്. നിലവിലുള്ള ഇന്ത്യൻ ഭരണകൂടത്തെ തകർത്ത് അധ്വാനിക്കുന്ന വർഗങ്ങളുടെ നേതൃത്വത്തിൽ ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കലാണ് സിപിഐ എമ്മിന്റെ ലക്ഷ്യം. തുടർന്ന് സോഷ്യലിസത്തിലേക്ക് പ്രയാണം ചെയ്യാമെന്നും പാർടി ഉറച്ചുകരുതുന്നു. ഇന്ന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിന് നേതൃത്വം നൽകുന്ന സർക്കാരുകളെല്ലാം ഇന്ത്യൻ ഭരണവർഗങ്ങളുടെ മാനേജ്മെന്റുകളാണ്.
സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ചൂഷകവർഗങ്ങളുടെ താൽപ്പര്യങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നവരാണ് സിപിഐ എം. രാജ്യത്തെ മുഴുവൻ ഭരണകൂടശക്തികളും അവരുടെ മൂടുതാങ്ങികളും കടുത്ത ശത്രുതയോടെ സിപിഐ എമ്മിനെ നോക്കിക്കാണുന്നത് ഈ സാഹചര്യത്തിലാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി രൂപംകൊണ്ട കാലംമുതൽ കടുത്ത അടിച്ചമർത്തലിനെ നേരിട്ടു. നിരവധി പ്രവർത്തകർ അതിക്രൂരമായി കൊലചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയിൽ വിവരണാതീതമായ മർദനങ്ങൾക്ക് സിപിഐ എം, ട്രേഡ് യൂണിയൻ പ്രവർത്തകർ ഇരയായി. തലശേരി ലോക്കപ്പിൽ പിണറായി വിജയൻ നേരിടേണ്ടിവന്ന ക്രൂരപീഡനം മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്. തുടർന്നുള്ള കാലത്തും ഒട്ടേറെ പാർടി നേതാക്കളും പ്രവർത്തകരും കടുത്ത ആക്രമണങ്ങൾക്ക് ഇരയായി. അനശ്വരരായ രക്തസാക്ഷികളുടെ ത്യാഗങ്ങളിലൂടെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ ശക്തിപ്പെട്ടത്. 1957-ലെ ഇ എം എസ് മന്ത്രിസഭമുതൽ 2021-ലെ എൽഡിഎഫ് സർക്കാർവരെ കേരളത്തെ ഇന്ത്യക്ക് മാതൃകയാക്കുന്ന വിധത്തിലേക്ക് വികസിപ്പിച്ചത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ മികവുകൊണ്ടാണ്.
കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയ ബൂർഷ്വാ -ഭൂപ്രഭു വർഗ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നയങ്ങൾമാത്രം നടപ്പാക്കിയ സർക്കാരുകളിൽനിന്ന് വ്യത്യസ്‌തമായ ജനപക്ഷനയങ്ങൾ നടപ്പാക്കി കേരളത്തെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതാക്കാൻ കമ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാരുകൾക്ക് കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴിലാളിസംരക്ഷണം, കർഷകക്ഷേമം, ജനകീയാസൂത്രണം തുടങ്ങിയ ചരിത്രപരമായ നയങ്ങളിലൂടെ ആധുനിക കേരള സൃഷ്ടിയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം മഹത്തായ പങ്കുവഹിച്ചു. ജാതി ഉച്ചനീചത്വങ്ങൾ അവസാനിപ്പിച്ച് മനുഷ്യസാഹോദര്യത്തിന്റെ ഉത്തമ മാതൃക കേരളം സൃഷ്ടിച്ചു. കേരള മോഡൽ വികസനം ലോകമാകെ പ്രകീർത്തിക്കപ്പെട്ടു. കൊളോണിയൽ കാലഘട്ടത്തിലെ അടിച്ചമർത്തലിനേക്കാൾ ഭയാനക കടന്നാക്രമണങ്ങളാണ് മനുഷ്യരാശിക്കുനേരെ അമേരിക്ക നേതൃത്വം നൽകുന്ന സാമ്രാജ്യത്വശക്തികൾ നടത്തുന്നത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ മഹത്തായ പങ്കുവഹിച്ച ഇന്ത്യൻ ജനതയുടെ മഹനീയ പാരമ്പര്യത്തെ അപമാനിക്കുന്നവിധത്തിലാണ് സമകാല ഇന്ത്യൻ ഭരണകൂടം പ്രവർത്തിക്കുന്നത്. ബിജെപിയും കോൺഗ്രസും ഈ നയത്തിന്റെ നടത്തിപ്പുകാരാണ്.
സങ്കീർണമായ ഈ സാഹചര്യത്തിലും, മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സിപിഐ എമ്മിനെ തകർക്കാൻ ചൂഷകവർഗ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. രാജ്യവ്യാപകമായി തൊഴിലാളി–-കർഷക സമരങ്ങൾ അഴിച്ചുവിടാനും ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനും സിപിഐ എം ആത്മാർഥമായി പ്രവർത്തിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സാമ്രാജ്യത്വ കോർപറേറ്റ് ശക്തികൾ എങ്ങനെയാണ് സഹിഷ്‌ണുതയോടെ സിപിഐ എമ്മിനെ നോക്കിക്കാണുക?
സിപിഐ എം രാജ്യത്താകെയും -പ്രത്യേകിച്ച് കേരളത്തിലും നേരിടുന്ന ആക്രമണങ്ങൾ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. ഭരണകൂടത്തിന്റെ മർദനോപാധികളും പുറമെ ആധുനിക സാങ്കേതികവിദ്യ വികസിപ്പിച്ച വാർത്താവിനിമയ സംവിധാനങ്ങളും ഐടി സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് സമകാല ആക്രമണങ്ങൾ. ചെലവേറിയ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള വാർത്താവിനിമയ ഉപാധികളും മറ്റ് സാംസ്‌കാരിക ഉൽപ്പന്നങ്ങളും സൃഷ്ടിക്കാനും നടത്തിപ്പിനും ആവശ്യമായ ഭീമമായ വിഭവങ്ങളൊരുക്കാൻ തൊഴിലാളിവർഗപ്രസ്ഥാനങ്ങൾ അശക്തരാണ്. ലോകത്ത് സൃഷ്ടിക്കപ്പെടുന്ന സമ്പത്തിന്റെ മഹാഭൂരിപക്ഷം സ്വന്തമാക്കുന്ന കോർപറേറ്റ് ശക്തികൾക്ക് ഏത് മേഖലയും കൈയടക്കാൻ ശേഷിയുണ്ട്. ആ മഹാശക്തിയാണ് നമുക്കുനേരെ എല്ലാ ആക്രമണവും ആസൂത്രണം ചെയ്യുന്നതും പ്രാവർത്തികമാക്കുന്നതും. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യചാരുതയും വിസ്‌മയാവഹമായ ഇലക്‌ട്രോണിക് സാങ്കേതികവിദ്യയുമെല്ലാം ഉപയോഗിച്ചാണ് അഭിപ്രായരൂപീകരണം നടത്തുന്നത്. പഴയകാലത്ത് നേരിട്ട, പ്രത്യക്ഷ അടിച്ചമർത്തലുകൾക്കും അനീതിക്കും വിവേചനങ്ങൾക്കും എതിരെ പോരാടിയ അനുഭവസമ്പത്തുള്ളവരല്ല പുതിയ തലമുറ. അവരെ സാധ്വീനിക്കുന്നത് പുത്തൻ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള ദൃശ്യ–-ശ്രാവ്യ പ്രചാരണ ഉപാധികളാണ്.
1956ൽ സംസ്ഥാനം രൂപംകൊള്ളുമ്പോഴുള്ള സാമൂഹ്യ അന്തരീക്ഷമല്ല 21–-ാംനൂറ്റാണ്ടിലെ കേരളത്തിലേത്. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന അടിച്ചമർത്തലുകളെ "പാട്ടബാക്കി’, - "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്നീ നാടകങ്ങളിലൂടെയും കഥാപ്രസംഗങ്ങളിലൂടെയും ത്യാഗധനരായ നേതാക്കളുടെ ജീവിതാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയവിശദീകരണങ്ങളിലൂടെയും ഉൾക്കൊള്ളാനും അഭിപ്രായരൂപീകരണം നടത്താനും സാധിച്ച സമൂഹമല്ല ഇന്നത്തേത്. മനസ്സുകളെയും ചിന്തയെയും സ്വാധീനിക്കാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാമ്പത്തികശേഷിയുള്ള ചൂഷകവർഗത്തെപ്പോലെ ദരിദ്രജനതയുടെ പ്രസ്ഥാനങ്ങൾക്കാകില്ല. ഈ യാഥാർഥ്യം ഉൾക്കൊണ്ട് നേടുന്ന കരുത്തിലേക്ക് ജനങ്ങളെ നയിക്കാനാകണം.
അസത്യങ്ങളെയും അർധസത്യങ്ങളെയും നൂറുവർണങ്ങൾ നൽകി വിവിധ മാർഗങ്ങളിലൂടെ ജനങ്ങളുടെ മനസ്സിലേക്ക് സന്നിവേശിപ്പിക്കുന്ന ആധുനിക സാങ്കേതികവിദ്യയുടെയും കോർപറേറ്റ് പണശക്തിയുടെയും മുമ്പിൽ നിസ്സഹായരായി നിൽക്കുന്നതിനുപകരം അതിനെ നേരിടാനുള്ള കരുത്താർജിക്കാൻ ജനങ്ങൾക്ക് കഴിയണം. അതിശക്തമായ ആക്രമണങ്ങൾക്കുമുമ്പിലും പതറാതെ നിന്ന് ജനകീയപ്രസ്ഥാനത്തെ മുന്നോട്ടുനയിക്കാൻ സിപിഐ എം കാണിക്കുന്ന കരുത്ത് എതിരാളികളെ തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്. ഏതു പ്രസ്ഥാനത്തെയും തകർക്കാൻ അതിന്റെ നേതൃത്വത്തെ തകർക്കലാണ് ശത്രുവിന്റെ പ്രധാന തന്ത്രം. ഒരു മനുഷ്യനെ മറ്റൊരാൾ ആക്രമിക്കുമ്പോൾ കീഴ്പെടുത്താൻ തലയ്ക്കാണ് അടിക്കേണ്ടത് എന്നത് എക്കാലത്തെയും തന്ത്രമാണ്. ശത്രുസൈന്യത്തിന്റെ തലവനെ വീഴ്‌ത്തലാണ് ഏറ്റവും വലിയ യുദ്ധതന്ത്രം. സിപിഐ എമ്മിന്റെ സമാദരണീയരും അനുഭവസമ്പത്തുള്ളവരുമായ നേതൃത്വത്തെ തകർക്കാതെ ഈ പ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന് ശത്രുക്കൾക്കറിയാം. ഏതു മലവെള്ളപ്പാച്ചിലിലും "തോണി'യുടെ അമരത്തിരിക്കുന്ന ആളുടെ പ്രാവീണ്യമാണ് രക്ഷയുടെ ഉപാധി. നേതൃത്വത്തെ തകർത്താൽ അവരെ സംശയത്തിന്റെ നിഴലിലാക്കിയാൽ പ്രസ്ഥാനത്തിന്റെ ആത്മവിശ്വാസം തകർക്കാനാകുമെന്ന് ശത്രുക്കൾ കണക്കുകൂട്ടുന്നു.
1957ലെ കമ്യൂണിസ്റ്റ് പാർടി സർക്കാരിന്റെ കാലത്ത് മഹാനായ എ കെ ജിയുടെ പേരിൽ ആരോപണം ഉന്നയിച്ചവരാണ് കേരളത്തിലെ കോൺഗ്രസുകാർ. സംസ്ഥാനത്തെ കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്ന വി എസിനെ വെട്ടിനിരത്തലുകാരൻ എന്നു പരിഹസിച്ചവരാണ് കോൺഗ്രസുകാർ. എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണെന്ന് വരുത്തിത്തീർക്കലായിരുന്നു അവരുടെ ലക്ഷ്യം. ഇതിനെല്ലാം വലിയ പ്രചാരണം നൽകാൻ ബൂർഷ്വാ മാധ്യമങ്ങൾ തയ്യാറായിനിൽക്കുന്നു. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ചുമരിക്കുമെന്ന് ശപഥം ചെയ്‌തവരുടെ പിന്മുറക്കാർ നേതൃത്വം നൽകുന്ന മാധ്യമം അവരുടെ കൃത്യം നിർവഹിക്കുന്നു. ഇപ്പോഴത്തെ പ്രധാന ഇര പിണറായി വിജയനാണെന്നുമാത്രം. അധ്വാനിക്കുന്ന വർഗങ്ങളും ചൂഷകവർഗങ്ങളും തമ്മിലുള്ള വർഗസമരത്തിൽ ശത്രുക്കളെ വീഴ്‌ത്താൻ എന്ത് വൃത്തികെട്ട അടവും പയറ്റാൻ ചൂഷകവർഗം മടിക്കില്ല. മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്ന മാരകമായ ആയുധങ്ങളേക്കാൾ ശക്തമാണ് ഇപ്പോഴത്തെ ആധുനിക "പ്രചാരണായുധ'ങ്ങൾ. വർണാഭമായ ഈ പ്രചാരണകോലാഹലങ്ങൾക്കിടയിൽ സത്യം തിരിച്ചറിയൽ എളുപ്പമല്ല. എന്നാൽ, തിരിച്ചറിഞ്ഞേ പറ്റൂ.















