ചരിത്രമൊരിക്കൽ സത്യം വിളിച്ചുപറയും


അജിൻ ജി നാഥ്
Published on Jul 01, 2026, 11:12 PM | 1 min read
കോംഗോയെ ചവിട്ടിഞ്ഞെരിച്ച സാമ്രാജ്യത്വ വാഴ്ചയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയതിന് യുഎസ്–-ബെൽജിയം സാമ്രാജ്യത്വ ഭീകരന്മാർ കൊലപ്പെടുത്തി കത്തിച്ച പാട്രിസ് ലുമുംബ എന്ന വിപ്ലവകാരിയുടെ മരണമില്ലാത്ത ജീവിതം 100 വർഷങ്ങൾ പിന്നിടുന്നു. 1925 ജൂലൈ രണ്ടിന് കോംഗോയിലെ കറ്റക്കോക്കൊമ്പയിൽ ജനിച്ച ലുമുംബ എന്ന പോരാളി കേവലം 36 വർഷം മാത്രമാണ് ജീവിച്ചിരുന്നത്.
എന്നാൽ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ആരാധനാ ബിംബമായി നിലകൊള്ളാൻ ആ ഹ്രസ്വജീവിതം ധാരാളാണ്. ബെൽജിയത്തിന്റെ കൊളോണിയൽ വാഴ്ചയ്ക്കുകീഴിൽ കോംഗോ പുലരുന്ന കാലത്താണ് ലുമുംബയുടെ ജനനം.
അപൂർവ ധാതുസമ്പത്തിന്റെ കലവറയായിരുന്നു ആ നാട്. സ്വർണം, വെള്ളി, യുറേനിയം, കോപ്പർ തുടങ്ങിയവയുടെ എണ്ണമറ്റ നിക്ഷേപത്തിൽ കണ്ണുവച്ച് അമേരിക്കയും ബെൽജിയത്തോടൊത്തുചേർന്ന് അവിടെ ഖനനം ആരംഭിച്ചു. ഒന്നര ദശലക്ഷത്തോളം കോംഗോക്കാരെ അടിമകളാക്കി അവരുടെ മണ്ണിനെ കുഴിച്ചെടുത്ത് ബെൽജിയവും യുഎസും തടിച്ചുകൊഴുക്കുന്ന കാലം. വിദ്യാഭ്യാസശേഷം, സർക്കാർ തപാൽ ജോലി.
വിദ്യാഭ്യാസമുള്ളവരുടെ ഒരു സംഘടനയിൽ ഇക്കാലത്ത് ലുമുംബ അംഗമാകുന്നുണ്ട്. ഇതിനിടെ തപാൽഓഫീസിൽനിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് കൊളോണിയൽ ഭരണകൂടം ലുമുംബയെ ജയിലിലടച്ചു. 1950കളിൽ സ്വാതന്ത്ര്യപോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി. നാഷണൽ കോംഗോലീസ് മൂവ്മെന്റ് (എംഎൻസി) പാർടിയുടെ നേതാവായ അദ്ദേഹം കോംഗോയുടെ വിമോചനനായകനായി.
ഭരണകൂടം ലുമുംബയെ ജയിലിലടച്ചു. എന്നാൽ, ജനകീയ രോഷത്തിൽ മുട്ടുമടക്കി സ്വതന്ത്രമാക്കേണ്ടിവന്നു. കോംഗോയെ സ്വതന്ത്രമാക്കാൻ 1960 ജനുവരിയിൽ ധാരണയായി. മേയിൽ തെരഞ്ഞെടുപ്പും ജൂൺ 30ന് സ്വാതന്ത്ര്യപ്രഖ്യാപനവും നിശ്ചയിച്ചു. വൻ ഭൂരിപക്ഷത്തിൽ ജനം ലുമുംബയെ കോംഗോയുടെ ആദ്യ പ്രധാനമന്ത്രിയാക്കി.
ഭരണം അട്ടിമറിക്കാൻ സിഐഎ ഉൾപ്പെടെ ശ്രമിച്ചു. വിഘടനവാദം വളർത്തി ഒരു പ്രവിശ്യ കോംഗോയിൽനിന്ന് വിട്ടുമാറുന്നതായി പ്രഖ്യാപിച്ചു. അവരെ സംരക്ഷിക്കാൻ ബെൽജിയം പടയെത്തി. ശക്തമായ സോവിയറ്റ് ഇടപെടലിൽ ബെൽജിയം പിന്മാറി. യുഎസ്, ലുമുംബസർക്കാരിനെ അട്ടിമറിച്ചു.
ലുമുംബയെയും രണ്ട് സുഹൃത്തുക്കളെയും പിടികൂടി ബെൽജിയം സൈന്യം 1961 ജനുവരി 17ന് ക്രൂരപീഡനത്തിനൊടുവിൽ ഛിന്നഭിന്നമാക്കി കുഴിച്ചുമൂടി. എന്നിട്ടും പക മാറാതെ ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്ത് സൾഫ്യൂരിക്ക് ആസിഡ് ഒഴിച്ച് ഉരുക്കിക്കളഞ്ഞു. പോരാട്ടങ്ങൾ നിലയ്ക്കില്ല എന്ന സന്ദേശമാണ് ലുമുംബയുടെ ഓർമകൾ ലോകത്തോട് വിളിച്ചുപറയുന്നത്.












