മോദിക്കാലത്തെ രാജ്യദ്രോഹങ്ങൾ


എളമരം കരീം
Published on Jul 04, 2025, 12:15 AM | 3 min read
രാജ്യത്തെ തൊഴിലാളികളും കേന്ദ്ര -സംസ്ഥാന ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ജൂലൈ ഒമ്പതിന് പണിമുടക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക ദ്രോഹനയങ്ങൾക്കെതിരെയാണ് പണിമുടക്ക്. ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐടിയുസി, ടിയുസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. സംയുക്ത കിസാൻ മോർച്ച പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ തൊഴിൽ ചെയ്ത് ജീവിക്കുന്ന ജനങ്ങളെല്ലാം അണിചേരും.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം ദുരിതപൂർണമാക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്. പട്ടിണി, പോഷകാഹാരക്കുറവ്, വർധിച്ച തൊഴിലില്ലായ്മ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളാണ് പാവപ്പെട്ട ജനങ്ങൾ നേരിടുന്നത്. അതേസമയം കോർപറേറ്റുകളുടെ ലാഭവും സമ്പത്തും വൻതോതിൽ വർധിക്കുന്നു. കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഈ വസ്തുതകൾ ശരിവയ്ക്കുന്നതാണ്. സാധാരണ കൂലിവേലക്കാരുടെ വേതന നിരക്ക് 2023-– -24ൽ, 2017-–-18 നിരക്കിനേക്കാൾ കുറവാണ്. രാജ്യത്തെ തൊഴിൽ വർധനയുടെ നിരക്ക് കേവലം 1.5 ശതമാനം മാത്രമാണ്. സാധാരണ കൂലിവേലക്കാരിൽ, പുരുഷ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം 203 രൂപ മുതൽ 242 രൂപ വരെയും സ്ത്രീ തൊഴിലാളികളുടെ പ്രതിദിന വേതനം 128 രൂപ മുതൽ 159 രൂപ വരെയുമാണ്. അതേസമയം കോർപറേറ്റുകളുടെ ലാഭം 22.3 ശതമാനം ഉയർന്നതായും സാമ്പത്തിക സർവേ പറയുന്നു.
രാജ്യത്ത് സാമ്പത്തിക അസമത്വം വർധിക്കുകയാണ്. ജനസംഖ്യയുടെ മുകൾത്തട്ടിലുള്ള അഞ്ചു ശതമാനം സമ്പന്നർ, രാഷ്ട്രസമ്പത്തിന്റെ 70 ശതമാനം കൈവശമാക്കിയപ്പോൾ ജനസംഖ്യയുടെ പകുതി വരുന്ന താഴെത്തട്ടിലുള്ള ദരിദ്രജനതയുടെ വിഹിതം കേവലം മൂന്ന് ശതമാനംമാത്രം. മോദി സർക്കാരിന്റെ പത്തുവർഷം ദാരിദ്ര്യം 17 ശതമാനം വർധിച്ചു. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും 2018ലെ അന്താരാഷ്ട്ര ദാരിദ്ര്യനിലവാരത്തേക്കാൾ താഴെയാണ്.

തൊഴിലാളികളെ അടിമസമാനമാക്കുന്ന ലേബർ കോഡുകൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ കിണഞ്ഞു ശ്രമിക്കുകയാണ്. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും തകർക്കുന്നവയാണ് ലേബർ കോഡുകൾ. ജോലിസമയം, മിനിമം വേതനം, സാമൂഹ്യസുരക്ഷ തുടങ്ങിയ തത്വങ്ങളെയെല്ലാം ലേബർ കോഡുകൾ വികൃതമാക്കി. ട്രേഡ് യൂണിയൻ രൂപീകരണം, ട്രേഡ് യൂണിയൻ അംഗീകാരം, തൊഴിലാളികളുടെ പ്രക്ഷോഭസമര പരിപാടികൾ, കൂട്ടായ പ്രതിഷേധപ്രകടനങ്ങൾ, പണിമുടക്കാനുള്ള അവകാശം തുടങ്ങിയവ ലേബർ കോഡുകൾ നിഷേധിക്കുന്നു. അടിമസമാനമായ തൊഴിലിടങ്ങൾ സൃഷ്ടിക്കലാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് കോർപറേറ്റുകളുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കാനാണ്.
ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശങ്ങളും ദുർബലപ്പെടുത്തുന്ന നിരവധിയായ ഭേദഗതികളാണ് മോദി സർക്കാർ പാസാക്കിയത്. യുഎപിഎ, പിഎംഎൽഎ ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഏകാധിപത്യ പ്രവണതകൾ ഉൾക്കൊള്ളുന്ന നിയമങ്ങൾ അനുസരിച്ച് നിരവധി ഉത്തരവുകൾ ഇതിനകം സർക്കാർ ഇറക്കി. ഭരണഘടന ഉറപ്പു നൽകുന്ന ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണിത്. ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സെക്‌ഷൻ 111 അനുസരിച്ച് ട്രേഡ് യൂണിയനുകളും തൊഴിലാളികളും കൂട്ടായി ഒപ്പുശേഖരണം നടത്തി പരാതികൾ സമർപ്പിക്കുന്നതുപോലും കുറ്റകരമാണ്. യൂണിയൻ നേതാക്കളെയും തൊഴിലാളികളെയും ജാമ്യം ഇല്ലാതെ തടവിലാക്കാനും കേസെടുക്കാനും ഈ വകുപ്പ് അനുശാസിക്കുന്നു. തൊഴിലുടമകൾക്കെതിരെ സർക്കാരിനും തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകുന്നതുപോലും കുറ്റകരമായിട്ടാണ് ഈ നിയമം അനുശാസിക്കുന്നത്. തൊഴിലാളികളിൽ ഭയം സൃഷ്ടിക്കുകയും മാനേജ്മെന്റുകളുടെ ദ്രോഹനടപടികളെ എതിർക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സ്ഥിതിയിൽ ട്രേഡ് യൂണിയനുകൾക്കും തൊഴിലാളികൾക്കും ജീവനക്കാർക്കും നിശ്ശബ്ദരായിരിക്കാൻ കഴിയില്ല.

ലേബർ കോഡുകൾ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന് ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നു. വിപുലമായ ഒരു അവകാശപത്രിക ട്രേഡ് യൂണിയനുകളുടെ ദേശീയ കൺവൻഷൻ അംഗീകരിച്ചിട്ടുണ്ട്. മാന്യമായ തൊഴിലും ജീവിക്കാൻ ആവശ്യമായ വേതനവും മറ്റാനുകൂല്യങ്ങളും ലഭിക്കാൻ കൂട്ടായി പോരാടുകയല്ലാതെ മറ്റ് മാർഗമില്ല. ഭരണഘടനയും ജനാധിപത്യവ്യവസ്ഥയും സംരക്ഷിക്കാനുള്ള ഒരു ജീവൻമരണ സമരമാണിത്. അധ്വാനിക്കുന്ന ജനതയെല്ലാം ഒറ്റക്കെട്ടായി പ്രക്ഷോഭത്തിന് രംഗത്ത് ഇറങ്ങേണ്ട സന്ദർഭമാണിത്. മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ തൊഴിലാളികൾ, ജീവനക്കാർ, കർഷകർ, കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ള അധ്വാനിക്കുന്ന മുഴുവൻ ജനങ്ങളും അണിചേരണം.
പെൻഷൻകാർക്കും സ്കീം വർക്കേഴ്സിനും ന്യായമായ തുക നൽകാത്ത കേന്ദ്ര സർക്കാർ, വൻകിട വ്യവസായികൾക്ക് വാരിക്കോരി നൽകുന്നു."പ്രൊഡക്‌ഷൻ ലിങ്ക്ഡ് കേപ്പക്സ് ഇൻസെന്റീവ്’ എന്ന പേരിൽ 14 ഉൽപ്പാദനമേഖലാ വ്യവസായങ്ങൾക്ക് 1.97 ലക്ഷം കോടി അനുവദിച്ചു. സെമി കണ്ടക്ടർ ഉൽപ്പാദിപ്പിക്കുന്ന വ്യവസായികൾക്ക് നൽകിയ പ്രോത്സാഹന തുക 76,000 കോടി രൂപയാണ്. എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് രണ്ടുലക്ഷം കോടി രൂപയാണ് കോർപറേറ്റുകൾക്ക് നീക്കിവച്ചത്. ഇത്തരത്തിലുള്ള സ്കീമുകളിലൂടെ കോർപറേറ്റുകൾക്ക് വാരിക്കോരി നൽകിയിട്ടും മൂന്നു വർഷത്തിനിടയിൽ പുതിയ തൊഴിൽസൃഷ്ടി ഒന്നുമുണ്ടായില്ല. മറുഭാഗത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതി, സ്കീം വർക്കേഴ്സ് (അംഗൻവാടി, ആശ, എൻഎച്ച്എം, ഉച്ചഭക്ഷണം തുടങ്ങിയവ) പൊതു ആരോഗ്യമേഖല, പൊതുവിദ്യാഭ്യാസ മേഖല, വിവിധ ക്ഷേമപദ്ധതികൾ എന്നിവയ്‌ക്കുള്ള സർക്കാർ ഫണ്ട് ഗണ്യമായി കുറച്ചു. കേന്ദ്ര സർക്കാർ കർഷകരെയും ദുരിതത്തിലേക്ക് തള്ളുന്നു. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾക്ക് സംഭരണവില നൽകുമെന്ന വാഗ്ദാനം നിറവേറ്റിയില്ല. കർഷക ആത്മഹത്യകൾ പെരുകുകയാണ്. ജീവനക്കാരുടെ പെൻഷൻ പദ്ധതി അട്ടിമറിച്ചു. പ്രൊവിഡന്റ് പെൻഷൻകാർക്ക് പ്രതിമാസം ചുരുങ്ങിയത് 9000 രൂപ പെൻഷൻ വേണമെന്ന ആവശ്യവും കേട്ട ഭാവം നടിക്കുന്നില്ല. പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര -സംസ്ഥാന ജീവനക്കാർ നിരന്തരമായി സമരം ചെയ്തുവരികയാണ്.
പൊതുമേഖലാ സ്ഥാപനങ്ങൾ വ്യാപകമായി സ്വകാര്യവൽക്കരിക്കുകയാണ്. ആസ്തി വിൽപ്പന പദ്ധതി പ്രകാരം നാഷണൽ ഹൈവേകൾ, റെയിൽവേ, വിമാനത്താവളം, തുറമുഖങ്ങൾ, വാർത്താ വിനിമയ സ്ഥാപനങ്ങൾ, ഖനന മേഖല, വൈദ്യുതി ഉൽപ്പാദനം– -പ്രസരണം– -വിതരണം, പെട്രോളിയം തുടങ്ങിയ മേഖലകളെല്ലാം കോർപറേറ്റുകൾക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. ഇൻഷുറൻസ്, ബാങ്കിങ് മേഖലയിൽ 100 വിദേശ നിക്ഷേപം കൊണ്ടുവരുന്നു. തികച്ചും രാജ്യദ്രോഹ നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്. ഈ നയങ്ങളെ എതിർക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനും പ്രതിഷേധ സമരങ്ങളെ ദുർബലമാക്കാനും ഉപയോഗിക്കുന്ന ആയുധമാണ് വർഗീയത.
പതിനായിരക്കണക്കിന് രാജ്യസ്നേഹികൾ ജീവൻ നൽകി നേടിയെടുത്ത രാജ്യത്തിന്റെ സ്വാതന്ത്ര്യം, സ്വയം പര്യാപ്തത, ജനാധിപത്യം, ജനക്ഷേമം തുടങ്ങിയ എല്ലാ തത്വങ്ങളും തകർത്തു തരിപ്പണമാക്കുന്നു. വിനാശകരമായ ഈ നയങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യൻ തൊഴിലാളിവർഗം ജൂലൈ ഒമ്പതിന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കേണ്ടത് എല്ലാ രാജ്യസ്നേഹികളുടെയും കടമയാണ്.














