ad
Deshabhimani

Articles

ഇന്ന് ദേശീയ ബാലികാദിനം

വിലക്കുകളല്ല, വേണ്ടത് ചിറകുകൾ

national girl child day
ഡോ. കീർത്തിപ്രഭ

Published on Jan 23, 2026, 10:35 PM | 2 min read

ഇന്ത്യയിൽ ഓരോ വർഷവും ജനുവരി 24 ദേശീയ ബാലികാദിനമായി ആചരിക്കുന്നു. ബാലികമാർ നേരിടുന്ന വെല്ലുവിളികൾ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്നതിനുമാണ് ദിനാചരണം. പെൺകുട്ടികളെ രക്ഷിക്കുക, വിദ്യാഭ്യാസം നൽകുക എന്ന സന്ദേശത്തിൽനിന്ന് മുന്നേറി, ഇന്ന് ശക്തരായ പൗരരായി അംഗീകരിക്കേണ്ട ദിനമായി മാറിയിരിക്കുകയാണ്.


ഡിജിറ്റൽ സാധ്യതകളുടെ വളർച്ച ബാലികമാരുടെ ജീവിതത്തെയും വിദ്യാഭ്യാസത്തെയും ആഴത്തിൽ സ്വാധീനിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ എന്നിവ അറിവിലേക്കും അവസരങ്ങളിലേക്കും പുതിയ വഴികൾ തുറക്കുമ്പോൾ, അതിനൊപ്പംതന്നെ പുതിയ തരത്തിലുള്ള അപകടങ്ങളും നേരിടുന്നു. കോവിഡ് കാലത്തിനുശേഷമുള്ള ഓൺലൈൻ പഠനവ്യാപനം അനേകം ബാലികമാർക്ക് വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കി. കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഉയർന്ന സാക്ഷരതയും മെച്ചപ്പെട്ട ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും ഈ മാറ്റത്തിന് വലിയ പിന്തുണയായി.


national girl child day


അതേസമയം, ഡിജിറ്റൽ ഇടങ്ങളിൽ ബാലികമാർ നേരിടുന്ന വെല്ലുവിളികളും ഗൗരവമായി കാണേണ്ടതാണ്. സൈബർ ബുള്ളിയിങ്‌, ഓൺലൈൻ അതിക്രമങ്ങൾ, തെറ്റായ സൗന്ദര്യമാനദണ്ഡങ്ങൾ തുടങ്ങിയവ പലപ്പോഴും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. സോഷ്യൽ മീഡിയയിലെ നിരന്തരമായ താരതമ്യസംസ്കാരം ബാലികമാരെ ആത്മസംശയത്തിലേക്കും ആത്മവിശ്വാസനഷ്ടത്തിലേക്കും നയിക്കുന്നു. ഇതിന് പരിഹാരമായി, ഡിജിറ്റൽ സാക്ഷരതയും സൈബർ സുരക്ഷാ ബോധവൽക്കരണവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാക്കുകയാണ് വേണ്ടത്. കേരളത്തിൽ സ്കൂളുകളിലും സമൂഹതലങ്ങളിലും നടക്കുന്ന ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ പ്രതീക്ഷ നൽകുന്നു.


പെൺകുട്ടികളുടെ ഡിജിറ്റൽ വിദ്യാഭ്യാസം വെറും ഉപകരണ ഉപയോഗത്തിൽ ഒതുങ്ങരുത്. അത് ചിന്താശേഷിയും തീരുമാനശേഷിയും നേതൃഗുണങ്ങളും വളർത്തുന്ന പ്രക്രിയയായി മാറണം. ചില യൂറോപ്യൻ രാജ്യങ്ങളിൽ നടപ്പാക്കിയതുപോലെ, ഗേൾസ്‌ ഒൺലി ഡിജിറ്റൽ ലേണിങ്‌ സ്പേസസ് എന്ന ആശയം ഇന്ത്യയിലും സമഗ്രമായ സർക്കാർ നയമായി പരിഗണിക്കാവുന്നതാണ്. പെൺകുട്ടികൾക്ക് സുരക്ഷിതമായി കോഡിങ്‌, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റൽ മീഡിയ തുടങ്ങിയ വിഷയങ്ങൾ പഠിക്കാനും സംശയങ്ങൾ തുറന്ന് ചോദിക്കാനും കഴിയുന്ന പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇതിന്റെ ഭാഗമാണ്. ഇത്തരം ഇടങ്ങൾ ആത്മവിശ്വാസം വളർത്താനും സാങ്കേതികരംഗത്ത് ‘ഇത് എന്റെ ഇടമല്ല’ എന്ന മനോഭാവം മാറ്റാനും സഹായകമാകും. കേരളത്തിൽ ഈ ആശയം പ്രാവർത്തികമാക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും ഇതിനകംതന്നെ വലിയ തോതിൽ നിലവിലുണ്ട്. ഐടി@സ്കൂൾ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ഉയർന്ന സാക്ഷരതാനിരക്ക്, സ്കൂൾ ഡിജിറ്റൽ ക്ലാസ് സംവിധാനങ്ങൾ എന്നിവ ഈ മാതൃകയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി, ഹൈസ്കൂൾ–ഹയർ സെക്കൻഡറി തലത്തിൽ പെൺകുട്ടികൾക്കായി സുരക്ഷിത ഡിജിറ്റൽ പഠന ഇടങ്ങൾ രൂപീകരിക്കാവുന്നതാണ്.


national girl child day


കേരള സ്റ്റാർട്ടപ് മിഷൻ, കുടുംബശ്രീ, ഐടി മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊഫഷണലുകൾ എന്നിവരെ പങ്കെടുപ്പിച്ച് പുതുമാതൃകകൾ കേരളത്തിൽ നടപ്പാക്കാനാകും. ഡിജിറ്റൽ രംഗത്തെ വനിതാ വിദഗ്ധർ ഓൺലൈൻ മെന്റർമാരായി സ്കൂൾ–കോളേജ് വിദ്യാർഥിനികൾക്ക് മാർഗനിർദേശം നൽകുന്ന സംവിധാനം ഇതിലൂടെ സൃഷ്ടിക്കാം. ഡിജിറ്റൽ വിദ്യാഭ്യാസത്തോടൊപ്പം സാമ്പത്തിക സാക്ഷരത, ഓൺലൈൻ അവകാശങ്ങൾ, സൈബർ സുരക്ഷ എന്നിവയും ഉൾപ്പെടുത്തി സമഗ്രമായ പഠനരീതി സ്വീകരിച്ചാൽ, കേരളത്തിന് ഇന്ത്യക്ക് മാതൃകയാകുന്ന ബാലികാ കേന്ദ്രീകൃത ഡിജിറ്റൽ വിദ്യാഭ്യാസമാതൃക (ഗേൾ സെൻട്രിക് ഡിജിറ്റൽ എഡ്യുക്കേഷൻ മോഡൽ) രൂപപ്പെടുത്താൻ കഴിയും.


വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന ബാലികമാർ തൊഴിൽമേഖലയിലേക്കെത്തുമ്പോൾ പലപ്പോഴും പിന്നോട്ടുപോകുന്നു. ഉയർന്ന പഠനത്തിനുശേഷം വിവാഹസമ്മർദം, കുടുംബ ഉത്തരവാദിത്വങ്ങൾ, സുരക്ഷാ ആശങ്കകൾ എന്നിവ അവരുടെ തൊഴിൽസ്വപ്നങ്ങളെ നിശ്ശബ്ദമാക്കുന്നു.പരീക്ഷാസമ്മർദവും സാമൂഹിക താരതമ്യങ്ങളും ‘പരിപൂർണയായിരിക്കണം’ എന്ന അദൃശ്യ സമ്മർദവും ബാലികമാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; ആർത്തവംപോലുള്ള ശരീരസംബന്ധിയായ വിഷയങ്ങളെ ചുറ്റിപ്പറ്റിയ മൗനവും ലജ്ജയും ആത്മവിശ്വാസത്തെ ദുർബലമാക്കുന്നു. ശാസ്ത്രീയമായ ശരീരബോധ വിദ്യാഭ്യാസവും കൗൺസലിങ്‌ സംവിധാനങ്ങളും ഉറപ്പാക്കുന്ന സമൂഹംമാത്രമേ ആരോഗ്യവതികളും ആത്മവിശ്വാസമുള്ളതുമായ ബാലികാതലമുറയെ വളർത്തുകയുള്ളൂ.


സുരക്ഷയുടെ പേരിൽ ബാലികമാരുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന സമീപനം നിലനിൽക്കുന്നു. സുരക്ഷ എന്നത് വിലക്കല്ല; സ്വയം നിലകൊള്ളാൻ സഹായിക്കുന്ന ശക്തിയാണ്. ബാലികയെ സംരക്ഷിക്കേണ്ട വസ്തുവായി കാണുന്ന സമൂഹത്തിൽനിന്ന്, രാജ്യത്തിന്റെ ഭാവി നിർമിക്കുന്ന ശക്തിയായി അവളെ കാണുന്ന ഇന്ത്യയിലേക്കാണ് നമ്മൾ മാറേണ്ടത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home