ad
Deshabhimani

Articles

മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവ ശ്രമങ്ങൾ ഉണ്ടാകുന്നതുവരെ ഇന്ത്യയിലെ യുവജനങ്ങൾക്കും നീതി നിഷേധിക്കപ്പെടും. ​കർഷകർക്ക് ബുദ്ധിമുട്ടൊന്നും നേരിടേണ്ടിവരുന്നില്ലെന്നും അവർക്കായി അവസരങ്ങൾ തുറന്നുകൊടുത്തിട്ടുണ്ടെന്നും മോദി അവകാശപ്പെടുന്നത് വസ്തുതകൾക്ക് വിരുദ്ധമാണ്.

പ്രധാനമന്ത്രിയുടെ പൊള്ളയായ പ്രസംഗം

Modi.jpg
avatar
എം എ ബേബി

Published on Aug 31, 2026, 04:59 AM | 3 min read

കഴിഞ്ഞ മാർച്ച് 31ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ത്യയെ നക്സൽമുക്ത രാഷ്ട്രമായി പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ആഗസ്ത് 15ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ നക്സലിസം തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചു. ഇരുവരുടെയും പ്രഖ്യാപനങ്ങൾക്കിടയിലെ നാലര മാസം നിരവധി സംഭവവികാസങ്ങളാൽ സമ്പന്നമാണ്. ഇവയിൽ മൂന്നെണ്ണം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. -ഏപ്രിൽ-, മെയ് മാസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ തൊഴിലാളിപ്രക്ഷോഭങ്ങൾ; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച ചരിത്രപ്രധാനമായ വിദ്യാർഥി- യുവജന സമരം; മുപ്പത് വർഷത്തിലേറെയായി ബിജെപി കൈയടക്കിവച്ചിരുന്നതും അടുത്തിടെവരെ ആ പാർടിയുടെ ദേശീയ അധ്യക്ഷനാൽ പ്രതിനിധാനംചെയ്യപ്പെട്ടിരുന്നതുമായ ബങ്കിപ്പുർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ നേരിട്ട വൻ പരാജയം. ഈ സംഭവവികാസങ്ങൾ ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നതിൽ സംശയമില്ല. ​


മോദി തന്റെ പ്രസംഗത്തിൽ ‘ദിമാഗി നക്സൽ’ ഭീഷണി പരാമർശിച്ചത് ഈ പശ്ചാത്തലത്തിൽവേണം കാണാൻ. ജനതയുടെ നീറുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരനിർദേശവും മുന്നോട്ട് വയ്ക്കാനില്ലാത്ത പരിഭ്രാന്തനായ നേതാവ് തനിക്ക് മുമ്പ് പ്രയോജനം ചെയ്ത തരത്തിലുള്ള ഭാഷാപ്രയോഗങ്ങളും തന്ത്രങ്ങളും വീണ്ടും ഉപയോഗിക്കുകയാണ്. ദിമാഗി നക്സൽ പ്രയോഗം അതിനാൽത്തന്നെ തുക്‌ഡെ തുക്‌ഡെ ഗാങ്‌, അർബൻ നക്സൽ, ആന്ദോളൻ ജീവി തുടങ്ങിയ പ്രയോഗങ്ങളുടെ മറ്റൊരു ആവിഷ്കാരംമാത്രമാണ്. ​


ഫാസിസം പ്രകോപനപരമായ വികാരങ്ങളെ നിരന്തരം ഇളക്കിവിടുകയും ഫാസിസത്തിന്റെ ശത്രുക്കൾക്കെതിരെ തിരിച്ചുവിടുകയും ചെയ്യും. നവ ഫാസിസ്റ്റ് സ്വഭാവങ്ങളുള്ള നിലവിലെ ഭരണകൂടം സ്വീകരിക്കുന്ന തന്ത്രങ്ങളും ഇതിൽനിന്ന് വ്യത്യസ്തമല്ല. എങ്കിലും ഭൂരിപക്ഷ വർഗീയ പ്രചാരണങ്ങൾ വലിയൊരു വിഭാഗം ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നത് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും യുവജനങ്ങളിൽ വർധിച്ചുവരുന്ന അസംതൃപ്തിയുടെ പശ്ചാത്തലത്തിലാണ്‌ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായി ഐക്യ പ്രതിഷേധങ്ങൾ ഉയർന്നുവന്നത്‌. വർഗീയ പ്രചാരണങ്ങളുടെ സ്വാധീനശേഷിക്ക് പരിധിയുണ്ടെന്ന് വെളിപ്പെടുത്താൻ ഇ‍ൗ മുന്നേറ്റം വഴിയൊരുക്കി.


​വിദ്യാർഥികൾ, തൊഴിലാളികൾ, 
കർഷകർ - ഇവർക്കാർക്കും ഒന്നുമില്ല ​


പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിക്കപ്പെട്ട വൻ പ്രഖ്യാപനങ്ങൾ ഒന്നും യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്നതല്ല. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി അദ്ദേഹം സൗജന്യ ഓൺലൈൻ കോച്ചിങ്‌ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം യുജിസി -നെറ്റിന്റെ മൂന്ന് പേപ്പർ വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ്‌ ഏജൻസിക്ക് പ്രഖ്യാപിക്കേണ്ടി വന്നു. "നിരവധി വസ്തുതാപരമായ പിഴവുകൾ, ടൈപ്പിങ് തെറ്റുകൾ, വിവർത്തനത്തിലെ പോരായ്മകൾ... ഒപ്പം മുന്പ്‌ ചോദിച്ച ചോദ്യങ്ങൾ അതേപടി ആവർത്തിച്ചു' എന്നിവയാണ് ഇതിന് കാരണമായി പറഞ്ഞത്.

ചോദ്യപേപ്പർ ചോർച്ചയും പിഴവുകളും റദ്ദാക്കലുകളും പുനഃപരീക്ഷകളുംകൊണ്ട് പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാകുമ്പോൾ, മത്സരപ്പരീക്ഷകൾക്ക് ചെലവ് കുറഞ്ഞ കോച്ചിങ് നൽകുമെന്ന വാഗ്ദാനം വ്യർഥമാണെന്ന് പലരും ഉടൻ ചൂണ്ടിക്കാണിച്ചു. ​മോദി പുതിയ വിദ്യാഭ്യാസനയത്തിന്റെ വിജയത്തെക്കുറിച്ച് പ്രഖ്യാപിച്ച അതേ ദിവസം, പശ്ചിമ ബംഗാളിലെ ബാങ്കുറ ജില്ലയിൽ ഇൻഡാസ് പ്രദേശത്തെ കരിഷുണ്ട ഗ്രാമത്തിൽ ബിജെപി ഗുണ്ടകൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ ഷെയ്ഖ് മുഹമ്മദ് മാഫിക് മരണത്തിന് കീഴടങ്ങി. ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രസ്ഥാനത്തിൽ അദ്ദേഹത്തിന്റെ മകൻ അബ്ദുൾ ഹാഫിസ് പങ്കെടുത്തിരുന്നു;"കോക്രോച്ച് ജനതാ പാർടി'യുടെ ആഹ്വാനമനുസരിച്ച് തന്റെ ഗ്രാമത്തിലെ സ്കൂളിലെ സൗകര്യങ്ങളുടെ പൗര ഓഡിറ്റ് നടത്താനും ഹാഫിസ് ശ്രമിച്ചു. ഇതിനാലാണ് മുഹമ്മദ് മാഫിക്കിനെ ലക്ഷ്യമിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അടുത്തിടെ പുറത്തുവന്ന നിതി ആയോഗ് റിപ്പോർട്ട് പ്രകാരം 10 വർഷത്തിനിടെ രാജ്യത്തുടനീളം 94,000-ത്തിലധികം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടി— പ്രതിദിനം ശരാശരി 25 സ്കൂൾ വീതം. സർക്കാർ സ്കൂളുകളിലെ വിദ്യാർഥി പ്രവേശനം 2.26 കോടി കുറഞ്ഞു. എൻഇപി 2020 വൻ പരാജയമാണെന്ന് വെളിവാക്കുന്നതാണ് ഈ വസ്തുതകളാകെയും. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ഇത് അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല. ​ഇപ്പോൾ ‘ഒരു ദിനം ഒരു സർവകലാശാല’ എന്ന പേരിൽ ജെൻ സീയിലേക്കുള്ള സമ്പർക്ക പരിപാടി നടത്താൻ അവർ നിർബന്ധിതരായിരിക്കുകയാണ്. ഒരു കേന്ദ്രമന്ത്രി ദിവസവും ഒരു സർവകലാശാല സന്ദർശിച്ച് വിദ്യാർഥികളുമായി നേരിട്ട് സംവദിക്കുകയും അവരുടെ ആശങ്കകൾ കേൾക്കുകയും "യുവജനകേന്ദ്രിത ക്ഷേമപദ്ധതികളെക്കുറിച്ച്' വിശദീകരിക്കുകയും ചെയ്യുന്ന രാജ്യവ്യാപക പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. എന്നാൽ പ്രശ്നത്തിന്റെ അടിസ്ഥാനം നമ്മുടെ വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കാനും കേന്ദ്രീകരിക്കാനും വർഗീയവൽക്കരിക്കാനും ശ്രമിക്കുന്ന എൻഇപി- ആണെന്നത് അംഗീകരിക്കാൻ അവർ തയ്യാറല്ല. ഇത് കോച്ചിങ് സെന്ററുകളുടെ കൂണുപോലുള്ള വളർച്ചയ്ക്കും, ചോദ്യപേപ്പർ ചോർച്ചകളും പിഴവുള്ള പരീക്ഷകളും അടക്കമുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനും കാരണമായി. എൻഇപി പിൻവലിക്കുന്നതുവരെ നമ്മുടെ വിദ്യാർഥികൾക്ക് നീതി ലഭിക്കില്ല.

മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവ ശ്രമങ്ങൾ ഉണ്ടാകുന്നതുവരെ ഇന്ത്യയിലെ യുവജനങ്ങൾക്കും നീതി നിഷേധിക്കപ്പെടും. ​കർഷകർക്ക് ബുദ്ധിമുട്ടൊന്നും നേരിടേണ്ടിവരുന്നില്ലെന്നും അവർക്കായി അവസരങ്ങൾ തുറന്നുകൊടുത്തിട്ടുണ്ടെന്നും മോദി അവകാശപ്പെടുന്നത് വസ്തുതകൾക്ക് വിരുദ്ധമാണ്. കഴിഞ്ഞ ഒരു വർഷംമാത്രം 32,000-ത്തിലധികം കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയ്ക്ക് കണക്കുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിലെമാത്രം എണ്ണമാണ്. ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിബിജി ആർഎഎംജി ഗ്രാമീണ തൊഴിലവസര സൃഷ്ടിയിൽ 50 ശതമാനം ഇടിവിന് കാരണമായെന്നാണ്. ഈ വർഷം ജൂലൈയിൽ 68.94 ലക്ഷം കുടുംബം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം നേടി. ഇതിലൂടെ 7.67 കോടി തൊഴിൽദിനം ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 1.42 കോടി കുടുംബത്തിന്‌ ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നു. 15.33 കോടി തൊഴിൽദിനമാണ് കഴിഞ്ഞവർഷം സൃഷ്ടിക്കപ്പെട്ടിരുന്നത്. ​നിയമപരമായ മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് കർഷകർക്ക് നൽകിയ വാഗ്ദാനം പാലിക്കാനും വൈദ്യുതി ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനും കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പകരം, കർഷക സംഘടനകളുമായി കൂടിയാലോചിക്കാതെ കർഷകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ സ്വതന്ത്ര വ്യാപാര കരാറുകളുമായി മുന്നോട്ടുപോകുകയാണ്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മോദി അവരെ പരാമർശിക്കാൻപോലും തയ്യാറായില്ല. നാല് തൊഴിൽ കോഡും തൊഴിലാളി സൗഹൃദമാണെന്ന പൊള്ളയായ അവകാശവാദങ്ങൾ ഈ വർഷം ആദ്യംതന്നെ തകർന്നുവീണു— തൊഴിലാളികൾ തങ്ങൾക്ക് അർഹമായ അവകാശങ്ങൾക്കായി തെരുവിലിറങ്ങേണ്ടി വന്നു.


ലേഖനത്തിന്‍റെ തുടര്‍ച്ച നാളെ




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home