എന്താണ് മുസ്ലിം ബ്രദർഹുഡ്?


കെ ടി കുഞ്ഞിക്കണ്ണൻ
Published on May 31, 2025, 02:35 PM | 11 min read
ആരാണ് ഈ ഹസനൽ ബന്നയും സയ്ദ് ഖുതബും, അവർ സ്ഥാപിച്ച ബ്രദർഹുഡും, അത് പശ്ചിമേഷ്യക്കകത്ത് സൃഷ്ടിച്ച സംഘർഷങ്ങളുമെന്ന് പരിശോധിക്കുമ്പോഴാണ് മൗദൂദിസ്റ്റുകളുടെ ആർഎസ്എസ് അജൻഡയിൽ നിന്ന് കളിക്കുന്നതിന് പിന്നിലുള്ള താൽപ്പര്യങ്ങളെ മനസ്സിലാക്കാൻ കഴിയുക. പാശ്ചാത്യ സാമ്രാജ്യത്വശക്തികൾക്കെതിരെ ഈജിപ്തിലും പശ്ചിമേഷ്യൻ മേഖലയിലും വളർന്നുവന്ന അറബ് ദേശീയ മുന്നേറ്റങ്ങളെ അസ്ഥിരീകരിക്കാനാണ് ഹസനൽ ബന്ന മുസ്ലിം ബ്രദർഹുഡ് രൂപീകരിച്ചതും ഇസ്ലാമിനെ ചരിത്രവിരുദ്ധമായി വ്യാഖ്യാനിച്ചുകൊണ്ട് ദൈവികാധികാര വ്യവസ്ഥയ്‌ക്കായി വാദിച്ചതും.
വഖഫ് നിയമഭേദഗതിക്കെതിരായി മൗദൂദിസ്റ്റ് സംഘങ്ങൾ കരിപ്പൂർ എയർപോർട്ടിലേക്ക് നടത്തിയ മാർച്ചിൽ അവരുയർത്തിപ്പിടിച്ച ഹസനൽ ബന്നയുടെയും സയ്ദ് ഖുതബിന്റെയും ചിത്രങ്ങൾ വിധ്വംസകമായൊരു സന്ദേശമാണ് നൽകുന്നത്.
മോദി സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിയമനിർമാണങ്ങൾക്കും നിയോഫാസിസ്റ്റ് കടന്നാക്രമണങ്ങൾക്കും എതിരായി ഉയർന്നുവരുന്ന ജനവികാരത്തെ വർഗീയമായി വഴിതിരിച്ചുവിടാനുള്ള ആർഎസ്എസ് അജൻഡയിലാണ് മൗദൂദിസ്റ്റുകൾ കരിപ്പൂരിൽ മാർച്ച് സംഘടിപ്പിച്ചതും അക്രമം അഴിച്ചുവിട്ടതെന്നും കരുതേണ്ടിയിരിക്കുന്നു.
വർത്തമാനലോകത്തെ രക്തപങ്കിലമാക്കുന്ന ഇസ്ലാമിന്റെ പേരിലുള്ള അൽഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, ബൊക്കോഹറാം, അൽനുസ്‌റ തുടങ്ങി നിരവധി ഭീകരവാദ സംഘങ്ങളുടെ പ്രത്യയശാസ്‌ത്ര വഴികാട്ടികളാണ് ഹസനൽ ബന്നയും സയ്ദ് ഖുതബും.
ഇവർ ആഗോളരാഷ്‌ട്രീയ ഇസ്ലാമിസത്തിന്റെ ആചാര്യന്മാരാണ്. അവരുടെ ചിത്രങ്ങൾ ഉപയോഗിച്ചുവെന്നതും തീവ്രമതവാദ നിലപാടുകളിൽനിന്ന് വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധമുയർത്തുന്നതും ആർഎസ്എസിന്റെ മറുപുറംകളിയായി തന്നെ തിരിച്ചറിയേണ്ടതുണ്ട്.
ആരാണ് ഈ ഹസനൽ ബന്നയും സയ്ദ് ഖുതബും, അവർ സ്ഥാപിച്ച ബ്രദർഹുഡും, അത് പശ്ചിമേഷ്യക്കകത്ത് സൃഷ്ടിച്ച സംഘർഷങ്ങളുമെന്ന് പരിശോധിക്കുമ്പോഴാണ് മൗദൂദിസ്റ്റുകളുടെ ആർഎസ്എസ് അജൻഡയിൽ നിന്ന് കളിക്കുന്നതിന് പിന്നിലുള്ള താൽപ്പര്യങ്ങളെ മനസ്സിലാക്കാൻ കഴിയുക.
പാശ്ചാത്യ സാമ്രാജ്യത്വശക്തികൾക്കെതിരെ ഈജിപ്തിലും പശ്ചിമേഷ്യൻ മേഖലയിലും വളർന്നുവന്ന അറബ് ദേശീയ മുന്നേറ്റങ്ങളെ അസ്ഥിരീകരിക്കാനാണ് ഹസനൽ ബന്ന മുസ്ലിം ബ്രദർഹുഡ് രൂപീകരിച്ചതും ഇസ്ലാമിനെ ചരിത്രവിരുദ്ധമായി വ്യാഖ്യാനിച്ചുകൊണ്ട് ദൈവികാധികാര വ്യവസ്ഥയ്‌ക്കായി വാദിച്ചതും. ഹസനൽ ബന്നയുടെയും മൗലാനാ മൗദൂദിയുടെയും സിദ്ധാന്തങ്ങളിൽ പ്രചോദിതനായിട്ടാണ് 1953‐ൽ സയ്ദ് ഖുതബ് മുസ്ലിം ബ്രദർഹുഡിൽ ചേരുന്നത്.
അറബ് ദേശീയബോധത്തെ മതവൽക്കരിച്ച് സാമ്രാജ്യത്വപ്രോക്തമായ തീവ്രവാദ പ്രസ്ഥാനങ്ങൾ വളർത്തുകയെന്ന അധിനിവേശ അജൻഡയിലാണ് മുസ്ലിം ബ്രദർഹുഡ് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ ജന്മമെടുത്തതും അറബ് ദേശീയബോധത്തിന്റെ പ്രയോഗശാസ്‌ത്രം വികസിപ്പിച്ച ജമാൽ അബ്ദുൾ നാസറിനെതിരായ അട്ടിമറിശ്രമങ്ങൾ ആസൂത്രണം ചെയ്‌തതും.
അറബ് ദേശീയബോധത്തെ മതവൽക്കരിച്ച് സാമ്രാജ്യത്വപ്രോക്തമായ തീവ്രവാദ പ്രസ്ഥാനങ്ങൾ വളർത്തുകയെന്ന അധിനിവേശ അജൻഡയിലാണ് മുസ്ലിം ബ്രദർഹുഡ് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ ജന്മമെടുത്തതും അറബ് ദേശീയബോധത്തിന്റെ പ്രയോഗശാസ്‌ത്രം വികസിപ്പിച്ച ജമാൽ അബ്ദുൾ നാസറിനെതിരായ അട്ടിമറിശ്രമങ്ങൾ ആസൂത്രണം ചെയ്‌തതും.
ജമാൽ അബ്‌ദുൾ നാസർ
പലസ്‌തീനിൽ ജൂതമതരാഷ്‌ട്രമായ ഇസ്രയേൽ സ്ഥാപിച്ചതിനെതിരെ അറബ് രാജ്യങ്ങളെയാകെ യോജിപ്പിച്ചുകൊണ്ട് സൈനികനീക്കത്തിന് നേതൃത്വംകൊടുത്ത നാസറിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കുകയെന്നത് അമേരിക്കയുടെയും സിഐഎയുടെയും അജൻഡയായിരുന്നു.
1955‐ൽ ഇസ്രയേൽ സൈന്യം ഗാസയ്‌ക്കുനേരെ നടത്തിയ ആക്രമണങ്ങളെ നാസറിന്റെ നേതൃത്വത്തിൽ ഇൗജിപ്ത് ശക്തമായിത്തന്നെ പ്രതിരോധിച്ചു. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ നാസർ ഇസ്രയേൽ സേനക്കെതിരായി പൊരുതിനിന്നു.
ഈയൊരു സാഹചര്യത്തിലാണ് അസ്വാൻ അണക്കെട്ട് പണിയുന്നതുൾപ്പെടെ ഈജിപ്തിന്റെ വികസന ആവശ്യങ്ങൾക്ക് അമേരിക്കയും ബ്രിട്ടനുമൊക്കെ വാഗ്ദാനം ചെയ്‌ത സഹായങ്ങൾ പിൻവലിക്കപ്പെട്ടത്.
മധ്യപൂർവദേശത്തെ അമേരിക്കൻ താൽപ്പര്യങ്ങൾക്കനുസൃതമായ ബാഗ്ദാദ് പാക്‌ടിൽ നാസർ ചേരാൻ വിസമ്മതിച്ചതോടെയാണ് സാമ്രാജ്യത്വശക്തികൾ അദ്ദേഹത്തിനെതിരെ നീക്കങ്ങൾ ശക്തിപ്പെടുത്തിയതും സഹായ വാഗ്ദാനങ്ങളിൽനിന്ന് പിൻവലിഞ്ഞതും.
അസ്വാൻ അണക്കെട്ട് യാഥാർഥ്യമായിക്കഴിഞ്ഞാൽ നാസറിനെപ്പോലുള്ള ഒരു ഭരണാധികാരിക്ക് കീഴിൽ ഈജിപ്തിന്റെ സാമ്പത്തികശേഷി വർധിക്കുമെന്ന ആശങ്കയായിരുന്നു അമേരിക്കയ്‌ക്ക് ഉണ്ടായിരുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും പിൻമാറ്റത്തിന് മറുപടിയായിട്ടാണ് നാസർ സൂയസ് കനാൽ ദേശസാൽക്കരിച്ചത്.
നാസറിന്റെ ഈ ധീരമായ നടപടി സാമ്രാജ്യത്വശക്തികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. സൂയസ് കനാൽ വഴിയുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയുമൊക്കെ വാണിജ്യസഞ്ചാരത്തിനും ചരക്കുഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയും നികുതി ചുമത്തിയും വരുമാനമുണ്ടാക്കി അസ്വാൻ അണക്കെട്ട് പണിയുമെന്നാണ് നാസർ പ്രഖ്യാപിച്ചത്.
സൂയസ് കനാലിന്റെ ദേശസാൽക്കരണം സാമ്രാജ്യത്വശക്തികളുടെ ഈ മേഖലയിലെ സ്വതന്ത്രമായ വാണിജ്യതാൽപ്പര്യങ്ങൾക്ക് കടിഞ്ഞാണിടുന്നതായിരുന്നു. എന്തുവിലകൊടുത്തും സൂയസ് കനാൽ പോലുള്ള തന്ത്രപ്രധാനമായ ഒരു വാണിജ്യപാത തങ്ങൾക്ക് നഷ്ടപ്പെടരുതെന്ന് സാമ്രാജ്യത്വശക്തികൾ തീരുമാനിച്ചു. അങ്ങനെയാണ് ബ്രിട്ടനും ഫ്രാൻസും ഇസ്രയേലും ചേർന്ന് ഇൗജിപ്തിനെതിരെ സൈനികാക്രമണം ആരംഭിക്കുന്നത്.

സൂയസ് കനാലിന്റെ 50 മൈൽ ദൂരംവരെ ഇസ്രയേൽ സൈന്യം എത്തി. സോവിയറ്റ് യൂണിയൻ ഇസ്രയേൽ സേന സൂയസ് കനാലിൽനിന്ന് പിന്മാറണമെന്ന് അന്ത്യശാസനം നൽകി. ഇതോടെ അധിനിവേശ ശക്തികൾക്ക് സൂയസ് കനാൽ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നു.
ഫ്രാൻസിനും ബ്രിട്ടനും സോവിയറ്റ് സൈന്യത്തെ നേരിടാനുള്ള ശക്തിയുണ്ടായിരുന്നില്ല. അമേരിക്കയാണെങ്കിൽ വിയറ്റ്‌നാം യുദ്ധത്തിൽ ഞെരിപിരി കൊള്ളുകയായിരുന്നു. 1950‐കളിലെ സാർവദേശീയ സാഹചര്യം മാവോ പറഞ്ഞതുപോലെ സോഷ്യലിസത്തിന്റെ കിഴക്കൻ കാറ്റ് മുതലാളിത്തത്തിന്റെ പടിഞ്ഞാറൻ കാറ്റിനെ കീഴടക്കുമോ എന്ന് തോന്നിപ്പിച്ചതായിരുന്നു.
സാമ്രാജ്യത്വ ശക്തികളാൽ വലയം ചെയ്യപ്പെട്ട സോവിയറ്റ് യൂണിയന് ഇതോടെ ഈജിപ്തുവഴി പശ്ചിമേഷ്യയിൽ അമേരിക്കയുടെ ബാഗ്ദാദ് പാക്ട് ഉണ്ടാക്കിയ വലയം ഭേദിക്കാൻ കഴിഞ്ഞു. 1954‐ൽ ഡിയൻ ബിയൻ ഫു യുദ്ധത്തിൽ ഫ്രഞ്ചുസൈന്യം കീഴടങ്ങി. കൊറിയൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് പരാജയപ്പെടേണ്ടിവന്നു. ഏഷ്യയിലും ആഫ്രിക്കയിലും തെക്കനമേരിക്കൻ നാടുകളിലും ദേശീയ വിമോചന സമരങ്ങൾ മുന്നേറ്റങ്ങൾ സൃഷ്ടിച്ചു.
ഈയൊരു സാർവദേശീയ സാഹചര്യമാണ് ഇസ്രയേൽ സേനയുടെ അധിനിവേശശ്രമങ്ങളെ പരാജയപ്പെടുത്തിയത്, സൂയസ് കനാൽ ഈജിപ്തിന്റെ ഭാഗമാക്കി നിലനിർത്തിയത്. 1948‐ലെ അറബ്‐ഇസ്രയേൽ യുദ്ധത്തിലെ പരാജയവും അതുണ്ടാക്കിയ അപമാനബോധവും മറികടന്ന് അറബ് ജനസമൂഹമാകെ ഇസ്രയേൽ സാമ്രാജ്യത്വ അധിനിവേശ നീക്കങ്ങൾക്കെതിരെ പുതിയ ഉണർവിലേക്ക് പ്രവേശിക്കാൻ സൂയസ് കനാൽ യുദ്ധം സഹായകരമായി.
നാസറിന്റെ അനുരഞ്ജനരഹിതമായ നിലപാടുകൾ അറബികളുടെ അഭിമാനത്തിന്റെ പുനഃസ്ഥാപനമായി കൊണ്ടാടപ്പെട്ടു. സ്വന്തം രാജ്യത്ത് അധികാരം സ്ഥാപിക്കാനും അറബികളുടെ ദേശീയ സ്വത്വത്തിന് നേരെ ഉയരുന്ന പാശ്ചാത്യ അധിനിവേശത്തെ പ്രതിരോധിക്കാനുമുള്ള ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്ന അവബോധം എല്ലാവിഭാഗം ആളുകളിലേക്കും എത്തി.
നാടിന്റെ വിഭവങ്ങളും കനാൽ പോലുള്ള വാണിജ്യപാതകളും ദേശീയ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നാസറിന്റെ ധീരമായ നിലപാടുകൾക്ക് അറബികൾക്കിടയിൽ സ്വീകാര്യതയേറി. ഈജിപ്തുമായി യോജിച്ചുപോകണമെന്ന വികാരം എല്ലാ അറബ് രാജ്യങ്ങളിലും വളർന്നു. ഐക്യ അറബ് റിപ്പബ്ലിക്കെന്ന പേരിൽ സിറിയയും ഈജിപ്തും ഒരുമിച്ചുചേർന്നു. അതിനെ പ്രതിരോധിക്കാനാണ് സാമ്രാജ്യത്വശക്തികൾ ജോർദാനിലെയും ഇറാഖിലെയും രാജാക്കന്മാരെ ഒന്നിപ്പിക്കാൻ ശ്രമിച്ചത്.
എന്നാൽ 1958‐ൽ ഇറാഖിൽ നടന്ന വിപ്ലവം രാജാവിനെ നിഷ്‌കാസിതനാക്കി. 1950‐കളിലെ ഈയൊരു പശ്ചിമേഷ്യൻ പശ്ചാത്തലത്തിൽ നിന്നുവേണം രാഷ്‌ട്രീയ ഇസ്ലാമിസത്തിന്റെ ഇടപെടലുകളെയും ഈ മേഖലയിലെ സാമ്രാജ്യത്വ അട്ടിമറിശ്രമങ്ങളെയും വിശകലനം ചെയ്യേണ്ടത്.
സാമ്രാജ്യത്വവിരുദ്ധ നിലപാടുകൾ സ്വീകരിച്ച ഈജിപ്തിലെ നാസറിനെ പോലുള്ള ഭരണാധികാരികളെയും അറബ് ദേശീയബോധത്തെയും അസ്ഥിരീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ബ്രദർഹുഡും അതിന്റെ അക്രമാസക്തമായ മതരാഷ്‌ട്രവാദ ആശയങ്ങളും ഭീഷണമായ മാനങ്ങൾ കൈവരിച്ചത്.
ഇസ്ലാമിക മതരാഷ്‌ട്രവാദത്തിന് ആശയപ്രകാശനം നൽകിയ രാഷ്‌ട്രീയ ഇസ്ലാമിസത്തിന്റെ പ്രമുഖനായ ആചാര്യനാണ് ഹസനൽ ബന്ന. ഈജിപ്തിലെ മഹ്‌മൂദിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന ഹസനൽ ബന്ന (1906‐1949) മതേതരത്വത്തെയും ദേശീയതയെയും എതിർക്കുന്ന തനത് ഇസ്ലാമികവാദം അവതരിപ്പിക്കുകയായിരുന്നു.
ഇസ്ലാമിക മതരാഷ്‌ട്രവാദത്തിന് ആശയപ്രകാശനം നൽകിയ രാഷ്‌ട്രീയ ഇസ്ലാമിസത്തിന്റെ പ്രമുഖനായ ആചാര്യനാണ് ഹസനൽ ബന്ന. ഈജിപ്തിലെ മഹ്‌മൂദിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന ഹസനൽ ബന്ന (1906‐1949) മതേതരത്വത്തെയും ദേശീയതയെയും എതിർക്കുന്ന തനത് ഇസ്ലാമികവാദം അവതരിപ്പിക്കുകയായിരുന്നു.
20‐ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ ഈജിപ്തിലെ പ്രമുഖ ബുദ്ധിജീവികൾ ഇസ്ലാമിക സംസ്‌കാരത്തിന് പകരം മതേതര സംസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ലുഫ്തി അൽസെയ്ദി (1872‐1963)നെപ്പോലുള്ള ഈജിപ്ഷ്യൻ ബുദ്ധിജീവികൾ പാശ്ചാത്യരുടെ വിജയരഹസ്യം കുടികൊള്ളുന്നത് ദേശീയതയെന്ന ആശയത്തിലാണെന്നും അത്തരം ആധുനിക ആശയങ്ങൾ ഇസ്ലാമിലേക്ക് സംക്രമിപ്പിക്കേണ്ടതുണ്ടെന്നും വാദിച്ചു.
‘ഇസ്ലാമും ഭരണത്തിന്റെ അടിസ്ഥാനങ്ങളും' (അൽ ഇസ്ലാമുവ ഉസ്വൂലൂ ഹുക്കുമ) എന്ന ഗ്രന്ഥത്തിന്റെ കർത്താവായ അലി അബ്ദുർ റാസിഖ് (1888‐1966) ഖിലാഫത്ത് ഭരണസംവിധാനം ഖുറാനിൽ പരാമർശിക്കപ്പെട്ടിട്ടില്ലെന്നും ഇന്ന് വ്യവഹരിക്കപ്പെടുന്ന അർഥത്തിലുള്ള ഒരു രാഷ്‌ട്രത്തിന്റെ തലവനായിരുന്നില്ല പ്രവാചകനെന്നും സ്ഥാപിച്ചു. അതിനാൽ ഈജിപ്തിൽ ഒരു മതേതര ഭരണകൂടം സ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധമല്ലെന്ന് വാദിച്ചു.
മറ്റൊരു ഈജിപ്ഷ്യൻ ബുദ്ധിജീവിയായ സഅദ് സഗുലൂൽ ‘മതം അല്ലാഹുവിന്, രാഷ്‌ട്രം സർവജനങ്ങൾക്കും' എന്ന കാഴ്‌ചപ്പാട് മുന്നോട്ടുവച്ചു. പ്രശസ്‌ത അറബി സാഹിത്യകാരൻ താഹ ഹുസൈനും ഖാസിം അമീനെയും പോലുള്ളവർ ഖുറാനെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ ചോദ്യം ചെയ്യുകയും സ്‌ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്‌തു.
യാഥാസ്ഥിതികവും സാമ്പ്രദായികവുമായ ഇസ്ലാമികധാരണകളെ തിരുത്തണമെന്നും മതാത്മകമായ വീക്ഷണങ്ങളുടെ സ്ഥാനത്ത് ഇസ്ലാം മതേതരവീക്ഷണം അനുവദിക്കുന്നുണ്ടെന്നുമുള്ള പുരോഗമന ആശയങ്ങൾക്കെതിരായിട്ടാണ് ഹസനൽ ബന്ന രംഗത്തുവന്നത്.
അതിനായി അദ്ദേഹവും മതമൗലികവാദികളായ പണ്ഡിതരും ചേർന്ന് 1928‐ൽ രൂപംകൊടുത്ത സംഘടനയാണ് മുസ്ലിം ബ്രദർഹുഡ് (അൽ ഇഖ്‌വാനു മുസ്ലീമുൻ). ഈജിപ്തിലെ ഇസ്മാഈലിയയിൽ വച്ചാണ് ഈ മതമൗലികവാദ സംഘടന രൂപംകൊള്ളുന്നത്. ഇന്ന് സാർവദേശീയതലത്തിൽ പ്രവർത്തിക്കുന്ന പല രൂപത്തിലും പേരുകളിലുമുള്ള ഇസ്ലാമിക മതതീവ്രവാദ സംഘടനകളുടെ മാതൃസംഘടനയാണ് മുസ്ലിം ബ്രദർഹുഡ്.

മതനിരപേക്ഷത പാശ്ചാത്യ ആശയമാണെന്നും ഇസ്ലാമിന് അത് സ്വീകരിക്കാനാവില്ലെന്നും പ്രഖ്യാപിച്ച മുസ്ലിം ബ്രദർഹുഡ് ഉയർത്തിയ മുദ്രാവാക്യമാണ് ‘അല്ലാഹുവാണ് ഞങ്ങളുടെ നാഥൻ, പ്രവാചകനാണ് ഞങ്ങളുടെ നായകൻ, ഖുറാനാണ് ഞങ്ങളുടെ ഭരണഘടന, ജിഹാദാണ് ഞങ്ങളുടെ മാർഗം, അല്ലാഹുവിന്റെ മാർഗത്തിലുള്ള മരണമാണ് ഞങ്ങളുടെ ഏറ്റവും വലിയ അഭിലാഷം' എന്നത്.
ഇസ്ലാമിനെ ഒരു സമ്പൂർണ ജീവിതവ്യവസ്ഥയായി കാണാനും അതിന് പകരമായി മറ്റൊരു വ്യവസ്ഥയും തങ്ങൾ സ്വീകരിക്കുകയില്ലെന്നും ഇസ്ലാമികമല്ലാത്ത ഒരു വ്യവസ്ഥയും തങ്ങൾ അംഗീകരിക്കുകയില്ലെന്നും ബ്രദർഹുഡ് പ്രഖ്യാപിച്ചു. ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക, അതിനായി വിശുദ്ധ യുദ്ധത്തിലേർപ്പെടുക‐ ഇതായിരുന്നു മുസ്ലിം ബ്രദർഹുഡ് പ്രചരിപ്പിച്ച ആശയം.
ഹസനൽ ബന്ന 1924‐ൽ ഇല്ലാതാക്കപ്പെട്ട ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനായി ശക്തമായ പ്രചാരണം ആരംഭിക്കുകയുണ്ടായി. ഇസ്ലാമിന്റെ ദേശങ്ങൾ അനിസ്ലാമിക ശക്തികളിൽനിന്ന് മോചിപ്പിക്കണമെന്നും ഇസ്ലാമിക സമൂഹത്തിന്റെ മഹത്വം വീണ്ടെടുക്കണമെന്നും ഇസ്ലാമിന്റേതായ ലോകഘടന പുനഃസ്ഥാപിക്കണമെന്നും ഖിലാഫത്ത് തിരിച്ചുകൊണ്ടുവരണമെന്നും ഹസനൽ ബന്ന വാദിച്ചു. മുസ്ലിം ബ്രദർഹുഡ് ഇസ്ലാമിന്റെ ലോകാധിപത്യം ലക്ഷ്യമായി പ്രഖ്യാപിച്ചു.
ആ ലക്ഷ്യസാക്ഷാത്കാരത്തിനായി ജിഹാദ് പ്രഖ്യാപിച്ചു. മുസ്ലിം ബ്രദർഹുഡിനെ ഉദ്ധരിച്ചുകൊണ്ട് കരേൻ ആംസ്‌ട്രോങ് ‘ബാറ്റിൽ ഫോർ ഗോഡി’ൽ എഴുതിയിരിക്കുന്നത്; ‘നമ്മുടെ ദൗത്യം മൊത്തത്തിൽ ഇതത്രെ. ഭൗതിക സംസ്‌കാരത്തിന്റെ വേലിയേറ്റത്തെ തടഞ്ഞുനിർത്തുക. നമ്മുടെ നാട്ടിൽനിന്ന് അത് യാത്രയാകട്ടെ.
കരേൻ ആംസ്‌ട്രോങ്
പിന്നീട് നാമതിനെ പിന്തുടരും. അതിന്റെ ഗേഹത്തിൽചെന്ന് അതിനോട് പൊരുതും. ലോകം ഒന്നടങ്കം ഖുറാന്റെ അധ്യാപനങ്ങളിൽ വിശ്വസിക്കുകയും ഇസ്ലാമിന്റെ തണലിൽ വരികയും ലോകം പ്രവാചകന്റെ നാമം ഉച്ചരിക്കുകയും ചെയ്യുന്നതുവരെ. അപ്പോഴേ ഒരു മുസ്ലീമിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.'

ജിഹാദിലെ ബലപ്രയോഗത്തെ സംബന്ധിച്ച് മുസ്ലിം ബ്രദർഹുഡ് സ്ഥാപകന്റെ നിലപാടുകളെ നിരീക്ഷിച്ചുകൊണ്ട് ആംസ്‌ട്രോങ് അതേ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് നോക്കൂ: ‘ഉപദേശത്തിലും പ്രഭാഷണത്തിലും മാത്രം ഒതുങ്ങുന്ന പ്രവർത്തനമായിരുന്നില്ല ബന്നയുടെ വിഭാവനയിൽ ഉണ്ടായിരുന്നത്. വേണ്ടിവന്നാൽ ആയുധമെടുക്കാനും ബലം പ്രയോഗിക്കുവാനും ഇഖ്‌വാൽ (ബ്രദർഹുഡ്) തയ്യാറാകുമെന്ന് ഹസനൽ ബന്ന വ്യക്തമാക്കി.' ഈയൊരു നിലപാടിൽ നിന്നാണ് 1943‐ൽ ബ്രദർഹുഡ് ഒരു സായുധവിഭാഗത്തിന് രൂപം നൽകിയത്.
ഹസനൽ ബന്ന
അൽജിഹാ സുൽസിറി എന്നതായിരുന്നു ഈ രഹസ്യവിഭാഗം (ദി സീക്രട്ട് അപാരറ്റസ്). ബ്രദർഹുഡ് ദൈവമാർഗത്തിലുള്ള രക്തസാക്ഷിത്വത്തെ മഹത്വവൽക്കരിക്കുകയും ഇസ്ലാമിക രാഷ്‌ട്രത്തിനുവേണ്ടിയുള്ള പോരാട്ടം ആദർശവൽക്കരിക്കുകയും ചെയ്‌തു.
ഹസനൽ ബന്നയും ബ്രദർഹുഡും ഇസ്ലാമിനുവേണ്ടിയുള്ള പോരാട്ടത്തിൽ മരണമടയുന്നവർ സ്വർഗാവകാശികളാണെന്ന ഉന്മാദമാണ് മുസ്ലിം മതവിശ്വാസികളിൽ സൃഷ്ടിക്കാൻ ശ്രമിച്ചത്. അൽഖ്വയ്ദ തൊട്ട് ഇസ്ലാമിക് സ്റ്റേറ്റ് വരെയുള്ള ഭീകരവാദ സംഘടനകളിലേക്ക് ആകൃഷ്ടരായവരെ ആവേശിച്ച ആശയമാണിത്.
1949 ഫെബ്രുവരിയിൽ ഹസനൽ ബന്ന കൊല്ലപ്പെട്ടതിനെ തുടർന്ന് മുസ്ലിം ബ്രദർഹുഡിന്റെ നേതൃത്വത്തിലേക്ക് ഹസനൽ ഹുദൈബി അവരോധിക്കപ്പെട്ടു. 1953‐ലാണ് സയ്‌ദ് ഖുതബ് ബ്രദർഹുഡിൽ ചേരുന്നത്. സയ്‌ദ് ഖുതബ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബ്ദുൾ അല മൗദൂദിയുടെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നു.
രാഷ്‌ട്രീയ ഇസ്ലാമിസത്തിന്റെ ഏറ്റവും ശക്തരായ രണ്ട് വക്താക്കളായിരുന്നു മൗദൂദിയും ഖുതബും. ലോകമെമ്പാടുമുള്ള രാഷ്‌ട്രീയ ഇസ്ലാമിസ്റ്റുകൾ അഥവാ റാഡിക്കൽ ഇസ്ലാമിസ്റ്റുകൾ ആവേശം കൊണ്ടിട്ടുള്ളത് ഇവരുടെ കൃതികളിൽ നിന്നാണ്.
സയ്‌ദ് ഖുതബ്
സയ്‌ദ് ഖുതബിന്റെ ‘മൈൽസ്റ്റോൺസ്' (മഹലിൽ മുഫിത്വരിൻ) എന്ന കൃതി ഇസ്ലാമിക തീവ്രവാദത്തിന്റെ മാനിഫെസ്റ്റോ ആയിട്ടാണ് പലരും പരിഗണിക്കുന്നത്. ഇസ്ലാമിന്റെ ചരിത്രത്തെയും ആവിർഭാവ ദർശനത്തെയും ചരിത്രവിരുദ്ധമായ നിലപാടുകളിൽനിന്ന് വിശദീകരിക്കുകയും വളച്ചൊടിക്കുകയുമാണ് ഇദ്ദേഹം ചെയ്‌തിരിക്കുന്നത്.
‘മതത്തിൽ നിർബന്ധമില്ലാ'യെന്ന ഖുറാൻ വചനത്തിലടങ്ങിയ ഇസ്ലാമിന്റെ ഉദാരസമീപനത്തെ അംഗീകരിക്കാൻ രാഷ്‌ട്രീയ ഇസ്ലാമിസ്റ്റ് പണ്ഡിതർ തയ്യാറല്ല. ഇസ്ലാമല്ലാത്ത മറ്റൊന്നിനെയും തെരഞ്ഞെടുക്കാനോ അംഗീകരിക്കാനോ തയ്യാറല്ലാത്ത കൊടുംവാദമാണ് സയ്‌ദ് ഖുതബ് മുന്നോട്ടുവയ്‌ക്കുന്നത്. ഇസ്ലാം അല്ലാത്ത മറ്റൊരു വ്യവസ്ഥയും നിലവിലില്ലാത്ത ഘട്ടം വരെ വിശുദ്ധയുദ്ധം നടത്താൻ മുസ്ലിങ്ങൾ ബാധ്യസ്ഥരാണെന്നാണ് ഖുതബ് വാദിക്കുന്നത്.
ഇസ്ലാമിന്റെ ലക്ഷ്യം ഭൂമിയിലുള്ള മുഴുവൻ താഗൂത്തുകളെയും (ഇസ്ലാമേതര ശക്തികൾ) തുടച്ചുമാറ്റി അല്ലാഹുവിന്റെ മാത്രം അടിമകളാക്കുക എന്നാണ് ഖുതബിന്റെ സിദ്ധാന്തം. അത് മുസ്ലിങ്ങളുടെ മതപരമായ വിശുദ്ധ കടമയായിട്ടാണ് അദ്ദേഹം അടിവരയിട്ട് പറഞ്ഞിരിക്കുന്നത്.
ഇസ്ലാമിലെ ജിഹാദുകളെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നത് ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്; വാളും കുന്തവും അതിന്റെ ഘടകങ്ങളാണെന്നാണ്.
കേവലം തത്വപ്രസംഗമല്ല, ആദർശപ്രസംഗമല്ല; ആധിപത്യം മുഴുവനും അല്ലാഹുവിനാക്കുന്ന വിശുദ്ധ യുദ്ധപദ്ധതിയാണ് ഇസ്ലാമെന്നാണ് ഖുതബ് സമർഥിക്കാൻ നോക്കുന്നത്.
1928‐ൽ ഈജിപ്തിൽ ജന്മംകൊണ്ട ബ്രദർഹുഡ് 1935‐ൽ സിറിയയിലും 1946‐ൽ പലസ്തീനിലും 1954‐ൽ സുഡാനിലും യെമനിലും ടുണീഷ്യയിലും ലിബിയയിലും അൾജീരിയയിലും ഇറാഖിലും ഇറാനിലും പല രൂപങ്ങളിൽ ജന്മംകൊണ്ടു. ബ്രദർഹുഡിന്റെ ആശയങ്ങൾ പിൻപറ്റുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രപദ്ധതിയുടെ ഭാഗമായി സാമ്രാജ്യത്വശക്തികൾ പ്രോത്സാഹിപ്പിച്ചു.
1928‐ൽ ഈജിപ്തിൽ ജന്മംകൊണ്ട ബ്രദർഹുഡ് 1935‐ൽ സിറിയയിലും 1946‐ൽ പലസ്തീനിലും 1954‐ൽ സുഡാനിലും യെമനിലും ടുണീഷ്യയിലും ലിബിയയിലും അൾജീരിയയിലും ഇറാഖിലും ഇറാനിലും പല രൂപങ്ങളിൽ ജന്മംകൊണ്ടു. ബ്രദർഹുഡിന്റെ ആശയങ്ങൾ പിൻപറ്റുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രപദ്ധതിയുടെ ഭാഗമായി സാമ്രാജ്യത്വശക്തികൾ പ്രോത്സാഹിപ്പിച്ചു.
ഇറാനിലും സിറിയയിലും ഇറാഖിലും ചോരപ്പുഴകൾ സൃഷ്ടിച്ചു. ഇറാനിലെ മൊസാദിക് സർക്കാരിനെതിരെ സിഐഎ നടത്തിയ അട്ടിമറി സമരത്തിന്റെ മുമ്പിൽ ബ്രദർഹുഡായിരുന്നു. ഇന്തോനേഷ്യയിൽ സുകാർണോവിനെ അട്ടിമറിച്ചതും അഞ്ച് ലക്ഷത്തോളം കമ്യൂണിസ്റ്റുകാരെയും ദേശീയ ജനാധിപത്യവാദികളെയും കൂട്ടക്കൊല ചെയ്‌തതും ബ്രദർഹുഡായിരുന്നു.
ഈജിപ്തിൽ നാസറെ അട്ടിമറിച്ചതും അമേരിക്കൻ വിരുദ്ധ ദേശീയബോധത്തെ തകർത്ത് മതരാഷ്‌ട്രവാദം വളർത്തിയതും ബ്രദർഹുഡായിരുന്നു. സയണിസത്തിനും ഇസ്രയേൽ അധിനിവേശത്തിനുമെതിരായ പലസ്‌തീനികളുടെ സമരങ്ങളെ മതവൽക്കരിക്കാനാണ് ബ്രദർഹുഡിന്റെ പല രൂപത്തിലുമുള്ള സംഘടനകൾ ശ്രമിച്ചത്. പാകിസ്ഥാനിലും ബംഗ്ലാദേശിലും ചോരപ്പുഴകൾ സൃഷ്ടിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്.
അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട ഡോ. നജീബുള്ള ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള അമേരിക്കൻ രാഷ്‌ട്രീയ‐സൈനിക നീക്കങ്ങളിലാണ് താലിബാനും അൽഖ്വയ്ദയുമെല്ലാം ജന്മമെടുത്തത്. വേൾഡ് ട്രേഡ് സെന്റർ സംഭവത്തിനുശേഷം അമേരിക്ക ആഗോള ഭീകരവാദത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടിയ അൽഖ്വയ്ദയുടെ സിറിയൻ ഘടകമായ ജാബത്അനസ്രൂരിയെ ഉപയോഗിച്ചാണ് സിറിയയിലെ അസദ് ഗവൺമെന്റിനെതിരെ ഫ്രീസിറിയൻ ആർമി രൂപപ്പെടുത്തിയത്.

അതിന്റെ തുടർച്ചയിലാണ് അബൂബക്കർ ബാഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരവാദ സംഘടന വളർന്നുവന്നത്. ഇതിന്റെയെല്ലാം പ്രത്യയശാസ്‌ത്ര അടിസ്ഥാനം ബ്രദർഹുഡാണെന്നുള്ളതാണ് നാം ഗൗരവമായി കാണേണ്ടത്.
1941‐ലാണ് ഇന്ത്യയിൽ മൗദൂദി ജമാഅത്തെ ഇസ്ലാമിക്ക് രൂപം നൽകിയത്. രാഷ്‌ട്രീയ ഹിന്ദുത്വമെന്നപോലെ ഇന്ത്യയിലെ രാഷ്‌ട്രീയ ഇസ്ലാമിസത്തിന്റെയും വേരുകൾ കിടക്കുന്നത് കൊളോണിയൽവിരുദ്ധ സമരത്തെ തകർക്കാനുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ‘ഭിന്നിപ്പിക്കുക ഭരിക്കുക’ എന്ന തന്ത്രത്തിലാണ്.
1885‐ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തനമാരംഭിച്ച ഘട്ടത്തിൽ തന്നെ ഹിന്ദു, മുസ്ലിം മതത്തെ അടിസ്ഥാനമാക്കിയുള്ള വർഗീയ, മതരാഷ്‌ട്രീയ സമീപനമുള്ളവർ മതനിരപേക്ഷ ദേശീയ സങ്കൽപ്പങ്ങളെ അംഗീകരിക്കാനുള്ള വിമുഖത പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
ആദ്യം ഹിന്ദു രണ്ടാമതായേ ഇന്ത്യയുള്ളൂ എന്ന് പ്രഖ്യാപിച്ച പഞ്ചാബ് ഹിന്ദുമഹാസഭയുടെ സ്ഥാപകനായിരുന്നു റായ് ബഹദൂർ ലാലാ ലാൽചന്ദ്. കോൺഗ്രസിന്റെ ഹിന്ദു‐മുസ്ലിം മൈത്രി എന്ന സങ്കൽപ്പത്തെയും മതേതരമായ ദേശീയ കാഴ്‌ചപ്പാടുകളെയും ഹിന്ദുമഹാസഭ എതിർത്തുകൊണ്ടാണ് ഹൈന്ദവ ധ്രുവീകരണത്തിന് ആക്കം കൂട്ടിയത്.
സർ സെയ്ദ് അഹമ്മദ് ഖാനെയും സെയ്ദ് അമീർ അലിയെയുംപോലുള്ള മുസ്ലിം പ്രമുഖർ പോലും മതേതര ദേശീയതയെ സംശയത്തോടെ വീക്ഷിച്ചു. മുസ്ലിങ്ങൾ കോൺഗ്രസിന്റെ ഭാഗമാകണമെന്ന ബദറുദ്ദീൻ തയ്യബ്ജിയെ പോലുള്ളവരുടെ നിലപാടുകളെ എതിർത്ത പക്ഷമായിരുന്നു സർ സെയ്ദ് അഹമ്മദ് ഖാന്റേത്.
എന്നാൽ ബ്രിട്ടീഷ് വിരുദ്ധ നിലപാടും കോൺഗ്രസുമായി സഹകരിക്കണമെന്ന വാദവും മുന്നോട്ടുവച്ച ബദറുദ്ദീൻ തയ്യബ്ജിക്ക് അനുകൂലമായി ഇന്ത്യയിലെ പ്രമുഖങ്ങളായ ഇസ്ലാം മതപഠനകേന്ദ്രങ്ങൾ തന്നെ രംഗത്തുവന്നു. അതിൽ പ്രധാനമായിരുന്നു യുണൈറ്റഡ് പ്രോവിൻസിലെ ദേവ്ബന്ദിൽ പ്രവർത്തിക്കുന്ന ‘ദാറുൽ ഉലും' എന്ന മുസ്ലിം പഠനകേന്ദ്രം.
1867‐ൽ ഖാസി നാനോത്‌വിയുടെയും റഷീദ് അഹമ്മദ് ഗംഗോഹിയുടെയും നേതൃത്വത്തിൽ സ്ഥാപിതമായ മതപഠനകേന്ദ്രമായിരുന്നു ദാറുൽ ഉലും. 1888‐ൽ കോൺഗ്രസിൽ ചേരാൻ മുസ്ലിങ്ങളെ ആഹ്വാനം ചെയ്യുന്ന മുന്നൂറോളം മതപണ്ഡിതർ ഒപ്പുവച്ച ഫത്‌വ ഈ മതപഠനകേന്ദ്രം ഇറക്കി.
ഇന്ത്യയിലെ മുസ്ലിം മതപണ്ഡിതരിൽ വലിയ വിഭാഗം ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച മതേതര ദേശീയത കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചിന്തിച്ചവരായിരുന്നു. ഹിന്ദു, മുസ്ലിം ഐക്യവും സഹകരണവുംവഴിയേ സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയൂ എന്ന് ചിന്തിച്ചവരായിരുന്നു ഈ മുസ്ലിം പണ്ഡിതർ.
ദാറുൽ ഉലുമിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 1919‐ൽ ജംഇയ്യത്തുൽ ഉലമ ഹിന്ദ് എന്ന സംഘടന രൂപംകൊണ്ടത്. അതിന്റെ സ്ഥാപകനായ മൗലാന മഹ്‌മൂദുൽ ഹസൻ ഖാസിയും നാനോത്‌വിയുടെയും റഷീദ് അഹമ്മദ് ഗംഗോഹിയുടെയും ആശയങ്ങളെയാണ് പിന്തുടർന്നത്. മുസ്ലിങ്ങൾ മതേതര ദേശീയതയുടെ ഭാഗമാകണമെന്നും ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു സ്വതന്ത്ര മതനിരപേക്ഷ രാഷ്‌ട്രമാവണം ഇന്ത്യ എന്നതായിരുന്നു ജംഇയ്യത്തുൽ ഉലമയുടെ നിലപാട്.
1906‐ൽ മുസ്ലിംലീഗ് രൂപംകൊള്ളുന്നതോടെയാണ് ഹിന്ദു‐മുസ്ലിം ഐക്യത്തിന് പകരം മുസ്ലിങ്ങൾ ഒരു രാഷ്‌ട്രമാണെന്ന വാദം അനുക്രമമായി ഉയർത്തിക്കൊണ്ടുവന്നത്. അതേസമയം തന്നെ മുസ്ലിം സമുദായത്തിൽപെട്ടവർ ലീഗിലും കോൺഗ്രസിലും ഒരേസമയം അംഗമാവുന്ന സാഹചര്യം അന്നുണ്ടായിരുന്നു.
ആരംഭകാലത്ത് മുസ്ലിംലീഗ് നേതൃത്വം (ജിന്നയുൾപ്പെടെ) മതനിരപേക്ഷ ദേശീയതയെയും ഹിന്ദു‐മുസ്ലിം ഐക്യത്തെയും പൂർണമായി തള്ളിക്കളഞ്ഞിരുന്നില്ല. മുസ്ലിംലീഗ് മുസ്ലിം രാഷ്‌ട്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴും മുസ്ലിം മതഭരണത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നത് പ്രത്യേക ശ്രദ്ധയർഹിക്കുന്ന കാര്യമാണ്.
1940‐കളോടെ ലീഗ് നേതൃത്വവും ഹിന്ദുമഹാസഭയെപ്പോലെ ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ടു രാഷ്‌ട്രമാണെന്ന വാദം ഉയർത്തി. ഇതിനെ മുസ്ലിം മതപണ്ഡിതസഭയായ ജംഇയ്യത്തുൽ ഉലമയും കോൺഗ്രസുകാരായ മുസ്ലിം നേതാക്കളും ശക്തമായി എതിർത്തു. മുസ്ലിംലീഗിന്റെ നിഷേധാത്മക സമീപനത്തെ മുസ്ലിം പണ്ഡിതർ ശക്തമായിത്തന്നെ ഖണ്ഡിച്ചു. മുസ്ലിങ്ങളും ഹിന്ദുക്കളും ബ്രിട്ടീഷുകാർക്കെതിരെ ഒന്നിച്ച് പോരാടണമെന്ന് വാദിച്ചു.
തങ്ങളുടെ വാദത്തിന് ഉപോദ്ബലകമായി മദീന സ്റ്റേറ്റിന്റെ രൂപീകരണഘട്ടത്തിൽ മുഹമ്മദ് നബി മുന്നോട്ടുവച്ച നിലപാടുകൾ അവതരിപ്പിച്ചു. പൊതുശത്രുവിനെതിരായി ജൂതമതസ്ഥരുമായി ഉടമ്പടിയുണ്ടാക്കിയ കാര്യം ചൂണ്ടിക്കാട്ടി. ദാറുൽ ഉലുമിലെ പ്രധാന അധ്യാപകനായ ഹുസൈൻ അഹമ്മദ് മദനി ഖുറാന്റെയും ഇസ്ലാമിന്റെയും സന്ദേശം ഇന്ത്യയിലെ മുസ്ലിങ്ങളോടാവശ്യപ്പെടുന്നത് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാനാണെന്ന് വാദിച്ചു.
ഒരേ സമയം മുസ്ലിമും ദേശീയവാദിയുമാകുന്നതിൽ യാതൊരു വൈരുധ്യവുമില്ലെന്ന് ചൂണ്ടിക്കാട്ടി മതരാഷ്‌ട്രവാദികളുടെ വാദങ്ങളുടെ മുനയൊടിച്ചു.
ഖുറാനിൽ ‘ഖൗം’ എന്ന പദം രാഷ്‌ട്രം എന്ന അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അതൊരിക്കലും മതപരമായ അർഥത്തിൽ ഉപയോഗിച്ചിട്ടില്ല എന്നും ഹുസൈൻ അഹമ്മദ് മദനി സമർഥിച്ചു. ദേശത്തിന്റേയോ തൊഴിലിന്റേയോ ഭാഷയുടേയോ അടിസ്ഥാനത്തിലുള്ള ജനവിഭാഗത്തെ സൂചിപ്പിക്കാനാണ് ‘ഖൗം’ (രാഷ്‌ട്രം) ഖുറാനിൽ ഉപയോഗിച്ചിരിക്കുന്നത്.
മൗലാന അബ്ദുൾ കലാം ആസാദ്
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവും മുസ്ലിം പണ്ഡിതനുമായ മൗലാന അബ്ദുൾ കലാം ആസാദ് ഹിന്ദു‐മുസ്ലിം ഐക്യത്തിനുവേണ്ടി വാദിച്ചു. 1921‐ൽ അബ്ദുൾകലാം ആസാദ് എഴുതിയ ലേഖനത്തിൽ തന്നെ പ്രവാചക ചെയ്തിയുടെ ചരിത്രാനുഭവത്തിൽ നിന്നും ഹിന്ദു‐മുസ്ലിം ഐക്യത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി. മക്കാവാസികൾ ഉയർത്തിയ വെല്ലുവിളികൾ നേരിടാൻ മുസ്ലിങ്ങളും അമുസ്ലിങ്ങളും ചേർന്ന ഒരു രാഷ്‌ട്രം രൂപീകരിക്കാനാണ് പ്രവാചകൻ ശ്രമിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
1940‐ൽ എഐസിസി അധ്യക്ഷനായിരിക്കെ രാംഗഡ് സമ്മേളനത്തിൽ അബ്ദുൾകലാം ആസാദ് നടത്തിയ പ്രസംഗം മതരാഷ്‌ട്രവാദികൾക്കും വർഗീയ കുത്തിത്തിരിപ്പുകാർക്കുമുള്ള ശക്തമായ മറുപടിയായിരുന്നു. ഹിന്ദുവും മുസ്ലിമും ചേർന്നതാണ് ഇന്ത്യൻ ദേശീയതയുടെ അവിഭാജ്യത എന്ന ആശയം അബ്ദുൾകലാം ആസാദ് മുന്നോട്ടുവച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ നോക്കുക: ‘ഒരു മുസൽമാൻ ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ള അതിന്റെ പാരമ്പര്യം എന്റെ പൈതൃകത്തിന്റെ ഭാഗമാണ്... പക്ഷെ, അതു മാത്രമല്ല, എന്റെ പൈതൃകം... ഒരു ഇന്ത്യക്കാരൻ ആണ് എന്നതിൽക്കൂടി ഞാൻ അഭിമാനം കൊള്ളുന്നു. ഇന്ത്യൻ ദേശീയത എന്ന അവിഭാജ്യ ഏകകത്തിന്റെ ഭാഗമാണ് ഞാൻ. ഈ മഹത്തായ ഹർമ്യത്തിന് ഞാൻ അനുപേക്ഷ്യനാണ്. എന്റെ അഭാവത്തിൽ അത് അപൂർണമായിരിക്കും.'
മതനിരപേക്ഷ ജനാധിപത്യദേശീയതയെ നിരാകരിക്കുന്ന സമീപനമാണ് മൗദൂദി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ ഇസ്ലാമിസ്റ്റുകൾ മുന്നോട്ടുവച്ചിട്ടുള്ളത്. മൗദൂദിയുടെ ജീവചരിത്രകാരനായ സെയ്ദ് അസദ് ഗിലാനി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ‘നാം ഇന്ത്യക്കാർ മാത്രമാണെന്നോ നാം ആദ്യം ഇന്ത്യക്കാർ മാത്രമാണെന്നോ പറയുന്നവരോട് ഞാൻ യോജിക്കുന്നില്ല.
മൗലാന മൗദൂദി
എന്റേതിൽനിന്ന് വ്യത്യസ്‌തമായ പാതയാണ് അത്തരക്കാർ സ്വീകരിക്കുന്നത്. വിരുദ്ധ ദിശകളിലാണ് ഞങ്ങളുടെ യാത്ര. മുസ്ലിങ്ങൾ എന്ന നിലയ്‌ക്കല്ല ഇന്ത്യക്കാർ എന്ന നിലയ്‌ക്കാണ് അവർ രാഷ്‌ട്രീയ സ്വാതന്ത്ര്യവും സാമ്പത്തിക ക്ഷേമവും സുസ്ഥിരതയും കാംക്ഷിക്കുന്നത്. ഞാൻ കാംക്ഷിക്കുന്ന സ്വാതന്ത്ര്യമാകട്ടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധികാരത്തിന് വഴിത്തിരിവായി മാറാവുന്ന സ്വാതന്ത്ര്യമാണ്.'
ഇതു തന്നെയാണ് സംഘപരിവാർ പ്രത്യയശാസ്‌ത്രകാരന്മാരും പറയുന്നത്. നാം ഒന്നാമതായി ഹിന്ദുക്കളാണെന്നും രണ്ടാമതായി മാത്രമേ ഇന്ത്യക്കാരനാകുന്നുള്ളൂവെന്നുമാണ് ഹിന്ദുരാഷ്‌ട്രവാദത്തിന്റെ പ്രത്യയശാസ്‌ത്രകാരന്മാരായ സവർക്കറും ഗോൾവാൾക്കറും എഴുതിവച്ചിട്ടുള്ളത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മുസ്ലിങ്ങൾ പങ്കെടുത്തത് ശരിയല്ലെന്നും മതേതര ദേശീയതയോടൊപ്പം നിൽക്കുന്ന സംഘടനകളെ സഹായിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നുമാണ് മൗദൂദി പറഞ്ഞിട്ടുള്ളത്.
ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ അൽജം ഇയ്യത്തിൽ മൗദൂദി ഇങ്ങനെ എഴുതി: ‘സ്വാതന്ത്ര്യത്തിന്റെ പേരിൽ മുസ്ലിങ്ങളായ നാം നമ്മുടെ വ്യക്തിത്വം കളഞ്ഞുകുളിക്കുകയാണെങ്കിൽ അത്യന്തം അപകടകരമായ ഒരു അബദ്ധമായിരിക്കുമത്.
നാം ഒന്നാമതായി മുസ്ലിങ്ങളാണ്, അവസാനമായി മുസ്ലിങ്ങൾ തന്നെ. ഈ യാഥാർഥ്യം ഇത്തരുണത്തിൽ നാം വ്യക്തമാക്കേണ്ടതുണ്ട്. ഈ നിലപാട് പരിരക്ഷിച്ചുകൊണ്ടുമാത്രമേ നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാവൂ.'
മതാതീതമായ ഐക്യത്തെയും സാഹോദര്യത്തെയും തിരസ്‌കരിക്കുന്ന നിലപാടാണ് മൗദൂദി മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ സെയ്ദ് അസദ് ഗിലാനി ഉദ്ധരിച്ച് ചേർത്തിരിക്കുന്നത് നോക്കൂ: ‘വൈദേശിക നുകം വലിച്ചെറിയാനുള്ള ആവേശത്തിൽ ചിലർ ഇന്ത്യൻ ദേശീയതയെ വാരിപ്പുണരുന്ന ചിന്താധാരയുടെ ഭാഗമായിത്തീരുന്നത് എന്നെ അലോസരപ്പെടുത്തുന്നു.
ഒരു പൊതുപ്രശ്‌നത്തിന്റെ പേരിൽ മുസ്ലിങ്ങളും ഹിന്ദുക്കളും ഐക്യപ്പെടുന്നത് ശരിയാണെന്നാണ് അത്തരക്കാർ കരുതുന്നത്... ഈ ചിന്താധാരകൾ തങ്ങളുടെ ആവേശത്തിമിർപ്പിൽ അന്ധരായിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ച മുസ്ലിങ്ങൾക്കും അവരുടെ ഭാവിക്കും വിനാശകരമായിരിക്കും.'
നവ ഇസ്ലാമിസം, ശുദ്ധ ഇസ്ലാം എന്നെല്ലാമുള്ള ശബ്ദമുദ്രകളിൽ അവതരിപ്പിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രം മതരാഷ്ട്രവാദമായിരുന്നു. മൗദൂദിയുടെ സിദ്ധാന്തങ്ങൾ സാമ്രാജ്യത്വപ്രോക്തവും ഇന്ത്യൻ മതനിരപേക്ഷ ദേശീയതയെ അംഗീകരിക്കാത്തതുമായിരുന്നു.
മുസ്ലിങ്ങളും സമകാലിക രാഷ്‌ട്രീയ സംഘർഷങ്ങളും എന്ന പേരിൽ മൂന്ന് വാള്യങ്ങളിലായി സമാഹരിക്കപ്പെട്ട അദ്ദേഹത്തിന്റെ ലേഖനങ്ങൾ മതരാഷ്‌ട്രവാദത്തിന്റെ ഇസ്ലാമിക ‘വിചാരധാര'യാണെന്നു പറയാം.
മൗലാന മൗദൂദി, ഹസനൽ ബന്ന, സയ്ദ് ഖുതബ് തുടങ്ങിയവരുടെ രാഷ്‌ട്രീയ ഇസ്ലാമിസ്റ്റ് ചിന്താപദ്ധതികൾ മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായിട്ടുള്ള രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രം എന്ന നിലയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യലിസത്തെ നിരീശ്വരവാദത്തിലധിഷ്ഠിതമായ പ്രത്യയശാസ്‌ത്രമായിട്ടാണ് മൗദൂദി അധിക്ഷേപിക്കുന്നത്.
സോഷ്യലിസത്തോടും സോവിയറ്റ് യൂണിയനോടും അറബ് ലോകത്തെ ഇസ്ലാമിക പണ്ഡിതന്മാർക്കുണ്ടായ ആഭിമുഖ്യത്തെ നിശിതമായി വിമർശിക്കുകയാണ് മൗദൂദി ചെയ്‌തത്. എത്ര നന്മയുണ്ടെങ്കിലും നിരീശ്വരവാദികളെ അംഗീകരിക്കാൻ കഴിയില്ലെന്നുമാത്രമല്ല അവർക്കെതിരെ ജിഹാദ് നടത്തേണ്ടത് ഓരോ മുസ്ലിമിന്റെയും മതപരമായ കടമയാണെന്നും മൗദൂദി ശഠിച്ചിരുന്നു. ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രത്യയശാസ്‌ത്രവും സംഘടനാ മാതൃകയുമെല്ലാം മുസ്ലിം ബ്രദർഹുഡിൽനിന്നാണ് രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത്.
ആർഎസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ലാമിയും മറ്റ് രാഷ്‌ട്രീയ ഇസ്ലാമിസ്റ്റുകളും നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ അടിസ്ഥാനം ഈയൊരു മൗദൂദിസ്റ്റ് പ്രത്യയശാസ്‌ത്ര നിലപാടുകളാണ്.
ആധുനിക ഇസ്ലാമിക ജിഹാദിസത്തിന്റെ ചരിത്രമെന്നത്, ചോദ്യം ചെയ്യുന്നവരെയും തങ്ങളുടെ ഭരണാധികാരത്തിന് വഴങ്ങാത്തവരെയും നിഗ്രഹിക്കുന്ന സ്‌പർധയുടെയും അസഹിഷ്‌ണുതയുടെയും ചരിത്രമാണ്. ഖുറാനിക ദർശനങ്ങളെയും അനുശാസനങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ‘ആധുനിക ജിഹാദിസം' ആവിഷ്‌കരിക്കപ്പെട്ടത്.
ആധുനിക ഇസ്ലാമിക ജിഹാദിസത്തിന്റെ ചരിത്രമെന്നത്, ചോദ്യം ചെയ്യുന്നവരെയും തങ്ങളുടെ ഭരണാധികാരത്തിന് വഴങ്ങാത്തവരെയും നിഗ്രഹിക്കുന്ന സ്‌പർധയുടെയും അസഹിഷ്‌ണുതയുടെയും ചരിത്രമാണ്. ഖുറാനിക ദർശനങ്ങളെയും അനുശാസനങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ‘ആധുനിക ജിഹാദിസം' ആവിഷ്‌കരിക്കപ്പെട്ടത്.
മറ്റെല്ലാ മതതീവ്രവാദ പ്രസ്ഥാനങ്ങളെയുമെന്നപോലെ ‘ഇസ്ലാമിക ജിഹാദിസ'വും ആഗോള മുതലാളിത്ത പ്രതിസന്ധിയെ അതിജീവിക്കാനുള്ള സാമ്രാജ്യത്വ മൂലധന വ്യവസ്ഥയുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് രൂപംകൊണ്ടതും വ്യാപിച്ചതും നിലനിന്നുപോരുന്നതും.
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), ബോക്കോഹറാം, അൽഖ്വയ്ദ, അൽനുസ്‌റ തുടങ്ങിയ വ്യത്യസ്‌ത രൂപങ്ങളിലും നാമങ്ങളിലും ഭീകരത സൃഷ്ടിക്കുന്ന ആധുനിക ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ പിറകിൽ അമേരിക്കയും സയണിസ്റ്റ് രാഷ്‌ട്രമായ ഇസ്രയേലുമാണെന്നത് ഇത്തരം സംഘടനകളെക്കുറിച്ചുള്ള പഠനങ്ങളും അന്വേഷണ റിപ്പോർട്ടുകളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.
ലോകത്തെല്ലായിടത്തുമുള്ള മതവംശീയ ഭീകരസംഘടനകളെല്ലാം സാമ്രാജ്യത്വ സൃഷ്ടിയാണ്. വ്യത്യസ്‌ത ഭൂഖണ്ഡങ്ങളിൽ തങ്ങളുടെ നവ അധിനിവേശ താൽപ്പര്യങ്ങൾക്കാവശ്യമായ പ്രത്യയശാസ്‌ത്രപദ്ധതിയും പ്രയോഗപരിപാടിയുമെന്ന നിലയിലാണ് സാമ്രാജ്യത്വശക്തികൾ നാനാതരം മതവംശീയ വിഘടനവാദ പ്രസ്ഥാനങ്ങളെ വളർത്തിയെടുത്തിട്ടുള്ളത്.
ദേശാഭിമാനി വാരികയിൽ നിന്ന്














