വഖഫ് നിയമം; മോദിയും വി ഡിയും ഒരേ പാതയിൽ


ഡോ. കെ ടി ജലീൽ
Published on Jul 25, 2026, 12:00 AM | 4 min read
കോടാനുകോടി രൂപയുടെ വഖഫ് സ്വത്തുക്കളാണ് ഇന്ത്യയിലുള്ളത്. വിഭജനാനന്തരം ഇന്ത്യയിൽ അവശേഷിച്ച വഖഫ് സ്വത്തുക്കൾ പൊതുഖജനാവിലേക്ക് ചേർക്കാതെ രാജ്യത്ത് അവശേഷിക്കുന്ന മുസ്ലിങ്ങളുടെ പുരോഗതിക്കായി പ്രയോജനപ്പെടുത്താൻ ഒരു പ്രത്യേക ഭരണസംവിധാനം വേണമെന്ന ചിന്തയാണ് കേന്ദ്ര വഖഫ് കൗൺസിലിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും രൂപീകരണത്തിലേക്ക് നയിച്ചത്.
രാജ്യം മതനിരപേക്ഷമാണെന്നതിന്റെ പ്രഖ്യാപനംകൂടിയായിരുന്നു ആ തീരുമാനം. മൂന്നാം മോദി സർക്കാർ അധികാരത്തിൽ എത്തുന്നതുവരെ രാജ്യത്ത് നിലനിന്നത് വിഭജനശേഷം സ്വതന്ത്ര ഇന്ത്യയിൽ 1954-ലും 1995-ലും പാർലമെന്റ് പാസാക്കിയ വഖഫ് നിയമങ്ങളാണ്.
1954-ലാണ് ആദ്യത്തെ വഖഫ് നിയമം പാർലമെന്റ് പാസാക്കിയത്. "ദ മുസ്ലിം വഖഫ് ആക്ട് 1954’ എന്നാണ് നിയമം അറിയപ്പെട്ടത്. 1954-ലെ വഖഫ് ആക്ട് ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണനിർവഹണത്തിനുള്ള പ്രഥമ സമഗ്ര കേന്ദ്രനിയമമായിരുന്നു. പിന്നീട് കാലാനുസൃതമായി ഈ നിയമത്തിൽ 1969-ലും 1984-ലും അതത് കാലത്തെ സർക്കാരുകൾ ഭേദഗതികൾ വരുത്തി. 1995-ൽ 1954-ലെ ആദ്യത്തെ നിയമം റദ്ദാക്കി പുതിയ വഖഫ് നിയമം പാർലമെന്റ് പാസാക്കി. 2013-ൽ മൻമോഹൻ സിങ്ങിന്റെ കാലത്ത് വീണ്ടും ഭേദഗതി ചെയ്തു. ഇതുപ്രകാരം വഖഫ് സ്വത്തുക്കൾ ഒരുകാരണവശാലും വിൽപ്പന നടത്താനോ മറ്റൊരു വസ്തുവുമായി ഒത്തുമാറാനോ പണയപ്പെടുത്താനോ പാടില്ലെന്ന് നിഷ്‌കർഷിച്ചു. ഈ ഭേദഗതികളൊന്നും മൂലനിയമത്തിന്റെ അന്തസ്സത്തയെ ചോദ്യംചെയ്യുന്നതോ ദുർബലപ്പെടുത്തുന്നതോ ആയിരുന്നില്ല.
2025-ലെ നിയമഭേദഗതിയാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക് ആധാരം. 1954ലെ നിയമത്തിൽ പരമ്പരാഗത ഇസ്ലാമിക നിയമപ്രകാരമുള്ള വഖഫിനായിരുന്നു പ്രാധാന്യം. 2025-ലെ നിയമം വഖഫ് പ്രഖ്യാപനവും രജിസ്ട്രേഷനും അവ പ്രാബല്യത്തിൽ വരുത്തലും സംബന്ധിച്ച വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കി. വഖഫ് സ്വത്തുക്കൾ കൂടുന്നതിന് തടയിടലാണ് ഇതിലൂടെ ബിജെപി സർക്കാർ ലക്ഷ്യംവയ്‌ക്കുന്നത്. വഖഫ് ബോർഡുകളിലും കൗൺസിലുകളിലും മുസ്ലിം സമുദായത്തിൽനിന്നുള്ള പ്രതിനിധികളായിരുന്നു ഇക്കാലമത്രയും ഉണ്ടായിരുന്നത്. എന്നാൽ, മുസ്ലിങ്ങളല്ലാത്ത രണ്ടുപേരെ കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും ഉൾപ്പെടുത്തി അവർക്കുകൂടി ഭരണനിർവഹണത്തിൽ പങ്കാളിത്തം നൽകി മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമം വലിയ ഒച്ചപ്പാടുകൾക്ക് വഴിവച്ചത് സ്വാഭാവികം. രാജ്യത്തെ ദേവസ്വം ബോർഡുകളിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുന്നതിന് സമാനമാണിതെന്ന അഭിപ്രായം പാർലമെന്റിൽത്തന്നെ ബില്ലിന്റെ ചർച്ചാവേളയിൽ ഉന്നയിച്ചെങ്കിലും മോദി സർക്കാർ അത് കേട്ട ഭാവമേ നടിച്ചില്ല.
ദീർഘകാലമായി ആരാധനയ്ക്കോ മതപരമായ ആവശ്യങ്ങൾക്കോ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും സ്ഥലമോ കെട്ടിടമോ വഖഫ് സ്വത്തായി അംഗീകരിച്ചിരുന്ന വ്യവസ്ഥയ്ക്ക് 2025-ലെ ഭേദഗതി അപ്രായോഗിക നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. വഖഫ് സ്വത്ത് വർധിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഈ നിയന്ത്രണങ്ങളെന്ന ആക്ഷേപം ആർക്ക് നിഷേധിക്കാനാകും?
ഒരാൾ ഇസ്ലാംമതം സ്വീകരിച്ചാൽ ഉടൻതന്നെ അയാൾക്ക് ഇഷ്ടമെങ്കിൽ തന്റെ സ്വത്ത് വഖഫ് ചെയ്യാൻ നേരത്തേയുള്ള നിയമപ്രകാരം സാധിക്കുമായിരുന്നു. അത് ദുർബലപ്പെടുത്തുകയും കുറഞ്ഞത് അഞ്ചുവർഷമെങ്കിലും ഇസ്ലാം മതാചാരങ്ങൾ പിന്തുടരുന്ന വ്യക്തികൾക്കുമാത്രമേ സ്വന്തം പേരിലുള്ള സ്വത്ത് സ്വമേധയാ വഖഫായി പ്രഖ്യാപിക്കാൻ സാധിക്കൂ എന്ന പുതിയ നിയമം വഖഫ് സ്വത്ത് കുറയ്ക്കാനല്ലാതെ മറ്റെന്തിനാണ്? വഖഫ് ചെയ്ത സ്ഥലവും വസ്തുക്കളും പരിശോധിക്കാനും സർവേ നടത്താനുമുള്ള ചുമതല സർവേ കമീഷണർമാർക്കാണ് ഇതുവരെയും നൽകിയിരുന്നത്. ഈ അധികാരം സർവേ കമീഷണർമാരിൽനിന്ന് എടുത്തുകളഞ്ഞ് ജില്ലാ കലക്ടർമാർക്ക് നൽകി. വഖഫ് ബോർഡും സർക്കാരും തമ്മിൽ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായാലും അന്തിമതീരുമാനം എടുക്കാനുള്ള ഉത്തരവാദിത്വം കലക്ടർമാർക്കാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കണ്ണായ സ്ഥലങ്ങളിലെ വഖഫ് ഭൂമികൾ സർക്കാരിന് വില നൽകാതെ ഏറ്റെടുക്കാൻ സാധിക്കുന്ന സ്ഥിതി ഉണ്ടാക്കാനല്ലേ ഇത്? ഒരു വസ്തു വഖഫാണോ അല്ലയോ എന്ന് അന്തിമമായി തീരുമാനിക്കാൻ വഖഫ് ബോർഡിനുണ്ടായിരുന്ന അധികാരമാണ് മോദി നിയമം കലക്ടർമാർക്ക് കൈമാറിയത്. വഖഫ് ബോർഡിന്റെ അധികാരമാണ് ഇതിലൂടെ കവർന്നത്. വഖഫ് ബോർഡും സർക്കാരും തമ്മിലോ വഖഫ് ബോർഡും മുസ്ലിം ഇതര ട്രസ്റ്റുകളും തമ്മിലോ സ്വകാര്യവ്യക്തികൾ തമ്മിലോ ഏതെങ്കിലും ഭൂമിക്കോ കെട്ടിടങ്ങൾക്കോ മേലെ തർക്കമുണ്ടായാൽ അതുമായി ബന്ധപ്പെട്ട് കലക്ടറുടെ റിപ്പോർട്ട് വരുന്നതുവരെ തർക്കസ്ഥലങ്ങളും കെട്ടിടങ്ങളും വഖഫ് സ്വത്തായി കണക്കാക്കില്ലെന്നും അത് ജില്ലാ ഭരണകേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും പുതിയ നിയമം അനുശാസിക്കുന്നു. ഇതിനെ എങ്ങനെ എതിർക്കാതിരിക്കാനാകും?
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വഖഫ് ട്രിബ്യൂണലിന്റെ അഥവാ വഖഫ് കോടതികളുടെ തീരുമാനം അന്തിമമായിരുന്നു. ട്രിബ്യൂണൽ വിധിയെ കോടതിയിൽ നേരിട്ട് ചോദ്യംചെയ്യാൻ ഒരുപാട് കടമ്പകളുണ്ടായിരുന്നു. എന്നാൽ, പുതിയ വഖഫ് നിയമത്തിൽ ട്രിബ്യൂണൽ തീരുമാനങ്ങൾ അന്തിമമല്ലെന്നും വഖഫ് കോടതി ഉത്തരവുകൾക്കെതിരെ 90 ദിവസത്തിനുള്ളിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യവസ്ഥ ചെയ്തത്, വഖഫ് ഭൂമികൾ തട്ടിയെടുക്കാൻ തൽപ്പരകക്ഷികൾക്ക് അവസരമൊരുക്കും; തീർച്ച. കൂടാതെ ട്രിബ്യൂണലിൽനിന്ന് ഇസ്ലാമിക നിയമവിദഗ്ധനെ (Muslim law expert) പുതിയ ഭേദഗതിയിലൂടെ ഒഴിവാക്കിയത് ആരെ പ്രീതിപ്പെടുത്താനാണ്?
2025-ലാണ് പുതിയ വഖഫ് ബോർഡ് രണ്ടാം പിണറായി സർക്കാർ പുനഃസംഘടിപ്പിച്ചത്. പുതിയ ഭേദഗതി വന്നതിനുശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന പുനഃസംഘടന. രണ്ട് അമുസ്ലിം അംഗങ്ങളെ അന്ന് ഉൾപ്പെടുത്തിയില്ല. അക്കാര്യത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. അന്യായമായത് നാം ചെയ്യേണ്ടെന്ന് കണിശമായി പറഞ്ഞത് പിണറായിയാണ്. ലീഗ് ഇന്ന് പറയുംപോലെ കേന്ദ്രനിയമം പാലിച്ചില്ലെങ്കിൽ വഖഫ് ബോർഡിന് സാധുത ഉണ്ടാകില്ലെന്ന ന്യായം പറഞ്ഞ് എൽഡിഎഫ് സർക്കാരിനും രണ്ട് അമുസ്ലിം അംഗങ്ങളെ നാമനിർദേശം ചെയ്യാമായിരുന്നു! അതിനുപകരം അത് പാലിക്കാതെ ബോർഡ് രൂപീകരിക്കാൻ ഇടതുപക്ഷ സർക്കാർ കാണിച്ച ജാഗ്രത സതീശൻ മറന്നാലും ലീഗ് മറക്കരുത്.
ഇൗ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നു. വഖഫ് ബോർഡ് പിരിച്ചുവിട്ട് പുതിയ ബോർഡ് കൊണ്ടുവരാൻ ഭരണമേറ്റ നാൾമുതൽ ലീഗ് പരക്കംപായുകയാണ്. 2006-ലും 2016-ലും എൽഡിഎഫ് വന്നപ്പോൾ വഖഫ് ബോർഡിന് ലീഗിന്റെ ചെയർമാന്മാരായിരുന്നു. മൂന്നുവർഷത്തിലധികമുള്ള കാലാവധി പൂർത്തിയാക്കാൻ അവർക്ക് അവസരം നൽകുകയാണ് ചെയ്തത്. അവരെ ആരെയും പിരിച്ചുവിട്ടിട്ടില്ല. ലീഗിന്റെ ഇപ്പോഴത്തെ പിടച്ചിലിന്റെ യഥാർഥ കാരണം എന്താണ്? പല ലീഗ് നേതാക്കളും മതസ്ഥാപനങ്ങളുടെയും യത്തീംഖാനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറവിൽ വഖഫ് ഭൂമി ധാരാളമായി തട്ടിയെടുത്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് നിരവധി കേസുകളുമുണ്ട്. പല കേസുകളിലും വഖഫ് ബോർഡിന്റെ ഇടപെടലിനെ തുടർന്ന് അന്യാധീനപ്പെട്ട സ്വത്തുക്കൾ ബോർഡ് തിരിച്ചുപിടിച്ചു.
വലിയ വരുമാനമുള്ള മലപ്പുറം ജില്ലയിലെ മൂന്നാക്കൽ പള്ളിയുടെ ഭീമമായ സംഖ്യക്ക് കണക്കില്ലാത്തതിന്റെ പേരിൽ കമ്മിറ്റി ഭാരവാഹികളായ ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനാണ് കോടതി പറഞ്ഞത്. അത് നടപ്പാക്കാൻ നിലവിലെ വഖഫ് ബോർഡ് വലിയ താൽപ്പര്യമാണ് കാണിക്കുന്നത്. തളിപ്പറമ്പിലെ പ്രശസ്തമായ കോളേജിന്റെ ഭൂമി അനുവാദമില്ലാതെ ലീഗ് നേതാക്കൾ വിറ്റത് വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. കോഴിക്കോട് ഉൾപ്പെടെ പല പട്ടണങ്ങളിലും വലിയ പ്രമാണിമാർ തുച്ഛമായ വാടക നൽകി വഖഫ് കെട്ടിടങ്ങൾ സ്വന്തമാക്കി വച്ചിട്ട് പതിറ്റാണ്ടുകളായി. അവ ഒഴിപ്പിച്ച് പുതുതായി ടെൻഡർ ചെയ്താൽ കോടികളുടെ വരുമാനമാണ് അധികമായി വഖഫ് ബോർഡിന് ലഭിക്കുക. അതിനായി ഇപ്പോഴത്തെ ചെയർമാൻ കെ എസ് ഹംസയുടെ നേതൃത്വത്തിൽ വഖഫ് ബോർഡ് സജീവമായി രംഗത്തുണ്ട്. ഇതൊക്കെക്കൊണ്ടാണ് ബിജെപിക്കാരെക്കൊണ്ട് കേസ് കൊടുപ്പിച്ച്, അതിന് അനുകൂലമായ നയം കോടതിയിൽ പറഞ്ഞ്, ലീഗ് കാണാമറയത്ത് നിന്ന് പാവക്കൂത്ത് നടത്തുന്നത്.
തന്നെയുമല്ല, വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട പല വ്യവസ്ഥകളും ചോദ്യംചെയ്ത് വ്യക്തികളും സംഘടനകളും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അതിൽ ബോർഡിലേക്ക് നാമനിർദേശം ചെയ്യേണ്ട അമുസ്ലിം മെമ്പർമാരുടെ പ്രശ്നവുമുണ്ട്. അക്കാര്യത്തിൽ സുപ്രീംകോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാതെ തിടുക്കത്തിൽ ബോർഡ് പിരിച്ചുവിട്ട് രണ്ട് അമുസ്ലിം അംഗങ്ങളെ ചേർത്ത് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള പുറപ്പാട് മുസ്ലിം സമുദായ സംഘടനകളുടെ എതിർപ്പിനേ കാരണമാകൂ.
വഖഫ് നിയമം ചോദ്യംചെയ്യുന്ന കേസുകളെല്ലാം തള്ളിപ്പോയെന്നും അമുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ തട്ടിവിട്ട നുണയ്ക്ക് മുസ്ലിംലീഗ് നൽകിയ പിന്തുണ ഞെട്ടിക്കുന്നതാണ്. മുസ്ലിംലീഗ് കേസിൽ കക്ഷിയാണെന്നോർക്കണം. ആഗസ്ത് 25-ന് സുപ്രീംകോടതി കേസ് കേൾക്കാൻ പോകുന്നതേയുള്ളൂ. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ നിയമസാധുതയാണ് പ്രധാനമായും സുപ്രീംകോടതി പരിശോധിക്കുന്നത്. ആ വിധി വരുന്നതുവരെ ഒഴിച്ചിടുകയെന്ന നയം തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരും കേരളത്തിലെ എൽഡിഎഫ് സർക്കാരും സ്വീകരിച്ചപ്പോൾ, ഇപ്പോൾത്തന്നെ വിധി പ്രതികൂലമായെന്ന് പ്രഖ്യാപിച്ച് കെ സുരേന്ദ്രനെയും ഷോൺ ജോർജിനെയും വഖഫ് ബോർഡിൽ തിരുകിക്കയറ്റാൻ ഗൂഢനീക്കം നടത്തുന്ന മുഖ്യമന്ത്രി സതീശൻ ഖദറിട്ട മോദിയല്ലാതെ മറ്റാരാണ്? അതിന് ഒത്താശ ചെയ്യുന്ന എൻ ഷംസുദ്ദീൻ മുണ്ടുടുത്ത അമിത് ഷായല്ലാതെ വേറെ ആരാണ്?















