മനോഹര മനസ്സുള്ള അവർ ജീവിതം പറയട്ടെ

മനോഹര മനസ്സുള്ള അവർ ജീവിതം പറയട്ടെ
ഡോ. സി ജെ ജോൺ
Published on Oct 09, 2026, 01:30 AM | 3 min read
ഹൃദ്‌രോഗം വന്ന് ചികിത്സയെടുത്തവർ അസുഖകാല അനുഭവങ്ങൾ തുറന്നുപറയും. രോഗജീവിതത്തിനിടയിലും പൊരുതിനിന്ന സംഭവങ്ങൾ മറയില്ലാതെ വ്യക്തമാക്കും. അർബുദ രോഗികൾ ഉൾപ്പെടെ അത് ചെയ്യാറുണ്ട്. അതത് രോഗ ദിനാചരണങ്ങളിൽ അനുഭവങ്ങൾ പറയാൻ അവരുമുണ്ടാകും. എന്നാൽ, മാനസികാരോഗ്യദിനങ്ങളിൽ മനസ്സിന്റെ രോഗം ബാധിച്ചവർ അനുഭവസാക്ഷ്യങ്ങളുമായി വരുന്നത് അപൂർവം.
ഈ രോഗം ഉണ്ടായിരുന്നെന്ന് തുറന്നുപറഞ്ഞാൽ സമൂഹം വേർതിരിവോടെയും പരിഹാസത്തോടെയും കണക്കാക്കുമെന്ന വിചാരംമൂലം ഈ മനോഹര മനസ്സുള്ളവർ അതിജീവനവിശേഷങ്ങൾപോലും മിണ്ടില്ല. അവരുടെ ജീവിതാനുഭവങ്ങൾ കേൾക്കപ്പെടണമെന്നും അത് മാറ്റങ്ങൾക്ക് നിമിത്തമാകണമെന്നുമുള്ളതാണ് (lived experiences heard: real voices, real change) ഈ വർഷത്തെ മാനസികാരോഗ്യദിന സന്ദേശം.
തൊണ്ടയിൽ കുടുങ്ങുന്ന പരാതികൾ
ഇത് പോയ മാസമുണ്ടായ സംഭവമാണ്. ചികിത്സയിലൂടെ രോഗമുക്തി നേടിയ ഒരു സ്ത്രീ ഭർത്താവും കുട്ടിയും ഉൾപ്പെടുന്ന കുടുംബത്തിനായി ഫാമിലി മെഡിക്കൽ ഇൻഷുറൻസിനായി അപേക്ഷിക്കുന്നു. സത്യസന്ധയായ അവർ മനസ്സിന്റെ രോഗത്തിന് ചികിത്സയെടുക്കുന്ന വിവരം ഇൻഷുറൻസിനുള്ള അപേക്ഷയിൽ വ്യക്തമാക്കുന്നു. കുടുംബം പൊതുവായി അപേക്ഷിച്ച പ്ലാനിന് ആ സ്ത്രീ അർഹയല്ലെന്നായിരുന്നു ഇൻഷുറൻസ് കമ്പനി നിലപാട്. കാരണം മനോരോഗം! അവർക്ക് കുറഞ്ഞ തുകയ്ക്കുള്ള വേറെ ഇൻഷുറൻസ് പ്ലാൻ അനുവദിക്കാമെന്നായിരുന്നു മറുപടി.
മനസ്സിന്റെ രോഗമുള്ളവർക്ക് പണ്ടൊക്കെ മെഡിക്കൽ ഇൻഷുറൻസ് നിരാകരിക്കുമായിരുന്നു. വിവേചനം പാടില്ലെന്ന് മാനസികാരോഗ്യ പരിപാലന നിയമം അനുശാസിക്കുന്നതുകൊണ്ട് ഇപ്പോൾ പൂർണമായി തള്ളിക്കളയാറില്ല. എന്നാൽ, ശാസ്ത്രീയകാരണം കാണിക്കാതെ പ്രതിബന്ധങ്ങൾ ഇപ്പോഴും സൃഷ്ടിക്കാറുണ്ട്. ഇതിനെതിരെ കേസ് കൊടുക്കാമെന്നും ഫീസ് ഈടാക്കാതെ വാദിക്കാൻ വക്കീലിനെ ഏർപ്പാടാക്കാമെന്നും പറഞ്ഞിട്ടും ആ സ്ത്രീയും ഭർത്താവും സമ്മതിച്ചില്ല. കേസിന് പോയാൽ മനസ്സിന്റെ രോഗം ഉണ്ടായിരുന്നുവെന്ന് പൊതുസമൂഹം അറിയുമെന്നും അത് നാണക്കേടുണ്ടാക്കുമെന്നുമുള്ള ഭയമായിരുന്നു അതിന് കാരണം.
അവരുടെ ശബ്ദവും കേൾക്കണം
ഈ രോഗം മറച്ചുവച്ച് മറ്റൊരു കമ്പനിയുടെ പോളിസിയെടുക്കാൻ ഇവരെ നിർബന്ധിതരാക്കുന്ന ദുരവസ്ഥ മാറേണ്ടേ? തനിക്ക് ഈ രോഗം ഉണ്ടായിരുന്നുവെന്നത് മറ്റ് രോഗങ്ങൾക്കുള്ള ഇൻഷുറൻസ് തുല്യതയോടെ നൽകുന്നതിന് പോരായ്‌മയാകുന്നത് എന്തുകൊണ്ടെന്ന പരാതി അവർക്കുണ്ട്. അത് പരസ്യമായി ചോദിക്കാനുള്ള പരിസരം സൃഷ്ടിക്കണമെന്നാണ് ഈ ലോക മാനസികാരോഗ്യദിനം ഓർമിപ്പിക്കുന്നത്. തന്നെ സംബന്ധിക്കുന്ന കാര്യങ്ങൾ ഉറച്ചശബ്ദത്തിൽ താൻ പറയുമ്പോൾ, അത് ഗൗരവത്തോടെ കേൾക്കപ്പെടുമെന്ന വിശ്വാസം നൽകാനാകണം. രോഗാവസ്ഥയുടെ അനുഭവങ്ങളിലൂടെ കിട്ടിയ അവരുടെ ജ്ഞാനത്തെ മാനിക്കണം. നയരൂപീകരണങ്ങളിൽ ആ ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകണം. മറ്റ് ഏതു രോഗംപോലെതന്നെയാണ് മനോരോഗവുമെന്ന ബോധ്യം പൊതുബോധത്തിൽ ഉണ്ടാക്കാൻ മനസ്സിന്റെ രോഗമുള്ളവർ ജീവിതം പറയണം.
പ്രശസ്തർ രോഗജീവിതം പറയുമ്പോൾ
ആത്മകഥാപരമായ കുറിപ്പുകളിലൂടെ രോഗാവസ്ഥയിലുള്ള ജീവിതാനുഭവങ്ങളാണ് മുഹമ്മദ് അബ്ബാസ് വിശപ്പ്, പ്രണയം, ഉന്മാദം എന്ന മലയാളപുസ്‌തകത്തിലൂടെ വരച്ചുകാട്ടുന്നത്. ചില മനോരോഗ ചികിത്സാ സാഹചര്യങ്ങളിലെ മനുഷ്യത്വരഹിതവും യാന്ത്രികവുമായ ഇടപെടലുകളെക്കുറിച്ചും മറ്റു ചില ഇടങ്ങളിൽനിന്ന് കിട്ടിയ സ്നേഹനിർഭരമായ സമീപനങ്ങളെക്കുറിച്ചും ആ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ആത്മഹത്യാപ്രേരണയിൽനിന്ന് രക്ഷ തേടുന്നതും പറയുന്നുണ്ട്. തലച്ചോറെന്ന ജെല്ലി മിഠായിയുടെ കോശങ്ങളിൽ ചിലതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്ന് സ്വബോധം നഷ്ടമാകുമ്പോൾമാത്രമാണ് നമ്മൾ ഈ ജീവിതത്തിന്റെ, ഈ സ്വബോധത്തിന്റെ വില അറിയുന്നതെന്ന എട്ടാംക്ലാസ് വരെമാത്രം പഠിച്ച മുഹമ്മദ് അബ്ബാസിന്റെ അനുഭവസാക്ഷ്യം നൽകുന്ന മാനസികാരോഗ്യസന്ദേശം എത്ര മൂല്യവത്താണ്.
പ്രശസ്ത നടൻ അനുപം ഖേർ അടുത്തയിടെയാണ് ബൈപോളാർ ഡിസോഡറിന് ചികിത്സയെടുത്ത വിവരം തുറന്നുപറഞ്ഞത്. ഉറക്കം നഷ്ടപ്പെട്ടതുമൂലം കണ്ണിനുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നേത്രരോഗ വിദഗ്ധനെ സമീപിച്ചു. ആ ഡോക്ടറാണ് സൈക്യാട്രിസ്റ്റിനെ കാണാൻ നിർദേശിച്ചത്. സൈക്യാട്രിസ്റ്റിന്റെ പ്രശ്നങ്ങൾ അങ്ങോട്ട് ചോദിക്കുകയും അതിന് പരിഹാരം നൽകലുമായിരുന്നു ആ പരിശോധനാവേളയിൽ കക്ഷി ചെയ്‌തത്.
യുക്തിരഹിതമായ ശുഭാപ്തിവിശ്വാസത്തെയും തന്റെ കഴിവുകളെക്കുറിച്ചുള്ള അതിശയോക്തി കലർന്ന സങ്കൽപ്പങ്ങളെയും ആധാരമാക്കി ഡോക്ടർ ബൈപോളാർ രോഗമുണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വർഷങ്ങൾക്കുമുമ്പ് പ്രമുഖ നടി ദീപിക പദുകോണും അവർ നേരിട്ട വിഷാദരോഗത്തെ ചികിത്സകളിലൂടെ അതിജീവിച്ചതിനെപ്പറ്റി സമൂഹത്തോട് തുറന്നുപറഞ്ഞു. ആ രോഗത്തെ നേരത്തേ തിരിച്ചറിയാനും ശാസ്‌ത്രീയ ചികിത്സ സ്വീകരിക്കാനുമുള്ള അവബോധം വളർത്താനുമുള്ള ഒരു പ്രസ്ഥാനം തുടങ്ങുകയും ചെയ്തു.
അവർ പറയട്ടെ, മാറ്റങ്ങൾ വരട്ടെ
സാധാരണക്കാർക്ക് ഇങ്ങനെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തടസ്സമുണ്ടാക്കുന്ന ഏറെ കാര്യങ്ങളുണ്ട്. മനോരോഗിയെന്ന അവസ്ഥയെ ആക്ഷേപമുദ്രയാക്കി മാറ്റിയാൽ പിന്നെ പറയുന്ന വാക്കുകൾക്ക് എന്തുവിലയെന്ന ചിന്ത അവരെ നിശ്ശബ്ദരാക്കും. അതുകൊണ്ടാണ് മനസ്സിന്റെ രോഗമുള്ളവരുടെ മനുഷ്യാവകാശങ്ങൾ അവഗണിക്കപ്പെടുന്നത്; ചില ചികിത്സാകേന്ദ്രങ്ങളിലെ ദയനീയ സാഹചര്യങ്ങളിൽ രോഗികൾ മിണ്ടാതെ കഴിയുന്നത്. രോഗത്തെ അതിജീവിച്ചുള്ള ഉജ്വലജീവിതത്തെക്കുറിച്ചുപോലും അവർ മൗനംപാലിക്കുന്നു. ഇതൊക്കെ മാറണം. അവരുടെ ജീവിതവും സമൂഹം അറിയണം. ആദരം നൽകി ഗൗരവത്തോടെ കേൾക്കണം. എന്നാലേ മാനസികരോഗ പരിചരണത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകൂ.
(ലേഖകൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റും സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി മുൻ അംഗവുമാണ്)














