‘മക്കയുടെ ചെക്ക്’; ത്രിരാഷ്ട്ര പ്രതിരോധകരാറിന്റെ മാനങ്ങൾ


ഡോ. ജോസഫ് ആന്റണി
Published on Aug 10, 2026, 01:30 AM | 4 min read
ലോകത്തിന് ആത്മീയതയുടെ ധവളദീപ്തി ചൊരിയുന്ന വിശുദ്ധനഗരമാണ് സൗദി അറേബ്യയിലെ മക്ക. പ്രവാചകൻ മുഹമ്മദ് നബിയും ഇസ്ലാം മതവിശ്വാസവും പിറവിയെടുത്ത മക്ക, ആഗോളരാഷ്ട്രീയത്തിൽ ദൂരവ്യാപക ചലനങ്ങൾ സൃഷ്ടിക്കാൻപോകുന്ന രാഷ്ട്രീയനീക്കത്തിന്റെകൂടി ജന്മദേശമാകുകയാണ്. 2026 ആഗസ്‌ത് ഏഴിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തുർക്കിയ പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഒപ്പിട്ട ‘മക്ക സംയുക്ത പ്രതിരോധകരാർ’, പശ്ചിമേഷ്യയിൽ തുടക്കമാകുന്ന നിർണായകവും തന്ത്രപരവുമായ രാഷ്ട്രീയനീക്കങ്ങളുടെ നാന്ദിയാണ്.
ഈ കരാറിലൂടെ എണ്ണസമ്പന്നമായ സൗദി അറേബ്യയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനികശക്തിയായ തുർക്കിയയും ഇസ്ലാമിക രാജ്യങ്ങളിലെ ഏകആണവശക്തിയായ പാകിസ്ഥാനുമാണ് ഒത്തുചേരുന്നത്. അവ മൂന്നും ഇസ്ലാമിലെ സുന്നി വിഭാഗത്തിന് ഭൂരിപക്ഷമുള്ള രാജ്യങ്ങളുമാണ്.
പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലം
അമേരിക്കയുടെ ഒത്താശയോടെ, പശ്ചിമേഷ്യൻ രാജ്യങ്ങളുടെമേൽ ഇസ്രയേൽ നിരന്തരം നടത്തുന്ന നിയമവിരുദ്ധ കടന്നാക്രമണങ്ങളോടുള്ള പ്രതികരണമാണ് ‘മക്ക ത്രിരാഷ്ട്ര പ്രതിരോധകരാർ’. വാസ്തവത്തിൽ, 2023 ഒക്ടോബറിൽ ഇസ്രയേൽ ഹമാസിനെതിരെ യുദ്ധം ആരംഭിച്ച സന്ദർഭത്തിൽത്തന്നെ ഇത്തരമൊരു കരാറിനെക്കുറിച്ച് ആലോചനകൾ ആരംഭിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 2026 ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ആരംഭിച്ച യുദ്ധമാണ് പശ്ചിമേഷ്യയിലെയും ദക്ഷിണേഷ്യയിലെയും യൂറോപ്പിലെയും മൂന്ന് ഇസ്ലാമികരാജ്യങ്ങളെ സംയുക്ത പ്രതിരോധകരാർ രൂപീകരിക്കുന്നതിൽ എത്തിച്ചത്. 1981ൽ സ്ഥാപിതമായ ഗൾഫ് രാജ്യങ്ങളുടെ സംഘടനയായ ഗൾഫ് സഹകരണ കൗൺസിലിന് (ജിസിസി) യൂണിഫൈഡ് മിലിറ്ററി കമാൻഡ് എന്ന പേരിൽ സൈനികവിഭാഗം ഉണ്ടെങ്കിലും, അത് എല്ലാ സംഘർഷങ്ങളിലും ഇടപെടാറില്ല എന്നതും ഇൗ അവസരത്തിൽ ഓർക്കണം. ഈ മൂന്നുരാജ്യങ്ങളും പ്രതിരോധകരാറിൽ ഒത്തുചേരുന്നത് ആദ്യമാണെങ്കിലും പ്രതിരോധപരവും തന്ത്രപരവുമായ കരാറുകളിൽ അവയിലെ രണ്ടുരാജ്യങ്ങൾവീതം നേരത്തേതന്നെ സഹകരണം ആരംഭിച്ചിരുന്നു.
2009ൽ തുർക്കിയയും പാകിസ്ഥാനും സൈനിക- സാമ്പത്തിക സഹകരണത്തിനുള്ള കരാറിലെത്തി. ആയുധംവാങ്ങൽ, സൈനിക പരിശീലനം, സൈനികവിവരങ്ങൾ കൈമാറൽ എന്നിവയെല്ലാം അതിന്റെ ഭാഗമായി ആരംഭിച്ചിരുന്നു. 2025 സെപ്തംബറിൽ കൂടുതൽ ശക്തമായ പ്രതിരോധകരാറിലാണ് സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പിട്ടത്. ‘തന്ത്രപരമായ പരസ്പര പ്രതിരോധകരാർ’ എന്നപേരിൽ അറിയപ്പെട്ട ഉടമ്പടിയിൽ ഒപ്പിട്ട സൗദി അറേബ്യയോ പാകിസ്ഥാനോ മറ്റുരാജ്യങ്ങളാൽ ആക്രമിക്കപ്പെട്ടാൽ രണ്ട് രാജ്യങ്ങളും ആക്രമിക്കപ്പെട്ടതായി കരുതുമെന്നും അവയെ സംയുക്തമായി നേരിടുമെന്നും പ്രഖ്യാപിച്ചു. സൈനിക സഹകരണം വർധിപ്പിക്കൽ, സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തൽ, രാജ്യസുരക്ഷയ്ക്കായി ബാഹ്യശക്തികളെ ആശ്രയിക്കുന്നത് കുറയ്ക്കൽ എന്നിവയായിരുന്നു ആ കരാറിന്റെ ലക്ഷ്യങ്ങൾ. അമേരിക്കയും ഇസ്രയേലുംചേർന്ന് 2025 ജൂണിൽ ഇറാനെതിരെ നടത്തിയ ആക്രമണത്തിന്റെയും 2025 ഏപ്രിൽ–-മെയ് മാസങ്ങളിലുണ്ടായ ഇന്ത്യ-–പാകിസ്ഥാൻ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് സെപ്തംബറിലെ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ സൈനികസഹകരണ കരാർ നിലവിൽവന്നത് എന്നതും ഓർക്കേണ്ടതാണ്.
മക്ക പ്രതിരോധകരാർ
2026 ആഗസ്‌ത് ഏഴിന് എത്തിച്ചേർന്ന ചരിത്രപരമായ മക്ക പ്രതിരോധകരാർ 2025 സെപ്തംബറിലെ സൗദി-–പാകിസ്ഥാൻ സൈനികസഹകരണ കരാറിന്റെ തുടർച്ചയാണ്. ഈ കരാറിൽ ഒപ്പിട്ട മൂന്ന് രാജ്യങ്ങളും ഏത് ആക്രമണത്തെയും സംയുക്തമായി പ്രതിരോധിക്കുമെന്നും കരാറിൽ ഉൾപ്പെട്ട ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ആക്രമണം, മൂന്ന് രാജ്യങ്ങൾക്കും എതിരായ ആക്രമണമായി കരുതുമെന്നും പ്രഖ്യാപനം നടത്തിയത് അതിന്റെ നിദർശനമാണ്. മാത്രമല്ല സംയുക്ത സൈനിക അഭ്യാസങ്ങൾ, സൈനിക പരിശീലനം, സാങ്കേതികവിദ്യാകൈമാറ്റം, സൈനിക വിവരങ്ങളുടെ പങ്കിടൽ എന്നിവയിലൂടെ ഈ കരാർ മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ സഹകരണത്തിന്റെ എല്ലാ മേഖലകളെയും ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്നു. പാകിസ്ഥാൻ പ്രതിരോധവിദഗ്ധൻ അബ്ദുല്ല ഖാന്റെ അഭിപ്രായത്തിൽ തുർക്കിയ, സൗദി അറേബ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പതിറ്റാണ്ടുകളായുള്ള ബന്ധങ്ങളുടെ സ്വാഭാവിക പരിണാമവും ഔദ്യോഗികവൽക്കരണവുമാണ് ഇപ്പോൾ നടന്നത്. എന്നാൽ അതിന്റെ വേഗം വർധിപ്പിച്ചത്, പശ്ചിമേഷ്യൻ മേഖലയിലെ ഇപ്പോഴത്തെ സുരക്ഷാ സാഹചര്യങ്ങളും യുദ്ധങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എന്തുകൊണ്ട് മക്ക കരാർ
എന്താണ് ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടത്തിലെ മൂന്ന് കരുത്തന്മാർ ഇപ്പോൾ ഇങ്ങനെയൊരു കരാറിൽ എത്തിച്ചേരാനുള്ള സാഹചര്യം. തുർക്കിയ വിദേശമന്ത്രി ഹകൻ ഫിദാൻ അതിന് കൃത്യമായ വിശദീകരണം നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘നമ്മൾ അംഗീകരിക്കേണ്ട കാര്യം, ഒന്നുകിൽ നമ്മൾ ഒരുമിച്ച് ചേർന്ന് നമ്മുടെ പ്രശ്നങ്ങൾ നമ്മളായിത്തന്നെ പരിഹരിക്കണം; അല്ലെങ്കിൽ പുറത്തുനിന്നുള്ള മേധാവിത്വശക്തികൾ വന്ന് അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പരിഹാരം അടിച്ചേൽപ്പിക്കും, അല്ലെങ്കിൽ മറ്റാരെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നത് തടഞ്ഞുകൊണ്ട് വെറുതെയിരിക്കും’. മൂന്ന് വർഷത്തോളമായി പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളാണ് ഇത്തരമൊരു കരാറിലെത്താൻ മൂന്ന് രാജ്യങ്ങളെയും പ്രേരിപ്പിച്ച അടിയന്തര സാഹചര്യം. 2023 ഒക്ടോബറിൽ ഹമാസിനെതിരായി ഇസ്രയേൽ ആരംഭിച്ച യുദ്ധം വംശഹത്യയായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കൻ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ നിലവിൽവരുമ്പോൾ എഴുപത്തിനായിരത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും, ഇസ്രയേൽ ഗാസയിൽ ആക്രമണം നിർബാധം നടത്തിക്കൊണ്ടേയിരിക്കുന്നു. ഗാസയുടെ എഴുപത് ശതമാനത്തോളം പ്രദേശങ്ങളും കൈയടക്കിയ ഇസ്രയേൽ ഇപ്പോൾ വെസ്‌റ്റ്‌ബാങ്ക് പ്രദേശത്തേക്കും ലെബനന്റെ തെക്കൻ ഭാഗത്തേക്കും കടന്നുകയറുന്നു. സയണിസ്റ്റ് ഇസ്രയേലിന്റെ കുടിയേറ്റ കോളനിനയങ്ങൾ എല്ലാ സീമകളും ലംഘിച്ചു നടപ്പാക്കുകയാണ്. ഗാസയിൽ ആക്രമണം അഭംഗുരം തുടരുമ്പോഴാണ് 2026 ഫെബ്രുവരിയിൽ എട്ടുമാസത്തിനുള്ളിൽ രണ്ടാംതവണ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സംയുക്ത സൈനികാക്രമണം അഴിച്ചുവിട്ടത്.
ഇറാൻ തിരിച്ചടിച്ചത് പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികത്താവളങ്ങൾ ആക്രമിച്ചുകൊണ്ടാണ്. സൗദി അറേബ്യ, ഖത്തർ, യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളെല്ലാം ഇറാന്റെ കനത്ത ആക്രമണത്തിന് വിധേയമായി. ഇസ്രയേലിനെ രക്ഷിക്കാൻ അമേരിക്ക നടത്തിയ യുദ്ധത്തിന്റെ ദുരന്തഫലം ഏൽക്കേണ്ടിവന്നത് ഗൾഫ് രാജ്യങ്ങൾക്കാണ്. അവയുടെ രക്ഷയ്ക്കെത്താൻ അമേരിക്ക തയ്യാറായതുമില്ല. അതിനുപുറമെ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പെട്രോളിയം ഉൽപ്പന്നങ്ങൾ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുകയുംചെയ്തു. ഇറാന്റെ സൈനികാക്രമണത്തെ പ്രതിരോധിക്കാനോ ഹോർമുസ് കടലിടുക്ക് തുറക്കാനോ അമേരിക്കയ്‌ക്ക് കഴിഞ്ഞില്ല.
ഇപ്പോൾ ഇറാനെ സഹായിക്കുന്ന യമനിലെ ഹൂതി വിഭാഗം, സൗദിയുടെ എണ്ണ കടന്നുപോകുന്ന ചെങ്കടലിലെ ബാബ് എൽ മാൻഡേബ് കടലിടുക്കും ആക്രമിക്കുകയാണ്. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ അമേരിക്കയുടെ മുഖ്യ പരിഗണനാവിഷയമല്ലെന്നും അവരുടെ പ്രതിരോധക്കുട പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് സുരക്ഷ നൽകില്ലെന്നുമുള്ള തിരിച്ചറിവ് നൽകുന്നതായിരുന്നു അമേരിക്ക–-ഇറാൻ യുദ്ധം. ഇറാനെ തകർത്തശേഷം ഇനി തുർക്കിയയെയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന ഇസ്രയേലി നേതാക്കളുടെ പ്രസ്താവനകൂടി വന്നതാണ് ഇൗയൊരു സഖ്യത്തിലേക്കുവരാൻ തുർക്കിയയെ പ്രേരിപ്പിച്ചത്.
പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കൻ-–ഇസ്രയേൽ മേധാവിത്വത്തെ മാത്രമല്ല മക്ക കരാർ ലക്ഷ്യംവയ്ക്കുന്നത്; ഇറാന്റെ ആക്രമണങ്ങളെ നേരിടാനുള്ള പ്രാദേശിക സൈനിക സംരംഭംകൂടിയാണ് ത്രിരാഷ്‌ട്രകരാർ. ഒരു രാജ്യത്തിനെതിരായ ആക്രമണം, മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കരുതുമെന്ന മക്ക കരാർവ്യവസ്ഥകൾ ഗൗരവമായി നടപ്പാക്കിയാൽ, പാകിസ്ഥാനുമായി കടുത്ത പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ഇന്ത്യക്കും ഈ കരാർ വെല്ലുവിളിയാകും. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചതുരംഗക്കളത്തിലെ സ്വാർഥപ്രേരിതമായ അമേരിക്കൻനീക്കത്തിന് ചെക്കുപറഞ്ഞിരിക്കുകയാണ് മക്ക പ്രതിരോധകരാറിലൂടെ സൗദിയും പാകിസ്ഥാനും തുർക്കിയയും. ഇത് അമേരിക്കയോടുള്ള അവിശ്വാസപ്രഖ്യാപനം മാത്രമല്ല, പശ്ചിമേഷ്യയിലെ പുതിയ രാഷ്‌ട്രീയ സമാവാക്യങ്ങളുടെ ഉദയംകൂടിയാണ്.














