ഐടിയിൽ പിരിച്ചുവിടലിന്റെ വർഷമോ

ടി ചന്ദ്രമോഹൻ
Published on May 08, 2026, 09:48 PM | 3 min read
പുതിയ സാമ്പത്തികവർഷത്തിലും ഐടി മേഖല നൽകുന്നത് പുതിയ പ്രതീക്ഷകളല്ല. ഏപ്രിൽ പിന്നിടുമ്പോൾത്തന്നെ ഐടി മേഖലയിൽ നിലനിൽപ്പിനെക്കുറിച്ചുള്ള അനിശ്ചിതത്വം ജീവനക്കാരിൽ വലിയ തോതിൽ ഉയർന്നുവരികയാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വൻകിട ടെക് കമ്പനികൾ നിയമനത്തിൽ പിന്നോട്ടുപോകുകയും പിരിച്ചുവിടലുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണിച്ചിരുന്നത്. നടപ്പുവർഷവും പല വൻകിട കമ്പനികളും ഇതേ സമീപനം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 2026-ൽ വൻകിട കന്പനികളിലെല്ലാം പിരിച്ചുവിടലുകളുടെ വേഗം വർധിപ്പിച്ചിരിക്കുകയാണ്. ഈ വർഷം ഇതുവരെ പ്രധാനപ്പെട്ട 92 കമ്പനികളിലായി 92,272 ജീവനക്കാരെ ഒഴിവാക്കി. മെറ്റാ അവരുടെ ആകെ ജീവനക്കാരുടെ 10 ശതമാനം, ഏകദേശം 8000 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു. കൂടാതെ നിലവിലുള്ള 6000 ഒഴിവുകളിൽ നിയമനനിരോധം ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ഇൗ പിരിച്ചുവിടലിന്റെ പ്രത്യാഘാതം ഇന്ത്യയിലും ഉണ്ടാകും.
മൈക്രോസോഫ്റ്റിന്റെ അമേരിക്കയിലുള്ള 1,25,000 ജീവനക്കാരിൽ ഏഴ് ശതമാനംപേർ സ്വമേധയാ വിരമിക്കൽ പദ്ധതിയിലൂടെ പിരിഞ്ഞുപോകണമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ ഓറക്കിൾ ലോകമെമ്പാടും ഏകദേശം 30,000 ജീവനക്കാരെ വെട്ടിക്കുറച്ചു. ഇതിൽ മൂന്നിലൊന്ന് ജീവനക്കാരും ഇന്ത്യയിലായിരിക്കും. 2026 മാർച്ചിൽ ഐടി മേഖലയിൽ 45,800 പേർക്ക് ജോലി നഷ്ടപ്പെട്ടു. 29 കമ്പനികളാണ് ഇത്രയും ജീവനക്കാരെ കുറച്ചിരിക്കുന്നത്. ഏപ്രിലിൽ ഇതുവരെ 12,000 പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഐടി രംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ കൊഗ്‌നിസന്റ് 7000 മുതൽ 15,000 വരെ തൊഴിലാളികളെ പിരിച്ചുവിടുകയാണ്. നിർമിത ബുദ്ധി കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാതൃകയിലേക്ക് മാറുന്നതും ആഗോള സാമ്പത്തികസാഹചര്യങ്ങളുമാണ് ഈ നീക്കത്തിനുപിന്നിൽ. കന്പനിയിലെ 3,57,600 ജീവനക്കാരിൽ 2,56,900 പേരും ഇന്ത്യയിലാണ്. പിരിച്ചുവിടലിന്റെ കൃത്യമായ കണക്കുകൾ സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2025 ജൂലൈ–ഡിസംബറിൽ 31,000 ജീവനക്കാരെ ഒഴിവാക്കിയ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) നടപ്പുവർഷവും ഇതേ സമീപനം തുടരുകയാണ്. കഴിഞ്ഞവർഷം 7800 ജീവനക്കാരെ ‘ഒൗദ്യോഗിക’മായി പിരിച്ചുവിട്ടപ്പോൾ 23,000 ജീവനക്കാർ സ്വയം രാജിവച്ചൊഴിയാൻ നിർബന്ധിതരായി. നിരവധി ജീവനക്കാരോട് നിർബന്ധിതമായി ഒഴിയാൻ മാനേജ്‌മെന്റ് ആവശ്യപ്പെടുകയാണ് ഇപ്പോൾ. ആമസോൺ ഉൾപ്പെടെയുള്ള നിരവധി കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാൻ വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വൻകിട ടെക് കമ്പനികൾ ചെലവ് കുറയ്ക്കാനായി ജീവനക്കാരെ പിരിച്ചുവിടുമ്പോൾ നിർമിത ബുദ്ധി വികസന പദ്ധതികളിലും ഡാറ്റ സെന്റർ വികസനത്തിലും ശതകോടി ഡോളറുകൾ നിക്ഷേപിക്കുകയാണ്. കന്പനികൾ തുടർച്ചയായ പുനഃസംഘടനകൾക്ക് മുൻതൂക്കം നൽകുന്നതിനാൽ ജോലിസ്ഥിരതയെക്കുറിച്ചുള്ള ചർച്ചകളാണ് ഐടി മേഖലയിൽ വ്യാപകമാകുന്നത്. ആളുകളെ ഒഴിവാക്കുന്നതിനനുസരിച്ച് പുതുതായി നിയമനം നൽകുന്നില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ആഗോള രാഷ്ട്രീയവും സാമ്പത്തികവുമായ ഘടകങ്ങളും ഐടി മേഖലയിലെ പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്. സാമ്പത്തികമാന്ദ്യം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പലിശനിരക്കുകളുടെ വർധന, സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപങ്ങളുടെ കുറവ് എന്നിവയെല്ലാം ചേർന്നാണ് പ്രശ്‌നം സൃഷ്ടിച്ചത്. നിർമിത ബുദ്ധിയുടെ അതിവേഗ വളർച്ച ഐടി മേഖലയെ ഒരു വഴിത്തിരിവിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇതിനെ വെറും സാങ്കേതിക പരിണാമമെന്ന നിലയിൽമാത്രം കാണാൻ കഴിയില്ല. മറിച്ച്, ഇത് ആഗോള മൂലധനവ്യവസ്ഥയുടെ പുതിയ ഘട്ടത്തിലെ മാറ്റത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നിർമിത ബുദ്ധിയുടെ വരവോടെ ആവർത്തനസ്വഭാവമുള്ള ജോലികൾ യന്ത്രങ്ങൾ ഏറ്റെടുക്കാൻ തുടങ്ങി. കോഡിങ്, ടെസ്റ്റിങ്, ഡാറ്റ പ്രോസസിങ് തുടങ്ങിയ മേഖലകളിൽ മനുഷ്യവിഭവശേഷിയുടെ ആവശ്യകത കുറയുകയാണ്. ഇതോടെ കമ്പനികൾ ‘കാര്യക്ഷമത’ എന്ന പേരിൽ തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങി.
നിർമിത ബുദ്ധി തൊഴിൽവിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കൊട്ടിഘോഷിക്കപ്പെടുമ്പോഴും, ഐടി മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ആശങ്കയായി മാറിക്കഴിഞ്ഞു. ലാഭക്കൊതി മൂത്ത മൂലധനശക്തികൾ സാങ്കേതികവിദ്യയെ മനുഷ്യപുരോഗതിക്കായല്ല, മറിച്ച് തൊഴിൽചൂഷണത്തിനും ലാഭവർധനയ്‌ക്കുമുള്ള ആയുധമായാണ് ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യന്റെ ജോലിഭാരം കുറയ്ക്കാനും ജീവിതനിലവാരം ഉയർത്താനുമാണ് സഹായിക്കേണ്ടത്. എന്നാൽ, നിലവിലെ മുതലാളിത്ത വ്യവസ്ഥിതിയിൽ പുതിയ കണ്ടുപിടിത്തങ്ങൾ തൊഴിലാളികളുടെ അന്നം കവർന്നെടുക്കാനാണ് ഉപയോഗിക്കുന്നത്. മെറ്റയും മൈക്രോസോഫ്റ്റും ഗൂഗിളും ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ നടത്തുന്ന കൂട്ട പിരിച്ചുവിടലുകൾ ഈ പ്രവണതയുടെ തെളിവാണ്. മുമ്പ് വിദഗ്‌ധ തൊഴിലാളികൾ ചെയ്തിരുന്ന ജോലികൾ നിർമിത ബുദ്ധി ലളിതമാക്കുന്നതോടെ, കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാൻ തയ്യാറുള്ളവരെ നിയമിക്കാനോ അല്ലെങ്കിൽ പൂർണമായും യന്ത്രവൽക്കരിക്കാനോ കമ്പനികൾക്ക് സാധിക്കുന്നു. ജോലിഭാരം കുറയുമ്പോൾ അതിന്റെ ഗുണം തൊഴിലാളികൾക്ക് ലഭിക്കുന്നതിനുപകരം, പിരിച്ചുവിടലുകളിലൂടെ ലാഭം വർധിപ്പിക്കാനാണ് കോർപറേറ്റുകൾ ശ്രമിക്കുന്നത്.
ഐടി മേഖല പതുക്കെ ഒരു ‘ഗിഗ്’ മാതൃകയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സ്ഥിരമായ ജോലി, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഒഴിവാക്കി ‘ഫ്രീലാൻസ്’ അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിലുള്ള ജോലികളിലേക്ക് തൊഴിലാളികളെ തള്ളിവിടുന്നു. "യജമാനൻ നിശ്ചയിക്കുന്ന സമയത്ത്, അവർ നിശ്ചയിക്കുന്ന കൂലിക്ക്’ പണിയെടുക്കേണ്ടി വരുന്ന പുതിയ കാലത്തെ അടിമത്തമായി ഐടി മേഖല മാറുകയാണ്. തൊഴിലാളികളുടെ തൊഴിൽസുരക്ഷയും ജീവിതമാനവും പിന്നോട്ടുപോകുന്നു. ഓട്ടോമേഷൻ വർധിക്കുന്നതോടെ നിരവധി മേഖലകളിൽ മനുഷ്യതൊഴിൽ ആവശ്യം കുറയുകയും തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും വർധിക്കുകയും ചെയ്യുന്നു. ഇത് വെറും സാമ്പത്തികപ്രശ്നമല്ല; ഇത് സാമൂഹികനീതിയുടെയും മനുഷ്യത്വത്തിന്റെയും പ്രശ്നമാണ്. പുതിയ ലേബർ കോഡുകളാകട്ടെ ഇന്ത്യയിൽ ജോലിസമയം 14 മണിക്കൂർവരെ ദീർഘിപ്പിക്കാനുള്ള അവസരവും ഒരുക്കുന്നു. പുതിയ തൊഴിൽനിയന്ത്രണങ്ങൾ കാരണം ജീവനക്കാർക്ക് ഒരുദിവസം 12 മണിക്കൂറിലേറെ ജോലി ചെയ്യുകയല്ലാതെ മറ്റ് വഴിയില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.
ഭാവിയിൽ ഐടി മേഖല നേരിടാൻ പോകുന്നത് നിരവധി വെല്ലുവിളികളാണ്. നിർമിത ബുദ്ധിയിലടക്കമുള്ള സാങ്കേതികവിദ്യ ചുരുക്കം ചില വൻകിട കമ്പനികളുടെ കൈകളിൽമാത്രം ഒതുങ്ങുന്നത് ജനാധിപത്യപരമായ ഭീഷണിയും വെല്ലുവിളിയുമാണ്. തൊഴിലാളികളുടെ അധ്വാനംമാത്രമല്ല, അവരുടെ സ്വകാര്യവിവരങ്ങൾപോലും ലാഭത്തിനായി വിൽക്കപ്പെടുന്ന വിവരചൂഷണം പ്രധാന ഭീഷണിയാണ്. പിരിച്ചുവിടൽഭീഷണിയും അമിത ജോലിഭാരവും തൊഴിലാളികളുടെ മാനസികാരോഗ്യത്തെ തകർക്കും. ഇതുതന്നെ ഒരു സാമൂഹ്യപ്രശ്‌നമായി ഉയർന്നുവരും. ഐടി ജീവനക്കാർക്കിടയിൽ ശക്തമായ ട്രേഡ് യൂണിയനുകളുടെ അഭാവം, കമ്പനികൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. പിരിച്ചുവിടലുകൾക്കെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാടാൻ തൊഴിലാളി സംഘടനകൾ അനിവാര്യമാണ്.















