ഭയം ഒഴിയാതെ മണിപ്പുർ


സാജൻ എവുജിൻ
Published on May 02, 2025, 10:48 PM | 3 min read
മണിപ്പുരിന് വംശീയസംഘർഷത്തിന്റെ ചരിത്രമുണ്ടെങ്കിലും ഭരണം പിടിച്ചെടുക്കാനും അത് നിലനിർത്താനും ബിജെപിയും സംഘപരിവാറും നടത്തിയ കൈവിട്ട കളികളാണ് സംസ്ഥാനത്തെയാകെ കലാപത്തിലേക്ക് നയിച്ചത്. കോൺഗ്രസിൽനിന്ന് അധികാരം മോഹിച്ച് ബിജെപിയിൽ എത്തിയ ബിരേൻ സിങ് ഒരുവിഭാഗത്തിന്റെമാത്രം മുഖ്യമന്ത്രിയായാണ് പ്രവർത്തിച്ചത്. ബിജെപി ഭരണത്തിൽ വന്നശേഷം സംഘപരിവാർ പിന്തുണയുള്ള ആരംബായ് തെംഗോൽ, മെയ്‌ത്തീ ലീപുൺ എന്നീ സംഘടനകൾ കുക്കികൾക്കെതിരെ തീവ്ര വിദ്വേഷപ്രചാരണം നടത്തുകയും വംശീയ-വർഗീയ വെറി പടർത്തുകയും ചെയ്തു.
രാജ്യത്തെ വടക്കുകിഴക്കൻ മേഖലയിലെ തന്ത്രപ്രധാന സംസ്ഥാനമായ മണിപ്പുർ, കലാപത്തിൽ അമർന്നിട്ട് രണ്ടുവർഷം പൂർത്തിയാകുന്നു. രണ്ട് വംശീയവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് ചിലർ വിശേഷിപ്പിക്കുമെങ്കിലും അതിസങ്കീർണമാണ് മണിപ്പുരിലെ സ്ഥിതിവിശേഷം. സംഘർഷം പൊട്ടിപ്പുറപ്പെട്ട് രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ നൂറുകണക്കിന് ക്രൈസ്‌തവ ആരാധനാലയങ്ങൾ തകർക്കപ്പെട്ടത് കലാപം വർഗീയസ്വഭാവത്തിലേക്ക് നീങ്ങിയെന്നതിന് തെളിവാണ്. രണ്ട് സ്‌ത്രീകളെ വസ്‌ത്രമുരിഞ്ഞ് പൂർണനഗ്‌നരാക്കി തെരുവിൽ പരേഡ് ചെയ്യിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കലാപം അന്താരാഷ്‌ട്ര ശ്രദ്ധയിലും എത്തിയിരുന്നു. കൂട്ടബലാത്സംഗങ്ങൾ, വീടുകൾ കൊള്ളയടിച്ച് തീയിടൽ, രോഗിയുമായി പോയ ആംബുലൻസ് കത്തിച്ച് കൊലപാതകം, തല അറുത്തുമാറ്റി പ്രദർശിപ്പിക്കൽ തുടങ്ങി നിന്ദ്യവും ക്രൂരവുമായ കൃത്യങ്ങൾ കലാപത്തിനിടെ ഉണ്ടായി. അംഗഭംഗം വന്ന മൃതദേഹങ്ങൾ പതിവ് കാഴ്‌ചയായി. മെയ്‌ത്തീകൾക്കും കുക്കികൾക്കും ദീർഘനാളായി ആക്രമണങ്ങളും ഏറ്റുമുട്ടലുകളും തുടരാൻ ഇത്രയേറെ ആയുധങ്ങൾ എവിടെനിന്നാണ് കിട്ടുന്നതെന്ന ചോദ്യം പ്രസക്തമാണ്. പൊലീസ് സ്‌റ്റേഷനുകളിൽനിന്ന് കൊള്ളയടിച്ചതും കള്ളക്കടത്ത് വഴി സംഭരിച്ചതും നിയമപ്രകാരം സൂക്ഷിക്കുന്നതുമടക്കം വൻ ആയുധശേഖരമാണ് മണിപ്പുരിൽ വിവിധ വിഭാഗങ്ങൾക്കുള്ളത്.
മണിപ്പുരിന് വംശീയസംഘർഷത്തിന്റെ ചരിത്രമുണ്ടെങ്കിലും ഭരണം പിടിച്ചെടുക്കാനും അത് നിലനിർത്താനും ബിജെപിയും സംഘപരിവാറും നടത്തിയ കൈവിട്ട കളികളാണ് സംസ്ഥാനത്തെയാകെ കലാപത്തിലേക്ക് നയിച്ചത്. കോൺഗ്രസിൽനിന്ന് അധികാരം മോഹിച്ച് ബിജെപിയിൽ എത്തിയ ബിരേൻ സിങ് ഒരുവിഭാഗത്തിന്റെമാത്രം മുഖ്യമന്ത്രിയായാണ് പ്രവർത്തിച്ചത്. ബിജെപി ഭരണത്തിൽ വന്നശേഷം സംഘപരിവാർ പിന്തുണയുള്ള ആരംബായ് തെംഗോൽ, മെയ്‌ത്തീ ലീപുൺ എന്നീ സംഘടനകൾ കുക്കികൾക്കെതിരെ തീവ്ര വിദ്വേഷപ്രചാരണം നടത്തുകയും വംശീയ-വർഗീയ വെറി പടർത്തുകയും ചെയ്തു. സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ഉപയോഗിച്ചു.
മെയ്‌ത്തീ വിഭാഗക്കാർക്ക് പട്ടികവർഗപദവി നൽകുന്നത് പരിഗണിക്കണമെന്ന് ഇംഫാൽ ഹൈക്കോടതി വിധിച്ചതിനുപിന്നാലെ 2023 മെയ് മൂന്നിന് കലാപം ആരംഭിച്ചപ്പോൾ സംസ്ഥാനത്തെ സുരക്ഷാ സംവിധാനമാകെ ചീട്ടുകൊട്ടാരംപോലെ തകർന്നു. തലസ്ഥാനമായ ഇംഫാലിലെ പൊലീസ് സ്‌റ്റേഷനുകളിൽനിന്ന് മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് തോക്കുകളാണ് കവർച്ച ചെയ്യപ്പെട്ടത്. മെയ്‌ത്തീ തീവ്രവാദികളുമായി ബിരേൻ സിങ് രഹസ്യചർച്ചകൾ നടത്തുന്നതിന്റെ ശബ്‌ദരേഖയും പുറത്തുവന്നിട്ടുണ്ട്. കലാപം നീണ്ടുപോയപ്പോഴും ബിരേൻ സിങ്ങിനെ സംരക്ഷിക്കാനാണ് ബിജെപിയും കേന്ദ്രസർക്കാരും മുതിർന്നത്. നൂറുകണക്കിനുപേർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ അഭയാർഥികളായി മാറുകയും സംസ്ഥാനം രണ്ടായി വിഭജിക്കപ്പെടുകയും ചെയ്‌തപ്പോഴും ബിരേൻ സിങ് മുഖ്യമന്ത്രിയായി തുടർന്നു. കേന്ദ്ര–- സംസ്ഥാന മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ പലവട്ടം ആക്രമിക്കപ്പെട്ടു. എന്നാൽ, ബിരേൻ സിങ്ങിനെ പുറത്താക്കി സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത് കലാപം 22–-ാം മാസത്തിൽ എത്തിയപ്പോൾ മാത്രമാണ്. രാഷ്‌ട്രപതി ഭരണത്തിലും സംസ്ഥാനത്ത് സമാധാനം അകലെയാണ്.

സംവരണവിഷയം, ലഹരിമരുന്ന് മാഫിയയുടെ താൽപ്പര്യങ്ങൾ, മലമേഖലകളിലെ ഭൂമിക്കായി മെയ്‌ത്തീകൾ പുലർത്തുന്ന മോഹങ്ങൾ എന്നിവയും സംഘർഷത്തിന് കാരണങ്ങളാണ്. മധ്യഭാഗം പരന്ന് പാർശ്വങ്ങൾ ഉയർന്നുനിൽക്കുന്ന പാത്രത്തിന്റെ ആകൃതിയാണ് മണിപ്പുരിന്. ഇംഫാൽ താഴ്‌വരയാണ് മധ്യത്തിൽ. ജനസംഖ്യയിൽ 50 ശതമാനത്തിലധികം വരുന്ന മെയ്‌ത്തീകളാണ് ഇംഫാലിൽ തിങ്ങിപ്പാർക്കുന്നത്. കുക്കി, നാഗ ഗോത്രങ്ങൾ മലമേഖലകളിലും. ഇംഫാലിൽനിന്ന് മലമേഖലകളിലേക്ക് മെയ്‌ത്തീകൾ കുടിയേറാൻ ശ്രമിക്കുന്നത് വംശീയസംഘർഷം ആളിപ്പടരാൻ വഴിയൊരുക്കി. കോർപറേറ്റ് താൽപ്പര്യങ്ങളും മണിപ്പുരിലെ മലയോര– -വനഭൂമിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രം പ്രഖ്യാപിച്ച എണ്ണപ്പന കൃഷി നടപ്പാക്കണമെങ്കിൽ പതിനായിരക്കണക്കിന് ഹെക്ടർ വനഭൂമി കണ്ടെത്തണം. കുക്കി ഗോത്ര ഗ്രാമങ്ങൾ ഒഴിപ്പിക്കേണ്ടിവരും. പോപ്പിക്കൃഷിയാണ് കുക്കികളുടെ പ്രധാന വരുമാനമാർഗം. ഇവിടെ കൃഷിചെയ്‌തെടുക്കുന്ന പോപ്പിയിലയിൽ വളരെ ചെറിയ ഭാഗം മാത്രമാണ് ലഹരിമരുന്ന് നിർമാണത്തിനായി ഉപയോഗിക്കുന്നത്; പോപ്പിവിളവിൽ ബഹുഭൂരിപക്ഷവും ഭക്ഷ്യ ആവശ്യത്തിനായാണ് എടുക്കുന്നത്. പോപ്പിക്കൃഷിയുടെ പേരിൽ കുക്കികൾക്കെതിരെ വ്യാപകമായി ദുഷ്‌പ്രചാരണം നടക്കുന്നു; ലഹരിമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നത് ഇംഫാലിലെ പ്രമാണിമാരാണുതാനും.
മെയ്‌ത്തീ സമൂഹത്തെ ഹിന്ദുക്കളായി ഉയർത്തിക്കാട്ടി പ്രശ്‌നം പരിഹരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളും സ്ഥിതി വഷളാക്കി. മതരൂപമില്ലാത്ത ‘സനാമഹിസം’ പിന്തുടരുന്നവരായിരുന്നു പൊതുവെ മെയ്‌ത്തീകൾ. ഇവരെ സംഘപരിവാർ കൂടാരത്തിൽ എത്തിക്കാൻ നടത്തിയ നീക്കങ്ങളാണ് വർഗീയവികാരം ആളിക്കത്തിച്ചത്. ക്രൈസ്‌തവർക്കുനേരെ ആക്രമണങ്ങൾക്ക് സാഹചര്യം സൃഷ്ടിച്ചതും ഈ നീക്കമാണ്. ലോകം മുഴുവൻ സഞ്ചരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പുർ സന്ദർശിക്കാനും കലാപബാധിതരെ ആശ്വസിപ്പിക്കാനും തയ്യാറായിട്ടില്ല. സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾക്ക് തുടക്കം കുറിക്കാത്തതും ഏറെ വിചിത്രമാണ്. ഇതിനിടെ, വീണ്ടും ബിജെപി സർക്കാർ രൂപീകരിക്കാനും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, മണിപ്പുരിൽ ഇപ്പോഴും ഭീതിയുടെ അന്തരീക്ഷമാണ്.














