Articles

ladakh protest

ആകസ്‌മികമല്ല,
 ലഡാക്കിലെ പോരാട്ടം

ladak protest
avatar
സാജൻ എവുജിൻ

Published on Sep 28, 2025, 11:19 PM | 3 min read

തിബറ്റ്‌ അതിരിടുന്ന ലഡാക്കിന്റെ സാംസ്‌കാരികപാരന്പര്യം സന്പന്നമാണ്‌. തിബറ്റുമായുള്ള സന്പർക്കംവഴി ലഡാക്കിൽ ബുദ്ധമതം പ്രചരിക്കുകയും ചെയ്‌തു. ക്രിസ്‌തുവർഷം 950 മുതൽ 1834 വരെ സ്വതന്ത്രരാജ്യമായിരുന്ന ലഡാക്ക്‌ അക്കാലത്ത്‌ രാഷ്‌ട്രീയമായും സാംസ്‌കാരികമായും തനിമയോടെ നിലകൊണ്ടു. 1834ൽ ജമ്മു കശ്‌മീരിലെ ദോഗ്ര ഭരണാധികാരികൾ ജനറൽ സൊരാവർ സിങ്ങിന്റെ നേതൃത്വത്തിൽ ലഡാക്ക്‌ കീഴടക്കി. ഇതോടെ ജമ്മു കശ്‌മീരിന്റെ ഭാഗമായി മാറിയ ലഡാക്ക്‌, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിക്കുശേഷം രാജ്യത്തിന്റെ അവിഭാജ്യഘടകമായി മാറി. 1979ൽ ജമ്മു കശ്‌മീർ സർക്കാർ ലഡാക്കിനെ ലേ, കാർഗിൽ എന്നിങ്ങനെ രണ്ടു ജില്ലയായി വിഭജിച്ചു. ലേ ബുദ്ധമതവിശ്വാസികൾക്ക്‌ ഭൂരിപക്ഷമുള്ള പ്രദേശമാണ്‌; കാർഗിൽ മേഖലയിൽ മുസ്ലിങ്ങളാണ്‌ കൂടുതൽ. 45,110 ചതുരശ്രകിലോമീറ്റർ വിസ്‌തീർണമുള്ള ലേയിലെ 1.33 ലക്ഷം ജനങ്ങളിൽ 90 ശതമാനവും ആദിവാസികളാണ്‌. 14,000ൽപ്പരം ചതുരശ്രകിലോമീറ്റർ വരുന്ന കാർഗിലിൽ 1.40 ലക്ഷവുമാണ്‌ ജനസംഖ്യ. ലഡാക്കിന്‌ സ്വയംഭരണാവകാശം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളെ തുടർന്ന്‌ 1995ൽ ലഡാക്ക്‌ ഓട്ടോണമസ്‌ ഹിൽ ക‍ൗൺസിൽ രൂപീകരിച്ചെങ്കിലും ജനങ്ങളുടെ അഭിലാഷങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ ഉതകുന്ന സംവിധാനമായിരുന്നില്ല. തൊഴിലില്ലായ്‌മ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇവിടെ രൂക്ഷമാണ്‌. രാജ്യത്തെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിലൊന്നായി ലഡാക്ക്‌ തുടർന്നു.


ബിജെപിയുടെ കള്ളക്കളി

ജമ്മു കശ്‌മീരിന്റെ ഭാഗമായി നിലകൊണ്ടതാണ്‌ ലഡാക്കിന്റെ ദുരവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ ബിജെപി പ്രചരിപ്പിച്ചിരുന്നു. 2019ൽ മോദിസർക്കാർ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്‌ ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയപ്പോൾ മേഖലയിൽ പ്രതീക്ഷയും ആവേശവും പ്രകടമായത്‌ ഇ‍ൗ പശ്ചാത്തലത്തിലാണ്‌. കൂടുതൽ സ്വയംഭരണാവകാശം ലഭിക്കുമെന്നും കേന്ദ്രസഹായം ഒഴുകിയെത്തുമെന്നും നാട്ടുകാർ പൊതുവെ കരുതി. എന്നാൽ, ആറുവർഷത്തിനുശേഷം അവർ നിരാശയിലും രോഷത്തിലുമാണ്‌. വാഗ്‌ദാനം ചെയ്‌ത വിപുലമായ സ്വയംഭരണാവകാശം ലഭിച്ചില്ലെന്നുമാത്രമല്ല, ജമ്മു -കശ്‌മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ചുവന്ന അവകാശങ്ങളും ഹനിക്കപ്പെടുകയും ചെയ്‌തു. വൻതോതിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ചേതോഹരമായ പ്രദേശങ്ങൾ കോർപറേറ്റുകൾക്ക്‌ കൈമാറാനുള്ള തത്രപ്പാടിലുമാണ്‌ കേന്ദ്രം.


ധാതുഖനനത്തിനായി ഇ‍ൗ ഭൂപ്രദേശങ്ങൾ കോർപറേറ്റുകൾക്ക്‌ കൈമാറുന്നതോടെ ആട്ടിടയന്മാർ അടക്കമുള്ള തദ്ദേശീയ വിഭാഗങ്ങളുടെ ജീവിതമാർഗം അടയും. ചെമ്മരിയാടുകളെ വളർത്തിയാണ്‌ ഗോത്രവിഭാഗങ്ങൾ കഴിയുന്നത്‌. വൻകിട കമ്പനികളുടെ ഖനനവും അശാസ്‌ത്രീയ നിർമാണങ്ങളും ലഡാക്കിലെ പരിസ്ഥിതിദുർബലമായ ഭൂമിയെ തകർക്കുമെന്നും ആശങ്കയുണ്ട്‌. ഭൂമിക്കും വിഭവങ്ങൾക്കുംമേൽ ആദിവാസികളുടെ അവകാശം സംരക്ഷിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ലഡാക്കിനെ ഭരണഘടനയുടെ ആറാംപട്ടികയിൽപ്പെടുത്തി സ്വയംഭരണ ജില്ലാ കൗൺസിൽ രൂപീകരിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെടുന്നു. ത്രിപുരയിലും മറ്റും ഇത്തരത്തിൽ ആദിവാസിമേഖല സ്വയംഭരണ കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്‌. ലഡാക്കിൽ വൻ ജനപിന്തുണയാണ്‌ ഈ ആവശ്യത്തിന്‌ ലഭിച്ചിട്ടുള്ളത്‌.


ladak protest


ജനങ്ങൾ സംഘടിക്കുന്നു

ലഡാക്കിന്‌ കൂടുതൽ സ്വയംഭരണാധികാരം ആവശ്യപ്പെട്ടുള്ള പ്രക്ഷാേഭം കഴിഞ്ഞവർഷം തുടക്കത്തിൽ ശക്തിയാർജിച്ചു. ലേയിലെ രാഷ്‌ട്രീയ–മത–പൗരസമൂഹ സംഘടനകളുടെ കൂട്ടായ്‌മയായ ലേ അപെക്‌സ്‌ ബോഡി (എൽഎബി), കാർഗിൽ മേഖലയിലെ വിവിധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്‌മയായ കാർഗിൽ ഡെമോക്രാറ്റിക്‌ അലയൻസ്‌ (കെഡിഎ) എന്നീ വേദികളുടെ നേതൃത്വത്തിൽ ലേയിലും കാർഗിലിലും 2024 ഫെബ്രുവരി മൂന്നിന്‌ പൂർണ ബന്ദ്‌ ആചരിച്ചു. കാലങ്ങളായി നിലനിന്ന തർക്കങ്ങളും രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങളും മറികടന്നാണ്‌ ഇരു വേദികളും ഒന്നിച്ചത്‌. ലഡാക്കിന്‌ സംസ്ഥാനപദവി, ഭരണഘടനയുടെ ആറാംപട്ടികയിൽപ്പെടുത്തുക, ലഡാക്കിൽ രണ്ട്‌ ലോക്‌സഭാ സീറ്റ്‌, തദ്ദേശീയ യുവജനങ്ങൾക്ക്‌ തൊഴിൽസംവരണം എന്നീ പൊതു ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇവർ ഒന്നിച്ചത്‌. ‘ഭിന്നിപ്പിച്ച്‌ ഭരിക്കുക’ എന്ന ബിജെപി തന്ത്രത്തിനേറ്റ കടുത്ത ആഘാതമായിരുന്നു ഈ സംഭവവികാസം. മുസ്ലിം, ബുദ്ധ, ഹിന്ദു വിശ്വാസികൾ ഒന്നിച്ചുനീങ്ങുന്നത്‌ സംഘപരിവാറിന്റെയും ബിജെപിയുടെയും ജമ്മു -കശ്‌മീർ അജൻഡയെ വെള്ളത്തിലാക്കി. ഇതിനോടുള്ള കേന്ദ്രത്തിന്റെ പ്രതികാരമാണ്‌ ഇപ്പോൾ പ്രകടമാകുന്നത്‌.


അടിച്ചമർത്തൽ

ലഡാക്കുകാരുടെ അതിജീവനപോരാട്ടത്തെ അടിച്ചമർത്താനാണ്‌ കേന്ദ്രസർക്കാരിന്റെ ശ്രമം. തങ്ങളുടെ ജീവിതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം ആവശ്യപ്പെട്ട്‌ സാമൂഹ്യ–വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം സെപ്‌തംബർ ഒന്നിന്‌ ലേയിൽനിന്ന്‌ സമരസമിതി കാൽനടയാത്ര തുടങ്ങി. ഒരുമാസത്തെ കഠിനയാത്രയ്‌ക്കുശേഷം ഡൽഹി അതിർത്തിയിൽ എത്തിയപ്പോൾ സുരക്ഷാഭടന്മാരാണ്‌ എതിരേറ്റത്‌. 24 മണിക്കൂർ തടഞ്ഞുവച്ചശേഷമാണ്‌ ലക്ഷ്യസ്ഥാനമായ രാജ്‌ഘട്ടിലേക്ക്‌ നീങ്ങാൻ അനുവദിച്ചത്‌. ജന്തർമന്തറിൽ 10 പേരുടെ സത്യഗ്രഹം നടത്താൻ അനുമതി തേടിയെങ്കിലും ഡൽഹി പൊലീസ്‌ നിരസിച്ചു. ഇതിനെതിരെ ലഡാക്ക്‌ ഭവനിൽ വാങ്‌ചുക്കും കൂട്ടരും നിരാഹാരം നടത്തി. ഇതേത്തുടർന്ന്‌ കേന്ദ്രസർക്കാർ നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ വാങ്‌ചുക്കും സഹപ്രവർത്തകരും മടങ്ങി. ഒരുവർഷം കഴിഞ്ഞിട്ടും വാക്കുപാലിക്കാൻ കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തിൽ വാങ്‌ചുക്കിന്റെ നേതൃത്വത്തിൽ വീണ്ടും നിരാഹാരം തുടങ്ങി. നിരാഹാരം അനുഷ്‌ഠിച്ചവരെ അറസ്റ്റ്‌ ചെയ്യാനുള്ള ശ്രമം സംഘർഷത്തിലും പൊലീസ്‌ വെടിവയ്‌പിലും എത്തി. നാലുപേർ കൊല്ലപ്പെട്ടു; ഒട്ടേറെപ്പേർക്ക്‌ പരിക്കേറ്റു.


ladak protest


ആരാണ്‌ സോനം വാങ്‌ചുക്

​അന്പത്തൊന്പതുകാരനായ വാങ്‌ചുക് വിദ്യാഭ്യാസംവഴി മെക്കാനിക്കൽ എൻജിനിയറാണ്‌; പിന്നിട്ടതാകട്ടെ കനൽവഴികളും. സ്വന്തം ഗ്രാമത്തിൽ വിദ്യാലയങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ഒന്പതാംവയസ്സിലാണ്‌ സ്‌കൂളിൽ ചേർന്നത്‌. ഗോത്രഭാഷമാത്രം അറിയാമായിരുന്ന വാങ്‌ചുക്കിന്‌ ശ്രീനഗറിലെ സ്‌കൂൾ പഠനം കടുത്ത പരീക്ഷണമായി. അധ്യാപകരും സഹപാഠികളും പറയുന്നതൊന്നും മനസ്സിലാകുന്നില്ല. പലതവണ പരിഹാസത്തിന്‌ പാത്രമായപ്പോൾ 1997ൽ ഡൽഹിയിലേക്ക്‌ കടന്ന വാങ്‌ചുക് കേന്ദ്രീയ വിദ്യാലയത്തിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ശ്രീനഗർ ആർഇസിയിൽനിന്ന്‌ ബിടെക് നേടിയശേഷം വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങളിൽ മുഴുകി. ലഡാക്കിലെ ഏക അച്ചടിമാസികയായിരുന്ന ‘ലഡാഗ്‌സ്‌ മെലോങ്ങി’ന്റെ പത്രാധിപരായി പ്രവർത്തിച്ചു. ‘ത്രീ ഇഡിയറ്റ്‌സ്‌’ എന്ന സിനിമയ്‌ക്ക്‌ ആമിർ ഖാനെ പ്രേരിപ്പിച്ചത്‌ സോനം വാങ്‌ചുക്കിന്റെ ജീവിതമാണ്‌.


sonam wangchuk


തന്ത്രപ്രധാന മേഖലകൾ കലുഷിതം

മണിപ്പുരും ജമ്മു കശ്‌മീരുംപോലെ ഇന്ത്യയിലെ തന്ത്രപ്രധാന മേഖലയാണ്‌ ലഡാക്ക്‌. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ നിർണായകപങ്കാണ്‌ ഇ‍ൗ മേഖലകളിൽ വസിക്കുന്നവർ വഹിക്കുന്നത്‌. ബിജെപിയുടെയും സംഘപരിവാറിന്റെയും സങ്കുചിത രാഷ്‌ട്രീയ അജൻഡയും വിദ്വേഷപ്രചാരണവും അടിച്ചമർത്തൽ നടപടികളും മണിപ്പുരിനെയും ജമ്മു കശ്‌മീരിനെയും അസ്വസ്ഥമാക്കി. മണിപ്പുർ 2023 മെയ്‌ മൂന്നുമുതൽ കലാപബാധിതമാണ്‌. ഇംഫാൽ താഴ്‌വരയിൽ അധിവസിക്കുന്ന മെയ്‌ത്തീകളും പർവതമേഖലകളിൽ കഴിയുന്ന കുക്കി വംശജരും തമ്മിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കാൻ കേന്ദ്രസർക്കാരിന്‌ കഴിയുന്നില്ല. ത്രിപുരയിൽ ബിജെപി വഞ്ചിച്ചതായി ആരോപിച്ച്‌ ആദിവാസിമേഖലാ പാർടിയായ തിപ്ര മോത്ത കലാപം അഴിച്ചുവിട്ടിരിക്കുകയാണ്‌. കഴിഞ്ഞദിവസം തിപ്ര മോത്തക്കാർ ബിജെപി ഓഫീസുകൾക്ക്‌ തീയിട്ടു. ലഡാക്കിലെ സംഘർഷത്തെ ഒറ്റപ്പെട്ടതായി കാണാൻ കഴിയില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്താൻ ബിജെപി ഭരണത്തിന്‌ കഴിയുന്നില്ല.​



deshabhimani section

Dont Miss it

Recommended for you

Deshabhimani

Subscribe to our newsletter

Quick Links


Home