ഉത്തരേന്ത്യയിലെ തൊഴിലാളി മുന്നേറ്റം


എളമരം കരീം
Published on Apr 19, 2026, 10:04 PM | 3 min read
ഡൽഹിയുടെ പരിസരത്തുള്ള സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന് തൊഴിലാളികൾ നടത്തിയ സമരം ആവേശകരമാണ്. ലേബർ കോഡുകൾവഴി തൊഴിലാളികളുടെ സംഘടനാസ്വാതന്ത്ര്യം, പണിമുടക്ക് അവകാശം എന്നിവ ഹനിച്ച മോദി സർക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണ് ഈ തൊഴിലാളി മുന്നേറ്റം.
ഹരിയാനയിലെ മനേസർ, പാനിപ്പത്ത്, സോനിപ്പുർ, രാജസ്ഥാനിലെ ഭിവാഡി, നീംറാണ, അൽവാർ, ഗുജറാത്തിലെ സൂറത്ത്, ഹസീറ, ബിഹാറിലെ ബറൂണി, യുപിയിലെ നോയ്‌ഡ തുടങ്ങിയ വ്യവസായ മേഖലകളിലാണ് തൊഴിലാളികൾ പണിമുടക്കി തെരുവിലിറങ്ങിയത്.
വ്യവസായശാലകളിലെ സ്ഥിരം ജോലികളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുകയും നാമമാത്ര വേതനം നൽകുകയും ചെയ്യുന്ന നടപടികളെയാണ് തൊഴിലാളികൾ ചോദ്യം ചെയ്തത്. ഒരുമാസം 12,000 രൂപവരെയാണ് ഇവരുടെ ശമ്പളം. ദിനംപ്രതി 13 മണിക്കൂറാണ് ജോലിസമയം. ആഴ്‌ച അവധി, ഇഎസ്ഐ, പിഎഫ്, ബോണസ്, ജോലി സുരക്ഷ എന്നിവയൊന്നും ഇല്ല. ബിജെപി സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന "ലേബർ കോഡുകളുടെ’ കൊള്ളത്തരം വ്യക്തമാക്കുന്നതാണ് രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെങ്ങും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില കുതിച്ചുയർന്നു. ഒരു സിലിണ്ടറിന് 500 രൂപവരെയാണ് ഡൽഹി പരിസരങ്ങളിൽ വർധിപ്പിച്ചത്. തുച്ഛമായ വേതനംമാത്രം ലഭിക്കുന്ന തൊഴിലാളികളുടെ ജീവിതത്തെ ഇത് ദുസ്സഹമാക്കി. ഈ സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ പതിനായിരക്കണക്കിന് തൊഴിലാളികൾ പണിമുടക്കി പ്രതിഷേധമാരംഭിച്ചത്. വടക്കേ ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഷങ്ങളായി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചിട്ടില്ല.
"വ്യവസായ പ്രോത്സാഹനം’ എന്ന നയത്തെ അടിസ്ഥാനപ്പെടുത്തി വ്യവസായികൾക്കനുകൂലമായ നയങ്ങളാണ് ബിജെപി സർക്കാരുകൾ സ്വീകരിക്കുന്നത്. മിനിമം വേതനം പുതുക്കാതിരിക്കുന്നതും നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കാത്തതും ഇതിന്റെ ഭാഗമാണ്. പുതിയ ലേബർ കോഡുകൾ ഇത്തരം തൊഴിലാളിവിരുദ്ധ നയങ്ങൾ കൈക്കൊള്ളാൻ സൗകര്യം നൽകി.
പത്ത് വർഷത്തിലധികമായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മിനിമം വേതനം പുതുക്കി നിശ്ചയിക്കാത്തതിനാൽ വളരെ ചുരുങ്ങിയ തുകമാത്രമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. വൻകിട ഉൽപ്പാദന കമ്പനികളിൽ കരാർ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ നിയമിക്കുന്നത്. ഏത് നിമിഷവും പിരിച്ചുവിടാമെന്ന സാഹചര്യത്തിൽ ഭയപ്പാടോടെയാണ് അവർ ജോലി ചെയ്യുന്നത്.
ദിവസം 13 മണിക്കൂർവരെ ജോലി ചെയ്യണമെന്നാണ് വ്യവസ്ഥ. എട്ടുമണിക്കൂറിനു ശേഷമുള്ള ജോലിക്ക് ഓവർടൈം വേതനമില്ല. 13 മണിക്കൂർ വീതം ജോലി ചെയ്താലും ഒരുമാസം ലഭിക്കുന്നത് 13,000 രൂപമാത്രം. വിലക്കയറ്റം രൂക്ഷമായപ്പോൾ ഗത്യന്തരമില്ലാതെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. കടുത്ത പൊലീസ് നടപടിയിലൂടെയാണ് സമരത്തെ സർക്കാരുകൾ നേരിട്ടത്. തൊഴിലാളികളിൽ പലരെയും വീട്ടുതടങ്കലിലാക്കി. പ്രകടനത്തിനു നേരെ ലാത്തിച്ചാർജ് ഉണ്ടായി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, തൊഴിലാളികൾ ഒത്തുചേരുന്നത് തടഞ്ഞു.
സമരം നടത്തുന്നവർ തീവ്രവാദികളാണെന്നും അവർ വ്യവസായ വികസനത്തെ തകർക്കുകയാണെന്നുമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരസ്യമായി പറഞ്ഞത്. തൊഴിലാളി സമരത്തിന്റെ ശക്തി അവഗണിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. നിലവിലുള്ള വേതനത്തിൽ 25 ശതമാനം വർധന വരുത്തുമെന്ന് സർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്നും പ്രഖ്യാപിച്ചു.
തൊഴിലാളി സമരത്തിന്റെ ആഘാതത്തെ അവഗണിക്കാൻ ഒരു ‘യോഗി'ക്കും കഴിയാത്ത സാഹചര്യം ഉണ്ടായി. വടക്കേ ഇന്ത്യയാകെ വ്യാപിച്ച വ്യവസായ തൊഴിലാളി സമരം സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്താൻ ബിജെപി സർക്കാരുകൾ തയ്യാറായില്ല. എല്ലാം ഏകപക്ഷീയമായി സർക്കാർ തീരുമാനിക്കുന്നു. ട്രേഡ് യൂണിയനുകളെ സർക്കാർ അംഗീകരിക്കുന്നില്ല. ബിജെപി സർക്കാരുകളുടെ തൊഴിലാളിവിരുദ്ധമുഖം വ്യക്തമാക്കുന്നതാണ് വടക്കേ ഇന്ത്യയിലെ തൊഴിലാളി സമരങ്ങളോട് എടുത്ത നിലപാട്.
ലേബർ കോഡുകൾ തൊഴിലാളികൾക്ക് അനുകൂലമാണെന്ന് വാദിക്കുന്ന ബിഎംഎസിന്റെ വായടപ്പിക്കുന്നതാണ് ഇൗ തൊഴിലാളി സമരം. അഞ്ച് സംസ്ഥാനങ്ങളിൽ ആകെ ആളിപ്പടർന്ന സമരത്തോട് നിസ്സംഗ നിലപാടാണ് ബിഎംഎസ് സ്വീകരിച്ചത്. അവരുടെ തൊഴിലാളിവിരുദ്ധ നിലപാട് തുറന്നുകാട്ടപ്പെട്ടു. എല്ലാ സമരകേന്ദ്രങ്ങളിലും സജീവമായി ഇടപെട്ടത് സിഐടിയുവാണ്. സിഐടിയു സംസ്ഥാന കമ്മിറ്റികൾ എല്ലാ സമരകേന്ദ്രങ്ങളിലും ഐക്യദാർഢ്യവുമായി രംഗത്തുവന്നു. കിസാൻസഭയും പിന്തുണ നൽകി. സിഐടിയു പ്രസിഡന്റ് സുദീപ് ദത്ത, ജനറൽ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധു എന്നിവരുടെ നേതൃത്വത്തിൽ നോയ്‌ഡയിലെ സമരകേന്ദ്രത്തിൽ എത്തി. കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തൊഴിലാളികൾ ഉയർത്തിയ എല്ലാ പ്രശ്‌നങ്ങളും ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്തു പരിഹരിക്കണമെന്നും തൊഴിലാളികൾക്കു നേരെയുള്ള പൊലീസ് നടപടികൾ അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സിഐടിയു നേതാക്കളുടെ പര്യടനം തൊഴിലാളികളിൽ ആവേശം ഉണ്ടാക്കി.
ഏപ്രിൽ 16ന് ഈ തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങാൻ രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളോടും സിഐടിയു ആഹ്വാനം ചെയ്തിരുന്നു. ഐക്യദാർഢ്യദിനാചരണം വൻ വിജയമായി. തൊഴിലാളിവർഗത്തിന് ആശ്രയിക്കാവുന്ന പ്രസ്ഥാനം സിഐടിയു ആണെന്ന ബോധ്യം തൊഴിലാളികൾക്ക് ബോധ്യമായി. ഐക്യദാർഢ്യ പ്രവർത്തനം നടക്കുന്നതിനിടയിൽ നോയ്‌ഡയിൽ സിഐടിയു പ്രവർത്തകർക്കു നേരെ വീണ്ടും പൊലീസ് നടപടിയുണ്ടായി. സിഐടിയു ഡൽഹി സംസ്ഥാന പ്രസിഡന്റ് അനിയൻ ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്‌ത് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ആർക്കും അവരെ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഈ സന്ദർഭത്തിലാണ് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പിബി അംഗങ്ങളായ അമ്രാറാം, അരുൺകുമാർ, എംപിമാരായ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹിം എന്നിവർ നോയ്‌ഡയിൽ എത്തിയത്. നോയ്‌ഡയിലെ സ്ഥിതി ചർച്ച ചെയ്യാൻ കലക്ടറെ നേതാക്കൾ ബന്ധപ്പെട്ടു. കലക്ടർ കൂടിയാലോചനയ്ക്ക് തയ്യാറായില്ല. മാത്രമല്ല അറസ്റ്റ് ചെയ്‌തവരെ വിട്ടയക്കണമെന്ന ആവശ്യത്തോടും അധികൃതർ അനുകൂല നിലപാട് എടുത്തില്ല.
ഈ സാഹചര്യത്തിൽ സിപിഐ എം നേതാക്കളും എംപിമാരും കലക്ടറേറ്റിനു മുന്നിൽ സമരം ആരംഭിച്ചു. ഈ സമരം തൊഴിലാളികളിൽ ആവേശം ഉണർത്തി. ധിക്കാര നിലപാട് സ്വീകരിച്ച കലക്ടറും മറ്റ് ഉദ്യോഗസ്ഥരും നേതാക്കളുടെ സമരത്തിനു മുമ്പിൽ മുട്ടുമടക്കി. കലക്ടർ നേതാക്കളുമായി ചർച്ചയ്ക്ക് സന്നദ്ധമായി. അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽവച്ച നേതാക്കളെ നിരുപാധികം വിട്ടയക്കാൻ പൊലീസ് നിർബന്ധിതമായി. വടക്കേ ഇന്ത്യയിലെ തൊഴിലാളി സമരവും ഈ സമരത്തിൽ സിഐടിയു നടത്തിയ ഇടപെടലുകളും സമരത്തിന് സിപിഐ എം നൽകിയ പിന്തുണയും രാജ്യത്താകെ ആവേശം ഉയർത്തി. മോദി സർക്കാരിന്റെ ലേബർ കോഡുകൾക്കും തൊഴിലാളിവിരുദ്ധ നയങ്ങൾക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് കളമൊരുക്കാൻ നോയ്‌ഡയിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തൊഴിലാളി സമരങ്ങൾക്കും സാധിച്ചു.














