പുതിയകാല പ്രശ്‌നങ്ങൾ നേരിടാൻ പ്രവാസികൾ

പുതിയകാല പ്രശ്‌നങ്ങൾ നേരിടാൻ പ്രവാസികൾ

ബാദുഷ കടലുണ്ടി
Published on Aug 06, 2026, 01:30 AM | 2 min read
കോഴിക്കോട്ട് 2002 ഒക്ടോബറിൽ ചെറു തുടക്കമായി രൂപംകൊണ്ട കേരള പ്രവാസിസംഘം ഇന്ന് 10 ലക്ഷത്തിലധികം അംഗങ്ങളുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ പ്രവാസിപ്രസ്ഥാനമായി വളർന്നിരിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള മലയാളിപ്രവാസികളുടെ അവകാശങ്ങൾക്കും സാമൂഹികസുരക്ഷയ്ക്കും അന്തസ്സുറ്റജീവിതത്തിനുംവേണ്ടി ഉയർന്നുവന്ന സംഘടിത ജനകീയപോരാട്ടത്തിന്റെ ചരിത്രംകൂടിയാണ്. ആഗസ്ത് ഏഴുമുതൽ ഒന്പതുവരെ, ചരിത്രനഗരമായ തിരൂരിൽ ചേരുന്ന കേരള പ്രവാസിസംഘത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ഈ പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധവും സംഘടനാകരുത്തും പകരുന്ന ചരിത്രസംഭവമാകും.
യുദ്ധങ്ങളും വർഗീയതയും മതതീവ്രവാദവും കുടിയേറ്റവിരുദ്ധ നയങ്ങളും ലോകമെമ്പാടുമുള്ള പ്രവാസി തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയാണ്. മൂലധനത്തിന് അതിരുകളില്ലാത്ത സഞ്ചാരസ്വാതന്ത്ര്യം നൽകുകയും തൊഴിലാളികൾക്ക് അതിരുകളും നിയന്ത്രണങ്ങളും ഉണ്ടാക്കുകയും ചെയ്യുന്ന നയങ്ങൾ സൃഷ്ടിക്കുന്ന വൈരുധ്യങ്ങൾ കൂടുതൽ രൂക്ഷമാകുകയാണ്. വിദേശരാജ്യങ്ങളിൽ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നത് 3.54 കോടി ഇന്ത്യക്കാരാണ്. ഇവരിൽ 1.59 കോടിപ്പേർ ഇന്ത്യൻ പാസ്‌പോർട്ടുമായി വിദേശത്ത് താമസിക്കുന്നവരാണ്.
ലോകത്ത് ഏറ്റവും കൂടുതൽ വിദേശനാണ്യം പ്രവാസികളിലൂടെ ലഭിക്കുന്ന രാജ്യവും ഇന്ത്യയാണ്. ലോകത്തെ മൊത്തം പ്രവാസിപ്പണത്തിന്റെ 14.5 ശതമാനവും ഇന്ത്യയിലേക്കാണ് എത്തുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത്ര വലിയ സംഭാവന നൽകുന്ന പ്രവാസിസമൂഹത്തിനായി ഇന്നും സമഗ്രമായ കുടിയേറ്റനിയമമോ സാമൂഹിക സുരക്ഷാസംവിധാനമോ കേന്ദ്രസർക്കാർ ഉറപ്പാക്കിയിട്ടില്ല. ഇന്ത്യയിലേക്ക് വരുന്ന പ്രവാസിപ്പണത്തിന്റെ 19.7 ശതമാനം കേരളത്തിലേക്കാണ് എത്തുന്നത്. എന്നാൽ, നാട്ടിലേക്ക് മടങ്ങിയെത്തുന്ന ലക്ഷക്കണക്കിന് പ്രവാസികൾ തൊഴിൽ, വരുമാനം, പുനരധിവാസം, സാമൂഹികസുരക്ഷ എന്നിവയുടെ അഭാവത്തിൽ വലിയ പ്രതിസന്ധികൾ നേരിടുകയാണ്. 2023-ലെ കണക്കനുസരിച്ച് 18 ലക്ഷത്തിലധികം തിരിച്ചെത്തിയ പ്രവാസികളാണ് കേരളത്തിലുള്ളത്.
ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരുകൾ പ്രവാസികളെ വെറും വിദേശനാണ്യം അയക്കുന്ന വിഭാഗമായി കാണാതെ സംസ്ഥാനവികസനത്തിന്റെ പങ്കാളികളായി അംഗീകരിച്ചത്. പ്രവാസി ക്ഷേമനിധി ബോർഡ് ശക്തിപ്പെടുത്തൽ, പെൻഷൻപദ്ധതി, ചികിത്സാസഹായം, മരണാനന്തര ധനസഹായം, പുനരധിവാസപദ്ധതികൾ, നിക്ഷേപ പ്രോത്സാഹനപദ്ധതികൾ തുടങ്ങി നിരവധി ക്ഷേമപദ്ധതികളാണ് നടപ്പാക്കിയത്. ലോക കേരളസഭയും ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. പ്രവാസിക്ഷേമം അവകാശമാണെന്ന രാഷ്ട്രീയനിലപാടാണ് എൽഡിഎഫ് സർക്കാരുകൾ സ്വീകരിച്ചത്.
എന്നാൽ, ഇന്ന് സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന സമീപനം പ്രവാസിസമൂഹത്തിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ക്ഷേമനിധി ബോർഡിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ വൈകുകയും പ്രവാസി പെൻഷൻ മാസങ്ങളോളം കുടിശ്ശികയാകുകയും ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലാകുകയും ചെയ്‌തിരിക്കുന്നു. പ്രവാസികൾ വർഷങ്ങളായി അടച്ച അംശദായത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട പെൻഷൻപോലും കൃത്യമായി വിതരണം ചെയ്യാത്തത് ഭരണപരമായ വീഴ്ചയല്ല, പ്രവാസിസമൂഹത്തോടുള്ള പ്രകടമായ അവഗണനയാണ്. ഇതിനെതിരെയാണ് കേരള പ്രവാസിസംഘം സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയപ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്.
കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ലോക്‌ഭവൻ മാർച്ച്, പാർലമെന്റ് മാർച്ച്, രാപകൽസമരം തുടങ്ങി വിവിധ സമരങ്ങളിലൂടെ പ്രവാസികളുടെ ശബ്ദം സംസ്ഥാനത്തും രാജ്യത്തും ഉയർത്തിക്കൊണ്ടുവരാൻ സംഘടനയ്ക്ക് കഴിഞ്ഞു. കേരള പ്രവാസി ക്ഷേമനിധി ബോർഡിന് കേന്ദ്രവിഹിതം അനുവദിക്കുക, സമഗ്രമായ ദേശീയ കുടിയേറ്റനിയമം കൊണ്ടുവരിക, വിദേശത്ത് തൊഴിലെടുക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ശക്തമായ നിയമപരമായ ഇടപെടലുകൾ നടത്തുക, തിരിച്ചെത്തിയ പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ശക്തമായി ഉയർത്തിപ്പിടിക്കും.
ഒപ്പം പുതിയകാലത്തെ പ്രവാസവും വിദ്യാർഥികുടിയേറ്റവും വർധിച്ചുവരുന്ന സ്ത്രീപ്രവാസവും ഈ സമ്മേളനത്തിന്റെ മുഖ്യചർച്ചകളായി മാറും. സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം, പുതിയ കാലഘട്ടത്തിലെ പ്രവാസിപ്രശ്നങ്ങൾ ഏറ്റെടുക്കാനും ജനകീയപ്രക്ഷോഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനരേഖ സമ്മേളനം രൂപപ്പെടുത്തും.














