Deshabhimani

Articles

പ്രവാസി ക്ഷേമനിധി ബോർഡിനും താഴിടുന്നോ

പ്രവാസി ക്ഷേമനിധി ബോർഡിനും താഴിടുന്നോ

Expats Airport
avatar
ബാദുഷ കടലുണ്ടി

Published on Jul 07, 2026, 11:55 PM | 2 min read

കേരളത്തിന്റെ വികസനചരിത്രവും സാമ്പത്തികമുന്നേറ്റവും പ്രവാസികളുടെ വിയർപ്പുതുള്ളികളാൽ എഴുതപ്പെട്ടതാണ്. സ്വന്തം ചോരയും നീരുമൊഴുക്കി നാടിനെ പോറ്റിയ ലക്ഷക്കണക്കിന് പ്രവാസികൾക്ക് അവസാനകാലം ആശ്വാസമേകാൻ രൂപീകരിച്ചതാണ് പ്രവാസി ക്ഷേമനിധി ബോർഡ്. പക്ഷേ ഇന്ന്, ആ ബോർഡും അതിനെ വിശ്വസിച്ച് അംശദായം അടച്ച ലക്ഷക്കണക്കിന് പ്രവാസികളും അനിശ്ചിതത്വത്തിന്റെ കറുത്ത നിഴലിലാണ്. യുഡിഎഫ് സർക്കാരിന്റെ കടുത്ത അവഗണനമൂലം പ്രവാസി പെൻഷൻ പൂർണമായി മുടങ്ങിയിരിക്കുന്നു.


​ഏതാണ്ട് പത്തുലക്ഷത്തിനടുത്ത് പ്രവാസികൾ ആശ്രയിക്കുന്ന ബൃഹത്തായ സ്ഥാപനമാണിത്‌. നിലവിൽ 7,86,862 സജീവ അംഗങ്ങളും 1,54,014 സജീവമല്ലാത്ത അംഗങ്ങളും ബോർഡിനുകീഴിലുണ്ട്. 96,000 പേർ പെൻഷൻ വാങ്ങുന്നുണ്ട്‌. ഉദ്ദേശം 18,000 പേർ അപേക്ഷ നൽകി കാത്തിരിക്കുന്നു.


മാസംതോറും കൃത്യമായി അംശദായം അടച്ച് ക്ഷേമനിധിയിൽ ചേർന്ന പ്രവാസികൾക്ക്, തങ്ങൾക്ക് അർഹതപ്പെട്ട പെൻഷൻ കൃത്യമായി ലഭിക്കില്ലെന്ന തിരിച്ചറിവുണ്ടായാൽ അത് ബോർഡിന്റെ വിശ്വാസ്യതയെ പൂർണമായും തകർക്കും. വിശ്വാസ്യത നഷ്ടപ്പെട്ടാൽ പ്രവാസികൾ അംശദായം അടയ്ക്കുന്നതിൽനിന്നും പുതിയ അംഗത്വമെടുക്കുന്നതിൽനിന്നും പിന്തിരിയും. ഇത് ബോർഡിന്റെ നിലനിൽപ്പിനെത്തന്നെയാണ് ബാധിക്കുക.


കഴിഞ്ഞ സർക്കാരിന്റെ കൈത്താങ്ങ്​


ബോർഡിന് ലഭിക്കുന്ന അംശദായവും കൊടുക്കാനുള്ള പെൻഷൻ ഉൾപ്പെടെയുള്ള ചെലവുകളും ഒത്തുപോകാത്തതായിരുന്നു ബോർഡ്‌ നേരിട്ട പ്രശ്‌നം. കൃത്യമായി അംശദായം അടച്ചാൽപ്പോലും വർഷം 320 കോടി രൂപയാണ് വരവ്‌. എന്നാൽ, പെൻഷൻ ഉൾപ്പെടെയുള്ള ചെലവുകൾക്ക്‌ 500 കോടി രൂപ വേണം. ഇ‍ൗ അന്തരം പല സന്ദർഭങ്ങളിലും മറികടന്നത് മുൻ എൽഡിഎഫ് സർക്കാരിന്റെ പ്രവാസി അനുകൂല നിലപാടുകൾകൊണ്ടായിരുന്നു. പ്രത്യേക ഗ്രാന്റുകളും സഹായങ്ങളും അനുവദിച്ച് കഴിഞ്ഞ സർക്കാർ ബോർഡിനെ സംരക്ഷിച്ചു. ഒരുമാസംപോലും പ്രവാസി പെൻഷൻ മുടങ്ങാത്ത സാഹചര്യം ഉറപ്പുവരുത്തി. കുടിശ്ശിക പിരിച്ചെടുക്കാൻ അദാലത്തുകളും പിഴപ്പലിശ ഇളവുകളും പ്രഖ്യാപിച്ച് വിപുലമായ ക്യാന്പയിനുകൾ നടത്തി. തൽഫലമായി ഏതാണ്ട് 700 കോടി രൂപയുണ്ടായിരുന്ന കുടിശ്ശിക 500 കോടിയിലും താഴേക്ക് കുറച്ചുകൊണ്ടുവരാൻ വലിയ ശ്രമങ്ങളാണ് കഴിഞ്ഞ സർക്കാർ നടത്തിയത്.


വാഗ്ദാനലംഘനങ്ങളുടെ 
യുഡിഎഫ് ഭരണം​


പ്രവാസി പെൻഷൻ വർധിപ്പിക്കുമെന്നതടക്കം വലിയ വാഗ്ദാനങ്ങൾ നൽകിയാണ് നിലവിലെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ, അധികാരത്തിലേറിയപ്പോൾ അവർ പ്രവാസികളെ പൂർണമായി അവഗണിക്കുകയാണ്. ഈ അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ബജറ്റ്. വെറും വാചകക്കസർത്തുകൾക്കപ്പുറം കേരളത്തിന്റെ പ്രവാസികാര്യവകുപ്പിനെക്കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ പറയാൻ മുഖ്യമന്ത്രി തയ്യാറായില്ല. പ്രവാസികാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിതന്നെയാണ്. എന്നിട്ടും പ്രവാസികളോട്‌ ക്രൂരമായ അവഗണനയാണ്‌ കാട്ടിയത്‌. മെയ്, ജൂൺ മാസങ്ങളിലെ പെൻഷൻ എന്നു നൽകുമെന്ന്‌ വ്യക്തമാക്കാൻ തയ്യാറായിട്ടില്ല.


ഇന്ന് പ്രവാസി ക്ഷേമനിധി ബോർഡ് പൂർണമായും നിഷ്‌ക്രിയമാണ്. രണ്ടുമാസത്തെ പെൻഷൻ പൂർണമായും മുടങ്ങി. പെൻഷൻ തുകകൊണ്ടുമാത്രം ജീവിതം തള്ളിനീക്കുന്ന ഒട്ടനവധി പ്രവാസി കുടുംബങ്ങൾ പട്ടിണിയിലാണ്. സങ്കടകരമെന്നു പറയട്ടെ, ബോർഡിലെ ജീവനക്കാരുടെ ശമ്പളംപോലും മുടങ്ങിയിരിക്കുന്നു. ധനവകുപ്പും പ്രവാസിവകുപ്പും ഒരുമിച്ച് കൈവശം വയ്‌ക്കുന്ന മുഖ്യമന്ത്രി വിചാരിച്ചാൽ ഒരുനിമിഷംകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഇവിടെയുള്ളൂ. എന്നാൽ അതിന് തടസ്സമാകുന്നത്, പ്രവാസികളെ ചേർത്തുപിടിക്കാനുള്ള ഭരണാധികാരികളുടെ മനസ്സില്ലായ്മയാണ്.​


സർക്കാരിന്റെ ഈ പ്രവാസിദ്രോഹ നയങ്ങൾക്കെതിരെ ‘കേരള പ്രവാസിസംഘം' ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഈ വലിയ ജനകീയപ്രതിരോധം വരുംദിവസങ്ങളിൽ സർക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്നും പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ സഹായിക്കുമെന്നുമുള്ള വലിയ പ്രതീക്ഷയിലാണ് പ്രവാസിസമൂഹം.
(കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറിയാണ് ലേഖകൻ)




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home