ad
Deshabhimani

Articles

kerala budget 2026

ബദലുണ്ടോ പ്രതിപക്ഷമേ

kerala budget 2026
avatar
ഡോ. ടി എം 
തോമസ് ഐസക്

Published on Jan 29, 2026, 11:23 PM | 2 min read

പിണറായി 2.0 സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ ഇത്രയും പ്രതിപക്ഷം പ്രതീക്ഷിച്ചില്ല. കടക്കെണിയെക്കുറിച്ചുള്ള തങ്ങളുടെ അനവരത പ്രചാരണത്തിൽ അവർ സ്വയം വിശ്വസിച്ചുപോയിയെന്നുവേണം കരുതാൻ. അതാണ് അവരുടെ പ്രതികരണങ്ങൾ കേട്ടപ്പോൾ തോന്നിയത്.


​വെറും രാഷ്‌ട്രീയ ഗിമിക്കായ ബജറ്റിൽ വിശ്വസിക്കരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യർഥന. പക്ഷേ, പ്രതിപക്ഷ നേതാവ് മറുപടി പറയേണ്ട ഒരു കാര്യമുണ്ട്: 2000 രൂപ വച്ചുള്ള ക്ഷേമ പെൻഷൻ തുടരുമോ? പ്രതിമാസം 1000 രൂപ വച്ച് സ്‌ത്രീസുരക്ഷാ സഹായം നൽകുമോ? നൈപുണിക്ക്‌ പോകുന്ന യുവജനങ്ങൾക്ക് പ്രതിമാസം 1000 രൂപ വച്ച് നൽകുമോ? തൊഴിലുറപ്പുകാർക്ക് 1000 കോടി രൂപ കൂടുതലായി വകയിരുത്തുമോ? ജീവനക്കാരുടെ ഡിഎ മുഴുവൻ നൽകുമോ? ശമ്പളപരിഷ്‌കരണം നടപ്പാക്കുമോ ?


​ജനങ്ങൾ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ നിങ്ങൾ നടപ്പാക്കുകയോ ഇല്ലായോയെന്ന് ആദ്യം പറയണം. എൽഡിഎഫ് പറയുന്നത് ജനങ്ങൾക്ക് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നല്ല വിശ്വാസമുണ്ടാകുമെന്ന് ഉറപ്പാണ്. കാരണം, അതാണ് അവരുടെ അനുഭവം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ക്ഷേമ പെൻഷൻ 500-–600 രൂപ ആയിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അത് 1600 രൂപയായി ഉയർന്നു. ഇപ്പോൾ അത് 2000 രൂപയായി. മൊത്തം ചെലവ് 54,000 കോടി രൂപ. ചെലവാക്കാൻ പോകുന്നതിനെക്കുറിച്ചല്ല, ചെലവാക്കിയതിനെക്കുറിച്ചുള്ള കണക്കാണിത്. ജനങ്ങൾ ഞങ്ങളെ വിശ്വസിക്കുമോ, നിങ്ങളെ വിശ്വസിക്കുമോ ?


​5.25 ലക്ഷം ലൈഫ് വീടുകളുടെ പണിയാണ് പൂർത്തീകരിക്കുന്നത്. ജനങ്ങളുടെ അനുഭവമല്ലേ. ആശാ വർക്കാർ മുതൽ സാക്ഷരതാ പ്രേരക്മാർ വരെയുള്ളവരുടെ പ്രതിമാസ അലവൻസ് എടുക്കൂ. മൂന്ന് മാസം മുമ്പ് വർധിപ്പിച്ച 1000 രൂപ കൊടുത്തു. ഇപ്പോൾ വർധിപ്പിച്ച 1000 രൂപയും കൊടുക്കും. ഇവർക്ക് ഇന്ന് ആകെ കിട്ടുന്ന അലവൻസിന്റെ 80 ശതമാനവും എൽഡിഎഫ് സർക്കാരുകളാണ് വർധിപ്പിച്ചത്.


​ കിഫ്ബിക്ക് നിങ്ങൾ എതിരാണ്. ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ പദ്ധതികളല്ലേ കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 38,000 കോടി രൂപയല്ലേ ഇതുവരെ കരാറുകാർക്ക് ബില്ല് കൊടുത്തിട്ടുള്ളൂ. കിഫ്ബി വേണ്ടെങ്കിൽ എങ്ങനെയാണ് നിങ്ങൾ ഈ പ്രൊജക്‌ടുകൾ പൂർത്തീകരിക്കുക? ഇത് ജനങ്ങളോടു പറയാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനില്ലേ ?


എംസിറോഡ് നാലുവരിപാതയാക്കാൻ പോകുന്നു. ഇടുക്കിക്കും ഒരു തുരങ്കപാത. പ്രതിപക്ഷത്തിന് എന്താപരിപാടി ?


റെയർ എർത്ത് കോറിഡോർ, റെയര്‍ എര്‍ത് & ക്രിട്ടികല്‍ മിനറല്‍സ് മിഷന്‍ എന്നിവ ഭാവി കേരളത്തിനുള്ള വലിയ ഈടുവയ്പ്പാണ്.


പൂച്ചപെറ്റുകിടക്കുന്ന ഖജനാവ് എന്നെല്ലാം ആക്ഷേപിക്കുമ്പോൾ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെക്കുറിച്ച് എന്തെങ്കിലും പറയണ്ടേ? 2020-–21-ൽ കേന്ദ്ര സഹായം സംസ്ഥാന വരുമാനത്തിന്റെ 5.52 ശതമാനം ആയിരുന്നു. 2024-25-ൽ അത് 5.24 ശതമാനമായി. ഇതിനു പുറമേയാണ് വായ്‌പകൾ വെട്ടിക്കുറച്ചിരിക്കുന്നത്. അതേ. ഇത്തരമൊരു സാഹചര്യത്തെ അതിജീവിച്ചാണ് ധനമന്ത്രി അവതരിപ്പിച്ചത്.


നിങ്ങൾ ബജറ്റ് പ്രഖ്യാപനങ്ങളെല്ലാം പൊള്ളയാണെന്നു പറഞ്ഞ് ജനങ്ങളെ സമീപിക്കുക. നിങ്ങൾക്കൊരു ബദൽ പറയാൻ ഇപ്പോഴും ഇല്ല. കേരളത്തെ തകർക്കാൻ നോക്കുന്ന കേന്ദ്രത്തിനും അവർക്ക് ഒത്താശ ചെയ്യുന്ന കേരളത്തിലെ പ്രതിപക്ഷത്തിനു തിരിച്ചടി നൽകിക്കൊണ്ടേ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നവ തുടരാൻ കഴിയൂ. അതിനുള്ള ഗ്യാരണ്ടി തെരഞ്ഞെടുപ്പിലെ വോട്ടിൽ ഉണ്ടാകണം. ഇതാണ് ഞങ്ങൾ പറയുക. ജനങ്ങൾ അവരുടെ അനുവഭംവച്ച് തീർപ്പുണ്ടാകുമെന്ന് ഉറപ്പ്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home