മറയില്ലാത്ത മലക്കംമറിച്ചിൽ


സി കെ ദിനേശ്
Published on Jul 02, 2026, 10:49 PM | 3 min read
പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മൂന്ന് മാസത്തിനിടെ 13 ദിവസംമാത്രം ചേർന്നപ്പോൾ അത് സംഭവബഹുലവും വിവാദ കലുഷിതവുമായിരുന്നു. ഇനിയങ്ങോട്ട് അഞ്ചുവർഷത്തേക്കുള്ള സൂചനയാണിത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും ധൂർത്തിനും വേണ്ടി ആരുമായും ചേരുകയെന്ന യുഡിഎഫിന്റെ സഹജസ്വഭാവം തുറന്നുകാണിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. അതേസമയം, കടലും ആകാശവും വെള്ളവും മണ്ണും പണയപ്പെടുത്താനാണ് സർക്കാർ നീക്കമെങ്കിൽ തീപ്പന്തമായി ആളുമെന്ന മുന്നറിയിപ്പ് നൽകാനും സാധിച്ചു. കിട്ടിയ സമയത്തിനുള്ളിൽ ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിലും പ്രതിപക്ഷം ജാഗരൂകരായിരുന്നു.
102 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിൽ എത്തിയത്. എന്നാൽ, കോൺഗ്രസിന് ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ രണ്ടാഴ്‌ച നീണ്ട തെരുവുയുദ്ധം കാണേണ്ടിവന്നു. ഡൽഹിവരെ നീണ്ട പിടിവലിക്കൊടുവിൽ ജമാഅത്തെ ഇസ്ലാമിയുടെ മടിയിലുള്ള മുസ്ലിംലീഗിന്റെയും ചില വൻകിടക്കാരുടെയും കടുംപിടിത്തത്തിൽ വി ഡി സതീശൻ മുഖ്യമന്ത്രിയായി. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും കെ സി വേണുഗോപാലിനെ കീഴ്‌മേൽ മറിച്ചിടാനുള്ള ശക്തി സതീശന് കിട്ടിയത് നിശ്ചയമായും കോൺഗ്രസിൽ നിന്നല്ലെന്ന് ഉറപ്പ്. പിന്നെ ആരിൽനിന്ന്. നിയമസഭയിൽ മുഖ്യമന്ത്രി കൊണ്ടുവന്ന കരിമണൽ ഖനനം, മദ്യത്തിന് നികുതിയിളവ്, പിഎം ശ്രീ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ മറുപടി പറയും.
സഭാസമ്മേളനം മെയ് 21ന് ആരംഭിച്ച് ജൂലൈ ഒന്നിന് സമാപിച്ചപ്പോൾ മുൻ യുഡിഎഫ് സർക്കാരുകളെ അപേക്ഷിച്ച്, അതിവേഗത്തിൽ ആഭ്യന്തര കലഹലക്ഷണങ്ങൾ വെളിവായതും അഴിമതിക്കുള്ള നൂറുനൂറു കളങ്ങൾ തുറന്നിട്ടതും വരികൾക്കിടയിലൂടെ പുറത്തുവന്നു. കോൺഗ്രസ് മന്ത്രിമാരിൽ ഭൂരിപക്ഷവും കെ സി വേണുഗോപാലിനോട് കൂറുള്ളവരാണെന്നത് ബോധ്യപ്പെടുന്ന സംഭവവികാസങ്ങളും ഇൗ സമ്മേളനകാലത്തുണ്ടായി. നിർണായക തീരുമാനങ്ങൾ മുഖ്യമന്ത്രി ആരോടും ആലോചിക്കാതെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന നിലപാടാണ് ഒളിഞ്ഞും തെളിഞ്ഞും പല മന്ത്രിമാരും പങ്കുവച്ചത്. നയപ്രഖ്യാപനം, ധവളപത്രം, ബജറ്റ് എന്നീ സർക്കാർ കാര്യങ്ങൾ ഒരുഭാഗത്ത് നടന്നു. മറുഭാഗത്താകട്ടെ, വീര്യംകുറഞ്ഞ മദ്യത്തിനുള്ള വൻനികുതിയിളവ്, സ്വകാര്യമേഖലയിൽ കരിമണൽ ഖനനത്തിന് സൗകര്യമൊരുക്കൽ, പിഎം ശ്രീ നടപ്പാക്കിയും സർവകലാശാലകൾ ഗവർണർക്ക് മേയാൻ വിട്ടുകൊടുത്തും ആർഎസ്‌എസിന് വിധേയരാകൽ– തുടങ്ങി ‘ ടീം യുഡിഎഫ് ’ നയം വ്യക്തമാക്കിയ സമ്മേളനമാണ് സമാപിച്ചത്.
കേന്ദ്രത്തിന് ഏതെങ്കിലും വിധത്തിൽ നോവുമോ എന്ന് ഭയന്ന് കേരളത്തിന് അവകാശപ്പെട്ട വിഹിതത്തിന്റെ കാര്യത്തിൽപ്പോലും നിരുത്തരവാദപരമായ മൗനമായിരുന്നു നയപ്രഖ്യാപനത്തിൽ. പിഎം ശ്രീ മരവിപ്പിച്ച് എൽഡിഎഫ് സർക്കാർ കത്ത് നൽകിയതിന്റെയും കേന്ദ്രമന്ത്രിയെ നേരിൽ അറിയിച്ചതിന്റെയും തുടർച്ചയെന്നോണം സുപ്രീംകോടതിയിൽ കേന്ദ്രം വ്യക്തമാക്കിയത് പിഎം ശ്രീ പദ്ധതിയിൽ കേരളം ചേർന്നിട്ടില്ല എന്നാണ്. അതോടുകൂടി ഇൗ പദ്ധതി തന്നെ കേരളത്തെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണ്. എന്നാൽ, അത് വീണ്ടും കുത്തിത്തുറന്ന് കേന്ദ്ര ബിജെപി സർക്കാരിന് നിരുപാധികമായി വിധേയത്വം പ്രഖ്യാപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സ്വീകരിച്ചത്. അതെന്തിനുവേണ്ടിയാണ്. പലവിധത്തിൽ പ്രതിപക്ഷം ചോദിച്ചിട്ടും മറുപടിയുണ്ടായില്ല.
പഴവർഗം, പച്ചക്കറി എന്നിവയിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് എന്ന കർഷകരെ സഹായിക്കുന്ന എൽഡിഎഫ് സർക്കാർനയം അട്ടിമറിക്കുന്നതാണ് ബജറ്റിൽ കണ്ടത്. കർണാടകത്തിലെ വമ്പൻ മദ്യലോബിയെ സഹായിക്കാൻ നികുതിയിളവ് നൽകാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം മന്ത്രിസഭാംഗങ്ങളുടെയും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെയും വിയോജിപ്പുകളെ കുപ്പയിൽ എറിഞ്ഞുകൊണ്ടായിരുന്നു. സമ്മേളനത്തിന്റെ അവസാനദിനം നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തി പാസാക്കി. ഒരു തീരുമാനത്തിൽനിന്നും തന്നെ പിന്നോട്ടടിക്കാൻ കഴിയില്ലെന്ന വെല്ലുവിളിയും മുഖ്യമന്ത്രി നടത്തി. ഏവരേയും ഞെട്ടിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കരാറിന് വിരുദ്ധമായി അദാനി പോർട്ട്, എംഎസ്‌സി കമ്പനിക്ക് നൽകാനുള്ള നീക്കം ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിയൊരുക്കി. താനിതൊന്നും അറിഞ്ഞില്ലെന്നും പത്രത്തിൽ വായിച്ചെന്നുമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്. ഏതെങ്കിലും കമ്പനിയുടെ കുത്തകയായി വിഴിഞ്ഞം മാറിയാൽ സംസ്ഥാന താൽപ്പര്യങ്ങൾ പൂർണമായും ഹനിക്കപ്പെടുമെന്നും സർക്കാർ അതിൽ ജാഗ്രത കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു. എന്നാൽ, അഞ്ച് ഉറപ്പുകൾ മുന്നോട്ടുവച്ച മുഖ്യമന്ത്രി കരാറിന് വിരുദ്ധമായി ഉടമസ്ഥാവകാശത്തെ ബാധിക്കുന്ന ഓഹരി വിൽപ്പന അനുവദിക്കില്ലെന്ന് ശക്തിയുക്തം പറയാൻ തയ്യാറായില്ല. വിഴിഞ്ഞം ഓഹരി വിൽപ്പനയും സതീശന്റെ മംഗളൂരു യാത്രയും പൊതുജനങ്ങൾക്കിടയിൽ വലിയ സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.
പിഎം ശ്രീ, വിലക്കയറ്റം, ആരോഗ്യമേഖലയുടെ അനാസ്ഥ, തോന്നുംപടിയുള്ള സ്ഥലംമാറ്റം, സ്‌ത്രീസുരക്ഷാ പദ്ധതി നിർത്തൽ, ഫണ്ടില്ലാതെ തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി ഏറ്റവും ജനകീയമായ പ്രശ്നങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ഒമ്പത് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും ഒന്നുപോലും ചർച്ചചെയ്യാൻ സർക്കാർ തയ്യാറായില്ല. ക്രിയാത്മക പ്രതിപക്ഷമെന്ന വാക്ക് അന്വർഥമാക്കി, സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ വാക്കൗട്ട് നടത്തുകയും തിരുത്തുമെന്ന് പ്രതീക്ഷയുള്ള കാര്യങ്ങളിൽ പ്രതിഷേധം അറിയിക്കുകയുമാണ് ചെയ്തത്. ഇപ്പോഴത്തെ ഭരണപക്ഷം പ്രതിപക്ഷത്ത് ഇരുന്നപ്പോൾ നിയമസഭയിൽ എടുത്ത നിലപാട് നേരെ വിപരീതമായിരുന്നുവെന്നതും ജനങ്ങൾ മറന്നിട്ടുണ്ടാകില്ല.
വിലക്കയറ്റം രൂക്ഷമായതിനാൽ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് വഴി ആവശ്യപ്പെട്ടപ്പോൾ പെട്രോൾ വിലയിലെ ‘ ഫ്ലക്‌ച്വേഷൻസ് ’നിന്നാൽ ഉടൻ നടപടിയെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടി. പെട്രോൾ വിലയിലെ അനിശ്ചിതാവസ്ഥ നീങ്ങി ആഴ്‌ചകൾ പിന്നിട്ടിട്ടും നടപടിയൊന്നുമില്ല. ഏത് കാര്യമെടുത്താലും ഇൗ സർക്കാരിന്റെ വാഗ്‌ദാനവും പ്രവൃത്തിയും തമ്മിലുള്ള ബന്ധം ഇതാണെന്ന് ഏവർക്കും ബോധ്യപ്പെടാനും സമ്മേളനകാലത്തെ സർക്കാർ നിലപാട് തെളിയിച്ചു. പക്ഷെ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പരിഹാസത്തിന് ഒരു കുറവുമുണ്ടായില്ല. പ്രതിപക്ഷത്തെയും സ്വന്തം പാർടിയിലെ മുതിർന്ന നേതാക്കളെയും നോക്കിയുള്ള പരിഹാസം പതിയുന്നത് ജനങ്ങളുടെ മുഖത്തേക്കാണ് എന്ന് വാഴ്‌ത്തുപാട്ടുകൾക്കിടയിൽ യുഡിഎഫ് നേതാക്കൾ മറക്കുന്നതും നിയമസഭയിൽ കണ്ടു.














