ad
Deshabhimani

Articles

കെ വേണു വിനിൽ പോളുമായി നടത്തിയ സംഭാഷണത്തിലൂടെ...

വേണുവിന്റെ ആത്മപ്രശംസാശതകം

venu cover
avatar
എം എം നാരായണൻ

Published on May 03, 2025, 02:50 PM | 8 min read

വേണു, തരാതരം പോലെ സാഭിമാനം അവകാശപ്പെടുകയും സാവജ്ഞം തള്ളിക്കളയുകയും ചെയ്തുവരുന്ന തന്റെ നക്സലിസ്‌റ്റ്‌ പൂർവാശ്രമം സംബന്ധിച്ച്, സാധാരണയിൽനിന്നും വ്യത്യസ്തമായി ആർജവത്തോടെ ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനാലാണ്, പ്രസ്തുത അഭിമുഖ സംഭാഷണം പ്രസക്തമാകുന്നത്. വിപ്ലവപൂർവ ചൈനയും സ്വാതന്ത്ര്യാനന്തര ഇന്ത്യയും തമ്മിലുള്ള മൗലികമായ വ്യത്യാസങ്ങൾ തിരിച്ചറിയാതെ, ഇന്ത്യൻ വിപ്ലവത്തിന് ചൈനീസ് മാർഗം തെരഞ്ഞെടുക്കുകയാണല്ലോ അവർ ചെയ്തത്.


സ്വയം നിറംകൊടുത്ത സ്വന്തം ഭൂതകാലത്തിന്റെ ചെലവിൽ ജീവിക്കുകയും എന്നാൽ കിട്ടുന്ന എല്ലാ അവസരങ്ങളിലും അതിനെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരു വിചിത്ര വ്യക്തിത്വമാണ് കെ വേണുവിനുള്ളത്. അദ്ദേഹം വിനിൽ പോളുമായി ഈയിടെ നടത്തിയ സംഭാഷണത്തിലും മേൽപറഞ്ഞ തന്റെ ശീലവും ശൈലിയും നിസ്സങ്കോചം നിലനിർത്താനുള്ള ചർമബലം പ്രകടമാക്കുന്നുണ്ട്.


വേണു, തരാതരം പോലെ സാഭിമാനം അവകാശപ്പെടുകയും സാവജ്ഞം തള്ളിക്കളയുകയും ചെയ്തുവരുന്ന തന്റെ നക്സലിസ്‌റ്റ്‌ പൂർവാശ്രമം സംബന്ധിച്ച്, സാധാരണയിൽനിന്നും വ്യത്യസ്തമായി ആർജവത്തോടെ ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനാലാണ്, പ്രസ്തുത സംഭാഷണം പ്രസക്തമാകുന്നത്. വിപ്ലവപൂർവ ചൈനയും സ്വാതന്ത്ര്യാനന്തര ഇന്ത്യയും തമ്മിലുള്ള മൗലികമായ വ്യത്യാസങ്ങൾ തിരിച്ചറിയാതെ, ഇന്ത്യൻ വിപ്ലവത്തിന് ചൈനീസ് മാർഗം തെരഞ്ഞെടുക്കുകയാണല്ലോ അവർ ചെയ്തത്.


k venuകെ വേണു


അന്നത്തെ ചൈനയെ പോലെ ഫ്യൂഡൽ പ്രഭുക്കളും കർഷക ജനതയും തമ്മിലുള്ള വൈരുധ്യമാണ് ഇവിടുത്തെയും മുഖ്യവൈരുധ്യമെന്നും, അതുകൊണ്ട് ഫ്യൂഡൽ പ്രഭുക്കളെ ഉന്മൂലനം ചെയ്യലാണ് ഇന്ത്യൻ വിപ്ലവത്തിന്റെ കർമപദ്ധതിയെന്നും ചാരു മജുംദാർ മുതൽ കെ വേണു വരെയുള്ളവർ കരുതി. ‘അവിടെ മഴ പെയ്യുമ്പോൾ ഇവിടെ കുടപിടിക്കുക'യാണ് വേണുവും കൂട്ടരും ചെയ്യുന്നത്.


'കേരളത്തിന്റെ സാഹചര്യത്തിൽ ഈ വിലയിരുത്തൽ ചേരുന്നതല്ല എന്നൊരു ധാരണ പൊതുവിൽ ഉണ്ടായിരുന്നു. കാരണം, ‘ഇവിടെ കമ്യൂണിസ്‌റ്റുകാരുടെ മുൻകയ്യിൽ ഭൂപരിഷ്കരണം നടന്നുകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽ ഫ്യൂഡൽ പ്രഭുക്കന്മാർ ഒന്നുംതന്നെയില്ല.


അവരുടെ ഭൂമിയൊക്കെ പിടിച്ച് പാട്ടക്കുടിയാന്മാർക്ക് കൊടുക്കുകയും ആ രീതിയിലുള്ള അടിസ്ഥാനപരമായ ഭൂപരിഷ്കരണം കേരളത്തിൽ നടക്കുകയും ചെയ്തിരുന്നു’ എന്നദ്ദേഹം, ജന്മിമാരുടെ തലയറുക്കാതെ, കർഷകപ്പോരാളികളുടെ രക്തസാക്ഷിത്വങ്ങളിലൂടെ, സംഘടിത സമരങ്ങളിലൂടെ ഇവിടെ നടന്ന ഭൂപരിഷ്കരണങ്ങളുടെ വിപ്ലവകരമായ പ്രാധാന്യം ഇതാദ്യമായി അംഗീകരിച്ചിരിക്കുന്നു.


കണ്ണടച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പഴിപറഞ്ഞുനടന്നിരുന്ന വേണുവിനെ പോലൊരാൾക്കുപോലും, ചരിത്രത്തിലെ രക്തസ്നാതമായ സത്യപ്രഭയ്‌ക്കുമുന്നിൽ വൈകിയാണെങ്കിലും കണ്ണുതുറക്കേണ്ടി വന്നിരിക്കുന്നു. അപ്പോൾ ജന്മി‐കുടിയാൻ വൈരുധ്യം കേരളത്തിൽ ഇല്ലെന്ന് ബോധ്യമുണ്ടെങ്കിലും, ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം പരിഗണിക്കാതിരുന്നപോലെ ഇന്ത്യയിലെ ഇതര ദേശങ്ങളും കേരളവും തമ്മിലുള്ള അടിസ്ഥാന ഭേദങ്ങളെ അവഗണിച്ച്, തികച്ചും യാന്ത്രികമായി ‘ഉന്മൂലനപദ്ധതി' ഇവിടെയും നടപ്പാക്കണമെന്ന തീരുമാനം 'അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്’ സജീവമായിരുന്നു എന്നും, അക്കാലത്ത്, അതായത് 1975 ജനുവരിയിലാണ് താൻ ആദ്യ ജയിൽവാസം കഴിഞ്ഞ് പുറത്ത് വന്നതെന്നും വേണു പറയുന്നു.


എന്നാൽ ’60‐കളുടെ അവസാനത്തിൽ തന്നെ ‘ഉന്മൂലനപരിപാടി' കേരളത്തിൽ നക്സലൈറ്റുകൾ പ്രായോഗികമായി നടപ്പാക്കാൻ യഥാർഥത്തിൽ തുടങ്ങിയിരുന്നു. '1969‐ൽ ഞാൻ തിരുവനന്തപുരം ദേശാഭിമാനിയിൽ പി ഗോവിന്ദപിള്ള വിളിച്ചിട്ട് കുറച്ചുനാൾ ജോലി ചെയ്യുകയുണ്ടായി’ എന്ന് വേണുപറയുന്നുണ്ട്.


പി ഗോവിന്ദപിള്ള പി ഗോവിന്ദപിള്ള


അതിനുമുമ്പ് 1968‐ൽ തന്നെ നക്സലൈറ്റുകൾ പാലക്കാട് ജില്ലയിലെ കോങ്ങാട്ട് ഒരു നാട്ടുപ്രമാണിയെ വെട്ടിക്കൊന്ന് സ്വന്തം ‘വിപ്ലവ പദ്ധതി' പ്രോദ്‌ഘാടനം ചെയ്തുകഴിഞ്ഞിരുന്നു.


എന്നാൽ തന്റെ പ്രസ്ഥാനത്തിന്റെ ചരിത്രം തനിക്ക് ചുറ്റും കറങ്ങുന്നതാണെന്ന് സ്വയം വിശ്വസിക്കുന്ന വേണു, തന്റെ പാർടിയുടെ ചരിത്രത്തിൽനിന്ന് താൻ ഇല്ലാത്ത ഭാഗം വെട്ടിമാറ്റുകയാണ് ചെയ്തത്.


അടിയന്തരാവസ്ഥക്ക് മുമ്പ്, 'വർഗശത്രുക്കളെ ഉന്മൂലനം ചെയ്യാൻവേണ്ടി ജന്മിമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ' നടന്നുവെന്നും, ഒടുവിൽ ‘സൂക്ഷ്മദർശിനി'യുടെ സഹായത്തോടുകൂടി, 'എറണാകുളം ജില്ലയിലെ കുമ്പളം എന്ന സ്ഥലത്ത് ഒരു ജന്മി’ ജീവിച്ചിരിപ്പുണ്ടെന്നും അയാളെ വകവരുത്താമെന്നും തീരുമാനിച്ചെങ്കിലും സർവവിധ സന്നാഹങ്ങളുമായി സ്ഥലത്തെത്തുമ്പോഴേക്കും അയാൾ ‘വന്നോളൂ‐കൊന്നോളൂ' എന്ന് പറഞ്ഞ് വേണുവിനെയും മറ്റും കാത്തിരിക്കുന്നതിന് പകരം സ്ഥലം കാലിയാക്കിയതിനാൽ കാര്യം നടക്കാതെ പോയത് അനുസ്മരിച്ചുകൊണ്ട്, താൻ നയിച്ച ‘ത്യാഗോജ്വലവും സാഹസികവുമായ' വിപ്ലവ പ്രവർത്തനം, 'ബാലജീവാമൃതം' കഴിച്ചാൽ മാറാവുന്ന, ലെനിൻ വിശേഷിപ്പിച്ച തരത്തിലുള്ള വെറും ‘ശിശുരോഗ'മായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച വേണു നമ്മുടെ നന്ദി അർഹിക്കുന്നുണ്ട്!


കെ വേണു 'പ്രസ്ഥാനം വർഗസമരത്തിലാണ് ഊന്നേണ്ടതെന്ന സമീപനം 'വെച്ചുപുലർത്തിയിരുന്ന കാലത്ത്, സിപിഐ എം 'പാർലമെന്ററി ജനാധിപത്യത്തിലേക്ക് പോയതുകൊണ്ട് വർഗസമരത്തിൽനിന്ന് അകന്നുപോകുകയാണെ’ന്നത്രെ കരുതിയത്.


കെ വേണു 'പ്രസ്ഥാനം വർഗസമരത്തിലാണ് ഊന്നേണ്ടതെന്ന സമീപനം 'വെച്ചുപുലർത്തിയിരുന്ന കാലത്ത്, സിപിഐ എം 'പാർലമെന്ററി ജനാധിപത്യത്തിലേക്ക് പോയതുകൊണ്ട് വർഗസമരത്തിൽനിന്ന് അകന്നുപോകുകയാണെ’ന്നത്രെ കരുതിയത്.


എന്നാൽ പാർലമെന്ററി പ്രവർത്തനം വർഗസമീപനത്തിന് വെളിയിലല്ലെന്നും, വർഗസമരത്തിന് അത് മാരകമല്ല പൂരകമാണെന്നും സിപിഐ എം തിരിച്ചറിഞ്ഞിരുന്നു. 'ദേശീയത, ജാതി, ഫെമിനിസം എന്നീ മൂന്ന് വർഗേതര വിഷയങ്ങൾ കൈകാര്യം ചെയ്യണമെന്നൊരു പുനർവിചിന്തനം 1986‐ലാണ് എന്റെ മനസ്സിൽ പൊന്തിവരുന്നത്’ എന്ന വേണുവിന്റെ അവകാശവാദവും തെറ്റാണ്. ഒരു വർഗസമൂഹത്തിൽ എല്ലാ പ്രശ്നങ്ങളും വർഗപ്രശ്നങ്ങളാണ്.


മൂലധനവും അധ്വാനവും തമ്മിൽ സമ്പദ്‌ഘടനയ്‌ക്കകത്ത്‌ നടക്കുന്ന ഏറ്റുമുട്ടൽ മാത്രമാണ് വർഗസമരമെന്ന ധാരണ തിരുത്ത് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ വേണു വർഗേതര വിഷയങ്ങളായി വർഗീകരിക്കുന്ന ദേശീയതയും ജാതിയും സ്ത്രീപ്രശ്നവും കമ്യൂണിസം അതിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ട്.


മേൽപറഞ്ഞ മൂന്ന് പ്രശ്നങ്ങളും കാൾ മാർക്സ് തന്നെ അർഹിക്കുന്ന ഗൗരവത്തോടെ ചർച്ച ചെയ്തിരുന്നു. ഐറിഷ് ദേശീയതയുടെ പ്രശ്നവും സ്ത്രീ വിമോചനത്തിന്റെ കാര്യപരിപാടിയും ഇംഗ്ലണ്ടിലെ തൊഴിലാളി പ്രസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സൈദ്ധാന്തിക സംവാദത്തിന് മാർക്സ് തന്നെയാണ് തുടക്കം കുറിച്ചത്.


ദേശീയപ്രശ്നത്തെ കുറിച്ചുള്ള ലെനിന്റെ ആശയ രൂപീകരണങ്ങൾ വിഖ്യാതമാണല്ലോ. ഇന്ത്യയുടെ പുരോഗതിക്ക് മുഖ്യതടസ്സം ജാതിയാണെന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയ ലോകചിന്തകൻ മാർക്സായിരുന്നു. ഫെമിനിസ്‌റ്റ്‌ സംവാദങ്ങളുടെ ഏത് സന്ദർഭത്തിലും ആവർത്തിച്ച് അവലംബിക്കുന്നതും വെളിച്ചം പകരുന്നതും ഇന്നും എംഗൽസിന്റെ 'കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം ‐ഇവയുടെ ഉത്ഭവം’ എന്ന പ്രൗഢപ്രബന്ധം തന്നെയാണല്ലോ.


marxമാർക്സ്


ഇനി ഇന്ത്യയിലേക്ക് വന്നാൽ ജാതിയുടെയും ദേശീയതയുടേയും സ്ത്രീവിമോചനത്തിന്റെയും പ്രമേയങ്ങൾ ഇവിടെ കമ്യൂണിസ്‌റ്റുകാർ അവഗണിച്ചുവെന്ന് ആർക്കും പറയാനാകില്ല. 'ഒന്നേകാൽ കോടി മലയാളികൾ’ മുതൽ 'കേരളം മലയാളികളുടെ മാതൃഭൂമി’ വരെയുള്ള തന്റെ ആദ്യകാല കൃതികളിൽ ഇ എം എസ് ദേശീയപ്രശ്നം പഠനവിധേയമാക്കുന്നുണ്ട്.


ഇ എം എസ് ഇ എം എസ്


മലയാളി ദേശീയതയെക്കുറിച്ചെന്നപോലെ തെലുഗു ദേശീയതയെക്കുറിച്ച് പി സുന്ദരയ്യയും ബംഗാളി ദേശീയതയെ സംബന്ധിച്ച് ഭവാനി സെന്നും സമാനമായ വിചിന്തനങ്ങൾ വികസിപ്പിച്ചിരുന്നു. ദേശീയതകളെ സംബന്ധിച്ച നീണ്ടകാലത്തെ ഉൾപാർടി ചർച്ചകൾ സിപിഐ എം അന്തിമമായി പരിഹരിക്കുന്നത് 1972‐ലെ മധുര കോൺഗ്രസിൽ വച്ചാണ്.


em cover


ബ്രിട്ടീഷ് കൊളോണിയലിസം സ്വതാൽപ്പര്യങ്ങൾക്ക് വേണ്ടി തുടക്കംകുറിച്ച റെയിൽവേ ഇന്ത്യൻ വ്യവസായവൽക്കരണത്തിന് വഴിതുറക്കുമെന്നും, അതോടെ തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥ തകരുമെന്നും നിരീക്ഷിച്ച മാർക്സ്, പിന്നീട് ഇന്ത്യക്കാർ കൊളോണിയലിസത്തിന് അന്ത്യംകുറിക്കുന്നതോടെ പരമ്പരാഗത സമൂഹ ഘടനയിൽ സമ്പൂർണമായൊരു അഴിച്ചുപണി സംഭവിക്കുമെന്നും കരുതുകയുണ്ടായി.


തുടർന്ന് ഇന്ത്യക്കാരായ മാർക്സിസ്‌റ്റ്‌ ചരിത്രകാരന്മാരും പി സി ജോഷിയും ബി ടി രണദിവെയും ഇ എം എസ്സും അടക്കമുള്ള കമ്യൂണിസ്‌റ്റ്‌ സൈദ്ധാന്തികരും ജാതിപ്രശ്നത്തിന്റെ വേരുകളും നേരുകളും ആഴത്തിൽ അറിയാൻ ശ്രമിക്കുന്നുണ്ട്.


'വർഗ ന്യൂനീകരണ സമീപനമാണ് ഇ എം എസ് ഉൾപ്പെടെയുള്ള’വർക്ക് ഉണ്ടായിരുന്നതെന്ന് വിമർശിക്കുന്ന വേണുവിന് വസ്തുതകളെ സത്യസന്ധമായി കാണാൻ വിസമ്മതമാണുള്ളത്. മാർക്സ് പടിഞ്ഞാറൻ യൂറോപ്പിലെ മുതലാളിത്ത വളർച്ചയുടെ ഘട്ടത്തിൽ സംദർശിച്ച വർഗ ഘടന ലളിതവും പ്രത്യക്ഷവുമായിരുന്നു.


'വർഗ ന്യൂനീകരണ സമീപനമാണ് ഇ എം എസ് ഉൾപ്പെടെയുള്ള’വർക്ക് ഉണ്ടായിരുന്നതെന്ന് വിമർശിക്കുന്ന വേണുവിന് വസ്തുതകളെ സത്യസന്ധമായി കാണാൻ വിസമ്മതമാണുള്ളത്. മാർക്സ് പടിഞ്ഞാറൻ യൂറോപ്പിലെ മുതലാളിത്ത വളർച്ചയുടെ ഘട്ടത്തിൽ സംദർശിച്ച വർഗ ഘടന ലളിതവും പ്രത്യക്ഷവുമായിരുന്നു.


engelsഎംഗൽസ്‌


എന്നാൽ ഇന്ത്യയെ പോലുള്ള പ്രാങ് മുതലാളിത്തം പ്രഭാവം വെടിയാത്ത ഇടങ്ങളിൽ അവ പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് മഹാവിഭാഗങ്ങളായി പിരിഞ്ഞ് നിൽക്കുന്നതിന് പകരം സങ്കീർണവും പല അടരുകളുള്ളതുമാണ്. അതുകൊണ്ടുതന്നെ ജാതിയെ ആർക്കും വർഗ ന്യൂനീകരണത്തിന് വിധേയമാക്കാനാകില്ല.


ജാതി കേവലം ഉപരിഘടന പ്രതിഭാസമാണെന്നും കമ്യൂണിസ്‌റ്റുകാർക്കഭിപ്രായമില്ല. ജാതിയുടെ സങ്കീർണത സുവ്യക്തമാക്കുന്നതാണ് ജാതി‐ജന്മി‐നാടുവാഴിത്തമെന്ന ഇ എം എസ്സിന്റെ തന്നെ 'ഫോർമുലേഷൻ’ എന്ന് അതുസംബന്ധിച്ച് നടന്ന ദീർഘവും തീക്ഷ്ണവുമായ തർക്കങ്ങളിലൂടെ കടന്നുപോയ മുൻവിധിയില്ലാത്ത ആരും സമ്മതിക്കാതിരിക്കില്ല.


മാത്രമല്ല, ജാതിശ്രേണിയുടെ കീഴ്ത്തട്ടിലുള്ളവരുടെ വിമുക്തി, ഗാന്ധിജിയുടെ അയിത്തോച്ചാടനത്തിലൂടെയോ അംബേദ്കറുടെ മതപരിവർത്തനത്തിലൂടെയോ അല്ലെന്നും അതിന് സമ്പത്തിന്റെയും സംസ്കാരത്തിന്റെയും പുനർവിതരണമാണ് അനിവാര്യമായ മുന്നുപാധിയെന്നുമുള്ള ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടിനെ സമ്പൂർണമായി സ്വീകരിക്കുകയും മുന്നോട്ടുകൊണ്ടുപോകുകയും പരിമിതികൾക്കകത്ത് നിന്നുകൊണ്ട് പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുകയും ചെയ്തത് ഇ എം എസ്സും കമ്യൂണിസ്റ്റ് പാർടിയുമായിരുന്നുവെന്ന് വേണുതന്നെ വിനിൽ പോളിനോട്, നക്സലൈറ്റുകളുടെ 'ഉന്മൂലന പരിപാടി' കേരളത്തിൽ നടപ്പാക്കാൻ കഴിയാത്തതിന്റെ പശ്ചാത്തലത്തിൽ സൂചിപ്പിച്ചുവല്ലോ.


ambedkar.അംബേദ്‌കർ


അവർണരായ കൃഷിക്കാർക്ക് മാത്രമല്ല 'കുട്ടനാടൻ മേഖലയിലെ കഷ്ടപ്പെടുന്ന കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച്... അതൊരു വലിയ മുന്നേറ്റമാക്കാൻ’ സാധിച്ചതിലൂടെ ദളിതരുടെ ഉന്നമനത്തിന് വഴിയൊരുക്കിയതും കമ്യൂണിസ്‌റ്റ്‌ പാർടിയാണെന്നും ഈ സംഭാഷണവേളയിൽ വേണു അംഗീകരിക്കുന്നുണ്ട്.


ദേശീയത, ജാതി തുടങ്ങിയ ‘വർഗേതര' വിഷയങ്ങളെക്കുറിച്ച് വിചാരപ്പെടാൻ തുടങ്ങിയത് താനാണെന്ന് പറഞ്ഞപോലെ, സോവിയറ്റ് തകർച്ചയെ അപഗ്രഥിച്ച് ആദ്യം എഴുതിയതും പറഞ്ഞതും താനല്ലാതെ മറ്റാരുമല്ലെന്നും വേണു അവകാശപ്പെടുന്നുണ്ട്.


ആ അവകാശവാദം സാധൂകരിക്കാൻ, ‘വിമോചന ദൈവശാസ്ത്ര'ത്തിൽ വിശ്വസിക്കുന്ന ചില ക്രിസ്തീയ പുരോഹിതരും കന്യാസ്ത്രീകളും തന്റെ വീട്ടിൽവന്ന കാര്യവും അവർ പി ഗോവിന്ദപിള്ളയുടെ ക്ലാസിൽ കേൾക്കാത്തതും പി ജിക്ക് വിശദീകരിക്കാനാകാത്തതുമായ സോവിയറ്റ് തകർച്ചയെക്കുറിച്ച് ക്ലാസെടുക്കാൻ തന്നോട് അഭ്യർഥിച്ചതായും ഒരു കഥയുണ്ടാക്കി പറയുന്നു.


മാർക്സിസത്തെപ്പറ്റി പറയാൻ പി ജിക്കാവുമെങ്കിലും അതിന്റെ തകർച്ചയെക്കുറിച്ച് പറയാൻ വേണുവാണ് അനുയോജ്യനെന്ന് അവർ കരുതിയെങ്കിൽ തെറ്റൊന്നുമില്ല. ‘ശവപരിശോധന'യ്‌ക്ക് കഴുകനെയാണ് കപോതത്തെയല്ല വിളിക്കേണ്ടതെന്ന് ക്രിസ്തുവിന്റെ പ്രസ്തുത ഇടയരും മണവാട്ടികളും അറിഞ്ഞിരുന്നു! തങ്ങളെ സേവന പ്രവർത്തനത്തിന് പ്രചോദിപ്പിക്കുന്നത് ക്രിസ്തുവാണെങ്കിൽ ദൈവവിശ്വാസമേ ഇല്ലാത്ത വേണു 'എന്തിന്റെ പേരിലാണ് ജീവിതം മുഴുവൻ സമൂഹത്തിന് വേണ്ടി മാറ്റിവച്ചത്’ എന്ന് ‘അച്ചന്മാരും സിസ്‌റ്റർമാരും' ചോദിച്ച ചോദ്യത്തിന്, ‘ഉത്തരമുണ്ടായിരുന്നില്ല' എന്ന് വേണു.


‘അബ്ധിത്തിരകൾതൻവാചാലത'യ്‌ക്കും ‘ഉത്തുംഗവിന്ധ്യഹിമാചലങ്ങൾ'ക്കും അതിന് ഉത്തരമില്ലായിരുന്നുവെന്ന് വേണു പറയാതെ പറയുകയും ചെയ്യുന്നുണ്ട്. ജീവിതം മുഴുവൻ ജനസേവനത്തിന് വേണ്ടി മാറ്റിവച്ച മഹാനാണ് താനെന്ന് അയാൾ സ്വയം വിശ്വസിക്കുന്നുണ്ടെങ്കിൽ അവിടെ മറ്റുള്ളവർക്ക് കരണീയം മറ്റൊന്നുമില്ല.


'ആശയപരമായി ഞാൻ യുക്തിവാദിയല്ലെങ്കിലും, എന്റെ ഭൗതികവാദ നിലപാട് യുക്തിവാദികളെ ആകർഷിച്ചിരുന്നു. അങ്ങനെയാണ് അവരെന്നെ ക്ലാസെടുക്കാൻ വിളിക്കുന്നത്. ഇങ്ങനെ ‘ഞാൻ', ‘ഞാൻ' എന്ന ഉത്തമ പുരുഷ സർവനാമം ഈ അഭിമുഖത്തിൽ സർവത്ര സംദൃശ്യമാണ്.


venu illustration


തികഞ്ഞ അപ്രമാദിത്വവും സർവജ്ഞപദവിയും ഏത് വിഷയത്തെക്കുറിച്ച് ക്ലാസെടുക്കാനും പ്രാപ്തിയുമുള്ള ‘വേണുഗുരു'വിന്റെ ‘ആത്മപ്രശംസാശതക'മെന്ന് വിനിൽ പോളുമായുള്ള ഈ അഭിമുഖത്തിന് പേരിടുന്നതാവും നല്ലത്!


അംബേദ്കറെ എതിർത്ത ‘ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന് വേണ്ടി സ്വയം വിമർശനം നടത്തിക്കൊണ്ടും, ഇന്ത്യയിലെ ജനാധിപത്യ വിപ്ലവത്തിന്റെ സൈദ്ധാന്തിക നേതൃത്വമായി അംബേദ്കറെ അംഗീകരിച്ചുകൊണ്ടുമുള്ള ഒരു ലഘുലേഖ ഞാൻ തയ്യാറാക്കുകയുണ്ടായി’ എന്ന് വേണു പറയുന്നു.


മാത്രമല്ല, വേണുവിന്റെ പ്രസംഗം കേട്ട ചില സിപിഐ എം പ്രവർത്തകർ ‘സഖാവെ, ഞങ്ങൾ അംബേദ്കറെ കുറിച്ച് മനസ്സിലാക്കിയത് തെറ്റായിരുന്നു' എന്ന് തന്നോട് ഏറ്റുപറഞ്ഞുവെന്നും വേണു സാക്ഷ്യപ്പെടുത്തുന്നു. ‘ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന് വേണ്ടി സ്വയം വിമർശനം' നടത്താൻ കെ വേണുവിനെ ആര് അധികാരപ്പെടുത്തി എന്ന ചോദ്യം നമുക്ക് ചോദിക്കാതിരിക്കാം.


എന്നാൽ അംബേദ്കറെ വിമർശിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും, ഇന്ത്യൻ ജനാധിപത്യ വിപ്ലവത്തിന്റെ സൈദ്ധാന്തിക നേതൃത്വം അംബേദ്കർക്കാണെന്നുമൊക്കെ പറഞ്ഞ്, അംബേദ്കറെ വിഗ്രഹവൽക്കരിക്കുന്നതിനോട് വിയോജിക്കാതെ വയ്യ.


ജാതിപ്രശ്നം പൊതുവിലും ദളിത് പ്രശ്നം വിശേഷിച്ചും ആർക്കും അവഗണിക്കാനാകാത്ത വിധം രാജ്യത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയതിൽ അംബേദ്കർക്കുള്ള പങ്ക് അനിഷേധ്യവും അവിസ്മരണീയവുമാണ്.


ജനാധിപത്യ ഭരണഘടനയുടെ ശിൽപ്പിയായിരിക്കുമ്പോൾ തന്നെ രാഷ്‌ട്രീയ ജനാധിപത്യം, സാമ്പത്തിക‐സാമൂഹിക ജനാധിപത്യമില്ലാത്തിടത്ത് അസാധ്യമാണെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്നിടത്തും ഇരുപതാം നൂറ്റാണ്ടിലെ ഉന്നത ശീർഷരായ ഇന്ത്യൻ ബുദ്ധിജീവികൾക്കിടയിൽ അംബേദ്കർ ഏകാന്ത ഗംഭീരമായൊരു വിതാനത്തിലാണ് ചെന്നുനിൽക്കുന്നത്.


നാസികളുടെ ജൂതവിദ്വേഷപരമായ സെമിറ്റിക് വിരോധം, ദളിതരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന ഹിന്ദുമത പ്രത്യയശാസ്ത്രത്തിൽനിന്ന് ഭിന്നമല്ലെന്ന് 1942‐ൽ തന്നെ ജർമൻ ഫാസിസവുമായി ഹിന്ദുത്വവാദത്തിനുള്ള രക്തബന്ധം വ്യക്തമാക്കുമ്പോഴും അംബേദ്കറോട് സാദരം ചേർന്നുനിൽക്കാൻ കമ്യൂണിസ്റ്റുകാർക്ക് സന്തോഷമുണ്ട്.


എന്നാൽ ഹിന്ദുധർമശാസ്ത്രത്തിലാണ് ജാതി വ്യവസ്ഥ വേരിറക്കി നിൽക്കുന്നതെന്നും, ധർമശാസ്ത്രം ഉപേക്ഷിക്കാൻ ഹിന്ദുക്കൾ ഒരുക്കമാവുകയില്ലെന്നും അതുകൊണ്ട് ഹിന്ദുമതത്തിൽനിന്ന് പുറത്ത് കടക്കലാണ് ജാതിപ്രശ്നത്തിനുള്ള ഏക പരിഹാരമെന്നുമുള്ള അംബേദ്കറുടെ നിലപാട് വിമർശിക്കപ്പെടേണ്ടതുണ്ട്.


ജാതിച്ചങ്ങല പൊട്ടിക്കുക (Anihilation of Caste) എന്നതിനുപകരം, അത്‌ പൊട്ടാത്തതാണെന്നും അതിനുള്ളിൽ നിന്ന് വല്ലവിധേനെയും സ്വയം പുറത്ത് കടക്കാൻ നോക്കുകയാണ് വേണ്ടതെന്നുമുള്ള കാഴ്ചപ്പാടിലേക്ക് അദ്ദേഹം ഇവിടെ ചുരുങ്ങുന്നുണ്ട്.


venu illustrate2.


ഇന്ത്യയിലെ ജാതി വ്യവസ്ഥയെ പോലെ തൊട്ടുകൂടായ്മ അടക്കമുള്ള സമാനമായ വ്യവസ്ഥകൾ ലോകത്തിന്റെ പലഭാഗത്തും പുലർന്നിരുന്നുവെന്നും, അവയൊക്കെ പിന്നീട് തകർന്ന് പോകുകയുണ്ടായെന്നും ഈയിടെ ഇറങ്ങിയ അംബേദ്കറുടെ ജീവചരിത്ര (Iconoclast) ത്തിൽ ആനന്ദ് തെൽ തുംദെ ചൂണ്ടിക്കാട്ടുന്നുണ്ട്.


മഹാരാഷ്‌ട്രയിലെ മഹാർ വിഭാഗത്തിൽപ്പെട്ടവരാണ് 1956‐ൽ അംബേദ്കറോടൊപ്പം വൻതോതിൽ ബുദ്ധമതം സ്വീകരിച്ചത്. എന്നാൽ '94‐ൽ തിമോത്തി ഹിറ്റ്സ് ജെറാൾഡും '97‐ൽ നീരാബൂറയും നവബുദ്ധിസ്റ്റുകൾക്കിടയിൽ നടത്തിയ പഠനങ്ങൾ, മഹാരാഷ്‌ട്രയിലെ മാഹാറുകളുടെ ജീവിതത്തിൽ മതപരിവർത്തനം കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് കണ്ടെത്തുകയുണ്ടായി.


ഭൂപ്രശ്നം സംബന്ധിച്ചും അംബേദ്കറുടെ നിലപാടിനോട് കമ്യൂണിസ്റ്റുകാർക്ക് വിയോജിപ്പുണ്ട്. സർക്കാറിന്റെ കൈവശമുള്ള ‘തരിശുഭൂമി' ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനെപ്പറ്റിയല്ലാതെ, ഭൂപ്രഭുക്കൾ കൈവശപ്പെടുത്തിവച്ചിരിക്കുന്ന ‘മിച്ചഭൂമി' പിടിച്ചെടുത്ത് വിതരണം ചെയ്യുക എന്ന ആശയം അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല.


മിച്ചഭൂമി ഏറ്റെടുക്കേണ്ടിവന്നാൽ തന്നെ മതിയായ പ്രതിഫലം ഭൂവുടമയ്‌ക്ക് നൽകണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. സ്വകാര്യസ്വത്തിന്റെ ‘വിശുദ്ധി'യിൽ അംബേദ്കർക്കുള്ള വിശ്വാസം അചഞ്ചലമായിരുന്നു.


കെ വേണു ഇന്ത്യൻ ജനാധിപത്യവിപ്ലവത്തിന്റെ ‘നേതൃപദവി'യിൽ അവരോധിക്കുന്ന അംബേദ്കർ ആദിവാസികളോടും ഗോത്രജനതയോടും ഒട്ടും ജനാധിപത്യപരമായ സമീപനമല്ല വച്ചുപുലർത്തിയിരുന്നത്.


കേന്ദ്ര നിയമനിർമാണ സഭയിൽ 40 ശതമാനം ഹിന്ദുക്കൾക്കും 32 ശതമാനം മുസ്ലീങ്ങൾക്കും 20 ശതമാനം പട്ടികജാതിക്കാർക്കും മൂന്ന്‌ ശതമാനം ക്രിസ്ത്യാനികൾക്കും ഒരു ശതമാനം ആംഗ്ലോ ഇന്ത്യക്കാർക്കും പ്രാതിനിധ്യം വേണമെന്ന് വാദിച്ച അംബേദ്കർ ആദിവാസികൾക്കും അത്തരമൊരു പ്രാതിനിധ്യം വേണമെന്ന് കരുതിയതേയില്ല.


ആദിവാസികൾക്ക് രാഷ്‌ട്രീയബോധമില്ലെന്നും ഭൂരിപക്ഷ‐ന്യൂനപക്ഷ സമുദായങ്ങളുടെ ചട്ടുകമായി അവർ മാറുമെന്നും അത് സാമുദായികമായ സന്തുലനം തകർക്കുമെന്നും അംബേദ്‌കർ വിചാരിക്കുകയും വാദിക്കുകയും ചെയ്തു.


നക്സൽ പ്രസ്ഥാനത്തിലടക്കം നേതൃനിരയിൽ ഒരു ജാതിശ്രേണിയുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തോട് യോജിച്ചുകൊണ്ട്, താൻ നേതൃസ്ഥാനത്തിരിക്കാൻ ആഗ്രഹിച്ചില്ലെങ്കിലും 'സൈദ്ധാന്തിക പ്രശ്നങ്ങളൊക്കെ വരുമ്പോൾ നേരിടണമെന്ന കാരണത്താൽ പലപ്പോഴും എന്റെ പേരുതന്നെ ആദ്യം ഉയർന്നുവരികയായിരുന്നു’ എന്ന് പറഞ്ഞ് താൻ നേതൃപദവി വിടാതെ കൊണ്ടുനടക്കുന്നതിനെ വേണു സ്വയം ന്യായീകരിക്കുന്നു.


നക്സൽ പ്രസ്ഥാനത്തിലടക്കം നേതൃനിരയിൽ ഒരു ജാതിശ്രേണിയുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തോട് യോജിച്ചുകൊണ്ട്, താൻ നേതൃസ്ഥാനത്തിരിക്കാൻ ആഗ്രഹിച്ചില്ലെങ്കിലും 'സൈദ്ധാന്തിക പ്രശ്നങ്ങളൊക്കെ വരുമ്പോൾ നേരിടണമെന്ന കാരണത്താൽ പലപ്പോഴും എന്റെ പേരുതന്നെ ആദ്യം ഉയർന്നുവരികയായിരുന്നു’ എന്ന് പറഞ്ഞ് താൻ നേതൃപദവി വിടാതെ കൊണ്ടുനടക്കുന്നതിനെ വേണു സ്വയം ന്യായീകരിക്കുന്നു.


സങ്കീർണമായ സൈദ്ധാന്തിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അവർണരോ ദളിതരോ പോരാത്തതുകൊണ്ടാണ് സവർണനായ തനിക്ക് തൽസ്ഥാനത്ത് തുടരേണ്ടിവന്നതെന്ന് പറയുന്ന വേണു, അംബേദ്കറുടെ ചെലവിൽ കമ്യൂണിസ്‌റ്റുകാരെ വിമർശിക്കാൻ കച്ചകെട്ടിനിൽക്കുന്ന കാഴ്ച കൗതുകം പകരുന്നുണ്ട്.


സ്വത്വരാഷ്‌ട്രീയത്തോടും തനിക്ക് യോജിപ്പാണെന്ന് അത് സംബന്ധിച്ച വിനിൽ പോളിന്റെ ചോദ്യത്തോട് പ്രതികരിച്ച് വേണു പറയുന്നു. ചുരുക്കത്തിൽ കമ്യൂണിസത്തോടൊഴിച്ച്, മറ്റെല്ലാത്തിനോടും ഒത്തുപോകാൻ ഒട്ടും പ്രയാസമില്ലാത്ത ഒരു ‘ബുദ്ധിജീവിത'മാണ് വേണുവിന്റേതെന്ന് വ്യക്തമാകുന്നുണ്ട്.


ഗൗരിയമ്മ സിപിഐ എമ്മിൽനിന്ന് പുറത്ത് പോയപ്പോൾ കൂടെച്ചേർന്ന്‌ സ്വയം കയറിവരാനും ഡൽഹിയിൽ ‘ആപ്പ്' വിജയിച്ചപ്പോൾ ആവേശഭരിതനായി കമ്യൂണിസ്റ്റുകാർ കെജ്രിവാളിന് പഠിക്കണമെന്ന് ഉപദേശിച്ചതും ഇവിടെ ഓർമവരുന്നു. ഒരു 'വിശകലനരീതിയെന്ന നിലയ്‌ക്ക് മാർക്സിസത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നുതന്നെയാണ്’ താൻ വിശ്വസിക്കുന്നതെന്ന് ഒരു സൗജന്യം നൽകുംപോലെ അദ്ദേഹം പറയുന്നുണ്ട്.


എന്നാൽ മാർക്സിസം കേവലം ഒരു വിശകലന രീതിയല്ല. അത് സർവോപരി മുതലാളിത്തത്തിനെതിരായ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സിദ്ധാന്തമാണ്. മാർക്സിസ്‌റ്റ്‌ ജ്ഞാനശാസ്ത്രം വേണുവിന് സ്വീകാര്യവും സത്താശാസ്ത്രം വർജ്യവുമാണ്! എന്നാൽ അവ തമ്മിൽ അവിഭാജ്യമായ ജൈവബന്ധമാണുള്ളത്.


കമ്യൂണിസ്‌റ്റ്‌ പ്രയോഗവുമായി കണ്ണിചേരാതെ ആ ജ്ഞാന ശാസ്ത്രത്തിന് സ്വതന്ത്രമായ ഒരസ്തിത്വമില്ല. ആൽവിൻ ടോഫ്‌ളറുടെ 'ഫ്യൂച്ചർ ഷോക്ക്’ എന്ന കൃതിയിൽ വാർധക്യസഹജമായ രോഗം ബാധിച്ച ഒരു കുട്ടിയെക്കുറിച്ച് പറയുന്നുണ്ട്.


ഇവിടെ വയോവൃദ്ധനായ വേണു, ശിശുസഹജമായ രോഗബാധകളിൽനിന്ന് ഇനിയും വിമുക്തനല്ലെന്ന് ഈ അഭിമുഖവും തെളിയിക്കുന്നുണ്ട് .


ദേശാഭിമാനി വാരികയിൽ നിന്ന്



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home