ad
Deshabhimani

Articles

കെ ദാമോദരന്‍ 
വിടവാങ്ങിയിട്ട് 
അരനൂറ്റാണ്ട്

ധിഷണാശാലിയായ പോരാളി

k damodaran
avatar
കെ വി അബ്ദുൾ ഖാദർ

Published on Jul 03, 2026, 12:00 AM | 4 min read

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന കെ ദാമോദരന്‍ അന്തരിച്ചിട്ട് വെള്ളിയാഴ്‌ച 50 വര്‍ഷം തികയുന്നു. തുഞ്ചത്ത് ആചാര്യന്റെ നാടായ തിരൂരിലെ പൊറൂര്‍ എന്ന ഗ്രാമത്തില്‍ 1912 ഫെബ്രുവരി 12-ന് ജനിച്ച്, കമ്യൂണിസ്റ്റ് നേതാവായി ദാമോദരന്‍ വളര്‍ന്നത് സമര്‍പ്പിതമായ പോരാട്ട ജീവിതത്തിലൂടെയാണ്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1930 മേയിൽ കോഴിക്കോട് കടപ്പുറത്ത് നിയമലംഘനസമരത്തില്‍ പങ്കെടുക്കാന്‍ പോയി. പ്രായപൂര്‍ത്തിയായില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിച്ചില്ല. 1931 മാര്‍ച്ച് 27-ന് താനൂരില്‍പോയി നിരോധനം ലംഘിച്ച് സമരം നടത്തുകയും ബ്രിട്ടീഷ് വിരുദ്ധപ്രസംഗം നടത്തുകയും ചെയ്തു. 23 മാസത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. വിദ്യാര്‍ഥികളെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുപ്പിക്കുന്നതിന് കേരള വിദ്യാര്‍ഥിസംഘം എന്ന സംഘടന രൂപീകരിച്ച് അദ്ദേഹം ജനറല്‍ സെക്രട്ടറിയുമായി.


നിയമലംഘന പ്രസ്ഥാനം ശക്തിപ്പെട്ടതോടെ കോഴിക്കോട്ട്‌പോയി നിയമലംഘനം നടത്തി അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍ മോചിതനായി ഗുരുവായൂരപ്പന്‍ കോളേജില്‍ അഡ്മിഷന് ചെന്നെങ്കിലും നിഷേധിക്കപ്പെട്ടു. അങ്ങനെയാണ് ആചാര്യ നരേന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള കാശി വിദ്യാപീഠത്തിലേക്ക് കെ ദാമോദരന്‍ എത്തുന്നത്. അവിടെ നല്ലൊരു ഗ്രന്ഥശാലയുണ്ടായിരുന്നു. മാര്‍ക്സിസ്റ്റ് ഗ്രന്ഥങ്ങളും ലഭിച്ചു. അവിടത്തെ പഠനത്തിനുശേഷം തികഞ്ഞ കമ്യൂണിസ്റ്റായാണ് കേരളത്തിലെത്തിയത്. കോണ്‍ഗ്രസ്– സോഷ്യലിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ളയുമായി ബന്ധപ്പെടുകയും സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും തൊഴിലാളി രാഷ്ട്രീയത്തിലും സജീവമാകുകയുംചെയ്‌തു. 1937 മേയിലാണ് കോഴിക്കോട് വച്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകം എസ് വി ഘാട്ടെയുടെ സാന്നിധ്യത്തില്‍ രൂപീകരിക്കപ്പെട്ടത്. പി കൃഷ്ണപിള്ള, ഇ എം എസ്, കെ ദാമോദരന്‍, എന്‍ സി ശേഖര്‍, എന്നിവരായിരുന്നു പ്രഥമ കമ്മിറ്റിയിലെ അംഗങ്ങള്‍.


1938-ലെ മുഹമ്മ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍, 1939-ല്‍ പൊന്നാനി ബീഡി തൊഴിലാളി യൂണിയന്‍ എന്നിവ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സമരത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട കെ ദാമോദരനെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ പൊന്നാനിയിലെ മുസ്ലിം സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ തടഞ്ഞു. 1940ൽ കെപിസിസി സെക്രട്ടറി ആയിരിക്കെ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്‌ വെല്ലൂര്‍ ജയിലിലടച്ചു. അഞ്ചുവര്‍ഷം ജയിലില്‍. 1945 ഒക്ടോബറില്‍ മോചിതനായി. തുടര്‍ന്ന്, കമ്യൂണിസ്റ്റ് പാര്‍ടിയുടെ താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1946-ലായിരുന്നു വിവാഹം. അകന്നബന്ധത്തിലുള്ള കെ പി പത്മയായിരുന്നു വധു. 1946ൽ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. 1951-ല്‍ മോചിതനായി. നീണ്ട ജയില്‍വാസം അദ്ദേഹം പഠനത്തിനും എഴുത്തിനുമുള്ള അവസരമാക്കി. 1951-ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മലബാര്‍ കമ്മിറ്റി സെക്രട്ടറിയായി. 1964-ല്‍ രാജ്യസഭാംഗമായി. ഇ‍ൗ കാലഘട്ടത്തിൽ താഷ്‌കന്റ്‌ ആഫ്രോ ഏഷ്യന്‍ എഴുത്തുകാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യസഭാ എംപിയായശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ഫെലോഷിപ് ലഭിച്ചു. ജെഎന്‍യുവില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് ചരിത്രം തയ്യാറാക്കാനുള്ള ശ്രമത്തില്‍ പങ്കെടുക്കുമ്പോഴാണ്‌ 1976 ജൂലൈ 3-ന് അദ്ദേഹം അന്തരിച്ചത്.


കേരളത്തിന്റെ സാഹിത്യചരിത്രത്തിലും കെ ദാമോദരന് സുപ്രധാനമായ സ്ഥാനമുണ്ട്. 1937 മെയ് എട്ടിനാണ് തൃശൂരില്‍ ജീവൽ സാഹിത്യ സംഘം സമ്മേളനം ചേരുന്നത്. എ ഡി ഹരിശര്‍മയായിരുന്നു അധ്യക്ഷന്‍. 1936-ല്‍ മുന്‍ഷി പ്രേംചന്ദിന്റെ അധ്യക്ഷതയില്‍ ലഖ്നൗവില്‍ ചേര്‍ന്ന പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ രൂപീകരണത്തിന്റെ തുടര്‍ച്ചയായിരുന്നു ജീവല്‍ സാഹിത്യ സമ്മേളനം. ഇ എം എസിനൊപ്പം കെ ദാമോദരനും ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിച്ചു. കുട്ടികൃഷ്ണമാരാരും സഞ്ജയനും ഉള്‍പ്പെടുന്നവരുടെ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കി പില്‍ക്കാലത്ത് ഇ എം എസും ദാമോദരനും എഴുതിയ ലേഖനങ്ങള്‍ പുരോഗമന സാഹിത്യ ചരിത്രത്തിലെ പ്രധാന ഏടുകളാണ്.

1937-ല്‍ കേരളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത രാഷ്ട്രീയ നാടകമായ ‘പാട്ടബാക്കി' കെ ദാമോദരന്‍ രചിച്ചു. ഇ എം എസിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്. ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് കൃഷിക്കാരുടെ ജീവിതത്തെ പരാമര്‍ശിക്കുന്ന നാടകം വേണമെന്ന ഇ എം എസിന്റെ നിര്‍ദേശപ്രകാരമാണ് പാട്ടബാക്കി എഴുതിയതെന്ന് ഏഴാം പതിപ്പിന്റെ മുഖവുരയില്‍ ദാമോദരന്‍ വിവരിക്കുന്നുണ്ട്. അപ്പോള്‍ത്തന്നെ നാടകമെഴുതി. മൂന്നുദിവസംകൊണ്ട് റിഹേഴ്സലും പൂര്‍ത്തിയാക്കി. എ കെ ജി, കെ പി ആര്‍ ഗോപാലന്‍, കെ എ കേരളീയന്‍, സര്‍ദാര്‍ ചന്ദ്രോത്ത് എന്നിവര്‍ ആദ്യാവതരണത്തില്‍ അഭിനേതാക്കളായി. കെ ദാമോദരന്‍ തന്നെയായിരുന്നു സംവിധാനം. സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു പാട്ടബാക്കിയുടെ അവതരണമെന്ന് എ കെ ജി ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ടെ പ്രസ്‌ തൊഴിലാളി യൂണിയന്‍ വാര്‍ഷികത്തോടനുബന്ധിച്ച് 1939-ല്‍ ‘രക്തപാനം'എന്ന നാടകം ദാമോദരന്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ട്.


കേവലമായ തത്വചിന്തയുടെ ലോകത്ത്നിന്നുകൊണ്ട് സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന കാഴ്ചപ്പാടായിരുന്നു ദാമോദരന്റേത്‌. അതുകൊണ്ട്തന്നെ തത്വചിന്തകളെ വിശകലനം ചെയ്യുകയും ഒപ്പം പ്രായോഗിക രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇടപെടുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും സമന്വയത്തിനുവേണ്ടിയുള്ള അന്വേഷണമായിരുന്നു ആ ജീവിതം. വിമര്‍ശത്തിന്റെയും സ്വയംവിമര്‍ശത്തിന്റെയും രീതികളെ മുറുകെപ്പിടിച്ച്‌ തന്റേതായ ശരികളിലൂടെ യാത്രചെയ്തു. എല്ലാത്തിനോടും നമുക്ക് യോജിക്കാനാകില്ല. എന്നാല്‍, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളില്‍നിന്ന് പലതും സ്വീകരിക്കാനുമുണ്ട്.

മാര്‍ക്സിസ്റ്റ് വീക്ഷണത്തെ യാന്ത്രികവാദത്തില്‍നിന്നും മോചിപ്പിച്ച് സര്‍ഗാത്മകമായ തലത്തിലൂടെ വികസിപ്പിക്കാനുള്ള ശ്രമമായിരുന്നു ആ ജീവിതം. അതിന്റെ ഭാഗമായി നിരവധി കൃതികള്‍ രചിക്കുകയും ചെയ്തു. സമസൃഷ്ടിവാദ വിജ്ഞാപനം, റഷ്യന്‍ വിപ്ലവം (ഇ എം എസിനൊപ്പം എഴുതിയത്), മനുഷ്യന്‍, ധനശാസ്ത്ര പ്രവേശിക, നാണയ പ്രശ്നം, ഇന്ത്യയുടെ ആത്മാവ്, കേരളത്തിന്റെ സ്വാതന്ത്ര്യസമരം, പണംമുതല്‍ നയാ പൈസവരെ, കേരള ചരിത്രം, ഭാരതീയ ചിന്ത, മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിന്‌ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പാരമ്പര്യത്തെ ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്‌താണ് ഭാരതീയ ദര്‍ശനമെന്ന ഒരു ക്ലാസിക് കൃതി രചിച്ചത്‌. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഭൗതികവാദ ചിന്താഗതികള്‍ക്കുണ്ടായിരുന്ന പ്രാമുഖ്യം പില്‍ക്കാലത്ത് എങ്ങനെയാണ് ദുര്‍ബലപ്പെടുന്നത് എന്നകാര്യം ഭാരതീയ ചിന്തയില്‍ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയിലെ ചിന്തകള്‍ എന്നുള്ളത് ലോകത്ത് രൂപപ്പെട്ട ആശയങ്ങളുമായുള്ള വിനിമയങ്ങളിലൂടെ രൂപപ്പെട്ടതാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ദാര്‍ശനികപാരമ്പര്യം പ്രാചീന ഗ്രീക്ക് ചിന്തകളും മധ്യകാല ഇസ്ലാമിക ചിന്തകളും ക്രിസ്തുമത ആശയങ്ങളുമായി ഉള്‍പ്പെടെ ബന്ധപ്പെട്ടുകിടക്കുന്നതായി അദ്ദേഹം വിശദീകരിക്കുന്നു. രാജ്യത്ത് ജാതിവ്യവസ്ഥയും നവോത്ഥാന പാരമ്പര്യങ്ങളും അസമമായ സാമ്പത്തിക വിതരണക്രമവുമെല്ലാം എങ്ങനെ രൂപപ്പെട്ടെന്ന പഠനംകൂടിയാണ് ഈ കൃതി. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അഭേദ്യഭാഗമായ ചാര്‍വാക-–ബൗദ്ധ–-ജൈന ദര്‍ശനങ്ങളെയും വിശദമായ പരിശോധനയ്‌ക്ക് അദ്ദേഹം വിധേയമാക്കി.


ഭൂതകാലത്തെ പുനര്‍ജനിപ്പിച്ച് വര്‍ത്തമാനകാലത്തെ പ്രശ്നങ്ങളെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഇന്ന്‌ ഇന്ത്യൻ ദര്‍ശനങ്ങളെയും അതിന്റെ പാരമ്പര്യങ്ങളെയുംകുറിച്ച് ദാമോദരന്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യയുടെ ദാര്‍ശനിക ജീവിതത്തെ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിലൂടെ വിശകലനംചെയ്ത അദ്ദേഹത്തിന്റെ ചിന്തകള്‍ വര്‍ത്തമാനകാലത്തെ മതരാഷ്ട്രവാദികളുടെ കാഴ്ചപ്പാടുകള്‍ക്കെതിരായുള്ള സമരത്തിന് കരുത്തുറ്റ ആയുധം തന്നെയാണ്. ഒ എന്‍ വി പറഞ്ഞതുപോലെ;

"ജ്ഞാനവിജ്ഞാനക്കരുക്കളെ കയ്യിലെ കളിക്കോപ്പായി മാറ്റിയ മനുഷ്യനെ’ മലയാളി എന്നും ഓര്‍ക്കും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home