Deshabhimani

Articles

അടിച്ചമർത്തപ്പെട്ടവന്റെ നെഞ്ചിലെ നീറുന്ന വേദന ലോകത്തോട് വിളിച്ചുപറഞ്ഞ വിപ്ലവകാരിയായിരുന്നു ജെസ്സി ജാക്സൺ

“അടിത്തട്ടല്ല നാം ഈ സമൂഹത്തിന്റെ അടിത്തറയാണ്.”: ജെസ്സി ജാക്സൺ.

jesssi
avatar
ജി ശബരിനാഥ്

Published on Mar 12, 2026, 03:19 PM | 4 min read

അമേരിക്കൻ പൗരാവകാശ പോരാട്ടങ്ങളുടെ കനൽവഴികളിൽ ഡോ. മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയറിന്റെ നിഴലായി, അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് കാവലിരുന്ന പ്രിയശിഷ്യൻ റവറന്റ് ജെസ്സി ജാക്സൺ (84) ഓർമ്മയായി. പാർക്കിൻസൺസ് രോഗമെന്ന് പലപ്പോഴും തെറ്റായി നിർണ്ണയിക്കപ്പെടുന്ന, അപൂർവ്വമായ നാഡീരോഗമായ പ്രോഗ്രസ്സീവ് സുപ്രാന്യൂക്ലിയർ പാൾസി (പി എസ് പി) ബാധിച്ച് വർഷങ്ങളോളം കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ഫെബ്രുവരി 17 നാണ് അദ്ദേഹം വിടവാങ്ങിയത്


കേവലം ഒരു രാഷ്ട്രീയക്കാരനോ ബാപ്റ്റിസ്റ്റ് പുരോഹിതനോ എന്നതിലുപരി, അടിച്ചമർത്തപ്പെട്ടവന്റെ നെഞ്ചിലെ നീറുന്ന വേദന ലോകത്തോട് വിളിച്ചുപറഞ്ഞ വിപ്ലവകാരിയായിരുന്നു അദ്ദേഹം. വംശീയ വിവേചനത്തിന്റെ ഇരുൾപിടിച്ച നാളുകളിൽ നിന്ന് ആരംഭിച്ച്, തന്റെ ജനതയെ വൈറ്റ് ഹൗസിന്റെ പടിവാതിൽ വരെ എത്തിച്ച ആ പോരാട്ടവീര്യം വിസ്മയകരമാണ്. വംശീയ നീതിക്കും സാമ്പത്തിക ശാക്തീകരണത്തിനും വേണ്ടി മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ട എൽ ജി ബി ടി ക്യു സമൂഹത്തിന്റെ അവകാശങ്ങൾക്കും അദ്ദേഹം പ്രവർത്തിച്ചു.


ഡോ. കിങ്ങിന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ശിഷ്യൻ


1960-68 ഡോ. മാർട്ടിൻ ലൂതർ കിങ്ങിനൊപ്പം 'സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസിൽ' (എസ് സി എൽ സി) സജീവമായതോടെയാണ് ജാക്സന്റെ ഉദയം. 1968 ഏപ്രിൽ 4ന് മെംഫിസിലെ ലോറെയ്ൻ മോട്ടലിൽ വെച്ച് ഡോ. കിങ്ങ് വെടിയേറ്റു വീഴുമ്പോൾ ജാക്സൺ തൊട്ടടുത്തുണ്ടായിരുന്നു. തന്റെ നെഞ്ചിൽ കിടന്ന് അവസാനശ്വാസം വലിച്ച ആചാര്യന്റെ വിയോഗത്തിന് ശേഷം, പ്രസ്ഥാനത്തിന്റെ ചക്രം തിരിക്കാനുള്ള ഉത്തരവാദിത്തം ജാക്സൺ ഏറ്റെടുത്തു.


ഡോ. കിങ്ങിൽ നിന്ന് ജെസ്സി ജാക്സൺ ആർജ്ജിച്ചെടുത്തത് രാഷ്ട്രീയതന്ത്രങ്ങളല്ല, മറിച്ച് അചഞ്ചലമായ ധാർമ്മിക സ്ഥൈര്യവും അഹിംസ സമരങ്ങൾക്കു വേണ്ടിയുള്ള പോരാട്ടവീര്യവുമാണ്. അധികാരത്തിന്റെ ഭീഷണികൾക്ക് മുന്നിൽ പതറാതെ നിൽക്കാനും, സ്നേഹത്തിലൂടെയും ഐക്യത്തിലൂടെയും മാറ്റങ്ങൾ കൊണ്ടുവരാമെന്നുമുള്ള വലിയ പാഠം അദ്ദേഹം തന്റെ ഗുരുവിലൂടെ പഠിച്ചു. ആവേശകരമായ പ്രസംഗങ്ങളിലൂടെ ജനങ്ങളെ ഒരേ ലക്ഷ്യത്തിലേക്ക് നയിക്കാനുള്ള അസാമാന്യമായ വാക്ചാതുരി മുതൽ നിസ്സഹകരണ സമരങ്ങൾ വരെ ജാക്സന്റെ ശൈലിയിൽ ഡോ. കിങ്ങിന്റെ ആഴത്തിലുള്ള സ്വാധീനം കാണാം. സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഡോ. കിങ്ങിന്റെ തണലിൽ നിന്നാണ്, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി ഏതറ്റം വരെയും പോരാടാനുള്ള കരുത്ത് അദ്ദേഹം നേടിയെടുത്തത്.


സാമ്പത്തിക നീതി വേണ്ടിയുള്ള പോരാട്ടം


നിയമപരമായ അവകാശങ്ങൾ നേടിക്കഴിഞ്ഞപ്പോൾ, ആഫ്രിക്കൻ അമേരിക്കക്കാരുടെ സാമ്പത്തിക ശാക്തീകരണത്തിനായാണ് അദ്ദേഹം പിന്നീട് നിലകൊണ്ടത്. 'ഓപ്പറേഷൻ പുഷ്' എന്ന സംഘടനയിലൂടെ തൊഴിലാളികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി അദ്ദേഹം മാറി. "ഭക്ഷണശാലയിൽ ഇരിക്കാനുള്ള അവകാശം മാത്രമല്ല, ഭക്ഷണം വാങ്ങാനുള്ള പണവും നമ്മുടെ ജനതയ്ക്ക് വേണം" എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം.


റെയിൻബോ കോഅലീഷൻ


അമേരിക്കൻ രാഷ്ട്രീയത്തിൽ കറുത്തവർഗ്ഗക്കാർക്ക് അപ്രാപ്യമെന്ന് കരുതിയ മേഖലകളിലേക്ക് അദ്ദേഹം കടന്നുചെന്നു.1984ലും 1988ലും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി അദ്ദേഹം മത്സരിച്ചു.

"നമ്മുടെ പതാക ചുവപ്പും വെള്ളയും നീലയുമാണ്, എന്നാൽ നമ്മുടെ രാജ്യം ഒരു മഴവില്ലാണ്, ചുവപ്പും മഞ്ഞയും തവിട്ടും കറുപ്പും വെള്ളയും ചേർന്ന മഴവില്ല്." - ജാക്സന്റെ ഈ വാക്കുകൾ ചരിത്രമായി.

1988ൽ 11 പ്രൈമറികൾ ജയിച്ച അദ്ദേഹം, പിന്നീട് ഒബാമയെപ്പോലുള്ളവർക്ക് ആ സ്ഥാനത്തേക്ക് കടന്നുവരാനുള്ള പാത ത്തെളിക്കുകയായിരുന്നു.


സമാധാനത്തിന്റെ സന്ദേശവാഹകൻ.


അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിന് പുറമെ അന്താരാഷ്ട്ര നയതന്ത്രരംഗത്തും ജെസ്സി ജാക്സൺ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത് അതീവ സങ്കീർണ്ണമായ ലോകപ്രശ്നങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെയാണ്. അമേരിക്കൻ ഭരണകൂടത്തിന് നേരിട്ട് ഇടപെടാൻ സാധിക്കാതിരുന്ന പ്രതിസന്ധിഘട്ടങ്ങളിൽ, ഒരു 'സ്വതന്ത്ര നയതന്ത്രജ്ഞൻ' എന്ന നിലയിൽ അദ്ദേഹം യുദ്ധമുഖങ്ങളിലേക്ക് ധീരമായി കടന്നുചെന്നു. 1983ൽ സിറിയയിൽ തടവിലാക്കപ്പെട്ട നാവികസേനാ പൈലറ്റ് റോബർട്ട് ഗുഡ്മാനെ മോചിപ്പിക്കാൻ ഹാഫിസ് അൽ അസദുമായി നടത്തിയ വിജയകരമായ ചർച്ചകളും, 1990ൽ കുവൈറ്റ് അധിനിവേശ വേളയിൽ ഇറാഖിലെ സദ്ദാം ഹുസൈനെ നേരിൽക്കണ്ട് നൂറുകണക്കിന് വിദേശ ബന്ദികളുടെ മോചനം സാധ്യമാക്കിയതും അദ്ദേഹത്തിന്റെ നയതന്ത്ര മികവിന്റെ ഉദാഹരണങ്ങളാണ്. ഇതിനുപുറമെ, 1999ൽ കൊസോവോ യുദ്ധകാലത്ത് യുഗോസ്ലാവിയൻ പ്രസിഡന്റ് സ്ലോബോദാൻ മിലോസെവിച്ചിനെ സന്ദർശിച്ച് തടവിലായ മൂന്ന് അമേരിക്കൻ സൈനികരെ മോചിപ്പിച്ചതും ജാക്സന്റെ സമാധാന ദൗത്യങ്ങളിലെ സുപ്രധാന അധ്യായമാണ്. ഔദ്യോഗിക പദവികൾ ഇല്ലാതെ തന്നെ, തന്റെ ധാർമ്മികമായ സ്വാധീനവും ആശയവിനിമയ ശേഷിയും ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ തലവന്മാരെ സ്വാധീനിക്കാനും ബന്ദികളെ വീണ്ടെടുക്കാനും അദ്ദേഹത്തിന് സാധിച്ചു എന്നത് ചരിത്രപ്രധാനമാണ്.


ജെസ്സി ജാക്സൺ ഫിഡൽ കാസ്ട്രോയുമായി നടത്തിയ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഈ സന്ദർശനത്തിലൂടെ 22 അമേരിക്കൻ തടവുകാരെയും 26 ക്യൂബൻ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ക്യൂബയിൽ വെച്ച് കാസ്ട്രോയോടൊപ്പം നിന്നുകൊണ്ട് "ക്യൂബ വാഴട്ടെ! അമേരിക്ക വാഴട്ടെ! പ്രസിഡന്റ് കാസ്ട്രോ വാഴട്ടെ!" എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. ജാക്സന്റെ ഈ നിലപാട് ഒരു വഞ്ചനയാണെന്ന് വിമർശകർ ആരോപിച്ചപ്പോൾ, അയൽരാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം അവരുമായി സമാധാനപരമായി സഹകരിക്കണമെന്ന "ധാർമ്മിക നയതന്ത്രം" (മോറൽ ഡിപ്ലോമസി) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. രാഷ്ട്രീയ ഭിന്നതകൾ പരിഹരിക്കാൻ മതപരമായ സമാനതകൾ ഉപയോഗിക്കാമെന്ന് വിശ്വസിച്ച അദ്ദേഹം, നിരീശ്വരവാദിയായ കാസ്ട്രോയെ ഹവാനയിലെ ഒരു മെത്തഡിസ്റ്റ് ചർച്ചിലേക്ക് കൊണ്ടുപോയത് അവിശ്വസിനീയമായ ഒരു ചരിത്രമാണ്.


ഒടുവിൽ ഒരു സ്വപ്ന സാക്ഷാത്കാരം


ബരാക് ഒബാമയെ അമേരിക്കയുടെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റായി 2008ൽ പ്രഖ്യാപിക്കപ്പെടുമ്പോൾ, ജാക്സന്റെ കണ്ണിൽനിന്ന് ഇറ്റു വീണ കണ്ണീരിന് അഞ്ച് പതിറ്റാണ്ടുകളായി താൻ അനുഭവിച്ച അവഗണനകളുടെയും, നേരിട്ട ലാത്തിച്ചാർജുകളുടെയും, തന്നോടൊപ്പം പോരാടി വീണുപോയ രക്തസാക്ഷികളുടെയും കഥ പറയാനുണ്ടായിരുന്നു. ഡോ. കിങ്ങ് വെടിയേറ്റു വീഴുമ്പോൾ അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്ന ആ യുവാവ്, തന്റെ വഴികാട്ടിയുടെ ആ സ്വപ്നം ഒബാമയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത് കാണാൻ ജീവിച്ചിരിക്കുന്നു എന്നതായിരുന്നു ആ നിമിഷത്തിന്റെ വൈകാരികത. താൻ രണ്ടുതവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ പാകിയ വിത്തുകളാണ് ഇന്ന് ഒബാമയിലൂടെ ഒരു വൻമരമായി വളർന്നുനിൽക്കുന്നതെന്ന തിരിച്ചറിവ് ആ പോരാട്ടത്തെ സാർത്ഥകമാക്കി.


“Keep Hope Alive”(പ്രത്യാശ നിലനിർത്തുക)


തലമുറകളായി നീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ അതിജീവനത്തിന്റെ അടയാളമായി ഇന്നും ജെസ്സി ജാക്സൺ ജ്വലിച്ചുനിൽക്കുന്നു. ജെസ്സി ജാക്സന്റെ ജീവിതം ലോകത്തിന് നൽകുന്ന സന്ദേശം അചഞ്ചലമായ പ്രത്യാശയുടെയും പോരാട്ടത്തിന്റെയും ഉദാത്തമായ മാതൃകയാണ്. പ്രതിസന്ധികൾ എത്ര കഠിനമായാലും നീതിക്കുവേണ്ടിയുള്ള ശബ്ദം നിലയ്ക്കരുതെന്നും, മാറ്റം എന്നത് ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല മറിച്ച് പതിറ്റാണ്ടുകളുടെ ക്ഷമയോടെയുള്ള പ്രവർത്തനഫലമാണെന്നും അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. "Keep Hope Alive" എന്ന അദ്ദേഹത്തിന്റെ ആഹ്വാനം കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് വിവേചനമില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ഊർജ്ജമാണ്. വംശീയതയ്ക്കും അസമത്വത്തിനുമെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളിൽ നിന്ന്, അധികാരമില്ലാത്തവർക്ക് വേണ്ടി സംസാരിക്കാനും ശത്രുക്കളോട് പോലും നയതന്ത്രത്തിലൂടെ സംവദിക്കാനുമുള്ള ആർജ്ജവമാണ് നാം മാതൃകയാക്കേണ്ടത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home