ഇത് തുടക്കംമാത്രം


എം എ ബേബി
Published on Aug 03, 2026, 01:30 AM | 4 min read
ഡൽഹി ജന്തർമന്തറിൽ വിദ്യാർഥികളും യുവജനങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുന്നു. നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയുടെ സ്വേച്ഛാധിപത്യഭരണത്തിന്റെ അന്ത്യത്തിന് ആരംഭമായി എന്ന വ്യക്തമായ സൂചനയാണ് ഈ സമരം നൽകുന്നത്.
തൊഴിൽരഹിതരായ യുവജനങ്ങളെ പാറ്റകളോട് ഉപമിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മെയ് 15ന് നടത്തിയ പ്രസ്‌താവനയാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾക്ക് പെട്ടെന്നുള്ള പ്രകോപനമായത്. ഇതാണ് കോക്രോച്ച് ജനത പാർടിയുടെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ സമരവിജയത്തിനുശേഷമുള്ള പ്രസംഗത്തിൽ വിശദീകരിച്ചു. ആദ്യം സമൂഹമാധ്യമങ്ങളിൽ പ്രതിഫലിച്ച യുവജനങ്ങളുടെയും വിദ്യാർഥികളുടെയും രോഷം പിന്നീട് നീറ്റ് പ്രവേശനപ്പരീക്ഷാ ചോദ്യച്ചോർച്ചയെ തുടർന്ന് 22 കുട്ടികൾ ആത്മഹത്യ ചെയ്‌തതോടെ തെരുവിലേക്ക് പടരുകയായിരുന്നു.
ഭരണകൂട അടിച്ചമർത്തലിനെ അതിജീവിക്കുന്നു
സർക്കാർ ഈ പ്രതിഷേധത്തെ അടിച്ചമർത്താൻ ഏതുവിധത്തിലാണ് ശ്രമിച്ചതെന്ന് ലോകമാകെ കണ്ടു. സമരഭൂമിയിലും പരിസരത്തും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും ഇല്ലാതാക്കി. പാർലമെന്റ് മാർച്ചിനായി ജന്തർമന്തറിൽ ഒത്തുചേർന്ന യുവജനങ്ങളെയും വിദ്യാർഥികളെയും പൊലീസുകാർ ക്രൂരമായി ആക്രമിക്കുകയും സമരവേദി കൈയേറുകയും ചെയ്‌തു. ഭരണകൂടം ആക്രമണം അഴിച്ചുവിട്ടിട്ടും കേസുകൾ ചുമത്തിയത് പ്രതിഷേധക്കാർക്കെതിരെയായിരുന്നു. സെൻട്രൽ ഡൽഹിയിൽ യാത്രാവിലക്ക് അടിച്ചേൽപ്പിക്കുകയും മെട്രോ സ്‌റ്റേഷനുകൾ അടച്ചിടുകയും ചെയ്‌തിട്ടും അടുത്ത ദിവസം പ്രക്ഷോഭകർ നിർഭയം ജന്തർമന്തറിൽ വലിയ തോതിൽ തടിച്ചു കൂടി.
ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യമേകി രാജ്യമൊട്ടുക്കും വിവിധ വിദേശരാജ്യങ്ങളിലും വിദ്യാർഥി–യുവജന സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സമരഭൂമിയിലേക്ക് വൈദ്യസഹായവും നിയമസഹായവും നാടിന്റെ നാനാഭാഗത്തുനിന്നും പ്രവഹിച്ചു. പൗരജനങ്ങളും സന്നദ്ധസംഘടനകളും സമരഭൂമിയിലേക്ക് വെള്ളവും ഭക്ഷണവും എത്തിച്ചു. സംഘടിത വിദ്യാർഥി പ്രസ്ഥാനങ്ങളായ എസ്‌എഫ്‌ഐ, എഐഎസ്‌എ-ഫ്, ഐസ എന്നിവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പിന്തുണ ഉറപ്പാക്കി. സിജെപിയുടെ ഓൺലൈൻ പ്രചാരണത്തിലൂടെ സമരത്തിന് വൻ പിന്തുണ ലഭിച്ചു. ബൃഹത്തായ ജനമുന്നേറ്റങ്ങളുടെ ഈ സംഗമത്തിന് കേന്ദ്രസർക്കാരിനെ മുട്ടുകുത്തിക്കാനും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ രാജിവയ്‌പിക്കാനുമായി. ഒടുവിൽ തലകുനിക്കേണ്ടി വന്നെങ്കിലും രാജ്യത്തെ വിദ്യാഭ്യാസമേഖലയിലെ ക്രമക്കേടുകൾക്കും വ്യാപക അഴിമതിക്കും കൂട്ടുനിന്ന മന്ത്രി ധർമേന്ദ്ര പ്രധാനെ രക്ഷിക്കാൻ തന്നാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും പ്രധാനമന്ത്രി നടത്തിയിരുന്നെന്ന കാര്യം നാം വിസ്‌മരിച്ചുകൂടാ. ഇന്ന് ഇന്ത്യയെ ഭരിക്കുന്ന സ്വേച്ഛാധിപത്യ കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന് എല്ലാ ജനാധിപത്യ, മതനിരപേക്ഷവാദികളുടെയും മനസ്സിൽ പ്രതീക്ഷ വീണ്ടുമുണർത്താൻ ഈ സമരത്തിന് സാധിച്ചു.
പുരോഗമന വിദ്യാർഥി സംഘടനകളും ഇടതുപക്ഷ പാർടികളും
കേന്ദ്രീകരണം (centralisation), വാണിജ്യവൽക്കരണം (commercialisation), വർഗീയവൽക്കരണം (communalisation) എന്നീ മൂന്ന് ‘സി’-കളുടെ ഉറവിടമാണ് 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസനയം. രാജ്യത്തെ വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനായി ഇതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കേണ്ടതുണ്ട്. വിദ്യാഭ്യാസമേഖലയിൽ വൻ അഴിമതിക്കും സമ്പൂർണ ദുർഭരണത്തിനുമാണത് വഴിയൊരുക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസമേഖലയിലെ പരിഷ്‌കാരങ്ങൾക്കെതിരെ എസ്‌എഫ്‌ഐ രാജ്യമൊട്ടുക്ക് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ബിഹാറിലെ നാളന്ദയിൽ അത്തരമൊരു പ്രതിഷേധത്തിന് നേതൃത്വം നൽകിയ സംസ്ഥാന പ്രസിഡന്റ് കാന്തികുമാരിയെയും നിരവധി സഖാക്കളെയും 40 ദിവസം ജയിലിലടച്ചു. അധികൃതർ ദുർഭരണത്തിന് സമാധാനം പറയണമെന്ന് ആവശ്യപ്പെട്ടുള്ള ഈ പ്രക്ഷോഭത്തിൽ തികച്ചും സ്വാഭാവികമായി എസ്‌എഫ്‌ഐയും ഭാഗഭാക്കായി.
തുടക്കംമുതൽ സിജെപിക്കൊപ്പം ഇടതുപക്ഷ പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിന്റെ കോർഗ്രൂപ്പായി പ്രവർത്തിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവർ അഭിജീത് ദിപ്കെയ്‌ക്കൊപ്പം നിരാഹാരസമരം നടത്തി. പ്രക്ഷോഭവിജയത്തിനുശേഷം, എസ്‌എഫ്‌ഐയുടെയും മറ്റ് വിദ്യാർഥി സംഘടനകളുടെയും പിന്തുണയും മാർഗനിർദേശവും സിജെപി ഔദ്യോഗികമായി അംഗീകരിക്കുകയും അവരോട് നന്ദി പറയുകയും ചെയ്‌തു. അശുതോഷ് റങ്ക ഇങ്ങനെ ട്വീറ്റ് ചെയ്‌തു: ‘‘ഗയ്‌സ്... നിങ്ങൾ ഈ പ്രസ്ഥാനത്തിൽ ശരിക്കും നിർണായകമാണെന്ന് തെളിയിച്ചു’’
കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ഒന്നാമത്തെ ചവിട്ടുപടി മാത്രമാണ്. പ്രക്ഷോഭകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുകയും വിദ്യാർഥികളെയും യുവജനങ്ങളെയും ക്രൂരമായി ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി എടുക്കുകയും വേണം. നീറ്റ് ചോദ്യച്ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്‌ത കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണം. എൻടിഎ പിരിച്ചുവിടുകയും ദേശീയ വിദ്യാഭ്യാസനയം 2020ൽ നിന്ന് പിന്മാറുകയും വേണം.
ഇന്ന് രാജ്യമാകെ ഉയർന്നുവന്നിരിക്കുന്ന സമരവീര്യം മുന്നോട്ടുകൊണ്ടുപോകുന്നതിനായി, എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ പുരോഗമന വിദ്യാർഥി സംഘടനകൾ ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാർവത്രിക ശാസ്‌ത്രീയ വിദ്യാഭ്യാസരീതിയിലും നമ്മൾ വിശ്വസിക്കുന്നതുകൊണ്ട് സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികൾ തുടക്കംമുതൽ സമരത്തിനൊപ്പം നിന്നു. വിദ്യാർഥികൾ നേരിടുന്ന ഈ പ്രശ്‌നം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. പ്രക്ഷോഭം വലിയ ജനകീയ മുന്നേറ്റമാകുംമുന്പേ ഇടതുപക്ഷ നേതാക്കളും എംപിമാരും വിദ്യാർഥി നേതാക്കളെ കണ്ട് പിന്തുണയും ഐക്യദാർഢ്യവുമേകി യിരുന്നു.
പ്രക്ഷോഭത്തിൽ വളരെ പ്രകടമായിരുന്ന ഇടതുപക്ഷ ഇടപെടലും പ്രക്ഷോഭം വിജയമാക്കുന്നതിൽ ഇടതുപക്ഷവും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും വഹിച്ച പങ്കും ടൈംസ് ഓഫ് ഇന്ത്യപോലുള്ള സർക്കാർപക്ഷ പത്രങ്ങൾക്കുപോലും അംഗീകരിക്കേണ്ടി വന്നു. ദ വയർ പോലുള്ള പോർട്ടലുകളും ഇടതുപക്ഷത്തിന്റെ പങ്ക് ചൂണ്ടിക്കാട്ടി. സോനം വാങ്ചുക്കിന്റെ നിരാഹാരസമരം പ്രക്ഷോഭത്തിന് കൂടുതൽ പിന്തുണ ലഭിക്കുന്നതിൽ ഗണ്യമായ സംഭാവന നൽകി. കായികം, കല, സിനിമ, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ പ്രമുഖർ ഈ പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തി.
പ്രതിരോധത്തിന്റെ തിരമാലകൾ
ഇന്നത്തെ സർക്കാർ സൃഷ്ടിച്ച ഭയത്തിന്റെ അന്തരീക്ഷം ഇല്ലാതായി എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാന നേട്ടം. സമരങ്ങളെ ഭയപ്പെടുകയും വിട്ടുനിൽക്കുകയും ചെയ്യേണ്ട സമയം കഴിഞ്ഞെന്ന് ജെൻ സീ തെളിയിച്ചു. ഐക്യത്തോടെയുള്ള പോരാട്ടങ്ങൾ വിജയിക്കുമെന്നതാണ് ഈ പ്രക്ഷോഭം നൽകുന്ന മറ്റൊരു പാഠം. എഴുനൂറ് പേരുടെ രക്തസാക്ഷിത്വത്തിന് ഇടയാക്കിയ അഞ്ചുവർഷം മുന്പത്തെ ഐതിഹാസിക കർഷക– കർഷകത്തൊഴിലാളി സമരവും അതുതന്നെയാണ് തെളിയിച്ചത്. പ്രതിപക്ഷത്തെ കേൾക്കാതെ ജനാധിപത്യവിരുദ്ധമായി മൂന്ന് കർഷകവിരുദ്ധ ബില്ലുകൾ പാസാക്കിയ പാർലമെന്റിനുതന്നെ അത് പിൻവലിക്കേണ്ടി വന്നു. ഐക്യത്തോടെയുള്ള പോരാട്ടങ്ങളിലൂടെ പ്രകടമായ ജനങ്ങളുടെ ഇച്ഛയ്‌ക്കു മുന്നിൽ 56 ഇഞ്ചിന് കീഴടങ്ങേണ്ടി വന്ന ആദ്യ സന്ദർഭം.
പാർലമെന്റിലും നിയമസഭകളിലും വനിതാ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ പ്രക്ഷോഭത്തിലാണ്. രണ്ടുമാസം മുന്പ് തൊഴിലാളികളുടെ പൊടുന്നനെയുള്ള സമരങ്ങൾക്ക് ഉത്തരേന്ത്യ സാക്ഷ്യംവഹിച്ചു. അതിനുമുന്പ് ജനങ്ങളുടെ ഉപജീവന പ്രശ്‌നങ്ങൾ ഉയർത്തി 13 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സിപിഐ എം ജൻ ആക്രോശ് ജാഥകൾ സംഘടിപ്പിച്ചിരുന്നു. സംയുക്ത കിസാൻ മോർച്ചയുടെ പിന്തുണയോടെ കേന്ദ്ര ട്രേഡ് യൂണിയനുകൾ വിജയകരമായ ദേശീയ പൊതുപണിമുടക്ക് നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. ചുരുക്കത്തിൽ ആർഎസ്‌എസ്–ബിജെപി ശക്തികൾക്കെതിരെ സ്‌ത്രീകളുടെയും തൊഴിലാളികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രതിരോധത്തിരമാലകൾക്കാണ് രാജ്യം സാക്ഷിയാകുന്നത്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ആവശ്യമായ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കുന്നതിനും വിവിധ വിഷയങ്ങളിൽ കേന്ദ്രീകരിച്ച് മുന്നേറ്റങ്ങൾ സാധ്യമാക്കുന്നതിനും കൂടുതൽ സംഘടനകളെയും സാമൂഹിക ശക്തികളെയും ഇൗ പോരാട്ടപാതയിൽ അണിനിരത്തുകയും ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യേണ്ട സമയമാണിത്.
ആർഎസ്‌എസും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനുമുള്ള കാലഹരണപ്പെട്ട തന്ത്രം പ്രയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇത്തവണ വിദ്യാർഥിസമൂഹത്തെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ട് സംവരണവിഷയമാണ് അവർ മുന്നോട്ടുവയ്‌ക്കുന്നത്. ഇൗ കുടിലതന്ത്രത്തിനെതിരെ ജെൻ സീകൾ ജാഗരൂകരാകുകയും മതിയായ അവസരമില്ലെന്ന പ്രശ്‌നം പരിഹരിക്കാൻ കൂടുതൽ സീറ്റുകളും തൊഴിലവസരങ്ങളും വേണമെന്ന ആവശ്യമുയർത്തി ഐക്യത്തോടെ നിലകൊള്ളുകയും വേണം.
അതേസമയം ഇന്ത്യൻ സമൂഹത്തെ പ്രത്യേകിച്ച് വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളെ വിഷമുക്തമാക്കാൻ ആർഎസ്‌എസിനെതിരെ വിശാലമായ പ്രസ്ഥാനം ആവശ്യമാണ്. ഇത്തരം പ്രസ്ഥാനങ്ങൾക്കുമുന്നിൽ നവ ഫാസിസ്റ്റുകൾ തീർച്ചയായും മുട്ടുമടക്കും. ഡൽഹി ജന്തർമന്തറിലെ ഐതിഹാസിക സമരത്തിൽ പങ്കാളികളായവർക്കും അതിനെ പിന്തുണച്ചവർക്കും ഇതിന്റെ സന്ദേശം രാജ്യത്തിന്റ മുക്കിലും മൂലയിലും എത്തിച്ചവർക്കും ചുവപ്പൻ അഭിവാദ്യം.















