Deshabhimani

രാജ്യമെങ്ങും ജന്തർ മന്തർ ഉയരും

jantar mantar woman
avatar
വെബ് ഡെസ്ക്

Published on Oct 10, 2026, 01:30 AM | 3 min read

അസാധാരണ പ്രക്ഷോഭത്തിനാണ്‌ കഴിഞ്ഞമാസങ്ങളിൽ രാജ്യം സാക്ഷ്യംവഹിച്ചത്‌. രാജ്യത്തെ വിദ്യാർഥികളും യുവാക്കളും കൂട്ടമായി ജന്തർ മന്തറിലേക്ക്‌ എത്തിയപ്പോൾ, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‌ രാജിവയ്ക്കേണ്ടിവന്നു. ഇപ്പോഴാകട്ടെ, ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽക്കാരായി നിൽക്കേണ്ട തെരഞ്ഞെടുപ്പ് കമീഷന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ പുറത്തുവന്ന വാർത്തകൾ വിദ്യാർഥികളെ സമാനമായ മറ്റൊരു പ്രക്ഷോഭത്തിന്റെ നേതൃത്വം ഏൽപ്പിച്ചിരിക്കുകയാണ്‌. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്ക്കുംവരെ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥിസംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധമുയരും. പ്രതിഷേധിക്കാനെത്തുന്നവരെ എവിടെയൊക്കെ തടയുന്നോ അവിടങ്ങളിലെല്ലാം, രാജ്യവ്യാപകമായി ജന്തർ മന്തർ ഉയരും.

​

ഗ്യാനേഷ്‌ കുമാറെന്ന സ്വയംസേവകൻ

​

പതിമൂന്നുകോടിയിലധികം മനുഷ്യരുടെ വോട്ടവകാശമാണ്‌ വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ)വഴി ഇല്ലാതാക്കിയത്‌. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ ഉപയോഗിച്ച്‌ വലിയൊരു ക്രമക്കേട്‌ സംഘപരിവാർ നടത്തി. ഫോം 6മായി ബന്ധപ്പെട്ട പ്രശ്‌നം സുപ്രീംകോടതി ഉൾപ്പെടെ ചൂ‍ണ്ടിക്കാട്ടി. ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം 10 മാസത്തിനിടെ 14 വിയോജനക്കുറിപ്പാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷണർമാർ രേഖപ്പെടുത്തിയത്‌. അവരെപ്പോലും മുഖവിലയ്ക്കെടുക്കാതെ, ജനാധിപത്യപ്രക്രിയ അട്ടിമറിക്കുന്ന സമീപനമാണ്‌ ഗ്യാനേഷ്‌ കുമാറിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌. ഇ‍ൗ സാഹചര്യത്തിൽ ഗ്യാനേഷ്‌ കുമാർ ചുമതലയിലെത്തിയശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും പരിശോധനയ്ക്ക്‌ വിധേയമാക്കണം.

​

തെരഞ്ഞെടുപ്പ്‌ കമീഷൻ ഭരണഘടനാ സ്ഥാപനമാണ്‌. പക്ഷേ‍, കമീഷന്റെ സാങ്കേതികസംവിധാനങ്ങളെല്ലാം കേന്ദ്രസർക്കാരിന്റെ ഭാഗമായ ഐടി വകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌. വോട്ടർ പട്ടികയിൽ പേരുകൾ നീക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും ഐടി വിഭാഗം ഇടപെടുന്നു. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌, പ്രതിപക്ഷനേതാവ്‌, പ്രധാനമന്ത്രി എന്നിവർ ഉൾപ്പെടുന്ന സമിതിക്കാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷനെ നിയമിക്കാൻ അധികാരം ഉണ്ടായിരുന്നത്‌. അതിൽ കേന്ദ്രം അട്ടിമറി നടത്തി. നരേന്ദ്ര മോദിയുടെ വേണ്ടപ്പെട്ടവർ തെരഞ്ഞെടുപ്പ്‌ കമീഷണറായി ചുമതലയേൽക്കുന്ന സ്ഥിതി കൈവന്നു. അങ്ങനെയാണ്‌ ഗ്യാനേഷ്‌ കുമാർ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറാകുന്നത്‌. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ അധികാരത്തിലേക്കെത്താൻ സാധിക്കില്ലെന്ന്‌ മനസ്സിലായതിനാൽ ഗ്യാനേഷ്‌ സംഘപരിവാർ സ്വയം സേവകനെപ്പോലെ പെരുമാറുന്നു.

​

ജെൻ സീയെ ഭയക്കുന്ന മോദിസർക്കാർ

​

മോദിസർക്കാർ വിദ്യാഭ്യാസമേഖലയെ തകർക്കുകയും യുവജനവിരുദ്ധ നയങ്ങൾ സ്വീകരിക്കുകയും ചെയ്തു. തൊഴിലില്ലായ്‌മയും ദാരിദ്ര്യവും രൂ‍ക്ഷമായി. സ്‌കൂളുകൾ പൂട്ടപ്പെടുകയും സർവകലാശാലകൾ ആക്രമിക്കപ്പെടുകയുമാണ്‌. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ എസ്ഐആറിലൂടെ വേട്ടയാടി. ഇ‍ൗ കാരണങ്ങളാൽ രാജ്യത്തെ യുവാക്കളും വിദ്യാർഥികളും പൂർണമായും ബിജെപിയെ തിരസ്‌കരിക്കുന്നു. അതിനാൽ എസ്‌ഐആർ ഉപയോഗിച്ച്‌ രാജ്യത്തെ ജെൻ സീ (പുതുതലമുറ) വോട്ടുകളെ വെട്ടിമാറ്റാനുള്ള ബോധപൂർവമായ ശ്രമം അധികാരികളുടെ ഭാഗത്തുനിന്നുണ്ടായി. ഇ‍ൗ സാഹചര്യത്തിലാണ്‌ യുവാക്കൾ മറ്റൊരു മഹാപ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുന്നത്‌.

​

സമരമുഖത്ത്‌

​

ഗ്യാനേഷിനെതിരെയുള്ള വെളിപ്പെടുത്തൽ വന്നതുമുതൽ എസ്‌എഫ്‌ഐ പ്രക്ഷോഭത്തിലാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസിലേക്ക്‌ ആദ്യം മാർച്ച്‌ നടത്തിയ സംഘടന എസ്‌എഫ്‌ഐയാണ്‌. റിപ്പോർട്ട്‌ പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസം സംഘടിപ്പിച്ച മാർച്ചിൽ നൂറോളം പ്രവർത്തകരെ പൊലീസ്‌ ക്രൂരമായി വലിച്ചിഴച്ച്‌ അറസ്റ്റ്‌ ചെയ്തു. അതിനുശേഷവും തുടർച്ചയായി സമരങ്ങൾക്ക്‌ നേതൃത്വം നൽകി. ഗാന്ധിജയന്തി ദിനത്തിൽ ഡിവൈഎഫ്‌ഐയോടൊപ്പം എസ്‌എഫ്‌ഐ പ്രവർത്തകർ ജന്തർ മന്തറിലേക്ക്‌ മാർച്ച്‌ ചെയ്തു. ഗ്യാനേഷ്‌ കുമാർ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായി അതു മാറി. മുന്നൂറിലധികം വനിതാപ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിനുപേരെയാണ്‌ അന്ന് പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. എസ്‌എഫ്‌ഐയുടെ സാംസ്‌കാരിക സംഘടനയായ ദസ്‌തക്‌ ജനനാട്യ മഞ്ചുമായി ചേർന്ന്‌ കൊണാട്ട്‌ പ്ലേസിൽ സംഘടിപ്പിച്ച പരിപാടിക്കുനേരെയും ആക്രമണമുണ്ടായി. ചിത്രം വരച്ചും എഴുതിയും പാട്ടുപാടിയും സംഘടിപ്പിച്ച പരിപാടിക്കുനേരെ ആർഎസ്‌എസ്‌ ഗുണ്ടകളും പൊലീസും ചേർന്ന്‌ ആക്രമണം നടത്തുകയായിരുന്നു. ‘ഡൽഹി പൊലീസ്‌ മുന്നോട്ട്‌ പോയ്‌ക്കൊള്ളൂ, ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്‌’ എന്ന്‌ ആർഎസ്‌എസുകാർ മുദ്രാവാക്യം വിളിച്ചു. തുടർന്ന്‌ പൊലീസിന്റെ നരനായാട്ടിനാണ്‌ കൊണാട്ട്‌ പ്ലേസ്‌ സാക്ഷ്യംവഹിച്ചത്‌.

​

ജന്തർ മന്തർ 2.0

​

എസ്‌എഫ്‌ഐ മുൻകൈയെടുത്ത്‌ ഇടതുപക്ഷ വിദ്യാർഥിസംഘടനകളുടെ യോഗം വിളിച്ചുചേർത്തിരുന്നു. ആ യോഗത്തിൽ ഗ്യാനേഷിനെതിരെ ജന്തർ മന്തറിൽ ഒരുമിച്ച്‌ സമരം നയിക്കാൻ തീരുമാനിച്ചു. പ്രക്ഷോഭത്തിൽ ഒരുമിച്ചുനീങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ എല്ലാ വിദ്യാർഥിസംഘടനകൾക്കും എസ്‌എഫ്‌ഐ കത്തെഴുതി. അതിന്റെ തുടർച്ചയെന്നോണം എഎപിയുടെ വിദ്യാർഥിസംഘടനയായ എഎസ്‌എപി ഉൾപ്പെടെ സമരത്തിൽ അണിചേർന്നു. വിവിധ സംസ്ഥാനങ്ങളിൽ എസ്‌എഫ്‌ഐ നേതൃത്വത്തിൽ സമരം നടക്കുന്നുണ്ട്‌. ഇതിനുപുറമെ സംസ്ഥാനങ്ങളിൽ മറ്റ്‌ സംഘടനകളുമായി ചേർന്നുള്ള സംയുക്തസമരം മുന്നോട്ടുകൊണ്ടുപോകാനും എസ്‌എഫ്‌ഐ ഇടപെടുന്നുണ്ട്‌.

​

ജന്തർ മന്തറിൽ നടക്കുന്ന സമരത്തെ അടിച്ചമർത്താനുള്ള നടപടികൾ ഡൽഹി പൊലീസ്‌ നേരത്തേ ആരംഭിച്ചു. ഡൽഹിയിലെ പിജി ഹോസ്റ്റലുകളിൽ കയറി വിദ്യാർഥികളെ പൊലീസ്‌ ഭീഷണിപ്പെടുത്തുന്നു. എസ്‌എഫ്‌ഐയുടെ കേന്ദ്ര കമ്മിറ്റി ഓഫീസ്‌ പ്രവർത്തിക്കുന്ന സുർജിത് ഭവനിലേക്ക്‌ പൊലീസ്‌ എത്തുന്നു. എസ്‌എഫ്‌ഐ ഗുജറാത്ത്‌ സംസ്ഥാന സെക്രട്ടറിയെ വീട്ടുതടങ്കലിലാക്കി. യുപി സെക്രട്ടറിയെ ഫോണിൽ വിളിച്ച്‌ ഭീഷണിപ്പെടുത്തി. ആന്ധ്രപ്രദേശ്‌ കാക്കിനഡയിലെ എസ്‌എഫ്‌ഐ നേതാവിനെ കിട്ടാത്തതുകൊണ്ട്‌ അച്ഛനെ കസ്റ്റഡിയിലാക്കി. വിവിധ സംസ്ഥാനങ്ങളിലെ മറ്റനേകം എസ്‌എഫ്‌ഐ പ്രവർത്തകരെയും നേതാക്കളെയും തടങ്കലിലാക്കി.

​

എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌, സിജെപി, എഎസ്‌എപി‍, ഐസ തുടങ്ങിയ വിദ്യാർഥിസംഘടനകൾ പ്രഖ്യാപിച്ച ജന്തർ മന്തർ സമരത്തെ എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും ഞങ്ങൾ പിന്മാറില്ല. ഗ്യാനേഷ്‌ രാജിവയ്ക്കുംവരെ പോരാട്ടം തുടരും. ഗ്യാനേഷിനെതിരെ നിയമ നടപടിയെടുക്കണം, എസ്‌ഐആർ നിർത്തലാക്കണം എന്ന മുദ്രാവാക്യവും ഉയരും. സമാധാനപരമായി സമരം നടത്താനാണ്‌ വിദ്യാർഥികൾ തീരുമാനിച്ചിരിക്കുന്നത്‌. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്‌ നടക്കുന്നത്‌. ജന്തർ മന്തറിലേക്ക്‌ എത്തുന്ന വിദ്യാർഥികളെ എവിടെയാണോ തടയുന്നത്‌ അവിടെ സമരം ചെയ്യും. മുദ്രാവാക്യങ്ങൾ വിളിക്കുകയും കലാസാംസ്‌കാരിക പരിപാടികൾ നടത്തുകയും ചെയ്യും. സമരം ചെയ്യുന്നവരെ ജയിലിലടച്ച്‌ അടിച്ചമർത്താമെന്നത്‌ പൊലീസ്‌ വ്യാമോഹമാണ്‌. ജയിലിൽനിന്ന്‌ എന്നു പുറത്തുവിടുന്നോ അന്ന്‌ വീണ്ടും ഡൽഹിയിലെ സമരമുഖത്തേക്ക്‌ വിദ്യാർഥികളെത്തും.

(എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റാണ്‌ ലേഖകൻ)




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home