Deshabhimani

ജിഹാദിസ്റ്റുകളുടെ തനിനിറം

jamate islami rss alliance
avatar
എളമരം കരീം

Published on Jul 18, 2025, 12:00 AM | 4 min read

കഴിഞ്ഞ രണ്ട്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജയിച്ച് എൽഡിഎഫ്‌ ഭരണം നടത്തുന്നത് ഇടതുപക്ഷ വിരുദ്ധരെയും മതഭ്രാന്തന്മാരെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. 2016 മുതൽ അധികാരത്തിലിരിക്കുന്ന എൽഡിഎഫ്, 2026ലും വിജയിക്കുമെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയാതെ യുഡിഎഫും ബിജെപിയും മറ്റ്‌ പിന്തിരിപ്പൻ തീവ്രവാദശക്തികളും അവരെ താങ്ങിനിർത്തുന്ന വലതുപക്ഷ മാധ്യമങ്ങളും സമനില തെറ്റിയ മട്ടിലാണ് പെരുമാറുന്നത്. ഈ പ്രചാരണങ്ങളിൽ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളേക്കാൾ ആവേശം കാണിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും അവരുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർടിയുമാണ്.


പാലക്കാട്‌, നിലമ്പൂർ ഉപതെരഞ്ഞെടുപ്പുകളിലും പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിനൊപ്പമായിരുന്നു. ജമാഅത്തെ ഇസ്ലാമിയും അവരുടെ യുവജന–വിദ്യാർഥി സംഘടനകളും വേഷം മാറി പ്രവർത്തിക്കുന്ന സംഘടനകളും, മാധ്യമം, മീഡിയാ വൺ എന്നീ മാധ്യമങ്ങളും സിപിഐ എമ്മിനെയും എൽഡിഎഫിനെയും ലക്ഷ്യംവച്ച് ഉറഞ്ഞുതുള്ളുകയാണ്. മാധ്യമം പത്രം സാധാരണ ബൂർഷ്വ പ്രചാരണആയുധം മാത്രമല്ല, മതാധിഷ്ഠിതരാഷ്ട്രം ലക്ഷ്യംവയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ജിഹ്വയാണ്. ദേശീയതയെന്ന ആശയത്തോട് വേർപിരിഞ്ഞ്, സ്വന്തം നിലയിൽ ഖുർആൻ വ്യാഖ്യാനിച്ച് മതരാഷ്ട്രസങ്കൽപ്പം ഉയർത്തിയ അബുൾ അഅംലാ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമപരീക്ഷണമാണ് ആ പത്രം. നിഗൂഢമായ സംഘടനാ രൂപങ്ങളുണ്ടാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഈ നിഗൂഢ പ്രവർത്തനങ്ങളുടെ മാതൃകാരൂപമാണ് അവരുടെ മാധ്യമങ്ങൾ. ഔദ്യോഗിക മത പ്രസിദ്ധീകരണം പ്രബോധനമാണ്. എന്നാൽ, തങ്ങളുടെ ‘രാഷ്ട്രീയ ഇസ്ലാം' എന്ന ഒളിഅജൻഡ നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളാണ് മാധ്യമം, മീഡിയാ വൺ മുതലായവ. ഇസ്ലാമിക് പബ്ലിഷിങ്‌ ഹൗസ്, ബൈത്തുസഖാത്ത്, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിലുള്ള സംഘടനകൾ എന്നിവ സംഘടിതമായി പ്രവർത്തിക്കുന്നു. കോഴിക്കോട്ട്‌ ആസ്ഥാനമായി ഒരു ‘ഇസ്ലാമിക ബാങ്കും പ്രവർത്തിച്ചിരുന്നു. ഈ പ്രച്ഛന്നവേഷങ്ങളെയെല്ലാം രാജ്യത്ത്‌ മതചേരിതിരിവ് സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുള്ളതാണ്.


ജനാധിപത്യവ്യവസ്ഥയെ ബാധിക്കുന്നവിധം രാഷ്ട്രീയ ഇടപെടൽ നടത്തുന്ന സംഘടന എന്ന നിലയിൽ ജമാഅത്തെ ഇസ്ലാമിയെ നിശിതമായ വിമർശത്തിനും പരിശോധനയ്ക്കും വിധേയമാക്കണം


ആർഎസ്‌എസ്‌ സാധാരണ ഹൈന്ദവ ആത്മീയ സംഘടന അല്ല. ഹിന്ദുരാഷ്ട്രം എന്ന രാഷ്ട്രീയലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണത്‌. അതുപോലെതന്നെയാണ് ജമാഅത്തെ ഇസ്ലാമിയും. അത് സൗകര്യത്തിനനുസരിച്ച് ഇസ്ലാമിന്റെ ആത്മീയ വ്യവഹാരങ്ങളെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ ലക്ഷ്യമുള്ള സംഘടനയാണ്‌. അതുകൊണ്ടുതന്നെ പൊതു സമൂഹത്തിൽ വിമർശം ഉയരുന്നത് സ്വാഭാവികം. ജനാധിപത്യവ്യവസ്ഥയെ ബാധിക്കുന്നവിധം രാഷ്ട്രീയ ഇടപെടൽ നടത്തുന്ന സംഘടന എന്ന നിലയിൽ ജമാഅത്തെ ഇസ്ലാമിയെ നിശിതമായ വിമർശത്തിനും പരിശോധനയ്ക്കും വിധേയമാക്കണം.


ഇസ്ലാം എന്നത് രാഷ്ട്രീയലക്ഷ്യമുള്ള പ്രസ്ഥാനമാണെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ഭാഷ്യം. ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണമെന്ന ആർഎസ്എസിന്റെ വാദത്തെ എതിർക്കുന്ന മതനിരപേക്ഷ ജനാധിപത്യശക്തികളെ ദുർബലപ്പെടുത്തുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്. ഇതിൽ ഒരു അത്ഭുതവുമില്ല. പാകിസ്ഥാൻ ഒരു മുസ്ലിം രാഷ്ട്രം ആയതുപോലെ, ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആകുന്നതിൽ തനിക്ക് ഒരു എതിർപ്പും ഇല്ലെന്ന്‌ പ്രഖ്യാപിച്ച മൗദൂദിയുടെ പ്രസ്ഥാനമാണല്ലോ അത്‌. കേരളീയ മുസ്ലിങ്ങളിൽ ഒരു ചെറിയ വിഭാഗത്തിന്റെ പിന്തുണ മാത്രമേ ജമാഅത്തെ ഇസ്ലാമിക്കുള്ളൂ. മതപരമായ ആശയപ്രചാരണം നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനേക്കാൾ ജമാഅത്തെയുടെ മാധ്യമങ്ങൾ ഭൂമി, ദളിത്, മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കിയത്‌ തട്ടിപ്പ്‌ മാത്രമായിരുന്നു. അവരുടെ യുവജനപ്രസ്ഥാനം സോളിഡാരിറ്റി നടത്തിയ വേഷംകെട്ടലുകൾ കേരളം മറന്നിട്ടില്ല. പുരയ്‌ക്കുമേൽ ചായുമെന്നായപ്പോൾ സോളിഡാരിറ്റിയെ നിശ്ശബ്‌ദമാക്കി.


അതിസൂക്ഷ്‌മമായ ആസൂത്രണത്തിലൂടെയാണ്‌ മാധ്യമത്തിന്റെ തുടക്കം. കേരളീയ നവോത്ഥാനത്തിന്റെ പിന്തുടർച്ചക്കാരനായ പി കെ ബാലകൃഷ്‌ണനെ പത്രാധിപരാക്കി. മുഖപത്രത്തിന്റെ പത്രാധിപത്യം ഒരു അമുസ്ലിമിനെ ഏൽപ്പിച്ചത്‌ രാഷ്ട്രീയ കുരുട്ടുബുദ്ധിയായിരുന്നു. ഇടതുപക്ഷം ഉയർത്തുന്ന, രാഷ്ട്രീയപരിഹാരങ്ങൾ മാത്രമുള്ള ദളിത്, ആദിവാസി, ഭൂമി, പരിസ്ഥിതി, മനുഷ്യാവകാശപ്രശ്നങ്ങൾ എന്നിവ മാധ്യമം ഏറ്റെടുത്തത് പലരെയും അത്ഭുതപ്പെടുത്തി. ഈ സാഹചര്യം ജമാഅത്തെ ഇസ്ലാമിക്ക് മാന്യതയുടെ പരിവേഷം ചാർത്തി.


സത്യം പറഞ്ഞ് എതിരാളികളെ നേരിടാൻ കഴിയാത്തവരാണ് നുണകളെ ആശ്രയിക്കുന്നത്. അവരെ കാത്തുരക്ഷിച്ച മതം ‘രാഷ്ട്രീയ ഇസ്ലാം' ആയിരുന്നെന്ന് ജനങ്ങൾക്ക്‌ ബോധ്യപ്പെട്ടു


ജമാഅത്തെ ഇസ്ലാമിയുടെ കപടമുഖം അനാവരണം ചെയ്യുന്നതിൽ സിപിഐ എം കാണിച്ച ആർജവവും മൗദൂദിസ്റ്റുകളെ പരിഭ്രാന്തരാക്കി. അവർ രോഷാകുലരായി. പക്ഷേ, സിപിഐ എം തത്വാധിഷ്ഠിത നിലപാടിൽനിന്ന്‌ വ്യതിചലിച്ചില്ല. വളർന്നെന്ന തോന്നൽ ഉണ്ടായ വേളയിൽ മുഖംമൂടി മാറ്റാൻ മതരാഷ്ട്രവാദികൾ സന്നദ്ധരായി. പുറംലോകത്തിന്റെ എതിർപ്പ് ശക്തമാകുകയും മുഖംമൂടികൾ അഴിയുമെന്ന് ഉറപ്പാകുകയും ചെയ്തപ്പോൾ തനിനിറം പുറത്തുചാടിയതാണ്. പത്രത്തിന്റെ ഉയർന്ന സ്ഥാനങ്ങളിൽ ജമാഅത്തെയുടെ അത്യുന്നത സമിതി (ഷൂറ) അംഗങ്ങളെത്തന്നെ നിയോഗിച്ചു. സത്യവുമായി പുലബന്ധംപോലുമില്ലാത്ത കെട്ടുകഥകൾ ചാനൽ ചർച്ചകളിൽ സിപിഐ എമ്മിനെതിരെ വിളിച്ചു പറയാൻ ഒരു മടിയുമില്ലാതായി. മലപ്പുറത്ത്‌ എൻഡിഎഫ്‌ നടത്തിയ നികൃഷ്ടമായ ചെയ്തികളെക്കുറിച്ച് അന്നത്തെ വണ്ടൂർ എംഎൽഎ കണ്ണൻ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷൻ വളച്ചൊടിച്ച് സിപിഐ എം മലപ്പുറം ജില്ലക്കാരെ അപമാനിച്ചെന്ന് വിളിച്ചുപറയാൻ മീഡിയാ വണ്ണിലെ ദാവൂദിന് ഒരു മടിയുമുണ്ടായില്ല. സത്യം പറഞ്ഞ് എതിരാളികളെ നേരിടാൻ കഴിയാത്തവരാണ് നുണകളെ ആശ്രയിക്കുന്നത്. അവരെ കാത്തുരക്ഷിച്ച മതം ‘രാഷ്ട്രീയ ഇസ്ലാം' ആയിരുന്നെന്ന് ജനങ്ങൾക്ക്‌ ബോധ്യപ്പെട്ടു. ഒരുകാലത്ത് സ്ഥാനാർഥികളുടെ ധാർമികത നോക്കി വോട്ട്‌ ചെയ്യാൻ ആഹ്വാനം ചെയ്ത ജമാഅത്തെ ഇസ്ലാമി എല്ലാ അധാർമികതകളുടെയും കൂടാരമായ യുഡിഎഫിൽ അഭയം തേടി.


ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയായിരുന്ന സിമി (സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ്‌ ഓഫ് ഇന്ത്യ) ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം ആവിഷ്‌കരിച്ചു. രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗങ്ങളെ വർഗീയവൽക്കരിക്കാൻ സംഘപരിവാർ കിണഞ്ഞു പരിശ്രമിക്കുമ്പോഴാണിത്‌. ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന വിഘടനവാദികൾക്ക്‌ വളം വയ്ക്കുകയായിരുന്നു സിമി. ഉസാമ ബിൻലാദൻ ആയിരുന്നു സിമിയുടെ മാതൃക. സിമി ഇന്ത്യയിൽ നിരോധിക്കപ്പെട്ടെങ്കിലും തീവ്ര ഇസ്ലാമിസം പ്രമാണമായി അംഗീകരിച്ച തീവ്രവാദ പ്രവർത്തനങ്ങളുടെ ബാധ്യതയിൽനിന്ന് ജമാഅത്തെ ഇസ്ലാമിക്ക്‌ ഒഴിഞ്ഞുമാറാനാകില്ല. സിമി പ്രവർത്തകർ ഇന്ത്യൻ മുജാഹിദീൻ എന്ന രഹസ്യ സംഘടനയിൽ അണിനിരന്നു. പാക്‌ ചാരസംഘടനയായ ഐഎസ്ഐ രൂപംകൊടുത്ത ‘ലഷ്‌കറെ തയിബ' എന്ന ഭീകര സംഘടനയുടെ സഹായത്തോടെ, പാകിസ്ഥാനിൽ ആയുധ പരിശീലനം നേടിയാണ്‌ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തിക്കുന്നത്. മുസ്ലിം ബ്രദർ ഹുഡും ജമാഅത്തെ ഇസ്ലാമിയും ഉയർത്തിയ ആശയങ്ങളാണ് ഇന്ന് അനേകം ഇസ്ലാമിക ഭീകരസംഘടനകളുടെ പ്രത്യയശാസ്ത്ര ആയുധം.


ജിഹാദികൾ നടത്തുന്നത്‌ "കണ്ണിന്‌ കണ്ണ്‌, പല്ലിന്‌ പല്ല്' എന്ന രീതിയിലുള്ള പകപോക്കലാണ്. ഇത് ഏഴാം നൂറ്റാണ്ടിൽ അറബ്– ജൂത ഗോത്ര സംസ്കൃതികളിൽ നിലനിന്നിരുന്ന നിയമവ്യവസ്ഥ ആയിരുന്നു


പാകിസ്ഥാനിലെ ഇടതുപക്ഷ മതനിരപേക്ഷ പ്രതിപക്ഷത്തെ ദുർബലമാക്കി സിയാ ഉൾ ഹഖിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ഇസ്ലാമിക ചേരിയിലേക്ക് പാകിസ്ഥാനെ എത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് മൗദൂദിയാണ്. ഹഖ് 1977ൽ പാകിസ്ഥാൻ പ്രസിഡന്റായി. യൂറോപ്പിന്റെ കോളനി വാഴ്‌ചക്കാലത്ത് ഇസ്ലാം സാമ്രാജ്യത്വ ആധിപത്യത്തോട്‌ പ്രതികരിച്ചു. ജമാലുദീൻ അഫ്‌ഗാനി, മുഹമ്മദ് അബ്ദു, മുഹമ്മദ് റഷീദ്റിദ മുതലായവർ തുടങ്ങിവച്ച സാമ്രാജ്യവിരുദ്ധ സമരങ്ങളെ കമ്യൂണിസ്റ്റ് വിരോധത്തിന്റെ മാർഗത്തിലേക്ക് തിരിച്ചുവിട്ടത് ഹസൻഅൽബന്ന, സയ്യിദ് ഖുത്തുബ് (മുസ്ലിം ബ്രദർഹുഡ്), മൗദൂദി (ജമാഅത്തെ ഇസ്ലാമി) തുടങ്ങിയവരാണ്. ഇവരുടെ കമ്യൂണിസ്റ്റ് വിരുദ്ധ ജിഹാദ് സിദ്ധാന്തങ്ങളാണ് ഒറ്റപ്പെട്ടതും കാൽപ്പനികവുമായ ഭീകര പ്രവർത്തനങ്ങൾമാത്രം ലക്ഷ്യമാക്കിയിട്ടുള്ള ആഗോളജിഹാദിന്റെ ചെളിക്കുണ്ടിലേക്ക് ഒരു വിഭാഗം ഇസ്ലാമിസ്റ്റുകളെ തള്ളിവിട്ടത്‌. അതിന്റെ പാപഭാരവും കളങ്കവും ഇസ്ലാമികസമൂഹം ഒന്നടങ്കം പേറിനിൽക്കുകയാണ്‌. ജിഹാദികൾ നടത്തുന്നത്‌ "കണ്ണിന്‌ കണ്ണ്‌, പല്ലിന്‌ പല്ല്' എന്ന രീതിയിലുള്ള പകപോക്കലാണ്. ഇത് ഏഴാം നൂറ്റാണ്ടിൽ അറബ്– ജൂത ഗോത്ര സംസ്കൃതികളിൽ നിലനിന്നിരുന്ന നിയമവ്യവസ്ഥ ആയിരുന്നു. ആധുനിക സമൂഹത്തിൽ അത്‌ അനഭിലഷണീയമാണെന്ന്‌ അംഗീകരിക്കാൻ അൽഖായിദ മാത്രമല്ല, ജമാഅത്തെ ഇസ്ലാമികളും മുസ്ലിം ബ്രദര്‍ഹുഡും താലിബാനും തയ്യാറല്ല.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home