ഐടി മേഖലയിൽ ലേബർകട്ട്

ടി ചന്ദ്രമോഹൻ
Published on Jan 21, 2026, 10:46 PM | 2 min read
കൂടുതൽ ലാഭം ആർജിക്കുന്നതിനും ചൂഷണത്തിന്റെ തോത് വർധിപ്പിക്കുന്നതിനും സാങ്കേതികപുരോഗതിയെയും വിജ്ഞാനത്തെയും ഉപയോഗിക്കുന്നതിൽ ആവേശം കാട്ടുന്നതാണ് കോർപറേറ്റ് വൈദഗ്ധ്യം. മനുഷ്യവിഭവശേഷി കുറച്ച് തൊഴിലവസരങ്ങൾ ഇല്ലാതാക്കിക്കൊണ്ട് ലാഭം നേടുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഇതിന് സാങ്കേതികപുരോഗതിയെ ആയുധമാക്കുന്നു. ഇത് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന മേഖലയായി വിവരസാങ്കേതികമേഖല മാറി. അടുത്തിടെ ഐടി മേഖലയിൽനിന്ന് വരുന്ന വാർത്തകളൊന്നും നിലവിലെ ജീവനക്കാർക്കും തൊഴിലന്വേഷകർക്കും ആശ്വാസം നൽകുന്നതല്ല.
നിലനിൽപ്പിനെക്കുറിച്ചുള്ള അനിശ്ചിതത്വം ജീവനക്കാരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. 2025ലെ അവസാന ആറുമാസം 31,000 ജീവനക്കാരെ ഒഴിവാക്കിയ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പുതുവർഷത്തിലും ഇത് തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നടപ്പുസാമ്പത്തികവർഷത്തിലെ മൂന്നാംപാദ ലാഭക്കണക്കുകൾ പുറത്തുവിട്ടാണ് ഒഴിവാക്കൽ തുടരുമെന്ന് സൂചിപ്പിച്ചത്. കൃത്യമായ കാരണങ്ങളുടെ പേരിൽ, നടപടിക്രമങ്ങൾ പാലിച്ച് ജീവനക്കാരെ ഒഴിവാക്കുമെന്നാണ് പറയുന്നത്. 7800 ജീവനക്കാരെയാണ് കമ്പനി ‘ഒൗദ്യോഗികമായി’ പിരിച്ചുവിട്ടത്. പക്ഷേ, കഴിഞ്ഞവർഷം ഇതേ കാലയളവിലെ ജീവനക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയാൽ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 31,000 കുറവുണ്ട്. അതായത് 23,000 ജീവനക്കാർ സ്വയം രാജിവച്ചൊഴിയാൻ നിർബന്ധിതരായി. പിരിച്ചുവിടലിന് അധികൃതർ കാരണങ്ങൾ നോക്കിയിരിക്കുകയാണ് എന്നതാണ് വസ്‌തുത. കൂടുതൽ കമ്പനികൾ ടിസിഎസിന്റെ പാത പിന്തുടരുന്നതോടെ രാജ്യത്തെ ഐടി മേഖലയിലെ തൊഴിൽസുരക്ഷിതത്വം ഇല്ലാതാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തിക അനിശ്ചിതത്വംമൂലം രാജ്യത്തെ മുൻനിര ഐടി കമ്പനികളുടെ ലാഭത്തിന്റെ തോതിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. നടപ്പുസാമ്പത്തികവർഷത്തിലെ മൂന്നാം ത്രൈമാസ കാലയളവിൽ ടിസിഎസിന്റെ അറ്റാദായം 13.9 ശതമാനം കുറഞ്ഞ് 1657 കോടി രൂപയായി. ടിസിഎസിനുപുറമെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായം 2.2 ശതമാനം കുറഞ്ഞ് 6654 കോടി രൂപയായി. എന്നാൽ, ഇൻഫോസിസിന്റെ വരുമാനം ഇക്കാലയളവിൽ 8.9 ശതമാനം വർധിച്ച് 45,479 കോടി രൂപയായി. ലാഭം കുറയുന്പോൾ ജീവനക്കാരെ ഒഴിവാക്കുക എന്ന സമീപനമാണ് ഐടി കന്പനികൾ സ്വീകരിക്കുന്നത്. ടിസിഎസിന്റെ നിർബന്ധിത ഒഴിവാക്കൽ ജീവനക്കാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഏതൊരു കമ്പനിയിലും പിരിച്ചുവിടലുകൾ നല്ല വാർത്തയല്ല. ഈ പ്രവണത കാരണം തൊഴിൽ നഷ്ടപ്പെടുമെന്നുമാത്രമല്ല, മത്സരം വർധിക്കുകയും ശമ്പളം കുറയാനും ഇടയാക്കുമെന്നും ജീവനക്കാർ ഭയപ്പെടുന്നു. ജോലിസമയം 12 മണിക്കൂറിലേറെ കൂടുന്നു. സുരക്ഷിതത്വബോധം പെട്ടെന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഐടി സേവനങ്ങൾ, ഇ -കൊമേഴ്‌സ് എന്നിവ ഉൾപ്പെടെ ടെക് മേഖലയിലുടനീളമുള്ള മധ്യതലത്തിലെ മാനേജർമാരും എൻജിനിയർമാരുമാണ് ഭീഷണി നേരിടുന്നത്. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടൽനയങ്ങൾ പലപ്പോഴും വിവേചനപരമാണ്. ചിലപ്പോൾ ശമ്പളം കുറയ്ക്കാൻ ഐടി കമ്പനികൾ ഒന്നിക്കുന്നു. അടുത്ത ജോലി കണ്ടെത്താനുള്ള സാധ്യതയെ ബാധിക്കുമെന്നതിനാൽ ജീവനക്കാർക്ക് ശബ്ദമുയർത്താൻ കഴിയില്ല. സംഘടിക്കാനുള്ള അവസരംപോലും ഈ മേഖലയിൽ കുറവാണ്.

പുതിയ ലേബർ കോഡുകളാകട്ടെ ജോലിസമയം 14 മണിക്കൂർവരെ ദീർഘിപ്പിക്കാനുള്ള അവസരവും ഒരുക്കുന്നു. പുതിയ തൊഴിൽനിയന്ത്രണങ്ങൾ കാരണം ജീവനക്കാർക്ക് ഒരുദിവസം 12 മണിക്കൂറിലേറെ ജോലി ചെയ്യുകയല്ലാതെ മറ്റ് വഴിയില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. സാങ്കേതികവിദ്യ, നിർമിത ബുദ്ധി (എഐ) വിന്യാസം, വിപണി വിപുലീകരണം, തൊഴിൽശക്തി പുനക്രമീകരണം എന്നിവയിലെ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഐടി കന്പനികൾ ഭാവി -സജ്ജമാക്കുന്പോൾ ജീവനക്കാർ ഒഴിവാക്കപ്പെടുകയാണ്. സാമ്പത്തികഫലത്തെമാത്രം അടിസ്ഥാനമാക്കിയുള്ള മാതൃകയിലേക്കുള്ള പുതിയ വ്യവസായ, കോർപറേറ്റ് പ്രവണതയുടെ ഭാഗമാണ് ഇതെല്ലാം. തൊഴിൽശക്തി വിനിയോഗത്തെ പരമാവധി കുറയ്‌ക്കുന്നതിലാണ് വൻകിട കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ പിരിച്ചുവിടലുകൾക്ക് പല കമ്പനികളും വരുംമാസങ്ങളിൽ മുന്നോട്ടുവരും. നിലവിലുള്ള ജീവനക്കാരുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും വൈദഗ്‌ധ്യം നേടിയവരെ ഉൾപ്പെടുത്തുന്നതിനും പകരം ഒഴിവാക്കലാണ് നടക്കുന്നത്.
ഐടി മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ വരുംവർഷങ്ങളിൽ കഠിനമായിരിക്കും. പ്രധാനമായും തൊഴിലാളിവിരുദ്ധ സമീപനം സ്വീകരിക്കുന്ന വൻകിട കമ്പനികളിൽനിന്നും അവർക്ക് അനുകൂലസമീപനം സ്വീകരിക്കുന്ന കേന്ദ്രഭരണത്തിൽനിന്നും തൊഴിലാളികൾക്കെതിരായ വെല്ലുവിളികൾ ഉയരുന്നു. സാങ്കേതികവിദ്യയും അതിന്റെ പുരോഗതിയും പൊതുജന ക്ഷേമത്തിനായി ഉപയോഗിക്കാമെന്നുള്ള പ്രതീക്ഷകൾക്കു പകരം തൊഴിലാളികളെ കൂടുതൽ ചൂഷണം ചെയ്യാനുള്ള അവസരമാക്കി മാറ്റുകയാണ്.















