യുഎസ് ലക്ഷ്യം സമഗ്രാധിപത്യം


എം വി നികേഷ് കുമാർ
Published on Jun 24, 2025, 12:00 AM | 4 min read
ഇറാന് ആണവായുധ പദ്ധതിയില്ലെന്ന് അമേരിക്കയുടെ ഇന്റലിജൻസ് വിഭാഗവും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും പറഞ്ഞിട്ടും ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളുടെ ഉദ്ദേശ്യം വ്യക്തമാണ്. പശ്ചിമേഷ്യയിൽ ഇസ്രയേലിന്റെ, അതുവഴി അമേരിക്കയുടെതന്നെ സാമ്രാജ്യത്വ ആധിപത്യം. മേഖലയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിനിമയം ചെയ്യുന്ന വിഭവങ്ങളുടെ നിയന്ത്രണാവകാശം അമേരിക്കയ്ക്ക് ലഭിക്കണം. ജോർദാൻമുതൽ സൗദിവരെയുള്ള വ്യോമ–--നാവിക സൈനിക കേന്ദ്രങ്ങളിൽ നാൽപ്പതിനായിരം സൈനികർ യുഎസിന് ഇപ്പോഴുമുണ്ട്. പോരാത്തതിന് ഇസ്രയേൽ എന്ന സാമന്ത രാജ്യവും. ഇസ്രയേൽ ആണ് മേഖലയിൽ ചോദ്യം ചെയ്യപ്പെടാത്ത ആണവശക്തി. ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കുകയും ഇസ്രയേൽ ആഗ്രഹിക്കുന്നതുപോലെ നേതൃത്വത്തെ നശിപ്പിക്കുകയും ചെയ്താൽ മേഖല തങ്ങളുടെ കൈകളിൽവരും എന്ന് അമേരിക്ക കരുതുന്നു
ഇറാനിലെ ഫോർദൊ അടക്കമുള്ള മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് യുഎസ് ബങ്കർ ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. നേരത്തെതന്നെ ഈ കേന്ദ്രങ്ങൾ ഒഴിപ്പിച്ചിരുന്നു എന്നും അതുകൊണ്ടുതന്നെ വലിയ നാശനഷ്ടമൊന്നുമുണ്ടായിട്ടില്ല എന്നും ഇറാൻ പറയുന്നു. അപരിഹാര്യമായ നഷ്ടമില്ല, ആണവവികിരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരിച്ചടിയായി അമേരിക്കയുടെ മേഖലയിൽ വിന്യസിച്ചിട്ടുള്ള നാൽപ്പതിനായിരം വരുന്ന സൈനികരെയോ സൈനിക താവളങ്ങളെയോ ഇറാൻ ഇതുവരെ ആക്രമിച്ചിട്ടില്ല. എന്നാൽ, പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായ കടന്നാക്രമണമായി കണ്ട് താങ്ങാനാകാത്ത തിരിച്ചടി നൽകുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കമെന്നനിലയിൽ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് അടച്ചിടും. ഇന്ത്യ നാൽപ്പത് ശതമാനം എണ്ണയും പ്രകൃതിവാതകത്തിന്റെ പകുതിയും എത്തിക്കുന്നത് ഈ പാതയിലൂടെയാണ്. ഗൾഫ് മേഖലയിൽനിന്നുള്ള എണ്ണയുടെ തൊണ്ണൂറ് ശതമാനവും നീങ്ങുന്നത് ഈ കടലിടുക്ക് വഴിയാണ്.
പുതിയ കാലത്തെ കോളനിവൽക്കരണം
വല കൂട്ടി പ്രാണികളെ പിടിക്കുന്ന വിഷമുള്ള എട്ടുകാലികളെപ്പോലെ അമേരിക്ക ഇസ്രയേലിനുവേണ്ടി ഒരുക്കുന്ന കെണികൾ എത്രയാണ്! ട്രംപ് അധികാരമേറ്റ ശേഷം ആദ്യംപോയത് സൗദിയിലേക്കാണ്. തന്റെയും കുടുംബത്തിന്റെയും റിയൽഎസ്റ്റേറ്റ് മോഹങ്ങൾ പൂവണിയിക്കാനാണ് ആദ്യ സന്ദർശനം അറബ് രാജ്യങ്ങളിലേക്കാക്കിയത് എന്നായിരുന്നു വാർത്ത. ശരിയുമാണത് . മകൻ എറിക് ട്രംപ് എൺപത് നിലകൾ ഉള്ള ഹോട്ടൽ ദുബായിൽ പണിയുന്നു. ഖത്തറിൽ ഗോൾഫ് ക്ലബ്, ഇഷ്ടപ്പെട്ട ബോയിങ് ജെറ്റ് ഖത്തർ ട്രംപിന് സമ്മാനമായി നൽകുന്നു. ഇങ്ങനെ സ്നേഹിച്ച അറബ് ജനതയ്ക്ക് കൊടുംചതിയുടെ കഥയാണ് പറയാനുണ്ടാവുക.
തുർക്കിയ, സൗദി എന്നീ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണത്രേ സിറിയയുടെ ഉപരോധം ഞൊടിയിടയിൽ അമേരിക്ക എടുത്തുകളഞ്ഞത്. മതനിരപേക്ഷ ഭരണത്തെ കടപുഴക്കി വന്നയാളാണ് അമേരിക്ക ഒരിക്കൽ തലയ്ക്കുവിലയിട്ട അഹമ്മദ് അൽഷാര. ട്രംപ് അതൊന്നും നോക്കിയില്ല, സൽമാൻ രാജകുമാരൻ പറഞ്ഞാൽ താൻ എന്തും ചെയ്യുമെന്ന് നാട്യം പറഞ്ഞു. സിറിയയുടെമേലുള്ള സാമ്പത്തിക ഉപരോധം പിൻവലിച്ചു. ഈ തിരക്കിനിടയിൽ ഇസ്രയേലിനെ അംഗീകരിക്കണം എന്ന എബ്രഹാം കരാർ അംഗീകരിക്കണമെന്ന് സൗദിയെ നിർബന്ധിച്ചുമില്ല. കാരണം ഇസ്രയേൽ അമേരിക്കയുടെ ‘അൻപത്തി ഒന്നാമത്’ സംസ്ഥാനത്തെപ്പോലെയാണല്ലോ. യഥാർഥത്തിൽ സിറിയയുടെ മേലുള്ള ഉപരോധം എടുത്തുകളഞ്ഞതിലൂടെ ഇറാനിലേക്കുള്ള യുദ്ധപാത അമേരിക്ക ഒരുക്കി എടുക്കുകയായിരുന്നു.
കൊലച്ചോറുണ്ട് പാകിസ്ഥാനും
സകല തീവ്രവാദത്തിന്റെയും പ്രഭവ കേന്ദ്രമായ പാകിസ്ഥാനെയും അമേരിക്ക ചോറ് കൊടുത്ത് വളർത്തുന്നുണ്ട്. പാകിസ്ഥാന്റെ സൈനിക മേധാവി ജനറൽ അസീം മുനീറിനെ വൈറ്റ് ഹൗസിൽ വിളിച്ചുവരുത്തി ട്രംപ് വിരുന്നൂട്ടി. പകരം വേണ്ടത്, ഇറാനെ ആക്രമിക്കുമ്പോൾ പാകിസ്ഥാന്റെ സൈനിക താവളങ്ങൾ ഒരുക്കിനൽകണം, ഇന്ധനം നിറയ്ക്കാൻ സൗകര്യം വേണം. അതിനുള്ള കൊലച്ചോറാണ് ജനറൽ അസീം മുനീർ വൈറ്റ് ഹൗസിൽ ഉണ്ടത്. ട്രംപിന്റെ കരവലയത്തിലായി പാകിസ്ഥാൻ.
ഏത് കൊലച്ചോറും പാകിസ്ഥാൻ ഉണ്ണും എന്നത്, അതിന് ചില നാണയത്തുട്ടുകൾ മതി എന്നത് നമുക്ക് പണ്ടേ അറിയാവുന്നതാണ്. അങ്ങനെയായിരുന്നില്ല ഇന്ത്യ. ഇപ്പോൾ ഇറാനുവേണ്ടി നിലപാട് എടുക്കാൻ നമുക്കാകുന്നില്ല. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി മോദി ടെലിഫോണിൽ സംസാരിച്ചു, അവിടെ അവസാനിച്ചു നമ്മുടെ ഇടപെടൽ. 2025 ലെ അമേരിക്കൻ റിപ്പോർട്ട് പ്രകാരം ഇറാന് അണുവായുധങ്ങളില്ല. 3.67 ശതമാനം സമ്പുഷ്‌ടീകരിക്കാൻ അവകാശമുള്ള ഇറാനെ പൂർണമായും നിർവ്യാപനത്തിൽ എത്തിക്കണമെന്നതാണ് ‘അമേരിക്കയുടെ ആഗ്രഹം’ എങ്കിൽ അതിന് ചർച്ചകളുടെ വാതിലുകളാണ് തുറക്കേണ്ടത്. എൻപിടിയിൽ അംഗമായ രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കാൻ നിയമവിധേയമല്ലാത്ത ഒരു ആണവ രാജ്യത്തിനും രക്ഷാകൗൺസിൽ അംഗത്തിനും എങ്ങനെയാണ് കഴിയുക? അമേരിക്കയുടെ ലക്ഷ്യം പശ്ചിമേഷ്യയിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഇസ്രയേലിനെ മാറ്റുക എന്നതാണ്. ഏക ആണവ ശക്തിയായി ഇസ്രയേലിനെ ഒരുക്കിയെടുത്ത രാജ്യമാണ് അമേരിക്ക. അവരെ മേഖലയിലെ സൂപ്പർ പവർ ആക്കുമ്പോൾ അതിലെ ഘടകങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാണല്ലോ. ഇസ്രയേലും പലസ്തീനുമുള്ള രണ്ട് രാജ്യങ്ങളുടെ ആശയത്തിലാണ് ഇന്ത്യ വിശ്വസിച്ചിരുന്നത്. അതാണ് ലോകവും അംഗീകരിച്ചത്. ഇപ്പോൾ വിശാല ഇസ്രയേൽ എന്ന സങ്കൽപ്പത്തിലേക്കും അതിൽനിന്ന് പലസ്തീന്റെ നാശം എന്നതിലേക്കും കാര്യങ്ങൾ എത്തുന്നു. ഇന്ത്യ അവിടെ മൗനം അവലംബിക്കുന്നു എന്നതിന് രാഷ്ട്രീയ പ്രാധാന്യം ഏറെ. നമ്മൾ സാമന്തരാജ്യമായി മാറുന്നു എന്നതിന്റെ മറ്റൊരുദാഹരണം.
നോക്കുകുത്തിയാകുന്ന മനഃസാക്ഷി
ഗാസയുടെ എഴുപത് ശതമാനം പ്രദേശവും ഇസ്രയേൽ കൈക്കലാക്കി. ഈജിപ്തിനും മെഡിറ്ററേനിയൻ കടലിടുക്കിനുമിടയിലുള്ള ചെറിയ ഭൂപ്രദേശത്തിൽ ഇസ്രയേലിന്റെ തോക്കിൻകുഴലിന് കീഴിലാണ് ഇനി പലസ്തീനത്രെ. പലസ്തീന്റെ ഏറ്റവും വിശ്വസ്തരായ സഹായമായിരുന്നു ഇറാൻ. ഹൂതികളും ഹിസ്‌ബൊള്ളയും ഹമാസിനൊപ്പം നിലയുറപ്പിച്ചു. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം പലസ്തീന്റെ ഉന്മൂലനത്തിന് അനിവാര്യമായ കാര്യമാണ് പ്രതിരോധത്തിന്റെ ആണിക്കല്ലായ ഇറാനെ ചൊൽപ്പടിയിൽ നിർത്തുക എന്നത്. ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് യുറേനിയം സമ്പുഷ്‌ടീകരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ? അതോ വിശാല ഇസ്രയേൽ എന്ന സങ്കൽപ്പത്തിനു വേണ്ടിയാണോ സൈനിക നടപടി ? നേരത്തെ പലസ്തീൻ, ഇസ്രയേൽ എന്നീ രണ്ട് രാജ്യങ്ങളെ അമേരിക്ക അംഗീകരിച്ചിരുന്നു. അവർ ഇപ്പോൾ അങ്ങനെയൊരു നയമല്ല മുന്നോട്ടു കൊണ്ടുപോകുന്നത്.
മൂല്യങ്ങൾ നാം മറന്നോ
തെമ്മാടി രാജ്യമായ ഇസ്രയേൽ, ഗാസയെ ഉപരോധിച്ചു. വെള്ളവും മരുന്നും ഭക്ഷണവും നിഷേധിച്ചു. പട്ടിണിയും ദുരിതാശ്വാസവും ആയുധങ്ങളാക്കി. സഹായമഭ്യർഥിച്ച് എത്തിയവരെ നിഷ്കരുണം വെടിവച്ചു കൊന്നു. ഭക്ഷണ സാധനങ്ങൾ ജനക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ് ദുരിതരുടെ മനുഷ്യത്വം കവർന്നു. പലസ്തീനെ അംഗീകരിച്ച അറബ് ഇതര രാജ്യങ്ങളിൽ ആദ്യത്തേതാണ് ഇന്ത്യ. പിഎൽഒയെ പലസ്തീന്റെ പ്രതിനിധിയായി അംഗീകരിച്ച് ഡൽഹിയിൽ നമ്മൾ കുടിയിരുത്തി. ആ നമ്മൾ എവിടെയാണ് നിൽക്കുന്നത്? ഐക്യരാഷ്ട്ര സംഘടനയിൽ വെടിനിർത്തലിന് പ്രമേയം വന്നപ്പോൾ ഇന്ത്യ വിട്ടുനിന്നു. സാർക്, എസ്‌സിഒ എന്നുവേണ്ട അമേരിക്ക ഒഴിച്ചുള്ള ജി7 രാജ്യങ്ങൾപോലും ഇസ്രയേൽ വെടിനിർത്തണം എന്ന അഭിപ്രായക്കാരാണ്. നമ്മളല്ല. ഇന്ത്യ എന്ന രാജ്യം അതിന്റെ രൂപീകരണ ഘട്ടത്തിൽ ഉൾക്കൊണ്ട മൂല്യങ്ങളുണ്ട്. നമുക്ക് ചില അടിസ്ഥാന തത്വങ്ങളുണ്ട് പാലിക്കാൻ.

കോളനിവൽക്കരണത്തിനും വർണ വിവേചനത്തിനും വംശഹത്യക്കും ഈ രാജ്യം എതിരാണ്. മൂല്യങ്ങളാണ്, കച്ചവടക്കണ്ണല്ല ഈ രാജ്യത്തിന്റെ നയങ്ങൾ രൂപീകരിക്കുന്നവർക്ക് വേണ്ടത്. അതിനുവേണ്ടിയാണ് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ചോര ചിന്തിയത്. അത് ലംഘിക്കാൻ അഞ്ചുവർഷത്തെ മാത്രം അംഗീകാരമുള്ളവർ ശ്രമിക്കരുത്. നമ്മൾ ഇന്ത്യയല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ധാർമിക മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു. 1991 ലെ കോൺഗ്രസ് സർക്കാർ ആണ് ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് ഉയർത്തിയത്. ഇതോടെ പലസ്തീനെ നമ്മൾ കൈവിട്ടു. ഈ നയം മോദിയുടെ കൈയിലെത്തിയപ്പോൾ ഇസ്രയേലുമായുള്ള തന്ത്രപരമായ സഹകരണമായി മാറി. അതുകൊണ്ടാണ് അവർ നടത്തുന്ന കൊടുംഭീകരതയുടെ ഭാഗമായി ഇന്ത്യ മാറുന്നത്. സംഘപരിവാറിന്റെ സയണിസ്റ്റ് ചായ്‌വ് നമ്മുടെ രാജ്യത്തിന്റെ പ്രതിഛായയെ മാത്രമല്ല സുരക്ഷിതത്വത്തേയും ബാധിക്കുന്നു. നമുക്കിന്ന് ആത്മാർഥ സുഹൃത്തുക്കളില്ല. തീവ്രവാദം കൈകാര്യംചെയ്യുന്ന യുഎന്നിന്റെ സമിതിയുടെ ഉപാധ്യക്ഷ പദവിയിൽ പാകിസ്ഥാൻ ഇരിക്കുന്നു. പാകിസ്ഥാൻ തീവ്രവാദ രാജ്യമാണ് എന്ന സന്ദേശം ആണ് ഇന്ത്യ ലോകത്തെ പ്രതിനിധിസംഘത്തെ അയച്ച് അറിയിച്ചത്. രക്ഷാകൗൺസിൽ അംഗവും എല്ലാ കാലാവസ്ഥയിലെയും നമ്മുടെ സുഹൃത്തായ റഷ്യപോലും ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. ട്രംപിന്റെ പുസ്തകത്തിൽ ഇന്ത്യക്ക് യാതൊരു അഭിമാനത്തിനും അർഹതയില്ല. കശ്മീർ ഉഭയ കക്ഷിപ്രശ്നമാണ് എന്നത് ഇന്ത്യയുടെ എക്കാലത്തെയും നിലപാടാണ്. ഈ വിഷയത്തിൽ ഇന്ത്യയെ കുത്താനുള്ള ഏകമാർഗം അന്താരാഷ്ട്രവൽക്കരിക്കലാണ്. ട്രംപ് അത് ചെയ്തുകഴിഞ്ഞു. പാകിസ്ഥാൻ അതിന് കൂട്ടുനിൽക്കുന്നു.
ട്രംപിനെക്കൊണ്ട് അന്താരാഷ്ട്രതലത്തിൽ വീണ്ടും കശ്മീർ പ്രശ്നമുന്നയിപ്പിക്കാൻ അവർ ട്രംപിനെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുന്നു. അതേസമയം, ട്രംപിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ ‘ഹൗഡി മോഡി’ പ്രചാരകൻ നരേന്ദ്ര മോദിയെ പുറംകാലുകൊണ്ട് ചവിട്ടി. നാലാമത് വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയെ അവഗണിച്ച് റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി ‘ജി 7’ ‘ജി 9’ ആക്കണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യക്കുമേൽ വ്യാപാരച്ചുങ്കം അടിച്ചേൽപ്പിക്കുന്നു. ട്രംപിനെ എതിർക്കുക എന്നത് ഇന്നത്തെ കാലത്തെ ന്യായമായ രാഷ്ട്രീയം മാത്രമല്ല, മാന്യതയുടെ അളവുകോൽകൂടിയാണ്. ഓസ്‌ട്രേലിയയിലും കാനഡയിലും ചിലർക്ക് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമാണ് ട്രംപുമായുള്ള അടുപ്പം. ലോകം അത്രകണ്ട് വെറുക്കുന്നുണ്ട് അയാളെ. അപ്പോഴാണ് ഇന്ത്യ സ്വന്തം ആത്മാവ് കളഞ്ഞുകുളിക്കുന്നത്. അമേരിക്ക എന്ന പച്ചത്തുരുത്ത് തേടിപ്പോയവർ മനസ്സിലാക്കണം, ഇപ്പോഴും പാകിസ്ഥാനൊപ്പമാണ് നമ്മളെ തൂക്കുന്നത്. ചൈനയ്ക്ക് ബദൽ, ലോകശക്തി എന്നൊന്നും ആരും പറയുന്നില്ല. ലോകത്തിനു മുന്നിൽ തലയുയർത്തിപ്പിടിച്ച രാജ്യമാണ് നമ്മുടേത്. അത് തിരികെപ്പിടിക്കണം.














