Deshabhimani

Articles

iran israel conflict

ലോകം ആശങ്കയിൽ

iran israel conflict
avatar
ഡോ. ജോസഫ് ആന്റണി

Published on Mar 02, 2026, 12:00 AM | 3 min read

"ആണവായുധം നിർമിക്കില്ലെന്നും അതിനായി ആണവവസ്തുക്കൾ ശേഖരിക്കില്ലെന്നും ഇറാൻ സമ്മതിച്ചിരിക്കുന്നു. ഒരിക്കലും ഇറാൻ ആണവായുധം ഉണ്ടാക്കരുത് എന്നാണ് ലക്ഷ്യമെങ്കിൽ, ഈ ചർച്ചകളിലൂടെ അത് നേടിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’2026 ജനുവരിമുതൽ അമേരിക്കയും ഇറാനുംതമ്മിൽ ഒമാനിലും ജനീവയിലും നടന്ന ആണവചർച്ചകൾക്ക് നേതൃത്വംവഹിച്ച ഒമാൻ വിദേശമന്ത്രി ഹമദ് അൽ ബുസൈദി ഫെബ്രുവരി 27ന് കാനഡയുടെ വാർത്താചാനലായ സിബിസിയോട് പറഞ്ഞ വാക്കുകളാണിത്. ഇറാൻ ആണവവിഷയത്തിൽ, അമേരിക്ക ഉയർത്തിയ തർക്കങ്ങൾ, ജനീവചർച്ചകളിൽ ഉരുത്തിരിഞ്ഞ ഈ ഉറപ്പോടെ തീരേണ്ടതായിരുന്നു. എന്നാൽ, ആ ശുഭവാർത്ത ജനങ്ങളിൽ എത്തുന്നതിനുമുമ്പുതന്നെ, അമേരിക്കയുടെയും ഇസ്രയേലിന്റെയും മാരകമിസൈലുകൾ തലസ്ഥാനമായ തെഹ്‌റാനിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടുന്നതാണ് കണ്ടത്. ഇസ്‌ഫഹാൻ, കോം, കരാജ് തുടങ്ങിയ പല നഗരങ്ങളിലും ശക്തമായ ആക്രമണങ്ങളാണ് നടന്നത്. തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 150 കുട്ടികളടക്കം ഇരുനൂറിലേറെ പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയുംചെയ്തു.


Ayatollah Ali Khamenei


പശ്ചിമേഷ്യ ഒട്ടാകെ തീപിടിപ്പിക്കുന്നതും ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്‌ത്തുന്നതുമാണ്, യുദ്ധക്കൊതിയന്മാരായ ഡോണൾഡ് ട്രംപും നെതന്യാഹുവും ഇറാനെതിരെ നടത്തിയ സൈനിക ആക്രമണം. ഭരണകൂടമാറ്റം ലക്ഷ്യമിട്ട്‌ അമേരിക്കയും ഇസ്രയേലും നടത്തിയ ഖമനേയിയുടെ കൊലപാതകം സംഘർഷങ്ങൾ കൂടുതൽ തീവ്രമാക്കാനേ സഹായിക്കൂ. എല്ലാ അന്തർദേശീയ നിയമങ്ങളെയും സ്ഥാപനങ്ങളെയും നോക്കുകുത്തിയാക്കുകമാത്രമല്ല, അമേരിക്കയുടെ ഭരണഘടനയെയും പാർലമെന്റിനെയും അവഗണിച്ചുമാണ് ഇറാനെതിരായ സൈനികനീക്കത്തിന് ട്രംപ് തയ്യാറായത്.

​

സമാധാന പ്രസിഡന്റിന്റെ 
തുടർയുദ്ധങ്ങൾ

അമേരിക്കയുടെ അവസാനിക്കാത്ത യുദ്ധങ്ങൾ ഒരിക്കലും ആവർത്തിക്കില്ലെന്നും താൻ സമാധാനത്തിന്റെ പ്രസിഡന്റാകുമെന്നും ജനങ്ങളെ വിശ്വസിപ്പിച്ച് വോട്ടുനേടി വിജയിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ ഇറാനെതിരെ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണ് ഫെബ്രുവരി 28ന് ആരംഭിച്ചത്. സമാധാനപ്രിയനായ ട്രംപിന്റെ ലോകത്തിനുള്ള 2026ലെ നവവത്സരസമ്മാനം, ജനുവരി 3ന് വെനസ്വേലയുടെ പ്രസിഡന്റിനെയും ഭാര്യയെയും, അമേരിക്കൻസേനയെ ആ രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് അയച്ച് അറസ്റ്റ്ചെയ്ത് ജയിലിൽ അടയ്ക്കലായിരുന്നു.


പറയുന്നതൊന്നും, പ്രവർത്തിക്കുന്നത് മറ്റൊന്നും എന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഡോണൾഡ് ട്രംപ്. 2025 ജൂണിൽ ഇറാനെതിരെ ആക്രമണം നടത്തുന്നതിനുമുന്പും ട്രംപ് ലോകത്തോടുപറഞ്ഞത്, ആണവകരാറിൽ എത്തിച്ചേരാൻ ഇറാന് രണ്ടാഴ്ച നൽകുന്നുവെന്നാണ്. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങൾക്കെതിരെ ട്രംപ് ബോംബാക്രമണംനടത്തി. ആക്രമണത്തിനുശേഷം ട്രംപ് ലോകത്തോടുപറഞ്ഞത്, താൻ ഇറാന്റെ ആണവശേഷിയെ സമ്പൂർണമായി തുടച്ചുനീക്കി എന്നാണ്.


Donald trump.jpg

​​

ലക്ഷ്യം ഭരണകൂട അട്ടിമറി

2025 ജൂണിൽ നടന്നത് ഇറാന്റെ ആണവപദ്ധതിക്കെതിരായ ആക്രമണമായിരുന്നെങ്കിൽ, ഇപ്പോഴത്തേത്, ഇറാനിലെ അലി ഖമനേയിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അട്ടിമറിക്കാനുള്ള അമേരിക്കൻ- സയണിസ്റ്റ് ചട്ടമ്പിസംഘത്തിന്റെ നിയമവിരുദ്ധ യുദ്ധമാണ്. അതുതന്നെയാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യമെന്ന് ഇരുകൂട്ടരും പരസ്യമായിത്തന്നെ പ്രഖാപിച്ചിരുന്നു. ഇറാനെതിരെ 2025 ജൂണിൽ ആക്രമണം ആരംഭിച്ചപ്പോൾത്തന്നെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചത്, തനിക്ക് രണ്ട്‌ ലക്ഷ്യങ്ങൾ ഉണ്ടെന്നായിരുന്നു. ഒന്നാമത്തേത്, ഇറാന്റെ ആണവപദ്ധതി പൂർണമായും ഇല്ലാതാക്കുക. രണ്ടാമത്തേത്, അലി ഖമനേയിയുടെ ഭരണത്തെ അവസാനിപ്പിക്കുക. രണ്ട്‌ ലക്ഷ്യങ്ങളുംനേടാൻ കഴിയാതെ, ലോകരാഷ്ട്രങ്ങളുടെ കണ്ണിൽപ്പൊടിയിട്ടാണ് ട്രംപും നെതന്യാഹുവും, ഇറാനെതിരായ ആക്രമണം അവസാനിപ്പിച്ചത്.


ഭരണകൂടഅട്ടിമറി കലയായി വികസിപ്പിച്ചെടുത്ത അമേരിക്കയും ജൂനിയർപങ്കാളിയായ ഇസ്രയേലും അവരുടെ പദ്ധതി ഉപേക്ഷിച്ചില്ലെന്ന്, 2025 ഡിസംബർ 28ന് ഇറാൻ ഭരണകൂടത്തിനെതിരായി തെഹ്റാനിൽ വ്യാപാരികൾ ആരംഭിച്ച സമരത്തോടെ വ്യക്തമായി. വ്യാപാരികളുടെ പ്രക്ഷോഭം ആരംഭിച്ചതിന്റെ തൊട്ടടുത്തദിവസംതന്നെ, സമരത്തെ അനുകൂലിച്ച്‌ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് പരസ്യമായിത്തന്നെ രംഗത്തുവന്നു. ‘തെരുവിലേക്ക് ഒരുമിച്ചുനീങ്ങുക. സമയം സമാഗതമായിരിക്കുന്നു, നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്... അകലത്തുനിന്നോ വെറുംവാക്കുകൾകൊണ്ടോ അല്ല, നിങ്ങളോടൊപ്പം ഗ്രൗണ്ടിൽത്തന്നെ ഞങ്ങളുണ്ട്.’ മൊസാദ് തന്നെയാണ് അവരുടെ സമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ ഇത് പ്രഖ്യാപിച്ചത്.


2026 ജനുവരിയിൽ, ഇറാനിലെ സമരക്കാരെ അനുകൂലിച്ചും പ്രോത്സാഹിപ്പിച്ചും ഡോണൾഡ് ട്രംപും രംഗത്തുവന്നു. "നിങ്ങൾ പ്രതിഷേധംതുടരൂ, നിങ്ങൾക്കുള്ള സഹായം എത്തിക്കൊണ്ടിരിക്കുന്നു’ എന്നാണ് ജനുവരി 13ന് ട്രംപ് പ്രഖ്യാപിച്ചത്. "നിങ്ങൾ ഇറാനിലെ സ്ഥാപനങ്ങൾ കൈയടക്കൂ’ എന്ന് സമരക്കാരോട് ആഹ്വാനംചെയ്ത ട്രംപ്, അവർക്കെതിരായ നടപടിയെടുത്താൽ ഇറാൻഭരണകൂടം വലിയ വിലനൽകേണ്ടിവരുമെന്നും മുന്നറിയിപ്പുനൽകി. ഇതിനെത്തുടർന്നാണ്, 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനുശേഷം, ഇറാനെതിരായി വമ്പിച്ചരീതിയിൽ അമേരിക്കൻസേനയെ വിന്യസിക്കാൻ ട്രംപ് തീരുമാനിച്ചത്.


uae iran israel


ആണവക്കരാറല്ല, ഭരണകൂടമാറ്റമാണ് അമേരിക്കയുടെ ലക്ഷ്യമെന്ന്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിനെ പേർഷ്യൻ ഗൾഫിലേക്ക് നീങ്ങാൻ ഉത്തരവുകൊടുത്തപ്പോൾത്തന്നെ സൂചന ലഭിച്ചിരുന്നു. എന്നാൽ, അത് കൂടുതൽ വ്യക്തമായത്, വെനസ്വേലയുടെ പ്രസിഡന്റിനെയും ഭാര്യയെയും കരാക്കസിൽനിന്നും പിടിച്ചുകൊണ്ടുപോയ അമേരിക്കൻ സൈനികനീക്കത്തെ സഹായിച്ച ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡിനോട് പശ്ചിമേഷ്യയിലേക്ക് നീങ്ങാൻ നിർദേശിച്ചപ്പോഴാണ്. യുഎസ്എസ് ജെറാൾഡ് ഫോർഡിന്‌, കരീബിയൻകടലിൽനിന്നും ഇസ്രയേലിനുസമീപം മെഡിറ്ററേനിയൻകടലിൽ എത്താനുള്ള പത്തുദിവസമാണ്, സമാധാനക്കരാറിൽ എത്തിച്ചേരാൻ ഇറാനുകൊടുത്ത സമയം. യുഎസ്എസ് ജെറാൾഡ് ഫോർഡ് എന്ന വിമാനവാഹിനിക്കപ്പൽ എത്തിയപ്പോഴേക്കും, സമാധാനക്കരാറിനായി ഇറാൻ സമ്മതംമൂളിയെങ്കിലും, അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിക്കുകയായിരുന്നു. "ഞങ്ങളുടെ ജോലി പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങൾക്ക് കാര്യങ്ങൾ ഏറ്റെടുക്കാം’ എന്നാണ് ഇറാനെതിരെ സൈനിക ആക്രമണം നടത്തിയ വാർത്ത ലോകത്തെ അറിയിച്ചവേളയിൽ ഇറാനിയൻ ജനങ്ങളോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടത്.

​

ഇസ്രയേലിന്റെ 
കുടിയേറ്റ കോളനിവാഴ്ച

ഭരണകൂടമാറ്റത്തിലൂടെ പശ്ചിമേഷ്യയെ പൂർണമായും ഇസ്രയേലിന് ഏൽപ്പിച്ചുകൊടുക്കാനുള്ള അമേരിക്കൻപദ്ധതിയാണ് ‘ഓപ്പറേഷൻ എപിക് ഫ്യുറി’യിലൂടെ അമേരിക്ക–സയണിസ്റ്റ് സഖ്യം ലക്ഷ്യമിടുന്നത്. 1948 മുതൽ പലസ്തീൻപ്രദേശത്ത് ഇസ്രയേൽ ആരംഭിച്ച ‘കുടിയേറ്റ കോളനിവാഴ്ച' പൂർത്തീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമേരിക്കയുടെ ആശീർവാദത്തോടെ ഗാസയ്‌ക്കെതിരായി 2023 മുതൽ നടന്ന വംശഹത്യയും തുടർന്ന് ട്രംപിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട "ബോർഡ് ഓഫ് പീസും.’

ഇറാന്റെ പരമോന്നത നേതാവായ ഖമനേയിയുടെ കൊലപാതകം, ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ശക്തമായി പ്രതികരിക്കാൻ ഇറാനെ നിർബന്ധിതമാക്കും. ഖമനേയി കൊല്ലപ്പെട്ടതുകൊണ്ടുകൂടിയായിരിക്കണം പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾക്കുനേരെ കടുത്ത ആക്രമണംനടത്താൻ ഇറാൻ തയ്യാറായത്. ഖമനേയി കൊല്ലപ്പെട്ടതിനുപിന്നാലെ, ഇസ്രയേലിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നടത്തിയ പ്രസ്താവന പശ്ചിമേഷ്യൻമേഖല വീണ്ടും കടുത്ത സംഘർഷത്തിലേക്ക് വഴുതിവീഴുമെന്നതിന്റെ സൂചനയാണ്.


ലോകത്തിലെ ഏറ്റവും വലിയ സൈനിക സാമ്പത്തിക ശക്തിയായ അമേരിക്കയ്ക്കും പശ്ചിമേഷ്യയിലെ ഭീകരരാഷ്ട്രമായ ഇസ്രയേലിനുമെതിരെ ഇറാൻ നടത്തുന്നത്, ആ രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തിനും നിലനിൽപ്പിനുംവേണ്ടിയുള്ള പോരാട്ടമാണ്. അതിനായി എന്തുവിലകൊടുക്കാനും ഇറാൻഭരണകൂടം തയ്യാറാകും. ഏറ്റവുമധികം എണ്ണസമ്പത്തും വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളും കേന്ദ്രീകരിച്ചിരിക്കുന്ന ഭൂതന്ത്രപ്രാധാന്യമുള്ള പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലോകജനതയുടെ മനസ്സിൽ തീകോരിയിടുന്നതാണ്. അതിനാൽത്തന്നെ ഈ ആക്രമണം പടരാതെ അവസാനിപ്പിക്കേണ്ടത്, ലോകത്തിന്റെ ആവശ്യമാണ്. 
(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം മുൻമേധാവിയാണ്‌ ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home