ad
Deshabhimani

Articles

പണിമുടക്കാനുള്ള അവകാശം

പണിമുടക്കാനുള്ള അവകാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
കെ ജി സുധാകരൻ

Published on Jun 29, 2026, 10:54 PM | 2 min read

പ്രതിഷേധിക്കുന്ന തൊഴിലാളികൾക്കെതിരെയുള്ള ഇന്ത്യയുടെ സമീപകാലത്തെ അടിച്ചമർത്തലുകൾ സമരം ചെയ്യാനുള്ള അവകാശത്തെ സാവധാനം കുറ്റകരമാക്കുന്നതിന്റെ തെളിവാണ്. അന്താരാഷ്ട്ര നീതിന്യായകോടതിയുടെ പുതിയൊരു തീരുമാനം രാജ്യത്ത് നിയമപരവും ഭരണഘടനാപരവുമായ പരിഷ്‌കരണങ്ങൾക്കായി സമ്മർദം ചെലുത്താൻ അഭിഭാഷകർക്കും തൊഴിലാളികൾക്കും ശക്തമായൊരു ആയുധമായി മാറും.​


2026 മെയ് 21-ന്, അന്താരാഷ്ട്ര നീതിന്യായകോടതി ‘ഐഎൽഒ കൺവൻഷൻ നമ്പർ 87-ന്‌ കീഴിലുള്ള പണിമുടക്കാനുള്ള അവകാശം' വിഷയത്തിൽ ഒരു അഭിപ്രായം പുറപ്പെടുവിച്ചു. തൊഴിലാളികളുടെയും സംഘടനകളുടെയും പണിമുടക്കാനുള്ള അവകാശം 1948-ലെ സംഘടനാസ്വാതന്ത്ര്യവും സംഘടിക്കാനുള്ള അവകാശസംരക്ഷണവും സംബന്ധിച്ച കൺവൻഷൻ (നമ്പർ 87) പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് നാലി-നെതിരെ പത്ത്‌ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോടതി വിധിച്ചു.


ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ഗവേണിങ്‌ ബോഡി 2023 നവംബറിൽ നൽകിയ അഭ്യർഥനപ്രകാരമാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ‘കമ്മിറ്റി ഓൺ ദി ആപ്ലിക്കേഷൻ ഓഫ് സ്റ്റാൻഡേർഡ്സി'-ന്റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ച 2012-ലെ തർക്കംമുതൽ അന്താരാഷ്ട്ര തൊഴിലാളിസമ്മേളനത്തിലെ തൊഴിലുടമകളുടെ ഗ്രൂപ്പ് ബോധപൂർവം സൃഷ്ടിച്ച ഒരുദശകത്തിലേറെ നീണ്ട സ്ഥാപനപരമായ അനിശ്ചിതത്വത്തിന് ഇതോടെ പരിഹാരമായി.


ഈ അഭിപ്രായം ഇന്ത്യൻ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രസക്തിയുള്ള ഒന്നാണ്. അന്താരാഷ്ട്ര നീതിന്യായകോടതിയുടെ ഈ അഭിപ്രായം വരുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ്‌ മാത്രമാണ് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്തവിധം വ്യവസായമേഖലയിലെ പ്രതിഷേധങ്ങൾക്കുനേരെ ഇന്ത്യൻ സർക്കാർ കടുത്ത അടിച്ചമർത്തലുകൾ നടത്തിയത്.


കൺവൻഷൻ നമ്പർ 87-ന്റെ കീഴിൽ തൊഴിലാളികളുടെയും അവരുടെ സംഘടനകളുടെയും പണിമുടക്കാനുള്ള അവകാശം സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു അന്താരാഷ്ട്ര നീതിന്യായകോടതിക്കുമുന്നിൽ എത്തിയ ചോദ്യം. വിയന്ന കൺവൻഷനിലെ ആർട്ടിക്കിൾ 31, 32 എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ള ഉടമ്പടി വ്യാഖ്യാന നിയമങ്ങൾ ബാധകമാക്കിക്കൊണ്ട്, നാലിനെതിരെ പത്ത്‌ വോട്ടുകൾക്ക് കോടതി ഇതിന് അനുകൂലമായി മറുപടി നൽകി.


പണിമുടക്ക് എന്നത് വ്യവസായബന്ധങ്ങളിൽ തൊഴിലാളികൾ തങ്ങളുടെ കൂട്ടായ ആവശ്യങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കാൻ ഉപയോഗിക്കുന്ന പ്രധാന മാർഗമാണ്. അതുകൊണ്ടുതന്നെ, പണിമുടക്കാനുള്ള അവകാശം ഇതിൽ ഉൾപ്പെടുന്നില്ലെന്ന് വാദിക്കുന്നത് ഈ കൺവൻഷൻ നൽകുന്ന ഉറപ്പിന്റെ അന്തസ്സത്തയെത്തന്നെ ഇല്ലാതാക്കുന്നതിനുതുല്യമാകും.


മാസങ്ങൾക്കുമുമ്പ്, സമീപകാലചരിത്രത്തിലെ ഏറ്റവും വ്യാപകമായ വ്യവസായ പണിമുടക്ക് അടിച്ചമർത്തലിനാണ് ഇന്ത്യൻ സർക്കാർ നേതൃത്വം നൽകിയത്. അന്താരാഷ്ട്ര തൊഴിലാളിസംഘടനയുടെ സ്ഥാപകാംഗങ്ങളിൽ ഒന്നാണ് ഇന്ത്യ. കൂടാതെ ‘ആഗോള മനുഷ്യാവകാശ പ്രഖ്യാപന'ത്തിലും ഇന്ത്യ കക്ഷിയാണ്. എന്നിരുന്നാലും ഐഎൽഒ-യുടെ കൺവൻഷൻ നമ്പർ 87- അംഗീകരിക്കാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.


അന്താരാഷ്ട്ര നീതിന്യായകോടതിയുടെ ഈ പ്രഖ്യാപനത്തിന് ഭരണഘടനാപരവും നിയമപരവുമായ പരിഷ്‌കരണത്തിന് സംഭാവന നൽകാൻ കഴിയും. അതിന്റെ ഉത്തരവാദിത്വം ഇനി ഇന്ത്യൻ തൊഴിലാളികൾ, ട്രേഡ് യൂണിയനുകൾ, അഭിഭാഷകർ എന്നിവരിലാണ്. അവർക്ക് ഇപ്പോൾ വലിയ സാധ്യതകളുള്ള നിയമപരമായ ആയുധം ലഭ്യമായി. പണിമുടക്കിനെ അവകാശമായി കാണുന്നതിനുപകരം, കുറ്റകൃത്യമായി കാണുന്ന ഒരു വ്യവസായബന്ധ വ്യവസ്ഥയുടെ പ്രത്യാഘാതങ്ങൾ ഇന്ത്യയിലുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home