ad
Deshabhimani

Articles

ഇന്ന് അന്താരാഷ്ട്ര സഹകരണ ദിനം

കരംകോർത്ത്‌ നേടിയ പുരോഗതി

cooperation
എസ് വിജയകുമാർ

Published on Jul 02, 2026, 10:57 PM | 2 min read

അവസാനിക്കാത്ത യുദ്ധങ്ങൾ, പലായനങ്ങൾ, സാമൂഹ്യ ചേരിതിരിവുകൾ തുടങ്ങി പല കാരണങ്ങളാൽ ആഗോളസമൂഹം വിഭജിക്കപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ "സമാധാനപൂർണമായ ഒരു ലോകത്തിനായി സഹകരണ പ്രസ്ഥാനങ്ങൾ’ എന്നതാണ്‌ ഈ വർഷത്തെ അന്താരാഷ്ട്ര സഹകരണദിന സന്ദേശം. സുസ്ഥിരമായ സമാധാനത്തിന് എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം, ജനാധിപത്യപരമായ പങ്കാളിത്തം, ഉത്തരവാദിത്വം, പങ്കാളിത്തത്തിലധിഷ്ഠിതമായ സാമ്പത്തിക അവസരങ്ങൾ എന്നിവ അനിവാര്യമാണ് എന്നാണ് ഈ സന്ദേശം മുന്നോട്ടുവയ്ക്കുന്നത്.

ആഗോളതലത്തിൽ സഹകരണ സംഘങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും സാമൂഹിക വികസനത്തിന് സഹകരണ സംഘങ്ങൾ നൽകുന്ന സംഭാവനകളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായി അന്താരാഷ്ട്ര സഹകരണ സഖ്യം (ഐസിഎ) 1923 മുതൽ അന്താരാഷ്ട്ര സഹകരണദിനം ആഘോഷിക്കുന്നു. സാമ്പത്തിക വികസനം, സുസ്ഥിരത, സാമൂഹ്യനീതി എന്നിവ ഉറപ്പാക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾ വഹിക്കുന്ന അതുല്യമായ പങ്ക് തിരിച്ചറിഞ്ഞ് 1995-ൽ ഐക്യരാഷ്ട്ര സംഘടന ഇതിന് ഔദ്യോഗിക അംഗീകാരം നൽകി. അതോടെ ഐക്യരാഷ്ട്ര സംഘടനയുടെകൂടി സഹകരണത്തോടെയാണ് ദിനാചരണം.


സമാധാനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള സഹകരണ പ്രസ്ഥാനത്തിന്റെ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. മുകളിൽനിന്ന് താഴേക്ക് ഭരിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്ന് വ്യത്യസ്തമായി ജനാധിപത്യപരമായ ഭരണം, കൂട്ടുടമസ്ഥത, സമൂഹത്തോടുള്ള കരുതൽ എന്നീ തത്വങ്ങളിലാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. നയതന്ത്രമുറികളിൽ ചർച്ച ചെയ്ത് ഉണ്ടാക്കേണ്ട ഒന്നല്ല യഥാർഥ സമാധാനം. മറിച്ച് ജനങ്ങളുടെ പങ്കാളിത്തത്തിലൂടെയും ഐക്യദാർഢ്യത്തിലൂടെയും ദൈനംദിന കൂട്ടായ പ്രവർത്തനങ്ങളിലൂടെയും താഴെത്തട്ടിൽനിന്ന് പടുത്തുയർത്തേണ്ടതാണ്.


ആഗോളതലത്തിൽ ഐസിഎ വിഭാവനം ചെയ്യുന്ന ‘പോസിറ്റീവ് പീസ്' അഥവാ ക്രിയാത്മകസമാധാനത്തിന്റെ ഏറ്റവും മികച്ച പ്രായോഗിക രൂപമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. സാമ്പത്തിക സുരക്ഷിതത്വവും പ്രതിസന്ധികളിലെ അതിജീവനവും പുനരധിവാസവും സുതാര്യതയും ജനങ്ങൾക്ക് സമ്മാനിക്കുന്നതാണ്‌ കേരളത്തിലെ സഹകരണമേഖല. കേരളത്തിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ പ്രാഥമിക കാർഷിക വായ്പാസഹകരണ സംഘങ്ങൾ കർഷകർക്കും സാധാരണക്കാർക്കും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നു. ഇത്തരത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിലൂടെ കുടുംബങ്ങളിലെയും സമൂഹങ്ങളിലെയും സംഘർഷങ്ങൾ പരമാവധി ഇല്ലാതാകുന്നു.

പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ നൽകിയും കമ്യൂണിറ്റി കിച്ചണുകളെ പിന്തുണച്ചും കേരളത്തിലെ സഹകരണമേഖല മാതൃകാപരമായി പ്രവർത്തിച്ചു. കുടുംബശ്രീ വഴിയുള്ള പലിശരഹിത ഉപഭോക്തൃ വായ്പകൾ ഉൾപ്പെടെയുള്ള സഹായങ്ങളിലൂടെ, തകർന്നടിഞ്ഞ ജനജീവിതത്തെ വേഗത്തിൽ തിരികെ കൊണ്ടുവരാൻ ഈ മേഖലയ്ക്കായി. ജനങ്ങൾക്ക് കൃത്യമായ പിന്തുണ നൽകിയ ഈ ഇടപെടലുകൾ സമൂഹത്തിൽ അരാജകത്വവും ആക്രമണങ്ങളും ഉണ്ടാകാതിരിക്കാനും സമാധാനം നിലനിർത്താനും സഹായിച്ചു.


കേരളത്തിലെ സഹകരണ ആശുപത്രികൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കുമ്പോൾ യുഎൽസിസിഎസ്‌, മിൽമ, കൺസ്യൂമർഫെഡ്, ദിനേശ് ബീഡി തുടങ്ങിയ പ്രസ്ഥാനങ്ങൾ ലക്ഷക്കണക്കിന് ആളുകൾക്ക് മികച്ച തൊഴിലും വേതനവും നൽകുന്നുണ്ട്. ഇതിനൊപ്പം കൂട്ടായ്മയുടെ സഹകരണ മാതൃകയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രസ്ഥാനം സ്ത്രീശാക്തീകരണത്തിലൂടെ സമൂഹത്തിൽ വലിയ രീതിയിൽ സാമൂഹ്യനീതി നടപ്പാക്കുന്നു. വൈവിധ്യമാർന്ന ഈ പ്രവർത്തനങ്ങളിലൂടെ അരികുവൽക്കരിക്കപ്പെട്ടവർക്കും സ്ത്രീകൾക്കും തുല്യ അവസരം ഉറപ്പാക്കാൻ സഹകരണമേഖലയ്ക്ക് സാധിക്കുന്നു.


ആഗോളതലത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സഹകരണ മാതൃകകളെ പിന്തുണയ്ക്കാനും അവയിൽ നിക്ഷേപം നടത്താനും സർക്കാരുകളോടും വികസന ഏജൻസികളോടുമുള്ള ഓർമപ്പെടുത്തൽകൂടിയാണ് ദിനാചരണം. ജനാധിപത്യപരമായി ജനങ്ങൾ ഒരു പ്രസ്ഥാനത്തെ ഏറ്റെടുക്കുമ്പോൾ അവിടെ കെട്ടിപ്പടുക്കുന്നത് പ്രതിസന്ധികളെ അതിജീവിക്കാൻ കെൽപ്പുള്ള നീതിയുക്തമായ ഒരു ലോകംകൂടിയാണ്.


(സഹകരണവകുപ്പിൽ മുൻ എഡിറ്റർ കം പ്രസ് റിലേഷൻസ് ഓഫീസറായിരുന്നു ലേഖകൻ)​



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home