ad
Deshabhimani

Articles

ജലയുദ്ധവും സിന്ധുനദി
 ജലകരാറും - ടി ചന്ദ്രമോഹൻ

ജലയുദ്ധവും സിന്ധുനദി
 ജലകരാറും

Indus Waters Treaty
ടി ചന്ദ്രമോഹൻ

Published on Apr 27, 2025, 10:23 PM | 3 min read

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പല യുദ്ധങ്ങളും ജലത്തിനുവേണ്ടിയായിരിക്കുമെന്ന്‌ പ്രവചിക്കപ്പെട്ടിരുന്നു. അത്‌ യാഥാർഥ്യമാകുന്ന തരത്തിൽ ജലക്ഷാമത്തിന്റെയും കലാപത്തിന്റെയും സൂചനകൾ പശ്ചിമേഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഏഷ്യയിലും പ്രകടമായിട്ടുണ്ട്. 1955ൽ ജലകമ്മിയുള്ള രാജ്യങ്ങൾ ഏഴായിരുന്നെങ്കിൽ 2025ൽ അത്‌ 30 ആയി. മനുഷ്യജീവൻ, കൃഷി, മൃഗസംരക്ഷണം, വ്യവസായം, വൈദ്യുതി തുടങ്ങിയ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ ജലസുരക്ഷ ആവശ്യമാണ്‌. ശുദ്ധജല സ്രോതസ്സുകളുടെയും നദികളുടെയും മേലുള്ള അധികാരം പ്രത്യക്ഷമായും പരോക്ഷമായും രാജ്യങ്ങളുടെ വിദേശനയത്തിൽ സ്വാധീനം ചെലുത്തുന്നു. 1950 മുതൽ 2020 വരെ ലോകത്താകെ രണ്ടായിരത്തോളം രാഷ്ട്രാന്തര ജലതർക്കങ്ങൾ ഉണ്ടായെന്ന്‌ യുനെസ്‌കോയുടെ പഠനത്തിൽ പറയുന്നു. ഇതിൽ നാലിൽ മൂന്ന്‌ തർക്കവും സമാധാനപൂർണമായ ഒത്തുതീർപ്പുകളിൽ കലാശിച്ചെങ്കിലും 507 എണ്ണം രക്തരൂഷിതമായ സംഘർഷങ്ങളിലേക്ക്‌ നയിച്ചു. മറ്റൊരു പഠനത്തിൽ പറയുന്നത്‌ രണ്ടിലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 263 നദീതടങ്ങളിൽ മൂന്നിലൊന്നും ഭാവിയിൽ വലിയ തർക്കമായി മാറുമെന്നാണ്‌. ലോകജനസംഖ്യയുടെ 40 ശതമാനത്തിനും ആവശ്യമായ തോതിൽ വെള്ളം ലഭിക്കുന്നില്ല. ജലസംബന്ധമായി ഉണ്ടാകുന്ന തർക്കങ്ങളെയാണ് പൊതുവെ ജലയുദ്ധങ്ങൾ എന്നുപറയുന്നത്‌. ഇന്നിപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്‌ സിന്ധു നദീജല കരാറാണ്‌.


സിന്ധു നദീജല കരാർ

പിറവിമുതൽ ശത്രുരാജ്യങ്ങളായ ഇന്ത്യയും- പാകിസ്ഥാനും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിലെ ഏറ്റവും ശക്തമായ കണ്ണിയായിരുന്നു 1960 സെപ്തംബർ 19-ന് ഒപ്പുവച്ച സിന്ധു നദീജല കരാർ (Indus Waters Treaty–- - IWT). മൂന്നു തവണ പൂർണയുദ്ധത്തിലും നിരവധി തവണ അതിർത്തിസംഘർഷത്തിലും ഏർപ്പെട്ടപ്പോഴും നദീജല കരാറിൽനിന്ന്‌ ഇന്ത്യ പിന്നോട്ടുപോയിരുന്നില്ല. എന്നാൽ, കരാർ നിലവിൽ വന്ന്‌ 65 വർഷം പൂർത്തിയാകാൻ നാലു മാസംമാത്രം ശേഷിക്കെ കരാർ ഇന്ത്യ മരവിപ്പിച്ചു. പഹൽഗാമിൽ വിനോദ സഞ്ചാരികളായ സാധാരണക്കാരെ പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരർ വെടിവച്ച്‌ കൊലപ്പെടുത്തിയതിന്‌ തിരിച്ചടിയായാണ്‌ പാകിസ്ഥാന്റെ കാർഷിക മേഖലയുടെയും വൈദ്യുതി ഉൽപ്പാദനത്തിന്റെയും നട്ടെല്ലായ ജലകരാറിൽനിന്ന്‌ ഇന്ത്യ പിന്മാറിയത്‌. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷി, ജലവൈദ്യുതി ഉൽപ്പാദനം, കുടിവെള്ള വിതരണം എന്നിവയ്‌ക്ക്‌ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തെയാണ്‌ ആശ്രയിക്കുന്നത്‌. പിൻമാറ്റ തീരുമാനത്തിൽ ഉറച്ചുനിന്ന്‌ തുടർനടപടികൾ സ്വീകരിച്ചാൽ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയിൽ കനത്ത പ്രത്യാഘാതം സൃഷ്ടിക്കും. ഇത്‌ മനസ്സിലാക്കിയാണ്‌ കരാറിൽനിന്നുള്ള പിൻമാറ്റം യുദ്ധപ്രഖ്യാപനമാണെന്നു പറഞ്ഞ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയും മുഴക്കുന്നത്‌.


1948 ഏപ്രിൽ ഒന്നിന് പഞ്ചാബിലെ ഫിറോസ്‌പുരിൽനിന്ന് പാകിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതോടെയാണ്‌ നദീജലം പങ്കിടുന്ന പ്രശ്‌നം ഉയർന്നുവരുന്നത്‌. തുടർന്ന്‌, ഇരുരാജ്യങ്ങളും ഇന്റർ-ഡൊമിനിയൻ കരാറിൽ ഒപ്പുവച്ചതോടെ ജലവിതരണം ഇന്ത്യ പുനരാരംഭിച്ചു. തർക്കം തുടർന്നതോടെ പാകിസ്ഥാൻ ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചു. 1951-ൽ സിന്ധു നദിയിലും അതിന്റെ പോഷകനദികളിലും ജലസേചന പദ്ധതികളുടെ ധനസഹായത്തിനായി ഇരുരാജ്യങ്ങളും ലോകബാങ്കിനെ സമീപിച്ചു. ഒമ്പതു വർഷത്തെ ചർച്ചകൾക്കൊടുവിൽ ലോകബാങ്കിന്റെ മാധ്യസ്ഥ്യത്തിൽ 1960-ൽ സിന്ധു നദീജല കരാറിന്‌ രൂപം നൽകി. ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയിൽവച്ച്‌ ഉടമ്പടിയിൽ ഒപ്പിട്ടു. കരാർപ്രകാരം സിന്ധു നദിയുടെ ആറ്‌ പോഷകനദികളിലെ ജലവിതരണം ഇരു രാജ്യങ്ങൾക്കുമിടയിൽ പങ്കിടാൻ ധാരണയായി. സിന്ധു, ഝലം, ചിനാബ് എന്നീ പടിഞ്ഞാറൻ നദികൾ പാകിസ്ഥാന്റെയും കിഴക്കൻ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവ ഇന്ത്യയുടെയും നിയന്ത്രണത്തിൽ. ഇതുപ്രകാരം സിന്ധുനദീ തടത്തിലെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യക്കും 80 ശതമാനം പാകിസ്ഥാനുമാണ്. പടിഞ്ഞാറൻ നദികളിലെ ജലം പരിമിതമായ ജലസേചന ഉപയോഗത്തിനും വൈദ്യുതി ഉൽപ്പാദനം, ജലഗതാഗതം, മത്സ്യക്കൃഷി തുടങ്ങിയ ആവശ്യങ്ങൾക്ക് പരിധിയില്ലാതെയും ഇന്ത്യക്ക്‌ ഉപയോഗിക്കാം. കരാർ ഒപ്പിട്ടതോടെ ഝലം നദിയിലെ മംഗ്ല, സിന്ധു നദിയിലെ ടർബേല ഡാമുകളും ലിങ്ക് കനാലുകളും നിർമിക്കാൻ ലോകബാങ്ക് പാകിസ്ഥാന്‌ ധനസഹായം നൽകി. വേനൽക്കാലത്ത് ജലലഭ്യത ഉറപ്പാക്കുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു. പടിഞ്ഞാറൻ നദികളിൽ ഇന്ത്യക്ക്‌ വൈദ്യുത പദ്ധതികൾ നിർമിക്കാമെങ്കിലും രൂപകൽപ്പനയ്‌ക്കും പ്രവർത്തനത്തിനും മാനദണ്ഡങ്ങൾ പാലിക്കണം. സുതാര്യവുമായിരിക്കണം. പാകിസ്ഥാന്‌ അഭിപ്രായം അറിയിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്‌.


ഇരുരാജ്യങ്ങളിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള സിന്ധു നദീജല കമീഷനാ (സ്ഥിരം സമിതി)ണ് കരാർ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തേണ്ടത്. വാർഷിക യോഗങ്ങൾ, വിവര കൈമാറ്റം, തർക്കപരിഹാരം എന്നിവ കമീഷന്റെ നേതൃത്വത്തിലാണ്‌. ഇരുരാജ്യങ്ങളിലും മാറിമാറി വർഷത്തിൽ ഒരു തവണയെങ്കിലും യോഗം ചേരണം. ഇരുരാജ്യങ്ങളും അംഗീകരിച്ചാൽ കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്താവുന്നതാണ്‌. തർക്കങ്ങളുണ്ടായാൽ കമീഷനിൽത്തന്നെ ആദ്യം ചർച്ച ചെയ്യും. ധാരണയായില്ലെങ്കിൽ രണ്ടാംഘട്ടമായി ലോകബാങ്കിന്റെ നിഷ്‌പക്ഷ വിദഗ്ധൻ ഉൾപ്പെട്ട ചർച്ച. ഇതിലും തീരുമാനമായില്ലെങ്കിൽ നിയമപരമായ ബദൽ തർക്കപരിഹാര സംവിധാനമായ കോർട്ട് ഓഫ് ആർബിട്രേഷനിലെത്തും. പടിഞ്ഞാറൻ നദികളിൽ ഇന്ത്യ ഡാമുകൾ നിർമിക്കുന്നതും നദിയുടെ ഗതി മാറ്റിവിടുന്നതും ജലലഭ്യതയെ സാരമായി ബാധിക്കാം. കരാർ ഇല്ലാതായാൽ അത് പാകിസ്ഥാന്റെ സാമ്പത്തികവും കാർഷികവുമായ മേഖലകളിൽ കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.

ലോകബാങ്കിന്റെ മാധ്യസ്ഥ്യത്തിലുണ്ടായ കരാറിൽനിന്നുള്ള പിന്മാറ്റം ഇന്ത്യക്കും അത്ര എളുപ്പമല്ല. വിഷയം ഐക്യരാഷ്ട്ര സംഘടനയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും പാകിസ്ഥാൻ ഉന്നയിക്കും.


കരാർ മരവിപ്പിച്ചെങ്കിലും പടിഞ്ഞാറൻ നദികളിൽനിന്ന്‌ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക്‌ പെട്ടെന്ന്‌ തടയാനാകില്ല. ജലപ്രവാഹം തടഞ്ഞുനിർത്തണമെങ്കിൽ വൻകിട അണക്കെട്ടുകളും നിർമിക്കേണ്ടിവരും. പ്രദേശത്തിന്റെ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോൾ അണക്കെട്ടുകളുടെ നിർമാണം വൻ ചെലവേറിയതും ഏറെ സമയമെടുക്കുന്നതുമാണ്‌. വൻ കനാലുകളും തുരങ്കങ്ങളും നിർമിച്ച്‌ പാകിസ്ഥാനിലേക്ക്‌ ഒഴുകുന്ന മൂന്ന്‌ നദികളിലെ വെള്ളം വഴിതിരിച്ചുവിടുക എന്നതും അത്ര എളുപ്പമല്ല. നിലവിൽ ഇന്ത്യക്ക്‌ അനുവദിച്ച വെള്ളംതന്നെ പൂർണമായി നമുക്ക്‌ ഉപയോഗിക്കാനാകുന്നില്ല. എങ്കിലും പാകിസ്ഥാന്‌ വലിയൊരു മുന്നറിയിപ്പുനൽകാനും ഭാവിയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന്‌ വ്യക്തമാക്കാനും ജലകരാർ മരവിപ്പിച്ചതിലുടെ സാധിക്കും.


ഇന്ത്യ–ചൈന–ബംഗ്ലാദേശ്‌

ഇന്ത്യയും ചൈനയും ബംഗ്ലാദേശും നദീജലം പങ്കിടുന്നതിനെപ്പറ്റി തർക്കം നിലനിൽക്കുന്നുണ്ട്‌. ഹിമാലയത്തിന്റെ ഇന്ത്യൻവശത്ത് ഉത്ഭവിക്കുന്ന ഗംഗയുടെ രണ്ട് പ്രധാന പോഷകനദികൾ ടിബറ്റിൽനിന്ന് ഒഴുകിയെത്തുന്നു. ടിബറ്റിനോളം സവിശേഷമായ ഒരു ഭൂഗർഭജലസ്രോതസ്സ് ലോകത്ത് വേറെയൊന്നുമില്ല. മെക്കോങ് നദിയിൽ ചൈന ഏഴു ഡാം സ്ഥാപിച്ചു. അണകൾ കെട്ടി ബ്രഹ്മപുത്രയുടെ ഗതി മാറ്റുന്നതിന്റെ ഫലമായി അരുണാചൽപ്രദേശിലും ഹിമാചലിലും ആകസ്മിക വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുന്നതായി ഇന്ത്യക്ക്‌ പരാതിയുണ്ട്‌. ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് തിരിയുന്നതിനുമുമ്പുള്ള സ്ഥലത്ത് ഡാമുകൾ സ്ഥാപിച്ച് നദിയെ കിഴക്കോട്ട് തിരിച്ചുവിടുന്ന വിഷയത്തിലും ജലം പങ്കുവയ്ക്കുന്ന വിഷയത്തിലും ഇന്ത്യ ചൈനയുമായി തർക്കത്തിലാണ്. ഫറാക്ക അണക്കെട്ടു വഴി ഇന്ത്യ ഗംഗാജലം കൊൽക്കത്തയിലേക്ക് തിരിച്ചുവിടുന്നതിനെ ബംഗ്ലാദേശും എതിർക്കുന്നു. ഒരുകണക്കിന്‌ ജലതർക്കത്തിന്റെ പേരിൽ സംഘർഷത്തിന്റെ വിത്തുകൾ തെക്കുകിഴക്കൻ ഏഷ്യയിൽ മുഴുവൻ ചിതറിക്കിടക്കുന്നു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home