Deshabhimani

Articles

പാലക്കാട്‌ ഡിവിഷനിലെ ഏറ്റവും പ്രധാന കോച്ചിങ്‌ ഡിപ്പോയാണ്‌ മംഗളൂരു സെൻട്രൽ. തിരുവനന്തപുരം സെൻട്രലും ചെന്നൈ സെൻട്രലും കഴിഞ്ഞാൽ ദക്ഷിണ റെയിൽവേയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രെയിൻ സ്റ്റാർട്ടിങ് സ്റ്റേഷനാണ് മംഗളൂരു സെൻട്രൽ.

റെയിൽവേ: ഇരുകൂട്ടർക്കും ഒറ്റനയം

train
avatar
ഡോ. വി ശിവദാസൻ എംപി

Published on Aug 31, 2026, 04:58 AM | 3 min read

ഇന്ത്യയുടെ റെയിൽവേ ഭൂപടത്തിൽ നിരന്തരം അവഗണിക്കപ്പെടുന്ന സംസ്ഥാനമായി കേരളം തുടരുകയാണ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അവരുടെ ഫെഡറൽവിരുദ്ധതയുടെ ദംഷ്‌ട്രകളാൽ കേരളത്തെ ആക്രമിക്കുകയാണ്‌. അത്‌ കേരളം എന്ന ഭൂപ്രദേശത്തോടുള്ള വിദ്വേഷംകൊണ്ടുമാത്രമല്ല; മറിച്ച് പൊതുസേവനവും പൊതുമുതലും സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്ന, അതിനായി പ്രവർത്തിക്കുന്ന മലയാളികളോടുള്ള പകപോക്കൽകൂടിയാണ്. രാജ്യത്ത്‌ പൊതുമേഖല ഏറ്റവും മികച്ചനിലയിൽ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സിൽവർലൈൻ പദ്ധതി അത്തരമൊരു മാതൃകയായിരുന്നു. എന്നാൽ, സംസ്ഥാനത്തിന്റെ മുൻകൈയിൽ ആരംഭിക്കാനിരുന്ന ആ പദ്ധതിയെ ബിജെപിയും കോൺഗ്രസും ഒന്നായിനിന്ന് പരാജയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാജ്യത്താദ്യമായി ഒരു സംസ്ഥാനത്തിന്റെ മുൻകൈയിൽ റെയിൽ കണക്ടിവിറ്റി ഏറ്റവും മാതൃകാപരമായി വിന്യസിപ്പിക്കാനായിരുന്നു എൽഡിഎഫ്‌ സർക്കാർ ആഗ്രഹിച്ചത്. പൊതു ഉടമസ്ഥതയിൽ രാജ്യത്തെ സാധാരണക്കാർക്കും ആശ്രയിക്കാനുതകുന്ന റെയിൽ യാത്രാസംവിധാനമായാണ് അത്തരമൊരാശയം രൂപപ്പെട്ടത്. ബിജെപിയും കോൺഗ്രസും അതിനെ എതിർത്തത് സിൽവർലൈൻ പദ്ധതിയുടെ സാങ്കേതികമായ എന്തെങ്കിലും വിഷയങ്ങളാലല്ല. മറിച്ച്‌ അവരുടെ പ്രിയപ്പെട്ട കോർപറേറ്റ്‌ കുടുംബത്തിന്‌ ഓഹരി നൽകാത്തതിനാലാണ്‌. സംസ്ഥാനങ്ങൾ തമ്മിൽ സംഘർഷങ്ങൾ രൂപപ്പെടുത്തുകയും അതിലൂടെ, റെയിൽവേ അഭിമുഖീകരിക്കുന്ന യഥാർഥ വിഷയങ്ങളിൽനിന്ന്‌ ജനശ്രദ്ധ മാറ്റുകയും ചെയ്യുകയെന്നതും ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ്. റെയിൽവേ ബജറ്റെന്നത്‌ വേണ്ടെന്നുവച്ചു. ലോകത്തിലെതന്നെ ഏറ്റവും വലിയ പൊതു യാത്രാസംവിധാനങ്ങളിലൊന്നായ ഇന്ത്യൻ റെയിൽവേയുടെ സർക്കാർതലത്തിലെ പ്രാധാന്യം കുറച്ചുകൊണ്ടുവരികയുമാണ്‌.

ഇത്‌ ആർഎസ്എസ്–ബിജെപി രാഷ്ട്രീയപദ്ധതിയാണ്. ജാതിമത സ്വത്വങ്ങളും ഭാഷയും വസ്‌ത്രവും ഭക്ഷണവുമെല്ലാംപോലെ സംസ്ഥാനങ്ങളുടെ പേരും അവർക്ക്‌ ജനതയെ ഭിന്നിപ്പിക്കാനുള്ള വിഷയമാണ്. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി സംസാരിക്കുമ്പോഴും ബിജെപിയുടെ വെറുപ്പിന്റെ രാഷ്‌ട്രീയത്തിൽ വീണുപോകാതിരിക്കലും പ്രധാനമാണ്. കേരളം ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾ മറ്റേതെങ്കിലുമൊരു സംസ്ഥാനത്തിന് എതിരാക്കാനാണ് അവർ ശ്രമിക്കുന്നത്. തമിഴ്നാടിന്റെയോ കർണാടകത്തിന്റെയോ റെയിൽവേ വികസനത്തെ ഒരിക്കലും കേരളം എതിർക്കില്ല. അയൽസംസ്ഥാനങ്ങൾക്ക്‌ എല്ലാ പിന്തുണയും കേരളജനത നൽകും. ഭരണപരിഷ്‌കാരങ്ങളെന്ന പേരിൽ കേരളത്തിലെ റെയിൽവേ വികസനം തകർക്കാനുള്ള ശ്രമത്തെയാണ്‌ നാം എതിർക്കുന്നത്. പാലക്കാട് റെയിൽവേ ഡിവിഷനെ തകർക്കാനുള്ള ശ്രമം കേരളത്തിനെതിരായ യുദ്ധം മാത്രമല്ല; അത് ഇന്ത്യൻ റെയിൽവേയെ തകർക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ കേരളീയരുടെ സമരം രാജ്യത്തെ റെയിൽവേയെ സംരക്ഷിക്കാനുള്ള വിശാലസമരത്തിന്റെ ഭാഗമാണ്. അതിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും ജനങ്ങൾ ഒന്നിച്ച്‌ അണിനിരക്കണമെന്നാണ് ജനാധിപത്യവാദികളായ ഇന്ത്യക്കാർ ആഗ്രഹിക്കുന്നത്. കോൺഗ്രസും ബിജെപിയും റെയിൽവേ കാര്യത്തിൽ അനുവർത്തിക്കുന്ന നയങ്ങളിൽ ഏറ്റവും അപകടകരമായി നിൽക്കുന്നത് അവരുടെ സ്വകാര്യവൽക്കരണ അജൻഡയാണ്. അതുതന്നെയാണ്‌ ഇന്ത്യൻ റെയിൽവേക്കുമുന്നിലുള്ള പ്രധാന വെല്ലുവിളിയും. പാലക്കാട് ഡിവിഷനെ വെട്ടിമുറിക്കുന്നതിനുപിന്നിലും അതുണ്ട്.

രാജ്യത്തെ പൊതുമേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കേരളം മുന്നിൽ നിൽക്കുമെന്ന്‌ അവർ കരുതുന്നു. വൈദ്യുതിമേഖലയിലെ സാഹചര്യം ഇതിന്‌ ഉദാഹരണമാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ബോർഡുകളെ വിഭജിച്ച് കമ്പനികളാക്കാനും സ്വകാര്യപങ്കാളിത്തത്തിലേക്ക്‌ എത്തിക്കാനും അവർക്ക്‌ കഴിഞ്ഞു. എന്നാൽ, കേരളത്തിൽ അവർക്ക്‌ ഇതിന്‌ കഴിഞ്ഞില്ല. കേരളത്തിൽ സഹകരണമേഖലയെ ഉപയോഗിച്ച്‌ ബാങ്കിങ്, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ നടത്തിയ ഇടപെടലുകൾ പ്രധാനമാണ്. അതിനൊപ്പം സ്വകാര്യവൽക്കരണത്തിനെതിരായി, കേരളത്തിലെ വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിലെ ബദലുകളും അവർക്ക്‌ ദഹിക്കുന്നില്ല. ​കേരളത്തിന്റെ റെയിൽവേ വികസനക്കാര്യത്തിൽ 1990കൾക്കുശേഷം കടുത്ത എതിർനിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. റെയിൽവേ സംവിധാനത്തെ പൂർണമായും സ്വകാര്യവൽക്കരിക്കുകയാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ലക്ഷ്യം. ഇതിന്റെ ഭാഗമായി പല ഭാഗങ്ങളിലും റെയിൽവേ ലൈനുകളും സ്റ്റേഷനുകളും സ്വകാര്യവൽക്കരിക്കാൻ തകൃതിയായ നീക്കങ്ങൾ നടന്നുവരികയാണ്‌. തിരുവോണദിവസം കോൺഗ്രസ്‌ എംപിമാർ പാലക്കാട്‌ ഡിവിഷൻ വെട്ടിമുറിക്കുന്നതിനെതിരായി ഡിവിഷൻ ഓഫീസിനുമുന്നിൽ സമരം നടത്തി. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന കോയമ്പത്തൂർ, സേലം, ഈറോഡ്‌ അടക്കം പ്രധാന കേന്ദ്രങ്ങളും വാളയാർമുതൽ ജോലാർപ്പേട്ടവരെയും പാലക്കാടുമുതൽ തിരുച്ചിറപ്പള്ളിവരെയുമുള്ള ഭാഗവും വെട്ടിമാറ്റിയത്‌ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്താലാണ്. അതിലൂടെ പാലക്കാട് ഡിവിഷനിലുണ്ടായിരുന്ന ഏക ലോക്കോ ഷെഡായിരുന്ന ഈറോഡ്‌ സേലത്തിന്റെ പരിധിയിലായി. പ്രധാന ജങ്‌ഷൻ സ്റ്റേഷനുകളായ കോയമ്പത്തൂർ, സേലം, ഈറോഡ് എന്നിവയെല്ലാം പാലക്കാടിന് നഷ്ടമായി. ആ തീരുമാനമെടുക്കുമ്പോൾ എ കെ ആന്റണിയും വയലാർ രവിയും ഇ അഹമ്മദും കേന്ദ്രമന്ത്രിമാരായി ഇരിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഇ അഹമ്മദ് റെയിൽവേ സഹമന്ത്രിയായും പ്രവർത്തിച്ചു. ഓണനാളിലെങ്കിലും അതൊന്നും മറക്കരുത്. ‘കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം...’ എന്നാണല്ലോ നമ്മുടെ മാവേലിപ്പാട്ട്‌. അന്ന് സേലം ഡിവിഷൻ വെട്ടിമുറിക്കുന്നതിനെതിരെ ശബ്ദിച്ച സിപിഐ എമ്മിനെയും അതിന്റെ നേതാക്കളെയും അവഹേളിച്ചവരാണ് കോൺഗ്രസ് നേതൃത്വമെന്നതും ഓർക്കണം. ​കോൺഗ്രസ് കോയമ്പത്തൂരിനെ വെട്ടിമാറ്റിയെങ്കിൽ ബിജെപി മംഗളൂരുവിനെ വെട്ടുന്നു. മംഗളൂരു മേഖലയിലെ സ്റ്റേഷനുകളും പ്രധാന റെയിൽവേ സ്ഥാപനങ്ങളും ദക്ഷിണ റെയിൽവേയിൽനിന്നും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്നും വെട്ടിമാറ്റി സ‍ൗത്ത്‌ വെസ്റ്റേൺ റെയിൽവേയിൽ ഉൾപ്പെടുന്ന മൈസൂരു ഡിവിഷനിലാണ്‌ ചേർത്തത്‌. അതാകട്ടെ, പാലക്കാട്‌ ഡിവിഷനെത്തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ്.

പാലക്കാട്‌ ഡിവിഷനിലെ ഏറ്റവും പ്രധാന കോച്ചിങ്‌ ഡിപ്പോയാണ്‌ മംഗളൂരു സെൻട്രൽ. തിരുവനന്തപുരം സെൻട്രലും ചെന്നൈ സെൻട്രലും കഴിഞ്ഞാൽ ദക്ഷിണ റെയിൽവേയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രെയിൻ സ്റ്റാർട്ടിങ് സ്റ്റേഷനാണ് മംഗളൂരു സെൻട്രൽ. മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്‌ഷൻ, പനമ്പൂർ ഗുഡ്സ് യാർഡ്, കൊങ്കൺ റെയിൽവേയുടെയും ദക്ഷിണ റെയിൽവേയുടെയും ട്രാൻസിഷൻ പോയിന്റായ തൊക്കൂർ ഉൾപ്പെടെ പ്രധാനപ്പെട്ട സ്റ്റേഷനുകളെല്ലാം സൗത്ത്‌ വെസ്റ്റേൺ റെയിൽവേയിലേക്ക്‌ മാറ്റും. പാലക്കാട്‌ ഡിവിഷനിലെ ഏറ്റവും പ്രധാനപ്പെട്ട ട്രെയിൻ മെയിന്റനൻസ് കേന്ദ്രമാണ് മംഗളൂരു കോച്ചിങ് ഡിപ്പോ. പാലക്കാട് ഡിവിഷന്റെ ചരക്കുഗതാഗതത്തിന്റെ 90 ശതമാനവും മംഗളൂരുവിലെ പനമ്പൂർ ഗുഡ്സ് യാർഡിൽനിന്നാണ്.

വിവിധ വളം ഫാക്ടറികളിലേക്കുള്ള അസംസ്‌കൃതവസ്‌തുക്കളും അവിടെ ഉൽപ്പാദിപ്പിക്കുന്ന രാസവളവും പൂർണമായും, മംഗളൂരു റിഫൈനറിയിൽനിന്നുള്ള മുഴുവൻ പെട്രോളിയം ഉൽപ്പന്നങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കൊണ്ടുപോകുന്നത് പനമ്പൂർ യാർഡിൽനിന്നാണ്. മംഗളൂരു മേഖല ഇല്ലാതാകുന്നതോടെ പാലക്കാട്‌ ഡിവിഷൻ കേവലമൊരു പിണ്ഡം കണക്കെയായി. മംഗളൂരു വെട്ടിമാറ്റിയതിലൂടെ ജീവനക്കാരും യാത്രക്കാരും നിരവധി പുതിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ദക്ഷിണ റെയിൽവേയുടെ ഭാഗമായി ഏകദേശം 1200 ജീവനക്കാരാണ്‌ ഇ‍ൗ മേഖലയിൽ പണിയെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദീർഘകാലം ജോലി ചെയ്‌തശേഷം, സ്ഥലംമാറ്റം വാങ്ങി പാലക്കാട്‌ ഡിവിഷനിലേക്ക്‌ വന്ന മലയാളികളാണ്‌ ഇവരിൽ ഭൂരിപക്ഷവും. നാട്ടിൽ ജോലി ചെയ്യാനുള്ള അവരുടെ ആഗ്രഹത്തിനുമുകളിൽ ഇപ്പോൾ ചോദ്യചിഹ്നങ്ങൾ ഉയരുകയാണ്‌. അവർക്ക്‌ മംഗളൂരുവിന്‌ ഇപ്പുറത്തേക്ക്‌ നിയമനം ലഭിക്കാതാകും. കേരളത്തിൽ അടിയന്തരമായി യാത്ര ചെയ്യുന്നവരുടെ യാത്രാടിക്കറ്റുകൾ അനുവദിച്ചുകൊടുക്കേണ്ടത് കേരളത്തിലെ ഡിവിഷനുകൾതന്നെയായിരുന്നു. ഇനിയങ്ങോട്ട് മംഗളൂരുവിൽനിന്ന്‌ പുറപ്പെടുന്നത്‌ ഉൾപ്പെടെയുള്ള ട്രെയിനുകളുടെ കാര്യത്തിൽ പാലക്കാട്‌ ഡിവിഷന്‌ അധികാരമില്ലാതായി. ജീവനക്കാരും യാത്രക്കാരും പ്രതിസന്ധിയിലേക്ക്‌ എടുത്തെറിയപ്പെടും. അതാണ്‌ റെയിൽവേ അധികാരികൾ ആഗ്രഹിക്കുന്നതും. ബിജെപിയുടെ നയം നടപ്പാക്കുകയാണവർ. റെയിൽവേ സംരക്ഷിക്കുകയും വികസിപ്പിക്കുകയുമല്ല അവരുടെ നയം. റെയിൽവേയെ വിറ്റ് ‘ഗുരുദക്ഷിണ’യും ഇലക്ടറൽ ബോണ്ടും സമ്പാദിക്കുകമാത്രമാണ്‌ ലക്ഷ്യം. ‍ഇ‍ൗ നയം മാറ്റാൻ ബഹുജനപോരാട്ടം മാത്രമാണ് വഴി. നമുക്കുമുന്നിൽ കുറുക്കുവഴികളില്ല.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home