ഊർജക്ഷമം തുടരും; സകലമേഖലയിലും ആഘാതം

ഊർജക്ഷമം തുടരും; സകലമേഖലയിലും ആഘാതം
ടി ചന്ദ്രമോഹൻ
Published on Mar 26, 2026, 12:20 AM | 3 min read
അമേരിക്കയും ഇസ്രയേലും ചേർന്ന് സൃഷ്ടിച്ച പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ലോക സമ്പദ്‌വ്യവസ്ഥയെയും പ്രത്യേകിച്ച് ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങൾക്ക് ഈ പ്രതിസന്ധിയുടെ ആഘാതം കൂടുതൽ തീവ്രമായി അനുഭവപ്പെടാൻ തുടങ്ങി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സംഘർഷം വെറുമൊരു വിദേശകാര്യവിഷയം മാത്രമല്ല, മറിച്ച് നമ്മുടെ അടുക്കളമുതൽ വൻകിട വ്യവസായശാലകളെവരെ ബാധിക്കുന്ന അതീവഗുരുതര പ്രതിസന്ധിയാണ്.
ഊർജം, ഭക്ഷ്യസുരക്ഷ, വ്യവസായോൽപ്പാദനം, വിദേശവ്യാപാരം തുടങ്ങിയ പല മേഖലകളിലും പ്രതികൂല പ്രതിഫലനം പ്രകടമാകുകയാണ്. വരുംമാസങ്ങളിൽ ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തികരംഗത്തും സാധാരണജനങ്ങളുടെ ജീവിതത്തിന്റെ വിവിധതലങ്ങളിലും പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ധനക്ഷാമവും വിലക്കയറ്റവും, വ്യവസായോൽപ്പാദനത്തിലെ ഇടിവ്, തൊഴിൽനഷ്ടം, കാർഷികമേഖലയിലെ പ്രതിസന്ധി, പണപ്പെരുപ്പം, സാമ്പത്തികവളർച്ച മന്ദഗതിയിലാകുക തുടങ്ങിയ പ്രത്യാഘാതങ്ങളാണ് ഇന്ത്യയെ തുറിച്ചുനോക്കുന്നത്.
രാജ്യം രൂക്ഷമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്പോഴും യുഎസ്–ഇസ്രയേൽ ആക്രമണത്തെ അപലപിക്കാൻ മോദിസർക്കാർ തയ്യാറായിരുന്നില്ല. രാജ്യത്ത് ഉൗർജപ്രതിസന്ധിയില്ലെന്ന് ആവർത്തിച്ചുകൊണ്ടിരുന്ന മോദിസർക്കാർ ഒടുവിൽ നിലപാട് മാറ്റി. രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ തുറന്നുപറഞ്ഞിരിക്കുകയാണ്. രാജ്യം അഭിമുഖീകരിക്കുന്നത് സങ്കീർണമായ വെല്ലുവിളികളാണെന്നും ഇത് കോവിഡിനുസമാനമാണെന്നും കഴിഞ്ഞദിവസങ്ങളിൽ പാർലമെന്റിൽ നടത്തിയ പ്രസ്‌താവനയിൽ മോദി സമ്മതിച്ചു.
രാജ്യത്തെ ക്രൂഡോയിലിന്റെ ശേഖരം വളരെ കുറഞ്ഞ നിരക്കിലാണെന്ന വിവരവും പുറത്തുവന്നു. ആവശ്യത്തിന് ക്രൂഡോയിൽ കരുതൽശേഖരം ഉണ്ടെന്ന് പ്രധാനമന്ത്രിയും പെട്രോളിയംമന്ത്രിയും ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ, പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ രക്തധമനികളായ ഉൗർജമേഖലയിൽ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ക്രൂഡോയിൽ, എൽഎൻജി, സിഎൻജി ആവശ്യകതയുടെ വലിയൊരു വിഹിതവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. യുദ്ധാവസ്ഥ തുടരുന്നതിനാൽ വിതരണശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാകുകയും ക്രൂഡോയിൽവില കുത്തനെ ഉയരുകയും ചെയ്യുന്നു. ഇതിന്റെ നേരിട്ടുള്ള പ്രതിഫലനം പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമത്തിലേക്കും വിലവർധനയിലേക്കും നയിച്ചു.
പെട്രോൾ, ഡീസൽ വിലവർധന സാധാരണജനങ്ങളുടെ ദൈനംദിന ജീവിതച്ചെലവിനെ നേരിട്ട് ബാധിക്കും. ഗതാഗതച്ചെലവ് കൂടുന്നതോടെ എല്ലാ ഉപഭോക്തൃവസ്തുക്കളുടെയും വില ഉയരുകയും പണപ്പെരുപ്പം നിയന്ത്രണാതീതമാകുകയും ചെയ്യും. ഓഹരിവിപണിയും സ്വർണവിലയുമെല്ലാം കുത്തനെ ഇടിയുന്നു. ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്ന ഒരുകോടിയോളം ഇന്ത്യക്കാരും ആശങ്കയിലാണ്. ഇതിൽ മൂന്നിലൊന്നും മലയാളികളാണ്.
പല സംസ്ഥാനങ്ങളിലും പാചകവാതക (എൽപിജി) ക്ഷാമം രൂക്ഷമാണ്. സാധാരണ കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നതോടൊപ്പം ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളെയും ഗുരുതരമായി ബാധിക്കുന്നു. നിരവധി ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യമുണ്ടായി. ഇതോടെ തൊഴിൽനഷ്ടവും വർധിക്കുന്നു. മാർച്ചിൽ ഇന്ത്യയിലേക്കുള്ള എൽപിജി വരവിൽ ഗണ്യമായ ഇടിവുണ്ടായി. മാർച്ച് അഞ്ചിന് അവസാനിച്ച വാരത്തിൽ 3.22 ലക്ഷം മെട്രിക് ടൺ എൽപിജിയാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തത്. എന്നാൽ, മാർച്ച് 19ന് അവസാനിച്ച വാരത്തിൽ എൽപിജി ഇറക്കുമതി 2.65 ലക്ഷം ടണ്ണായി കുറഞ്ഞു.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുണ്ടായിരുന്ന എൽപിജിയുടെ കരുതൽശേഖരവും ഉപയോഗിച്ചു. ആഭ്യന്തര എൽപിജി ഉൽപ്പാദനം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമാകുന്നില്ല. പശ്ചിമേഷ്യൻ സംഘർഷം നീണ്ടാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് പെട്രോളിയം മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധി മറികടന്ന് സാധാരണ നില കൈവരിക്കണമെങ്കിൽ ഓരോ ആഴ്‌ചയും മൂന്നുലക്ഷം ടണ്ണിലേറെ എൽപിജിയെങ്കിലും ഇറക്കുമതിയിലൂടെ അധികം കണ്ടെത്തണം.
യുദ്ധം അവസാനിച്ചാലും മാസങ്ങൾക്കുശേഷമേ എൽപിജി വിതരണം സാധാരണനിലയിൽ എത്തിക്കാനാകൂ. ഇന്ത്യയുടെ വാതക ഇറക്കുമതിയുടെ 90 ശതമാനവും ഹോർമുസിലൂടെ ഗൾഫ് രാജ്യങ്ങളിൽനിന്നും ഇറാഖിൽനിന്നുമാണ്. ഹോർമുസിലൂടെ ഇന്ത്യയിലേക്ക് ഓരോ വർഷവും എത്തിയിരുന്നത് 2.12 കോടി ടൺ എൽപിജിയാണ്.
കാർഷികമേഖലയെയും ഇത് ഗുരുതരമായി ബാധിക്കും. യൂറിയ ഉൾപ്പെടെയുള്ള രാസവളങ്ങളുടെ നിർമാണം ക്രൂഡോയിൽ, നാച്ചുറൽ ഗ്യാസ് എന്നിവയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഇവയുടെ വിലയും ലഭ്യതയും സൃഷ്ടിക്കുന്ന പ്രതികൂലസാഹചര്യം വളംനിർമാണത്തെയും രാസവളം ഇറക്കുമതിയെയും പ്രതിസന്ധിയിലാക്കും. ഇത് രാസവളക്ഷാമത്തിലേക്ക് നയിക്കുകയും കാർഷികോൽപ്പാദനം വലിയ തോതിൽ ഇടിയാനും കാരണമാകും. ഭക്ഷ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കുന്നതാണിത്.
ഭക്ഷ്യധാന്യവില കുതിച്ചുയരും. ഇറക്കുമതി തടസ്സപ്പെട്ടതിനാൽ കരാർബാധ്യത നിറവേറ്റാൻ കഴിയില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ എൽഎൻജി ഇറക്കുമതിക്കാരായ പെട്രോനെറ്റ് പ്രഖ്യാപിച്ചു. ആഭ്യന്തരവിതരണ കന്പനികളായ ഗെയിൽ , ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം എന്നിവ എൽഎൻജി വിതരണം വെട്ടിക്കുറച്ചു. രാസവളനിർമാണ പ്ലാന്റുകൾക്ക് വേണ്ടയളവിൽ ഇന്ധനം ലഭിക്കാത്തതിനാൽ ഉൽപ്പാദനം 50 ശതമാനമായി കുറച്ചു. ലോകത്തിലെ ഏറ്റവും വലിയ യൂറിയ ഉപയോക്താക്കളിൽ ഒന്നാണ് ഇന്ത്യ.
ഖാരിഫ് സീസൺ ആരംഭിക്കാനിരിക്കെ ഏറ്റവും അധികം ഉപയോഗിക്കുന്ന വളമായ യൂറിയക്കാണ് ക്ഷാമം നേരിടുക. സർക്കാർ കണക്കനുസരിച്ച് 61.14 ലക്ഷം മെട്രിക് ടൺ യൂറിയമാത്രമാണ് സ്‌റ്റോക്കുള്ളത്. 387 ലക്ഷം മെട്രിക് ടണ്ണായിരുന്നു 2025ൽ രാജ്യം ഉപയോഗിച്ചത്. യൂറിയ ഇറക്കുമതിയുടെ 71 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ്. സംഘർഷം അവസാനിച്ചാലും ഉൽപ്പാദനം പൂർവസ്ഥിതിയിലാകാൻ മാസങ്ങളെടുക്കും.
ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും ഈ പ്രതിസന്ധി വലിയ തിരിച്ചടിയാണ്. ഇന്ധനച്ചെലവ് ഉയരുന്നത് ഉൽപ്പാദനച്ചെലവുകൾ വർധിപ്പിക്കുകയും വിപണിയിൽ മത്സരക്ഷമത കുറയുകയും ചെയ്യും. അസംസ്കൃതവസ്തുക്കളുടെ വിലവർധനയും ലഭ്യതക്കുറവും വ്യവസായങ്ങളെ ബാധിക്കുന്നു. ഇതോടെ വ്യവസായോൽപ്പാദനം കുറഞ്ഞ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചനിരക്ക് കുത്തനെ ഇടിയും. ഇന്ത്യയുടെ വ്യാപാര സമതുലിതാവസ്ഥയും തകർന്നടിയാൻ സാധ്യതയുണ്ട്. ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് ഉയരുന്നതോടെ വ്യാപാരകമ്മി വൻതോതിൽ വർധിക്കും. ഇത് ഇപ്പോൾത്തന്നെ കൂപ്പുകുത്തിയ രൂപയുടെ മൂല്യം വീണ്ടും ഇടിക്കും. വിദേശ കടബാധ്യതയുടെ ഭാരം കൂടുകയും ചെയ്യും.
ഇത്തരത്തിൽ ബഹുമുഖ പ്രതിസന്ധി നേരിടാനുള്ള ഒരു ശ്രമവും മോദിസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സ്വതന്ത്രവും തുല്യത പുലർത്തുന്നതുമായ വിദേശനയം പിന്തുടരുന്നതിനുപകരം അമേരിക്കയ്‌ക്ക് അടിമപ്പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. കുറഞ്ഞ വിലയ്‌ക്ക് കിട്ടിയിരുന്ന റഷ്യൻ എണ്ണ വാങ്ങുന്നത്, അമേരിക്ക ആവശ്യപ്പെട്ടതനുസരിച്ച് നിർത്തി. ട്രംപ് എന്തു പറയുന്നോ അതനുസരിച്ച് പ്രവർത്തിക്കുകയാണ് മോദി. പശ്ചിമേഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ എല്ലാവരുമായി തുല്യത പുലർത്തുന്നതും സ്വതന്ത്രവുമായ വിദേശനയം സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
കോൺഗ്രസ് തുടക്കമിട്ടതും മോദിസർക്കാർ ശക്‌തിയോടെ തുടരുന്നതുമായ അമേരിക്കൻ വിധേയത്വവും പക്ഷപാതപരമായ നിലപാടും ഇന്ത്യയുടെ ഊർജസുരക്ഷയ്‌ക്കും സാമ്പത്തികതാൽപ്പര്യങ്ങൾക്കും തിരിച്ചടിയാകുമെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്നതിനുപകരം, സ്വന്തം ജനതയുടെയും സമ്പദ്‌വ്യവസ്ഥയുടെയും താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു സ്വതന്ത്ര വിദേശനയമാണ് ഇന്ത്യക്ക് ആവശ്യമെന്ന് അനുഭവത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.















