Deshabhimani

Articles

തിയാൻജിൻ ട്രംപിനുള്ള മുന്നറിയിപ്പ്

ഇന്ത്യയും ചൈനയും വികസനപങ്കാളികൾ

india china relations
avatar
ഡോ. ജോസഫ് ആന്റണി

Published on Sep 02, 2025, 12:15 AM | 4 min read

രാഷ്ട്രനേതാക്കളെ ഭീഷണിപ്പെടുത്തി സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടാനുള്ള ഒപ്പുശേഖരണത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയം, ലോകരാഷ്ട്രങ്ങൾക്കെതിരായി ട്രംപ് തുറന്നുവിട്ട ‘ചുങ്കം’ എന്ന മഹാമാരി ലോകജനതയുടെ സമാധാനജീവിതത്തെ തകർത്തെറിയുകയുമാണ്. ലോകത്തിന്റെ ഓരോ മേഖലയിലെയും രാജ്യങ്ങൾ ഒറ്റയായും കൂട്ടായും ട്രംപിന്റെ തലതിരിഞ്ഞതും അപകടകരവുമായ ചുങ്കഭീഷണിയെ നേരിടാനുള്ള ഗൗരവമായ നീക്കങ്ങളിലാണിപ്പോൾ. അത്തരം അതീവസങ്കീർണമായ ആഗോളരാഷ്ട്രീയ പശ്ചാത്തലത്തിലാണ്, 2001ൽ ചൈനയുടെ നേതൃത്വത്തിൽ രൂപീകൃതമായ ഷാങ്‌ഹായ്‌ കോ -ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) 25–ാം ഉന്നതതലസമ്മേളനം ശ്രദ്ധേയമാകുന്നത്. ഉച്ചകോടിക്കെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയും ചർച്ചയായി. സാമ്പത്തികം, ധനകാര്യം, ഊർജം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ഇരുവരും ആശയവിനിമയം നടത്തി. ഇരുരാജ്യങ്ങളും തന്ത്രപരമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ധാരണയായി.


​ചൈനീസ് തുറമുഖനഗരമായ തിയാൻജിനിൽ 2025 ആഗസ്‌ത്‌ 31, സെപ്‌തംബർ ഒന്ന് തീയതികളിൽ നടന്ന ഉന്നതതലസമ്മേളനം ലോകശ്രദ്ധ നേടാനുള്ള പ്രധാന കാരണം, ട്രംപിന്റെ അപ്രീതിക്ക് പാത്രമായ എസ്‌സിഒ അംഗങ്ങളായ ചൈനയും ഇന്ത്യയും റഷ്യയും സമ്മേളനത്തിൽ പങ്കെടുത്തു എന്നതാണ്. അതുമാത്രമല്ല, ഇന്ത്യക്കെതിരായി ഏർപ്പെടുത്തിയ പിഴച്ചുങ്കത്തെ അതിശക്തമായി എതിർക്കുന്ന രാജ്യങ്ങൾകൂടിയാണ് ചൈനയും റഷ്യയും. ആ എതിർപ്പ്, ട്രംപ് ഏർപ്പെടുത്തിയ ചുങ്കത്തോടുള്ള എതിർപ്പുമാത്രമല്ല, അത് മുന്നോട്ടുവയ്ക്കുന്ന അമേരിക്കയുടെ സാമ്രാജ്യത്വരാഷ്ട്രീയത്തോടുള്ള എതിർപ്പുകൂടിയാണ്.


ചുങ്കത്തിൽ ഒളിഞ്ഞിരിക്കുന്ന സാമ്രാജ്യത്വരാഷ്ട്രീയം

അമേരിക്കയിലേക്ക് കുറഞ്ഞ അളവിലുള്ള ചുങ്കത്തിന് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യ, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് വളരെ ഭീമമായ ചുങ്കം ചുമത്തുന്നു എന്നതിന്റെ പേരിലാണ് 25 ശതമാനം തിരിച്ചടിച്ചുങ്കം ചുമത്തിയത്. ആ നടപടി, ഇന്ത്യയുടെ ചുങ്കം ഏർപ്പെടുത്തുന്ന നടപടിയോടുള്ള തിരിച്ചടിയാണെന്ന് വാദത്തിനുവേണ്ടി അംഗീകരിക്കാം. എന്നാൽ, ഒരു സ്വതന്ത്രപരമാധികാര രാജ്യമായ ഇന്ത്യ, റഷ്യയിൽനിന്ന്‌ ക്രൂഡ് ഓയിൽ വാങ്ങുന്നു, ആയുധം വാങ്ങുന്നു, അമേരിക്കൻവിരുദ്ധ സംഘടനയായ ബ്രിക്സിൽ അംഗമാകുന്നു, എന്നതിന്റെ പേരിൽ പിഴച്ചുങ്കം ചുമത്താൻ അമേരിക്കയ്ക്ക് ആരാണ് അധികാരം കൊടുത്തത്?

അമേരിക്ക എന്ന രാജ്യത്തിന്റെ തീരുമാനം അനുസരിച്ചുവേണം, സുഹൃദ്‌രാജ്യങ്ങൾ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രവർത്തിക്കേണ്ടതെന്ന സാമ്രാജ്യത്വചിന്തയാണ് അമേരിക്കയുടെ ഇന്ത്യക്കെതിരായ നടപടിയിൽ മറനീക്കി പുറത്തുവരുന്നത്. അമേരിക്കയുടെ അയൽരാജ്യമായ കാനഡയ്‌ക്കെതിരെയും ബ്രസീലിനെതിരെയും പിഴച്ചുങ്കഭീഷണി മുഴക്കിയതും സാമ്രാജ്യത്വചിന്തമൂലമാണ്.


modi trump deal


പലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുമെന്ന്‌ പ്രഖ്യാപിച്ചതിനാണ് ട്രംപ് കാനഡയ്‌ക്കെതിരെ തിരിഞ്ഞത്. ബ്രസീലിൽ തെരഞ്ഞെടുപ്പ് അഴിമതിയുടെ പേരിൽ അവിടത്തെ മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയ്ക്കെതിരെ കേസെടുത്തതിനാണ്, ട്രംപ് ബ്രസീലിനെതിരെ പിഴച്ചുങ്കം പ്രഖ്യാപിച്ചത്. ഇതിൽനിന്ന്‌ വെളിവാകുന്നത്, ചുങ്കം അമേരിക്കൻ ആഗോളമേധാവിത്വം ഊട്ടിയുറപ്പിക്കാനുള്ള ഒരു ഉപാധിമാത്രമാണെന്നാണ്. അതിനോടുള്ള പ്രതികരണമെന്നോണം, ചൈനയിലെ തിയാൻജിനിൽനിന്ന്‌ ഉയരുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ ശക്തമായ ബദൽനീക്കങ്ങളാണ്. ഇന്ത്യ–-ചൈന ഉന്നതതല തീരുമാനങ്ങൾ നൽകുന്നത് അത്തരം സൂചനകളാണ്.


ഇന്ത്യയും ചൈനയും തിയാൻജിനിൽ

ആഗോളരാഷ്ട്രീയത്തിൽ അമേരിക്കയുടെ മേധാവിത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരായ സാർഥകവും സക്രിയവുമായ യോജിപ്പിന്റെ മേഖലകൾ കണ്ടെത്താനുള്ള ശ്രമമാണ് തിയാൻജിനിൽ സംഭവിച്ചതെന്ന് സമ്മേളനത്തിന്റെ ഒന്നാംദിനംതന്നെ ലോകത്തിന്‌ ബോധ്യമായി. തിയാൻജിനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങും പരസ്പരവിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ചകളാണ് നടത്തിയത്. അവ രണ്ടു രാജ്യങ്ങളുടെയും വിദേശമന്ത്രിമാർ നേരത്തേ നടത്തിയ ചർച്ചകളുടെ തുടർച്ചയായിരുന്നു. എത്തിച്ചേർന്ന തീരുമാനങ്ങൾ ഇരുരാജ്യങ്ങളുടെയും പരസ്പരബന്ധങ്ങളെ സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക്‌ നയിക്കാൻ പ്രാപ്തമായവയാണ്.


അഞ്ചുവർഷമായി രണ്ടു രാജ്യങ്ങളുടെയുമിടയിൽ നിലനിന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനെടുത്ത തീരുമാനമാണ് അതിൽ പ്രധാനം. അതിർത്തി ശാന്തമാക്കാനും അതിർത്തിവ്യാപാരം പുനരാരംഭിക്കാനും ഇന്ത്യയിൽ ചൈനയുടെ നിക്ഷേപങ്ങൾ സ്വീകരിക്കാനും ഇരുരാജ്യങ്ങളുടെയുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും ചൈനീസ് വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കാനും അണക്കെട്ടുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ വിവരങ്ങൾ പങ്കുവയ്ക്കാനും ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കാനും എടുത്ത തീരുമാനങ്ങൾ അവയിൽ ചിലതുമാത്രം. ടിബറ്റിൽ സ്ഥിതി ചെയ്യുന്ന കൈലാസ്-–മാനസരോവർ പ്രദേശത്തേക്ക് ഇന്ത്യൻ തീർഥാടകർക്ക് സന്ദർശിക്കാനുള്ള അനുവാദം നേരത്തേതന്നെ നൽകിയിരുന്നു.


sco


2024ൽ കസാഖ്സ്ഥാനിലെ അസ്താനയിൽ നടന്ന എസ്‌സിഒ ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി, തിയാൻജിൻ ഉന്നതതലസമ്മേളനത്തിൽ പങ്കെടുത്തതുതന്നെ ചൈനീസ് പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരംകൂടിയായിരുന്നു. ഏഴുവർഷത്തിനുശേഷമാണ് പ്രധാനമന്ത്രി മോദി, ചൈന സന്ദർശിക്കുന്നത്. തിയാൻജിൻ ഉന്നതതലസമ്മേളനം ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് തീരുമാനങ്ങൾ സൂചിപ്പിക്കുന്നത്.


​ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ഏറ്റവും പരമോന്നതസമിതിയായ പൊളിറ്റ്‌ ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗവും പാർടിയുടെ പ്രത്യയശാസ്ത്ര, സാംസ്കാരിക മാധ്യമ വിഭാഗത്തിന്റെയും ചുമതലക്കാരനുമായ കായ് ചിയുമായി തിയാൻജിനിൽ പ്രധാനമന്ത്രി മോദി നടത്തിയ കൂടിക്കാഴ്ച പുതുമയുള്ളതും സുപ്രധാനവുമാണ്. ചൈനയുടെ ഭരണതലത്തിൽമാത്രമല്ല, പാർടിതലത്തിലും ഇന്ത്യ–-ചൈന വിഷയങ്ങളുടെ കാര്യത്തിൽ നിർണായക ചുവടുവയ്പുകൾ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രിയും കായ് ചിയും തമ്മിൽ നടന്ന കൂടിക്കാഴ്ച. ചൈനീസ് പ്രസിഡന്റ്‌ കഴിഞ്ഞാൽ, ഭരണതലത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന സുപ്രധാന വ്യക്തിയാണ് കായ് ചി.


2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് സമ്മേളനാവസരത്തിൽ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ് പരസ്പരബന്ധങ്ങൾ വീണ്ടും സാധാരണ നിലയിലേക്ക്‌ വരാൻ തുടങ്ങിയത്. ആ നീക്കങ്ങളാണ് തിയാൻജിനിലെ തീരുമാനങ്ങളിൽ എത്തിനിൽക്കുന്നത്. തിയാൻജിനിൽ ഇന്ത്യയും ചൈനയും എത്തിച്ചേർന്ന തീരുമാനങ്ങൾ ഡോണൾഡ് ട്രംപിന്റെ തീരുവരാഷ്ട്രീയത്തിനുള്ള താക്കീതുകൂടിയാണ്. ​


trump


തിയാൻജിൻ ട്രംപിനുള്ള മുന്നറിയിപ്പ്

2025 ജനുവരിയിൽ ഡോണൾഡ് ട്രംപ് രണ്ടാമതും പ്രസിഡന്റായി അധികാരമേറ്റതോടെയാണ് ആഗോളരാഷ്ട്രീയം വീണ്ടും കീഴ്മേൽ മറിയാൻ ആരംഭിച്ചത്. മറ്റു രാജ്യങ്ങളിൽനിന്ന്‌ അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെമേൽ ചുങ്കം ചുമത്തി അമേരിക്കയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാമെന്ന പീറ്റർ നവാരോയെപ്പോലുള്ള വ്യാപാര ഉപദേശകരുടെ നിർദേശപ്രകാരമാണ് ട്രംപ് ചുങ്കയുദ്ധം തുടങ്ങിയത്. സുഹൃത്തുക്കളെന്നോ ശത്രുക്കളെന്നോ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങൾക്കുമെതിരെ ട്രംപ് ചുങ്കം ഏർപ്പെടുത്തി. അതിനുപുറമെയാണ് അമേരിക്കയോട് അടുത്തബന്ധം പുലർത്തിയിരുന്ന ഇന്ത്യക്കെതിരെ രണ്ടുതരത്തിലുള്ള ചുങ്കം ചുമത്താൻ ട്രംപ് തയ്യാറായത്. അതോടൊപ്പം ഉക്രയിനെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന്‌ പറയുന്ന, സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടാൻ ശ്രമിക്കുന്ന ട്രംപ്, ഗാസയിൽ ഇസ്രയേലിന്റെ നരഹത്യ കണ്ട ഭാവംപോലും നടിക്കുന്നില്ല. അതിനെതിരെ ചുങ്കമില്ലെന്നുമാത്രമല്ല, ഇസ്രയേലിന് ട്രംപ് പുതിയ സാമ്പത്തികസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ ഈ ഇരട്ടത്താപ്പിനെതിരെ ഉയരുന്ന ലോകമനസ്സാക്ഷിയുടെ ശബ്ദമാണ് തിയാൻജിനിൽനിന്ന്‌ കേൾക്കുന്നത്. 2024ലെ കസാൻ സമ്മേളനം കഴിഞ്ഞ് പത്തുമാസം കഴിയുമ്പോൾ ചൈനയിലെ തിയാൻജിൻ സാക്ഷിയാകുന്നത് ഇന്ത്യയും ചൈനയും തന്ത്രപരവും ദൂരവ്യാപകവുമായ വീക്ഷണത്തിലൂടെ പരസ്പരബന്ധത്തെ സമീപിക്കണമെന്ന തീരുമാനത്തിൽ എത്തിച്ചേരുന്നതാണ്. 280 കോടി ജനങ്ങൾ ഉൾക്കൊള്ളുന്ന ലോക സമ്പദ്‌വ്യവസ്ഥയിലെ മുൻനിര രാജ്യങ്ങളായ ഇന്ത്യയും ചൈനയും തിയാൻജിനിൽ എടുത്ത തീരുമാനങ്ങൾ അമേരിക്കൻ സാമ്രാജ്യത്വനീക്കങ്ങളെ ഫലപ്രദമായി ചെറുക്കാനുള്ള ബഹുധ്രുവലോകത്തിന്റെ നിർമിതിയിലെ സുപ്രധാന ചുവടാണ്.


(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം മുൻ മേധാവിയാണ്‌ ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home