സഭാ ചരിത്രം നോക്കുമ്പോൾ...

ടി ചന്ദ്രമോഹൻ
Published on Mar 22, 2026, 09:28 AM | 6 min read
സംഭവബഹുലമാണ് കേരളത്തിന്റെ നിയമനിർമാണസഭയിലേക്ക് എത്തിപ്പെടാനുള്ള ചരിത്രം. നവോത്ഥാനപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനവും ഉയർത്തിവിട്ട ജനകീയരാഷ്ട്രീയത്തിൽ രൂപപ്പെട്ടതാണ് കേരളത്തിലെ ജനാധിപത്യസംവിധാനങ്ങൾ. ഇന്ത്യയിലെ ഏറ്റവും ചലനാത്മകമായ ജനാധിപത്യസംവിധാനവും തെരഞ്ഞെടുപ്പുരീതിയുമാണ് കേരളത്തിൽ നിലനിൽക്കുന്നത്. സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളുടെ ആവിർഭാവത്തോടൊപ്പമാണ് നിയമനിർമാണസഭയും വളരാൻ തുടങ്ങിയത്. രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലത്തിലാണ് മലയാളക്കരയിൽ നിയമനിർമാണത്തിനുള്ള ലെജിസ്ലേറ്റീവ് കൗൺസിലിന് തുടക്കമാകുന്നത്. കേരളക്കരയിലെ ആദ്യ നിയമനിർമാണസഭയ്‌ക്ക് 138 വർഷത്തെ ചരിത്രമുണ്ട്. 1888 മാർച്ച് 30ന് തിരുവിതാംകൂറിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ വിളംബരത്തിലൂടെയാണ് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽവന്നത്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ ആദ്യത്തെ നിയമനിർമാണസഭയായിരുന്നു അത്.
‘‘ന്യായനിബന്ധനകളെയും റെഗുലേഷനുകളെയും ഉണ്ടാക്കുന്നതിന് ഒരു ആലോചനാസഭയെ ഏർപ്പെടുത്തുന്നത് യുക്തമായിരിക്കുകകൊണ്ട് ആ വകയ്‌ക്ക് ഒരു സഭാധ്യക്ഷനോടും സാമാജികരോടും കൂടിയ ഒരു സഭയെ ഏർപ്പെടുത്തുന്നതാകുന്നു. ആ സഭയിൽ അഞ്ചുപേരിൽ കുറയാതെയും എട്ടുപേരിൽ കൂടാതെയും അംഗങ്ങൾ ഉണ്ടായിരിക്കും. ദിവാൻ ഇൗ സഭയിൽ അധ്യക്ഷനാകേണ്ടതും മറ്റ് സാമാജികരെ അപ്പപ്പോൾ നാം നിയമിക്കുന്നതുമാകുന്നു’’ എന്നായിരുന്നു വിളംബരം.
ആറ് ഒൗദ്യോഗികാംഗങ്ങളും രണ്ട് അനൗദ്യോഗികാംഗങ്ങളും ഉൾപ്പെട്ട ലെജിസ്ലേറ്റീവ് കൗൺസിൽ 1888 ആഗസ്‌ത് 15ന് നിലവിൽവന്നു. പരിമിതമായ അവകാശങ്ങൾമാത്രമേ സഭയ്‌ക്ക് ഉണ്ടായിരുന്നുള്ളൂ. മൂന്നുവർഷ കാലാവധിയുമായി 1888 ആഗസ്‌ത് 23ന് ആദ്യ യോഗം ചേർന്ന എട്ടംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽനിന്നാണ് ഇന്നു കാണുന്ന നിയമസഭയിലേക്കുള്ള വളർച്ച തുടങ്ങുന്നത്. ദിവാൻ ടി രാമറാവുവായിരുന്നു അധ്യക്ഷൻ. നിയമനിർമാണകാര്യത്തിൽ മഹാരാജാവിന് ഉപദേശം നൽകുക എന്നതായിരുന്നു കൗൺസിലിന്റെ കടമ. 1898ൽ കൗൺസിലിന്റെ അംഗസഖ്യ 15 ആക്കി. ഒന്പത് ഒൗദ്യോഗിക അംഗങ്ങളും ആറ് അനൗദ്യോഗിക അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. 1919ൽ കൗൺസിലിന്റെ അംഗസംഖ്യ 25 ആക്കി. ജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം, കൂടുതൽ അധികാരം, ചുമതലകൾ എന്നീ ആവശ്യങ്ങൾ കുറെയൊക്കെ അംഗീകരിക്കപ്പെട്ടു. എട്ട് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിച്ചു. ബജറ്റ് ചർച്ച ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശവും അംഗങ്ങൾക്ക് ലഭിച്ചു. 1921ൽ ഒക്‌ടോബറിൽ കൗൺസിലിന്റെ അംഗസംഖ്യ 50 ആയി ഉയർത്തി. ഇവരിൽ 28 പേരെ തെരഞ്ഞെടുക്കുകയും 22 പേരെ നാമനിർദേശം ചെയ്യുകയുമായിരുന്നു. ഭൂനികുതിയായോ തൊഴിൽ കരമായോ അഞ്ചുരൂപ തീരുവയുള്ളവർക്കുമാത്രമായിരുന്നു വോട്ടവകാശം.
ശ്രീമൂലം പ്രജാസഭ
1904ൽ കൗൺസിലിനുപുറമെ 100 അംഗങ്ങളുള്ള ‘ശ്രീമൂലം പ്രജാസഭ’ എന്ന അസംബ്ലി സ്ഥാപിച്ചു. കാർഷിക വ്യാവസായിക വാണിജ്യ മേഖലകളിൽനിന്ന് ഓരോ താലൂക്കിലും രണ്ടുപേരെവീതം ഡിവിഷൻ പേഷ്‌കാർ നിർദേശിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. 1904 ഒക്ടോബർ 23നായിരുന്നു അസംബ്ലിയുടെ ആദ്യയോഗം വിജെടി ഹാളിൽ ചേർന്നത്. 1905 മെയ് ഒന്നിലെ ഉത്തരവനുസരിച്ച് ജനങ്ങൾക്ക് വോട്ടവകാശം ലഭിച്ചു. 100 അംഗങ്ങളിൽ 77 പേരെ ജനങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നു. 23 പേരെ നാമനിർദേശം ചെയ്‌തു. ഒരു വർഷമായിരുന്നു സഭയുടെ കാലാവധി. താലൂക്കിലെ സ്ഥിരതാമസക്കാരും വാർഷിക ഭൂനികുതി 50 രൂപ നൽകുന്നവരും വാർഷിക വരുമാനം 2000 രൂപയിൽ കുറയാത്തവരോ സർവകലാശാല ബിരുദം നേടി 10 വർഷം കഴിഞ്ഞവരോ മാത്രമായിരുന്നു വോട്ടർമാർ. 1907ൽ ശ്രീമൂലം പ്രജാസഭാംഗങ്ങൾക്ക് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാലുപേരെ തെരഞ്ഞെടുക്കാൻ അവകാശം ലഭിച്ചു. 1930ൽ സ്‌ത്രീകൾക്കുകൂടി പ്രജാസഭയിൽ അംഗത്വം നൽകാൻ തീരുമാനിച്ചു. നിയമപരമായി വലിയ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനവികാരം ശക്തമായി പ്രതിഫലിപ്പിക്കാനുള്ള വേദിയായി ഈ സഭ.
നിലവിലുള്ള രണ്ട് സംവിധാനങ്ങളുടെയും ഘടനയിൽ മാറ്റം വരുത്തി 1933 ജനുവരി ഒന്നിന് ശ്രീമൂലം അസംബ്ലി (അധോമണ്ഡലം), ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ (ഉപരിമണ്ഡലം) എന്നീ രണ്ട് സഭകൾ സ്ഥാപിച്ചു. ദിവാനായിരുന്നു രണ്ട് സഭകളുടെയും എക്സ് ഒഫീഷ്യോ ചെയർമാൻ. അസംബ്ലിയിൽ 72 അംഗങ്ങളും കൗൺസിലിൽ 22 പേരും നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടു. 1947 സെപ്‌തംബർ നാലുവരെ ദ്വിമണ്ഡല സന്പ്രദായം തുടർന്നു. 1948 ഫെബ്രുവരിയിൽ പ്രായപൂർത്തി വോട്ടവകാശത്തിലൂടെ തിരുവിതാംകൂറിൽ നടന്ന തെരഞ്ഞെടുപ്പിൽ 120 അംഗങ്ങളുള്ള തിരുവിതാംകൂർ പ്രതിനിധിസഭ രൂപീകരിച്ചു. 1948ൽ ചേർന്ന സഭയുടെ ആദ്യ യോഗത്തിൽ എ ജെ ജോസിനെ സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തു. 1948 മാർച്ച് 24ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. പട്ടം രാജിവച്ചതിനെ തുടർന്ന് 1948 ഒക്ടോബറിൽ പറവൂർ ടി കെ നാരായണപിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റു.
കൊച്ചിയിൽ
നിയമനിർമാണസഭ രൂപീകരിക്കുന്നതിൽ കൊച്ചി രാജ്യം ഏറെ പിന്നിലായിരുന്നു. കൊച്ചിയിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ 1925 ഏപ്രിലിൽ നിലവിൽ വന്നു. കൗൺസിലിൽ 30 പേർ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. നികുതിദായകർക്ക് മാത്രമായിരുന്നു വോട്ടവകാശം. 1932ൽ കൗൺസിലിന്റെ അംഗസഖ്യ 54 ആയി ഉയർത്തി. 1938-ൽ ദ്വിഭരണ വ്യവസ്ഥ വന്നു. കൗൺസിൽ അംഗമായ അമ്പാട്ട് ശിവരാമമേനോൻ ഏകാംഗമന്ത്രിയായി. 1946 സെപ്‌തംബറിൽ പനമ്പിള്ളി ഗോവിന്ദമേനോനടക്കം നാലംഗ മന്ത്രിസഭ നിലവിൽ വന്നു. 1947 ആഗസ്ത് 14ന് കൊച്ചിയിൽ ഉത്തരവാദിത്തഭരണം സ്ഥാപിച്ചു. 1947 സെപ്തംബർ ഒന്നിന് പനമ്പിള്ളി ഗോവിന്ദമേനോൻ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഒക്ടോബർ 27ന് ടി കെ നായർ പ്രധാനമന്ത്രിയായി. 1948ൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തി ലെജിസ്ലേറ്റീവ് അസംബ്ലി സ്ഥാപിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. ഇക്കണ്ടവാര്യരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. പക്ഷേ, ആ നിയമസഭയും മന്ത്രിസഭയും അധികനാൾ നിലനിന്നില്ല.
തിരു–കൊച്ചിയിലേക്ക്
1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു–കൊച്ചി സംസ്ഥാനം രൂപീകരിച്ചു. പുതിയ സംസ്ഥാനം രൂപീകരിച്ചതോടെ കൊച്ചി രാജാവ് സ്ഥാനമൊഴിഞ്ഞു. തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ രാജപ്രമുഖനായി അധികാരമേറ്റു. ഇതോടെ നിയമസഭാസംവിധാനങ്ങളിൽ മാറ്റമുണ്ടായി. അന്ന് നിലവിലുണ്ടായിരുന്ന തിരുവിതാംകൂർ പ്രതിനിധിസഭയിലെയും കൊച്ചി നിയമസഭയിലെയും അംഗങ്ങളെ ഉൾപ്പെടുത്തി 178 അംഗ തിരു–കൊച്ചി നിയമസഭ നിലവിൽ വന്നു. ടി എം വർഗീസ് സ്‌പീക്കറായി. ഒപ്പം പറവൂർ ടി കെ നാരായണപിള്ള മുഖ്യമന്ത്രിയായി തിരു–കൊച്ചി മന്ത്രിസഭയും അധികാരമേറി. ടി കെ നാരായണപിള്ള മന്ത്രിസഭ 1951 ഫെബ്രുവരി 24ന് രാജിവച്ചു. തുടർന്ന് മാർച്ച് മൂന്നിന് സി കേശവന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. 1952 മാർച്ചുവരെ മന്ത്രിസഭ തുടർന്നു. അതിർത്തി പുനർനിർണയത്തിനുശേഷം 1952-ൽ മാർച്ചിൽ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസായിരുന്നു. ചെറുകക്ഷികളുടെ പിന്തുണയോടെ എ ജെ ജോണിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1952 മാർച്ച് 12ന് അധികാരമേറ്റെങ്കിലും 1953 സെപ്തംബർ 23ന് ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജിവച്ചു. അടുത്തദിവസം നിയമസഭ പിരിച്ചുവിട്ടു.
1954ൽ നടന്ന തെരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷം നേടാനായില്ല. 118 അംഗസഭയിൽ 19 അംഗങ്ങൾമാത്രമുണ്ടായിരുന്ന പിഎസ്‌പിയുടെ നേതാവായ പട്ടം താണുപിള്ള കോൺഗ്രസ് പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചു. ഒരാഴ്‌ചയ്‌ക്കകം കോൺഗ്രസിലെ പനന്പിള്ളി ഗോവിന്ദമേനോൻ സർക്കാർ രൂപീകരിച്ചു. 1956 മാർച്ച് 23ന് പനന്പിള്ളി അധികാരമൊഴിഞ്ഞു. പിന്നാലെ നിയമസഭ പിരിച്ചുവിട്ടു, തിരു–കൊച്ചി സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായി.
മലബാർ
ബ്രിട്ടീഷ് അധീനതയിൽ മദ്രാസ് പ്രവിശ്യയിലായിരുന്നു മലബാർ. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ പ്രദേശത്തിലെ നിയമനിർമാണ സംവിധാനത്തിന്റെ രൂപീകരണവും വികസനവും വളരെ സാവകാശമായിരുന്നു. എന്നാൽ, 1861ലെ ഇന്ത്യൻ കൗൺസിൽസ് ആക്ട് പ്രകാരം മദ്രാസ് പ്രസിഡൻസിയിൽ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ചു. 1892-ലെ ഇന്ത്യൻ കൗൺസിൽ ആക്ട് മുഖേന കൗൺസിലിലെ ഇന്ത്യൻ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചെങ്കിലും ജനങ്ങൾക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പ് അവകാശം ലഭിച്ചിരുന്നില്ല. അതിനാൽത്തന്നെ മലബാർ പ്രദേശത്തെ ജനങ്ങളുടെ പങ്കാളിത്തം വളരെ പരിമിതമായിരുന്നു. 1909-ലെ മോർലി മിന്റോ പരിഷ്‌കാരത്തിലൂടെ പരോക്ഷമായ തെരഞ്ഞെടുപ്പ് സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ അംഗങ്ങളുടെ പങ്കാളിത്തം വർധിച്ചുവെങ്കിലും യഥാർഥ അധികാരം ബ്രിട്ടീഷുകാരുടെ കൈകളിൽത്തന്നെയായിരുന്നു. മൊന്റേഗു ചെംസ്‌ഫോഡ് പരിഷ്‌കാരപ്രകാരം ദ്വിഭരണസംവിധാനം കൊണ്ടുവന്നപ്പോൾ മദ്രാസ് പ്രസിഡൻസിയിലെ നിയമസഭയ്ക്ക് കൂടുതൽ അധികാരങ്ങൾ ലഭിച്ചു. ഇതോടെ മലബാറിൽനിന്നുള്ള പ്രതിനിധികൾക്ക് കൂടുതൽ സജീവപങ്കാളിത്തം സാധ്യമായി. 1935-ലെ ഇന്ത്യ ആക്ടുപ്രകാരം സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയംഭരണസ്വഭാവം നൽകി; വിപുലമായ തെരഞ്ഞെടുപ്പ് സംവിധാനത്തിന് വഴിതെളിച്ചു. ഇതോടെ മലബാർ പ്രദേശത്തെ ജനങ്ങൾക്കും നിയമനിർമാണ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം ലഭിച്ചു. ഇതിലൂടെ നാമനിർദേശത്തിൽനിന്ന് ആരംഭിച്ച ഒരു പരിമിത പങ്കാളിത്തം, ക്രമേണ വിപുലമായ ജനപ്രാതിനിധ്യത്തിലേക്ക് വളർന്ന ഒരു ജനാധിപത്യയാത്രയായി മലബാറിന്റെ ചരിത്രവും മാറി. മദ്രാസ് സർക്കാരിൽ മന്ത്രിമാരായും മലയാളികളെത്തി. ഐക്യകേരളം രൂപീകരണംവരെ മലബാർ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.
ഐക്യകേരളം
രാഷ്ട്രപതിഭരണത്തിലായിരുന്ന തിരു–കൊച്ചിയും മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറും കൂട്ടിച്ചേർത്ത് 1956 നവംബർ ഒന്നിന് ഐക്യകേരള സംസ്ഥാനം രൂപീകരിച്ചു. 1888 മുതൽ 1956 വരെയുള്ള 68 വർഷത്തെ നിയമനിർമാണസഭയുടെ ചരിത്രം മറ്റൊരു രീതിയിൽ കേരളത്തിന്റെ പുതിയ നിയമസഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. കേരളത്തിന്റെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്പോൾ 126 ആയിരുന്നു നിയമസഭയുടെ അംഗബലം. 1957 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നു. ഫലം പുറത്തുവന്നപ്പോൾ കേരളം ലോകശ്രദ്ധയിലെത്തി. 60 അംഗങ്ങളുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർടി സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലെത്തി. ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് പാർടി അധികാരത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തെ ഭൂപ്രദേശമായി കേരളം മാറുകയായിരുന്നു ഇൗ തെരഞ്ഞെടുപ്പിലൂടെ. 1957 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന കേരള നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ട 126 അംഗങ്ങളും ഒരു നോമിനേറ്റഡ് അംഗവുമായിരുന്നു ഉണ്ടായിരുന്നത്. ഏപ്രിൽ അഞ്ചിന് ഇ എം എസ് മുഖ്യമന്ത്രിയായി 11 അംഗ മന്ത്രിസഭ അധികാരമേറ്റു.
കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പുരോഗമനപരവും വിപ്ലവകരവുമായ നയങ്ങൾക്ക് അനുസൃതമായി നിയമസഭ സുപ്രധാന നിയമനിർമാണങ്ങൾക്ക് സാക്ഷിയായി. കേരളത്തിന്റെ ചരിത്രം മാറ്റിമറിച്ച 88 നിയമങ്ങളാണ് നിയമസഭയിൽ അവതരിപ്പിച്ചത്. കേരളത്തിൽ ജന്മി നാടുവാഴിത്തത്തിന്റെ വേരറുക്കുകയും കുടിയൊഴിപ്പിക്കൽ നിരോധിക്കുകയും കൃഷിഭൂമി കർഷകന് ലഭ്യമാക്കുകയും ചെയ്ത കാർഷികബന്ധ ബിൽ, വിദ്യാഭ്യാസമേഖലയുടെ വമ്പിച്ച കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ വിദ്യാഭ്യാസ ബിൽ എന്നിവ സമ്പന്നവർഗത്തെ പ്രകോപിപ്പിച്ചു. വിദ്യാഭ്യാസ, ഭൂ നിയമങ്ങളിൽ മാറ്റം വരുത്തിയത് കോൺഗ്രസിനെയും ജാതി–മത വർഗീയ ശക്തികളെയും സ്ഥാപിത താൽപ്പര്യക്കാരെയും വിറകൊള്ളിച്ചു. എല്ലാ പിന്തിരിപ്പൻ ശക്തികളെയും കൂട്ടുപിടിച്ചുകൊണ്ട് കോൺഗ്രസ് നേതൃത്വത്തിൽ ആരംഭിച്ച വിമോചനസമരം വ്യാപകമായ അക്രമത്തിലേക്ക് നയിച്ചു. ഒടുവിൽ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് നെഹ്‌റു സർക്കാർ രാഷ്ട്രപതിയെക്കൊണ്ട് ജനാധിപത്യ വിരുദ്ധമായ രീതിയിൽ ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടു. കോൺഗ്രസ് സർക്കാർ രാജ്യത്ത് ആദ്യത്തെ ജനാധിപത്യഹത്യക്ക് നേതൃത്വം കൊടുത്തപ്പോൾ ഐക്യകേരളത്തിന്റെ ആദ്യ സർക്കാരിനും നിയമസഭയ്‌ക്കും രണ്ടുവർഷവും നാലുമാസവും മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഇ എം എസ് മന്ത്രിസഭയെ അട്ടിമറിക്കാൻ കോൺഗ്രസ് വലിയ പണച്ചാക്കുകളുടെ സഹായം തേടി. സിഐഎ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾവരെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാൻ ധനസഹായം നൽകിയ കാര്യം പിന്നീട് പുറത്തുവന്നു. ഇന്നും കോൺഗ്രസ് കേരളത്തിൽ അത് തുടർന്നുകൊണ്ടിരിക്കുന്നു.
15 നിയമസഭ
1957 മുതൽ 2021 വരെ 16 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നെങ്കിലും 15 തവണ മാത്രമേ നിയമസഭ രൂപീകരിച്ചിരുന്നുള്ളൂ. 1965 മാർച്ച് ആദ്യവാരം നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാനായില്ല. മൂന്ന് ആഴ്‌ച കാത്തിരുന്നിട്ടും കൂട്ടുകക്ഷി മന്ത്രിസഭപോലും രൂപീകരിക്കാൻ കഴിയാത്തവിധം രാഷ്‌ട്രീയവൈരം കത്തിനിൽക്കുകയായിരുന്നു അന്ന്. ഒടുവിൽ നിയമസഭ നിലവിൽ വരാതെതന്നെ 1965 മാർച്ച് 24ന് തെരഞ്ഞെടുപ്പുഫലം റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ചു. ഇത്തരമൊരു സംഭവം അതിനുമുന്പോ പിന്നീടോ ഉണ്ടായിട്ടില്ല. അതോടെ സംസ്ഥാനം വീണ്ടും രണ്ടരവർഷത്തേക്ക് രാഷ്ട്രപതിഭരണത്തിലായി.















