Deshabhimani

Articles

എപ്‌സ്റ്റീന്റെ രണ്ടു മുഖമുള്ള സുഹൃത്ത്: ഹർദീപ് സിങ് പുരി മറുപടി നൽകേണ്ട ചോദ്യങ്ങൾ

എപ്‌സ്റ്റീന്റെ രണ്ടു മുഖമുള്ള സുഹൃത്ത്: ഹർദീപ് സിങ് പുരി മറുപടി നൽകേണ്ട ചോദ്യങ്ങൾ

Hardeep Singh Puri Jeffrey Epstein

ഹർദീപ് സിങ് പുരി, ജെഫ്രി എപ്‌സ്റ്റീൻ

avatar
ജി ശബരിനാഥ്

Published on Feb 16, 2026, 01:13 PM | 2 min read

അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ‘എപ്‌സ്റ്റീൻ ഫയലുകളിൽ’ പേര് പരാമർശിക്കപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. എന്നാൽ, ഈ കൂടിക്കാഴ്ചകൾ പൂർണമായും ഔദ്യോഗികമായിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. എപ്‌സ്റ്റീൻ തന്റെ ഇമെയിലുകളിൽ തന്നെ 'രണ്ടു മുഖമുള്ളവൻ' (Two-faced) എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും, അവരുടെ മൂല്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നതിന്റെ തെളിവാണ് ഇതെന്നും മന്ത്രി വാദിക്കുന്നു.


ഹർദീപ് സിങ് പുരിയും ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനും തമ്മിലുള്ള ബന്ധം വെറും ഔദ്യോഗികമായിരുന്നു എന്ന വാദത്തെ പ്രതിരോധത്തിലാക്കുന്ന ചില വസ്തുതകൾ പുറത്തുവന്ന രേഖകളിലുണ്ട്. അതോടൊപ്പം മന്ത്രി ഉത്തരം നൽകാത്ത ചില സുപ്രധാനമായ ചോദ്യങ്ങൾ കൂടി അവശേഷിക്കുന്നു:


1. എപ്‌സ്റ്റീൻ കുറ്റവാളി ആണ് എന്ന അറിവ് മന്ത്രിക്ക് ഇല്ലായിരുന്നോ?


2014 ഡിസംബറിലെ ഒരു ഇമെയിലിൽ, "താങ്കളുടെ എക്സോട്ടിക് ഐലൻഡിൽ (ആകർഷകമായ ദ്വീപ്) നിന്ന് മടങ്ങിയെത്തുമ്പോൾ അറിയിക്കുക" എന്ന് പുരി എപ്‌സ്റ്റീന് എഴുതിയിരുന്നു. 2008ൽ തന്നെ എപ്‌സ്റ്റീൻ ഒരു ലൈംഗിക കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടതും അദ്ദേഹത്തിന്റെ സ്വകാര്യ ദ്വീപ് ഇത്തരം പീഡനങ്ങളുടെ കേന്ദ്രമാണെന്ന വാർത്തകൾ പുറത്തുവന്നതുമാണ്. ഒരു മുതിർന്ന നയതന്ത്രജ്ഞനായിരുന്ന പുരിക്ക് ഈ പശ്ചാത്തലം അറിയാമായിരുന്നിട്ടും, ഇത്രയും സൗഹൃദപരമായ രീതിയിൽ ആ ദ്വീപിനെക്കുറിച്ച് പരാമർശിച്ചത് എന്തുകൊണ്ടാണ് എന്നതാണ് പ്രധാന ചോദ്യം. ഇത് വെറുമൊരു ഔദ്യോഗിക പരിചയമല്ല, മറിച്ച് എപ്‌സ്റ്റീന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തികൾ തമ്മിലുള്ള ബന്ധമാണെന്ന് വിമർശകർ കരുതുന്നു.


2. ഇന്ത്യൻ ഡിപ്ലോമാറ്റിന് എന്തിന് ഒരു കുറ്റവാളിയുടെ 'ഉപദേശം'?


ലിങ്ക്ഡ് ഇൻ (LinkedIn) സഹ-സ്ഥാപകൻ റീഡ് ഹോഫ്മാനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് 2014 ഒക്ടോബറിൽ പുരി എപ്‌സ്റ്റീന് അയച്ച മെയിലിൽ "സുഹൃത്തേ, താങ്കൾ കാര്യങ്ങൾ നടത്തിത്തരുന്ന ആളാണ്, എന്തെങ്കിലും ഉപദേശമുണ്ടോ?" എന്ന് ചോദിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പിലും ലൈംഗിക കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ട ഒരാളോട് ഇന്ത്യയുടെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ഒരു മുൻ നയതന്ത്രജ്ഞൻ എന്തിന് ഉപദേശം തേടി എന്നത് സംശയാസ്പദമാണ്. എപ്‌സ്റ്റീൻ ഇടനിലക്കാരനായി പുരിക്കു വേണ്ടി പ്രവർത്തിച്ചിരുന്നു എന്നതിന്റെ സൂചനയാണിതെന്ന് നയതന്ത്രവിദജ്ഞർ സംശയിക്കുന്നു.


3. വിസ അനുവദിക്കുന്നതിലെ വഴിവിട്ട ഇടപെടൽ


ഏറ്റവും ഗൗരവകരമായ ആരോപണം വിസയുമായി ബന്ധപ്പെട്ടതാണ്. 2014 ഒക്ടോബറിൽ എപ്‌സ്റ്റീന്റെ അസിസ്റ്റന്റിന് ഇന്ത്യയിലേക്ക് വരാൻ അടിയന്തരമായി വിസ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, രണ്ട് മുതിർന്ന എംബസി ഉദ്യോഗസ്ഥരെ വിളിച്ച് അത് വേഗത്തിലാക്കാൻ പുരി നിർദേശിച്ചതായി രേഖകൾ പറയുന്നു. അന്ന് പുരി സർക്കാരിന്റെ ഭാഗമായിരുന്നില്ല. ഒരു സ്വകാര്യ വ്യക്തി മാത്രമായിരുന്നിട്ടും എംബസി ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി ഒരു കുറ്റവാളിയുടെ സഹായിക്ക് വിസ സംഘടിപ്പിച്ചു നൽകിയത് ഏത് അധികാരമുപയോഗിച്ചാണ്?


4. ധാർമികമായ നിലപാടില്ലായ്മ


എപ്‌സ്റ്റീനുമായി ബന്ധപ്പെട്ടവർ പലരും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഹർദീപ് സിംഗ് പുരിയുടെ മറുപടികളിൽ എവിടെയും എപ്‌സ്റ്റീന്റെ ക്രൂരമായ കുറ്റകൃത്യങ്ങളെ അപലപിക്കുന്നതായോ അത്തരമൊരാളുമായി ബന്ധപ്പെട്ടതിൽ ഖേദിക്കുന്നതായോ കാണുന്നില്ല. പകരം പ്രതിപക്ഷത്തെ പരിഹസിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ കാണിക്കേണ്ട 'ധാർമിക വ്യക്തത' (Moral Clarity) ഈ വിഷയത്തിൽ അദ്ദേഹം പുലർത്തുന്നില്ല എന്നത് സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.


5. "രണ്ടു മുഖമുള്ളവൻ" (two-faced)


എപ്‌സ്റ്റീൻ പുരിയെ "രണ്ടു മുഖമുള്ളവൻ" (Two-faced) എന്ന് വിളിച്ചതാണ് തന്റെ പ്രതിരോധമായി പുരി ഉയർത്തുന്നത്. എന്നാൽ ഉയർന്ന തലത്തിലുള്ള ഡിപ്ലോമാറ്റിക് ഇടപാടുകളിൽ ഒരാളെ 'രണ്ടു മുഖമുള്ളവൻ' എന്ന് വിളിക്കുന്നത് സാധാരണയായി ഒരു ബിസിനസ് ഡീൽ നടക്കാതെ വരുമ്പോഴോ അല്ലെങ്കിൽ ഇരട്ടത്താപ്പ് കാണിക്കുമ്പോഴോ ആണ്. എന്നാൽ അങ്ങനെ വിശേഷിപ്പിക്കുന്നത് അവർ തമ്മിൽ ആത്മാർതബന്ധം ഇല്ലായിരുന്നു അല്ലെങ്കിൽ അവർ തമ്മിൽ ഇടപാടുകൾ നടന്നിട്ടില്ല എന്നതിന്റെ തെളിവല്ല.


ഈ വിവാദങ്ങളിൽ വ്യക്തമായ വിശദീകരണം നൽകാതെ മുന്നോട്ടുപോകുന്നത് ഹർദീപ് സിങ് പുരിക്കും സർക്കാരിനും വലിയ രാഷ്ട്രീയ തിരിച്ചടിയാകും. ഒരു ഭരണാധികാരി എന്ന നിലയിൽ പാലിക്കേണ്ട ധാർമികത പുരി ഇവിടെ വിസ്മരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ കേവലം രാഷ്ട്രീയ ആരോപണങ്ങളായല്ല, മറിച്ച് ജനങ്ങളുടെ ആശങ്കകളായി കണ്ട് മറുപടി നൽകാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home