ലിംഗസൗഹൃദ വിദ്യാഭ്യാസവും കേരളവും

Representative Image | AI
റഷീദ് ആനപ്പുറം
Published on Apr 26, 2026, 10:00 PM | 3 min read
കേരളം ആർജിച്ച സാമൂഹ്യപുരോഗതിയിൽ നമ്മുടെ പൊതുവിദ്യാഭ്യാസത്തിനുള്ള പങ്ക് വലുതാണ്. ലോകം വിസ്‌മയത്തോടെ നോക്കിക്കണ്ട ‘കേരള മോഡലി’ന്റെ പ്രധാന സൂചികയും പൊതുവിദ്യാഭ്യാസം, വിശിഷ്യ സ്‌ത്രീവിദ്യാഭ്യാസത്തിൽ നമ്മൾ കൈവരിച്ച പുരോഗതിയാണ്. ഇതിന് വഴിവച്ചതാകട്ടെ, നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ ലിംഗസൗഹൃദാന്തരീക്ഷവും. ലിംഗാവബോധം, ലിംഗസമത്വം, ലിംഗനീതി എന്നിവയിൽ നാം രാജ്യത്തിന് മാതൃകയാണ്.
നമ്മുടെ പാഠ്യപദ്ധതി, പാഠപുസ്‌തകം, സ്‌കൂൾ അന്തരീക്ഷം, ലിംഗവ്യത്യാസമില്ലാതെയുള്ള വിദ്യാഭ്യാസ പ്രാപ്യത, രാജ്യത്തെ ഏറ്റവും കുറഞ്ഞ കൊഴിഞ്ഞുപോക്ക് നിരക്ക് തുടങ്ങി നിരവധി ഘടകങ്ങളുണ്ട് നേട്ടത്തിനു പിന്നിൽ. രാജ്യത്ത് പെൺകുട്ടികളുടെ സ്‌കൂൾ എൻറോൾമെന്റ് ഏറ്റവും കൂടുതൽ കേരളത്തിലാണ്. സാർവത്രികവും സൗജന്യവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പുനൽകുന്ന രാജ്യമാണ് നമ്മുടേത്. എന്നാൽ, രാജ്യത്ത് പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും കടുത്ത ലിംഗവിവേചനം നിലനിൽക്കുന്നു. തൊഴിൽ, വരുമാനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇവ ശക്തമാണ്. കേരളത്തെ മാറ്റിനിർത്തിയാൽ, രാജ്യത്തിന്റെ പൊതു അവസ്ഥയിതാണ്.
പല സംസ്ഥാനത്തും പെൺകുട്ടികൾക്ക് ഇന്നും വിദ്യാഭ്യാസം അപ്രാപ്യമാണ്. രാജ്യത്ത് 3.22 കോടി കുട്ടികൾ സ്‌കൂളിനു പുറത്താണെന്ന് ദേശീയ വിദ്യാഭ്യാസ നയരേഖ ചൂണ്ടിക്കാട്ടുന്നു. 2011ലെ സെൻസസ് രേഖയും യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് ഡാറ്റയും അനുസരിച്ച് രാജ്യത്ത് എട്ട് കോടിയോളം കുട്ടികൾ സ്‌കൂളിൽ എത്തിയിട്ടില്ല. ഇതിൽ കൂടുതലും പെൺകുട്ടികളാണ്. പരമ്പരാഗത– -അസംഘടിത തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന ചൂഷണം, ബാലവേല, ജാതീയമായ ഉച്ചനീചത്വം, ശൈശവ വിവാഹം, വീട്ടുജോലി തുടങ്ങിയവയാണ് പ്രധാന കാരണം. സാമൂഹ്യജീവിതത്തെ നിർണയിക്കുന്ന ജാതിശ്രേണിയും തൊഴിൽ വിഭജനവും അസമത്വവും കുട്ടികളിൽ നല്ലൊരു വിഭാഗത്തെ വിദ്യാഭ്യാസത്തിൽനിന്ന് തൊഴിലിടത്തേക്ക് പറിച്ചുനടുന്നു. അതിനാൽ അവസര സമത്വം, ലിംഗസമത്വം തുടങ്ങിയ സാമൂഹ്യാവബോധം വിദ്യാഭ്യാസ മേഖലയിൽനിന്ന് ഭൂരിപക്ഷം കുട്ടികൾക്കും ലഭ്യമാകുന്നില്ല.
ഇവിടെയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസം വേറിട്ടുനിൽക്കുന്നത്. സാമ്പത്തിക റിവ്യൂ റിപ്പോർട്ട് പ്രകാരം 2023– -24 അധ്യയന വർഷം 37.46 ലക്ഷം കുട്ടികളാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠിച്ചത്. ഇതിൽ 49.05 ശതമാനം പെൺകുട്ടികളാണ്. പ്രീപ്രൈമറി മുതൽ 12–-ാം ക്ലാസുവരെ കുട്ടികളുടെ പൊതുഇടമായി സ്‌കൂൾ മാറുന്നു. ആൺകുട്ടികളും പെൺകുട്ടികളും ട്രാൻസ്‌ജെൻഡർ, ലിംഗ– -ലൈംഗിക ന്യൂനപക്ഷങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് പഠിക്കുമ്പോൾ അവരിൽ ലിംഗസൗഹൃദാന്തരീക്ഷം രൂപപ്പെടുന്നു. തുല്യനീതിയും തുല്യ അവസരവും ശാരീരിക, മാനസിക വളർച്ചയുടെ പ്രധാന ഘട്ടത്തിൽ കുട്ടികൾ സ്വായത്തമാക്കുന്നു.
എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും അധ്യാപന സാമഗ്രികളുമാണ് നമ്മുടെ മറ്റൊരു സവിശേഷത. നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതിയും പാഠപുസ്‌തകവും ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കിയാണ് പുതിയത് തയ്യാറാക്കിയത്. ലിംഗസമത്വത്തിൽ അധിഷ്‌ഠിതമായ വിദ്യാഭ്യാസമെന്ന സർക്കാർ നയത്തിന് പൂരകമായി പുതിയ പാഠ്യപദ്ധതിയും പുസ്തകവും നടപ്പാക്കി. പഠനസാമഗ്രികളുടെ ഭാഷ, പ്രമേയം, ഉള്ളടക്കം, പേരുകൾ, ചിത്രീകരണം എന്നിവയിലൊന്നും ലിംഗവിവേചനം പാടില്ലെന്ന് പുതിയ പാഠ്യപദ്ധതി ഉറപ്പുനൽകുന്നു. ‘സഹകരണാത്മകമായി ഇടപഴകാനും പരസ്‌പരം അംഗീകരിക്കാനും’ കഴിയുംവിധം വിദ്യാഭ്യാസ മേഖലയെ വികസിപ്പിക്കുകയാണ് പാഠ്യപദ്ധതിയുടെ സാമൂഹ്യ കാഴ്‌ചപ്പാട്.
പുതിയ കാലത്തെ അഭിമുഖീകരിക്കാൻ കുട്ടികളെ വേർതിരിവില്ലാതെ രൂപപ്പെടുത്തുന്നതിൽ സ്‌കൂൾ അന്തരീക്ഷം, അധ്യാപകരുടെ ഇടപെടൽ എന്നിവയ്ക്ക് വലിയ പങ്കുണ്ട്. കേരളം ഇൗ രംഗത്തും ഏറെ മുന്നിലാണ്. ഇത് നമ്മുടെ പാഠ്യപദ്ധതി ചട്ടക്കൂട് എടുത്തുപറയുന്നുണ്ട്. ക്ലാസിൽ സഹപഠനം ഉറപ്പാക്കുന്നതുപോലെ വിദ്യാലയത്തിനുള്ളിൽ അധ്യാപകരുടെ ഇടയിലും വേർതിരിവില്ലാതെ പൊതുയിടങ്ങൾ സൃഷ്‌ടിച്ച് മാതൃകയാകണം’ എന്ന് കേരള പാഠ്യപദ്ധതി ചട്ടക്കൂട് ‘ലിംഗനീതിയിലും ലിംഗസമത്വത്തിലും അധിഷ്‌ഠിതമായ വിദ്യാഭ്യാസത്തിന്റെ സവിശേഷതകൾ’ എന്ന ഖണ്ഡികയിൽ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ അവശേഷിക്കുന്ന, ആണധികാരത്തിന്റെ പ്രശ്നങ്ങൾ മറികടക്കാൻ പുതിയ പാഠ്യപദ്ധതിക്കും പാഠപുസ്തകത്തിനും കഴിയും. പുതിയ പാഠപുസ്തകം തയ്യാറാക്കുന്നതിലും അതിലെ ചിത്രീകരണത്തിലുമടക്കം മുൻ കാലങ്ങളേക്കാൾ സ്ത്രീപങ്കാളിത്തം (അധ്യാപികമാർ) കൂടുതലാണ്. സർഗാത്മകവും ഗുണപരവുമായ ഇടപെടൽ ക്ലാസ് മുറികൾക്കകത്തും പുറത്തും അധ്യാപകർ നടത്തുന്നു.
മറ്റൊരു പ്രധാന ഇടപെടൽ ആൺ– പെൺ വിദ്യാലയങ്ങളുടെ കാര്യത്തിലാണ്. നിലവിലെ സാമൂഹ്യാന്തരീക്ഷത്തിന് ഒട്ടും ചേർന്നതല്ല അത്തരം സ്‌കൂളുകൾ. മുതിർന്ന ക്ലാസുകളിലെത്തുന്ന കുട്ടികൾ അവിടെ സഹപാഠികളായ ആൺ/പെൺ കുട്ടികളെ അഭിമുഖീകരിക്കുന്നതിലും അവരുമായി ഇടപെടുന്നതിലും ആത്മവിശ്വാസക്കുറവും ഉൾവലിയലും നേരിടുന്നു. അത്തരം ഒട്ടേറെ വിദ്യാലയങ്ങളിൽ ലിംഗഭേദമന്യേ എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയാണ് സർക്കാർ ലക്ഷ്യം.
2023ലെ ഇക്കണോമിക് റിവ്യൂ റിപ്പോർട്ട് പ്രകാരം 2023–-24 അക്കാദമിക് വർഷം കേരളത്തിൽ 12,959 വിദ്യാലയമുണ്ടായിരുന്നു. ഇതിൽ 246 എണ്ണം ആൺ, പെൺ സ്‌കൂളുകൾ ആയിരുന്നു. അത്തരം വിദ്യാലയങ്ങൾ മിക്‌സഡ് ആക്കാൻ 2022 ജൂണ്‍ 21ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. പിടിഎയും സ്‌കൂൾ ചുമതലയുള്ള തദ്ദേശസ്ഥാപനവും തീരുമാനിച്ചാൽ സ്‌കൂൾ മിക്‌സഡ് ആക്കാമെന്നാണ് തീരുമാനം. 2022 ജൂലൈ 21-ന് സംസ്ഥാന ബാലാവകാശ കമീഷനും ആൺ–-പെൺ വിദ്യാലയങ്ങൾ മിക്‌സ്‌ഡ് ആക്കണമെന്ന് നിർദേശിച്ചിരുന്നു. ഇൗ കാര്യത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലുകളും ശ്രദ്ധേയമാണ്. കഴിഞ്ഞ അധ്യയന വർഷംമാത്രം 16 സ്‌കൂൾ മിക്‌സഡ് ആക്കി. 100 ആൺ–പെൺ സ്‌കൂൾകൂടി മിക്‌സഡ് ആക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു.















