Articles
കെ എൻ സിങ്ങിനുമൊപ്പം ഫിദലുമായി മൂന്നുമണിക്കൂറോളം ചെലവഴിക്കാൻ എനിക്ക് അപൂർവമായ അവസരം ലഭിച്ചു.
സ്‌മരണയല്ല ആഹ്വാനമാണ് !


എം എ ബേബി
Published on Aug 13, 2026, 01:30 AM | 5 min read
ഫിദൽ കാസ്ട്രോയുമായി ഞാൻ നേരിട്ട് സംവദിക്കുന്നത് 1992 ഡിസംബറിലായിരുന്നു. അന്ന് സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തിന്റെ ഭാഗമായാണ് ഞാൻ ക്യൂബയിലെത്തിയത്. ഹാൽദിയയിൽനിന്ന് ഹവാനയിലേക്ക് പുറപ്പെട്ട ‘കരീബിയൻ പ്രിൻസസ്' എന്ന കപ്പലിനെ സ്വീകരിക്കാനായിരുന്നു ആ യാത്ര. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് ക്യൂബ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ട ‘പ്രത്യേക കാലഘട്ട’ത്തിൽ ഇന്ത്യൻ കർഷകരും തൊഴിലാളികളും സമാഹരിച്ച 10,000 ടണ്ണിലധികം ഗോതമ്പുമായാണ് ആ ദുരിതാശ്വാസക്കപ്പൽ ഹവാന തീരത്തെത്തിയത്.
ആ സന്ദർശനവേളയിൽ സഖാവ് സുർജിത്തിനും കമ്യൂണിസ്റ്റ് പാരമ്പര്യത്തിൽനിന്ന് കോൺഗ്രസിൽ എത്തിയ രാജ്യസഭാംഗവും ക്യൂബൻ ഐക്യദാർഢ്യപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനുമായിരുന്ന കെ എൻ സിങ്ങിനുമൊപ്പം ഫിദലുമായി മൂന്നുമണിക്കൂറോളം ചെലവഴിക്കാൻ എനിക്ക് അപൂർവമായ അവസരം ലഭിച്ചു. ആഗോള രാഷ്ട്രീയസാഹചര്യങ്ങൾ ആ ചർച്ചയിൽ കടന്നുവന്നു. അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട് മൂന്നാഴ്ച പിന്നിടുന്പോഴായിരുന്നു ഞങ്ങളുടെ ക്യൂബൻ സന്ദർശനം. സ്വാഭാവികമായും ഫിദൽ ആ വിഷയത്തെക്കുറിച്ച് അതീവ താൽപ്പര്യത്തോടെ ചോദിച്ചറിഞ്ഞു. മസ്‌ജിദ് തകർത്തതിനെത്തുടർന്ന് ഇന്ത്യയിലുണ്ടായ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചറിയാൻ അദ്ദേഹം ജിജ്ഞാസ പ്രകടിപ്പിച്ചു. ഈ സംഭവം ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ഏൽപ്പിക്കുന്ന ആഘാതത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം, കലുഷമായ അന്തരീക്ഷം ചൂഷണംചെയ്ത് രാജ്യത്ത് സ്വാധീനമുറപ്പിക്കാൻ വലതുപക്ഷശക്തികൾ പയറ്റുന്ന തന്ത്രങ്ങളെക്കുറിച്ച് ആശ്ചര്യപ്പെട്ടു.
ഇന്ത്യയിൽനിന്ന് 15,000 കിലോമീറ്റർ അകലെയുള്ള, ഇന്ത്യയുടെ 3.3 ശതമാനംമാത്രം വലിപ്പമുള്ള ചെറുദ്വീപിൽ ജീവിച്ചിട്ടും ഇവിടത്തെ രാഷ്ട്രീയചലനങ്ങളെക്കുറിച്ച് ഫിദൽ കൃത്യമായി മനസ്സിലാക്കിയിരുന്നു. ഇന്ത്യയിലെ സംഭവവികാസങ്ങൾമാത്രമല്ല, ലോകത്തിന്റെ ഓരോ സ്പന്ദനവും അദ്ദേഹം തൊട്ടറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്നും ലോകം ഫിദലിനെ ഇത്രമേൽ ഓർക്കുന്നത്. 1926 ആഗസ്ത് 13-ന് കിഴക്കൻ ക്യൂബയിലെ ബിരാനിൽ ജനിച്ച ഫിദൽ കാസ്ട്രോ റൂസിന്റെ നൂറാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ, എക്കാലത്തെയും മഹാനായ വിപ്ലവനേതാവിനെ അനുസ്മരിക്കുകമാത്രമല്ല നാം ചെയ്യുന്നത്; അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ആഴത്തിലുള്ള ശൂന്യതയെ അടയാളപ്പെടുത്തുകകൂടിയാണ്. ആ ശൂന്യത അമൂർത്തമല്ല. അത് തികച്ചും രാഷ്ട്രീയപരമാണ്. ഇന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ അത് ബാധിച്ചുകൊണ്ടിരിക്കുന്നു.
ട്രംപ് ഭരണകൂടത്തിന്റെ തീരുവയുദ്ധങ്ങൾ, കരീബിയൻ മേഖലയിൽ ബലപ്രയോഗത്തിലൂടെയുള്ള നയതന്ത്രം, പരമാധികാര രാജ്യങ്ങൾക്കെതിരെയുള്ള അധിനിവേശഭീഷണി, പലസ്തീൻ ജനതയുടെ വംശഹത്യയിലെ നഗ്നമായ പങ്കാളിത്തം എന്നിവയൊന്നും നയപരമായ വ്യതിയാനങ്ങളല്ല. ഇവയെല്ലാം ഏകധ്രുവ ഉന്മാദത്തിൽ സാമ്രാജ്യത്വ മേധാവിത്വത്തിന്റെ നഗ്നമായ മുഖമാണ്. ‘ഗ്ലോബൽ സൗത്ത്’ ഇന്ന് ഐക്യത്തെ പോരാട്ടശക്തിയാക്കിമാറ്റാൻ ശേഷിയുള്ള ഒരു നേതാവിനായി മുറവിളി കൂട്ടുകയാണ്. ഫിദലിന്റെ ഒൗന്നത്യമുള്ള വ്യക്തിത്വത്തിന്റെ അസാന്നിധ്യം വൈകാരികനഷ്ടമല്ല; തന്ത്രപരമായ കുറവാണ്. അതുകൊണ്ടുതന്നെ ഫിദലിന്റെ ജീവിതം ആവശ്യപ്പെടുന്നത് കേവലമായ ഓർമപുതുക്കലല്ല, മറിച്ച് ഗഹനമായ പഠനമാണ്; ഗൃഹാതുരത്വമല്ല, മറിച്ച് സമരസജ്ജമാകലാണ്.
ബാലറ്റ് മുതൽ മൊൻകാദ വരെ
ഹവാന സർവകലാശാലയിലെ വിദ്യാർഥിപ്രവർത്തകൻ എന്ന നിലയിൽ, 1940കളുടെ അവസാനത്തിലുണ്ടായ കൊളോണിയൽവിരുദ്ധ മുന്നേറ്റത്തിലൂടെയാണ് ഫിദൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തെരഞ്ഞെടുപ്പുരാഷ്‌ട്രീയത്തോടാണ് അദ്ദേഹത്തിന് ആദ്യം ആഭിമുഖ്യം തോന്നിയത്. 1952-ൽ ഓർത്തഡോക്‌സ് പാർടിയുടെ സ്ഥാനാർഥിയായി ക്യൂബൻ ജനപ്രതിനിധിസഭയിലേക്ക് മത്സരിക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ, 1952 മാർച്ച് 10-ന് യുഎസ് പിന്തുണയുള്ള ഘാതകൻ ഫുൾജെൻസിയോ ബാറ്റിസ്റ്റ ഭരണഘടന റദ്ദാക്കുകയും തെരഞ്ഞെടുപ്പുകൾ വിലക്കി സ്വേച്ഛാധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഫിദൽ ആദ്യം ഈ അധികാരമോഹിയെ കോടതികളിൽ ചോദ്യംചെയ്തു. കോടതികൾ പ്രതീക്ഷിച്ചതുപോലെ കീഴടങ്ങിയപ്പോൾ, വിപ്ലവകാരിക്ക് സാധ്യമായ ഏക നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു– അധികാരത്തിലേറിയ ഫാസിസം ബാലറ്റുകൾക്കുമുന്നിൽ കീഴടങ്ങില്ല; സായുധ സ്വേച്ഛാധിപത്യത്തെ സായുധസമരത്തിലൂടെമാത്രമേ തകർക്കാനാകൂ.
1953 ജൂലൈ 26-ന് ബയാമോയിലെയും സാന്തിയാഗോ ഡി ക്യൂബയിലെയും മൊൻകാദ ബാരക്കുകൾക്കുനേരെ ഒരേസമയം നടന്ന ആക്രമണങ്ങളിൽ 160 യുവപോരാളികളെ ഫിദൽ നയിച്ചു. സൈനികമായി ആക്രമണം പരാജയപ്പെട്ടു. പിടിയിലായ ഡസൻകണക്കിന് വിപ്ലവകാരികളെ ബാറ്റിസ്റ്റയുടെ ഗുണ്ടകൾ പീഡിപ്പിച്ച് കൊലപ്പെടുത്തി. എന്നാൽ, ആ പരാജയത്തിൽനിന്ന് ഫിദൽ ലോകത്തെ പുനർനിർമിക്കുന്ന രാഷ്ട്രീയവിജയം നേടിയെടുത്തു. ക്യൂബൻ ജനത അടിമകളായി കീഴടങ്ങാൻ തയ്യാറല്ലെന്നും വിമോചനത്തിനായി രക്തം നൽകാൻ പുതിയ തലമുറ സന്നദ്ധരാണെന്നും അദ്ദേഹം തെളിയിച്ചു.
ഹോസെ മാർട്ടി ബന്ധം
രഹസ്യവിചാരണയുടെ പ്രഹസനത്തിന് വിധേയനായപ്പോൾ, അഭിഭാഷകൻകൂടിയായ ഫിദൽ സ്വയം പ്രതിരോധിച്ചു. ലോകം ഇന്ന് ആ പ്രതിരോധത്തെ ഫിദലിന്റെ ‘ചരിത്രം എന്നെ കുറ്റവിമുക്തനാക്കും’ എന്ന പ്രസംഗമായാണ് അറിയുന്നത്. ക്യൂബൻ വിമോചനപദ്ധതിയുടെ ബൗദ്ധിക കർതൃത്വം 1895-ൽ സ്പാനിഷ് കൊളോണിയലിസത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഹോസെ മാർട്ടിക്കാണ് അദ്ദേഹം നൽകിയത്. മാർട്ടി ധാർമികഗുരുവും ഭയരഹിതനായ പോരാളിയും കവിയുമായിരുന്നു. ഇന്ത്യക്കാർക്ക് മനസ്സിലാകാൻ, മഹാത്മാഗാന്ധിയും ഭഗത് സിങ്ങും രബീന്ദ്രനാഥ ടാഗോറും ഒരൊറ്റ ദേശീയബോധത്തിലേക്ക് ലയിച്ചുചേർന്നതിനു തുല്യം.
മൊൻകാദയിലെ യുവപോരാളികളെ മാർട്ടിയുടെ ‘ശതാബ്ദി തലമുറ' എന്ന് പ്രഖ്യാപിച്ചതിലൂടെ, കേവലം കലാപകാരി എന്നതിൽനിന്ന് വിപ്ലവകാരികളെ വേർതിരിക്കുന്ന രാഷ്ട്രീയഭാവനയാണ് ഫിദൽ കാഴ്ചവച്ചത്. പലർക്കും ഇപ്പോഴും മനസ്സിലാകാത്ത ഒരുകാര്യം അദ്ദേഹം ഗ്രഹിച്ചു– സ്വന്തം ഭൂതകാലത്തെ തള്ളിപ്പറയുന്ന ഒരു വിപ്ലവത്തിനും ഭാവിയില്ല. ഇറക്കുമതി ചെയ്ത അന്യഗ്രഹ സസ്യത്തെപ്പോലെ അത് വാടിപ്പോകും.
ഫിദൽ ക്യൂബൻ സോഷ്യലിസത്തെ ക്യൂബൻ മണ്ണിൽത്തന്നെ വേരൂന്നിച്ചു. അങ്ങനെ അതിനെ അജയ്യമാക്കി. ബാറ്റിസ്റ്റ ഭരണകൂടം അദ്ദേഹത്തെ 15 വർഷത്തെ തടവിന് ശിക്ഷിച്ചു. എന്നാൽ, ജനരോഷം കാരണം രണ്ടുവർഷത്തിനുള്ളിൽ പൊതുമാപ്പ് നൽകി അദ്ദേഹത്തെ മോചിപ്പിച്ചു. താൻ ഒരു തടവുകാരനെയാണ് മോചിപ്പിക്കുന്നതെന്നാണ് ബാറ്റിസ്റ്റ കരുതിയത്. എന്നാൽ, അദ്ദേഹം തുറന്നുവിട്ടത് തന്റെ വാഴ്‌ച അവസാനിപ്പിക്കാൻ കെൽപ്പുള്ളവനെയായിരുന്നു.
അസാധ്യമായത് കെട്ടിപ്പടുക്കൽ
നാടുകടത്തപ്പെട്ട ഫിദൽ മെക്സിക്കോയിൽ വീണ്ടും വിപ്ലവകാരികളെ സംഘടിപ്പിച്ചു. അവിടെ വച്ച് അദ്ദേഹം ഏണസ്റ്റോ ചെ ഗുവേര എന്ന യുവ അർജന്റീനൻ ഡോക്ടറുമായി കൈകോർത്തത് ചരിത്രത്തിലെ ഏറ്റവും മികച്ച വിപ്ലവ കൂട്ടുകെട്ടുകളിലൊന്നായി. 1956 നവംബറിൽ 82 പോരാളികൾ ‘ഗ്രാൻമ’ എന്ന ചെറുകപ്പലിൽ ക്യൂബയിലേക്ക് തിരിച്ചു. എന്നാൽ, ക്യൂബയിലെത്തിയ ഭൂരിഭാഗംപേരും കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു. ശേഷിച്ചവർ സിയേറ മാസ്‌ട്ര പർവതനിരകളിൽ എത്തിച്ചേർന്നു. വെറും 25 മാസത്തിനുള്ളിൽ, കർഷകരിൽ വേരൂന്നിയ, നഗരങ്ങളിലെ തൊഴിലാളികളുടെയും വിദ്യാർഥികളുടെയും പിന്തുണയുള്ള വിമതസൈന്യത്തെ ഫിദൽ കെട്ടിപ്പടുത്തു. യുഎസ് ആയുധമണിഞ്ഞ സൈനികയന്ത്രത്തെ തകർക്കാൻ ശേഷിയുള്ളതായിരുന്നു അത്. 1959 ജനുവരി ഒന്നി-ന് ബാറ്റിസ്റ്റ പലായനം ചെയ്തു. ക്യൂബൻ വിപ്ലവം വിജയം വരിച്ചു.
സോഷ്യലിസം എന്നത് കിഴക്കൻ രാജ്യങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് ക്യൂബൻ വിപ്ലവം തെളിയിച്ചു. ഭൂമിയിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്വശക്തിയുടെ പിന്മുറ്റത്ത്, ഫ്ലോറിഡയിൽനിന്ന് 90 മൈൽ മാത്രമകലെ പടിഞ്ഞാറൻ ലോകത്തും സോഷ്യലിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കാനും അതിജീവിക്കാനും കഴിയുമെന്ന് തെളിയിച്ചു. തങ്ങളുടെ പ്രത്യയശാസ്ത്രപരമായ മേധാവിത്വത്തിനുനേരെയുള്ള ഭീഷണിയെ അമേരിക്ക കൃത്യമായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് 1961-ൽ ബേ ഓഫ് പിഗ്സ് അധിനിവേശം നടത്തുകയും പതിറ്റാണ്ടുകൾ നീണ്ട ഭീകരാക്രമണങ്ങൾ സ്പോൺസർ ചെയ്യുകയും, ഇന്നും തുടരുന്ന സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തത്. ക്യൂബ പരാജയപ്പെടുകയായിരുന്നില്ല; മറിച്ച് വിജയിച്ചതിനാൽ ശിക്ഷിക്കപ്പെടുകയായിരുന്നു.
ഐക്യദാർഢ്യം ആയുധമായി
ക്യൂബൻ വിപ്ലവത്തെ ക്യൂബയുടെ സ്വകാര്യസ്വത്തായി ഫിദൽ ഒരിക്കലും കരുതിയില്ല. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും വിമോചനപ്രസ്ഥാനങ്ങൾക്ക് പിന്തുണയുടെ ഭൗതിക അടിത്തറയായി അദ്ദേഹം അതിനെ മാറ്റിത്തീർത്തു. മൂന്നുലക്ഷത്തിലധികം ക്യൂബൻ സന്നദ്ധപ്രവർത്തകരാണ് അംഗോളയിൽ പോരാടിയത്. 1988-ൽ ക്യൂറ്റോ ക്വാനവാലയിലുണ്ടായ വിജയം വർണവിവേചന സൈന്യത്തെ തരിപ്പണമാക്കുകയും നമീബിയയുടെ സ്വാതന്ത്ര്യം ത്വരിതപ്പെടുത്തുകയും ചെയ്തു. യുഎസ് സാമ്രാജ്യത്വം നാവികസേനയെ വിട്ടിടത്തെല്ലാം ക്യൂബ അയച്ചത് ഡോക്ടർമാരെയും അധ്യാപകരെയുമാണ്. ചേരിചേരാ പ്രസ്ഥാനത്തിന് നിർണായക നേതൃത്വം നൽകിയ ഫിദൽ, രണ്ടുതവണ അധ്യക്ഷനാവുകയും 1979ലെ ഉച്ചകോടിക്ക് ഹവാന ആതിഥ്യമരുളുകയും ചെയ്തു. ചേരിചേരാ നയം നിഷ്പക്ഷതയല്ലെന്നും മർദിതർക്കൊപ്പം നിലയുറപ്പിക്കലാണെന്നും അദ്ദേഹം അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു.
1991-ൽ സോവിയറ്റ് യൂണിയൻ തകരുകയും മൂലധനത്തിന്റെ പ്രത്യയശാസ്ത്രവിശാരദന്മാർ ‘ചരിത്രത്തിന്റെ അന്ത്യ’ത്തെക്കുറിച്ച് അട്ടഹസിക്കുകയും ചെയ്തപ്പോൾ ക്യൂബയ്ക്ക് വ്യാപാരത്തിന്റെ 85 ശതമാനവും നഷ്ടപ്പെട്ടു. ആ ‘പ്രത്യേക കാലഘട്ടം' വെറും സാമ്പത്തിക ക്രമീകരണമായിരുന്നില്ല; ശ്വാസംമുട്ടിച്ചുകൊല്ലാനുള്ള ശ്രമമായിരുന്നു. എന്നാൽ, ഫിദൽ കീഴടങ്ങാൻ കൂട്ടാക്കിയില്ല. ക്യൂബയിലെ സോഷ്യലിസം സോവിയറ്റ് യൂണിയന്റെ ശാഖയായിരുന്നില്ലെന്നും അത് ബോധമുള്ള ജനത സ്വയം തെരഞ്ഞെടുത്തതായിരുന്നുവെന്നും അദ്ദേഹം തെളിയിച്ചു. കടുത്ത പരീക്ഷണങ്ങളുടെ ഈ ഘട്ടത്തിലാണ് ഞാൻ അദ്ദേഹത്തെ ഹവാനയിൽ വച്ച് കാണുന്നത്– തലകുനിക്കാതെ, മാപ്പപേക്ഷിക്കാതെ, അന്താരാഷ്‌ട്ര ഐക്യദാർഢ്യത്തിൽനിന്ന് കരുത്തുൾക്കൊണ്ട് വിഷയങ്ങൾ വിശകലനം ചെയ്യുകയും തന്ത്രങ്ങൾ മെനയുകയുമായിരുന്നു അദ്ദേഹം.
ആ വർഷങ്ങളിൽ, സാമ്രാജ്യത്വവിരുദ്ധതയുടെ പദാവലി ഫിദൽ വിപുലീകരിച്ചു. കടക്കെണി, അസമമായ വിനിമയങ്ങൾ, നവ ലിബറൽ കൊള്ള എന്നിവയെ സാമ്രാജ്യത്വചൂഷണത്തിന്റെ പുതിയ രൂപങ്ങളായി യഥാർഥ പേരുവിളിച്ച് അദ്ദേഹം അടയാളപ്പെടുത്തി. 1980-കളുടെ തുടക്കത്തിൽ മൂന്നാംലോക രാജ്യങ്ങളുടെ വിദേശകടം തിരിച്ചടയ്ക്കാനാകാത്തതാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം, കടം വീട്ടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരിസ്ഥിതിനാശത്തിലൂടെ മനുഷ്യവംശം വംശനാശഭീഷണി നേരിടുകയാണെന്ന് 1992-ലെ റിയോ ഭൗമ ഉച്ചകോടിയിൽ ഫിദൽ മുന്നറിയിപ്പ് നൽകി. നൂറ്റാണ്ടുകളായുള്ള കൊള്ളയ്ക്ക് പകരമായി മുൻ കൊളോണിയൽ ശക്തികളിൽനിന്ന് നഷ്ടപരിഹാരം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആ ആവശ്യമാണ് ഇന്ന് കരീബിയൻ തീരങ്ങളിൽനിന്ന് ആഫ്രിക്കവരെയും നമ്മുടെ സ്വന്തം ഉപഭൂഖണ്ഡത്തിലും പ്രതിധ്വനിക്കുന്നത്.
തകർക്കാനാകാത്ത വ്യവസ്ഥിതി
ക്യൂബൻ സുരക്ഷാവിഭാഗത്തിന്റെ കണക്കനുസരിച്ച് സിഐഎയും ഏജന്റുമാരും അറുന്നൂറിലധികം തവണയാണ് ഫിദലിനെ വധിക്കാൻ ശ്രമിച്ചത്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ആ വെടിയുണ്ടകൾ ഒറ്റ മനുഷ്യനെമാത്രം ലക്ഷ്യമിട്ടതായിരുന്നില്ല. ക്യൂബൻ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കുനേരെയായിരുന്നു അവ തൊടുത്തത്. വെല്ലുവിളികളെയെല്ലാം അതിജീവിച്ച ഫിദൽ, ഭൂരിഭാഗം നേതാക്കളും ചെയ്യാൻ മടിക്കുന്ന ഒരു കാര്യം ചെയ്തു. 2006ൽ സ്വമേധയാ പദവികളിൽനിന്ന് മാറി യുവതലമുറയ്ക്ക് വഴിയൊരുക്കി. 2016 നവംബറിൽ മരിക്കുന്നതുവരെ ജീവിതത്തിന്റെ അവസാന ദശകം എഴുത്തുകാരനായും വിപ്ലവത്തിന്റെ ഉപദേശകനായും പ്രവർത്തിച്ചു.
ഫിദലിന്റെ വിയോഗത്തോടെ ക്യൂബയ്ക്കെതിരെയുള്ള യുദ്ധം അവസാനിച്ചില്ല. ആറുപതിറ്റാണ്ടിലേറെയായി അമേരിക്ക നിയമവിരുദ്ധമായ ഉപരോധം തുടരുന്നത് ക്യൂബൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 17,000 കോടി ഡോളർ നഷ്ടമുണ്ടാക്കി. 2024ൽ ഐക്യരാഷ്ട്ര പൊതുസഭ രണ്ടിനെതിരെ 187 വോട്ടുകൾക്ക് ഈ ഉപരോധത്തെ അപലപിച്ചിരുന്നു. ഇന്ന് ക്യൂബയെ പിടിച്ചുലയ്ക്കുന്ന സാമ്പത്തിക, അടിസ്ഥാനസൗകര്യ പ്രതിസന്ധികൾ സോഷ്യലിസത്തിന്റെ പരാജയമല്ല; സാമ്രാജ്യത്വത്തിന്റെ കണക്കുകൂട്ടിയുള്ള ക്രൂരതയാണ്. ഡോണൾഡ് ട്രംപിനുകീഴിൽ അത് കൂടുതൽ പിടിമുറുക്കിയിരിക്കുന്നു.
ജനനത്തിന് ഒരുനൂറ്റാണ്ടിനുശേഷവും ഫിദലും ചെയും ക്യൂബൻ വിപ്ലവവും ഗ്ലോബൽ സൗത്തിന് വഴികാട്ടികളായി തുടരുന്നു. സാമ്രാജ്യത്വം മുഖംമൂടി മാറ്റി പല്ലിളിക്കുന്ന ഈ കാലഘട്ടത്തിൽ ഫിദലിന്റെ നൂറാം ജന്മവാർഷികം കേവല സ്മരണയല്ല; അതൊരു ആഹ്വാനമാണ്. ഗ്ലോബൽ സൗത്തിന്റെ ഐക്യം കെട്ടിപ്പടുക്കുക, ഓരോ തീരുവയെയും ഓരോ അധിനിവേശത്തെയും ഓരോ പിടിച്ചെടുക്കലിനെയും ചെറുത്തുതോൽപ്പിക്കുക, സോഷ്യലിസത്തിനായുള്ള പോരാട്ടത്തെ മുന്നോട്ടുനയിക്കുക– ഇന്ത്യയിലും ലോകത്തെമ്പാടും തൊഴിലാളികളും കർഷകരും യുവജനങ്ങളും അദ്ദേഹത്തിന് ഇതിലും വലിയ ആദരം നൽകാനില്ല. ചരിത്രം ഫിദലിനെ സാധൂകരിച്ചിരിക്കുന്നു. തെരുവുകളിൽ, പണിയിടങ്ങളിൽ, പാടശേഖരങ്ങളിൽ, ആശയപോരാട്ടങ്ങളിൽ ഇനി നമ്മളാണ് അദ്ദേഹത്തെ നീതീകരിക്കേണ്ടത്. ആ അസാന്നിധ്യം അനുഭവപ്പെടുന്നു. എന്നാൽ, കടമ വ്യക്തമാണ്.















