ഒളിമങ്ങുന്ന ജനാധിപത്യം


ടി നരേന്ദ്രൻ
Published on Jun 30, 2026, 09:58 PM | 3 min read
നവഫാസിസത്തിന്റെ കാലത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ കാഴ്ചകൾക്കപ്പുറത്താണ് യഥാർഥ വസ്തുതകൾ കുടിയിരിക്കാറുള്ളത്. തൊലിപ്പുറമെ ദൃശ്യമായതെല്ലാം വ്യാജവും നിർമിതവുമായിരുന്നു എന്ന് തിരിച്ചറിയുക ഏറെ വൈകിയാണ്. ജനാധിപത്യം എന്നത് കാഴ്ചശക്തിക്ക് സമാനമാണ്. കാഴ്ചയില്ലാതാകുമ്പോഴാണ് കണ്ണിന്റെ പ്രാധാന്യം കൂടുതൽ ബോധ്യമാകുകയെന്നത് ജനാധിപത്യത്തിനും ബാധകമാണ്. ജനാധിപത്യസ്ഥാപനങ്ങളെ നിർവികാര സംവിധാനങ്ങളായി നിലനിർത്തി അതിന്റെ സത്തയും സാരാംശവും ഊറ്റിയെടുക്കുന്നതാണ് നവഫാസിസത്തിന്റെ ഉള്ളടക്കം. ഒരു നാടിന്റെ ജൈവസ്വഭാവത്തെയും സ്വാഭാവിക സ്പന്ദനങ്ങളെയും വന്ധ്യംകരിക്കുന്ന രീതിയാണിത്.
പാർലമെന്റ് നിയമ നിർമാണത്തിലൂടെയാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷന്റെ രൂപമാറ്റം സാധ്യമാക്കിയത്. ഒരു ഭരണഘടനാ സ്ഥാപനത്തിൽ വരുത്തിയ മൗലികമാറ്റം ജനാധിപത്യ പ്രക്രിയയിലുണ്ടാക്കിയ പ്രത്യാഘാതം ദൂരവ്യാപകമെന്ന് സമകാല സംഭവങ്ങൾ തെളിയിക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു കേന്ദ്രമന്ത്രിയും ചേർന്ന സമിതിയാണ് കമീഷനെ നിയമിക്കുന്നത്. അതോടെ ആ സമിതിയിൽ കേന്ദ്രഭരണകക്ഷിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷമായി. ഒരു കേന്ദ്ര ഡിപ്പാർട്ട്മെന്റ് ആയി കമീഷൻ മാറി. വോട്ടെടുപ്പ് തീയതി നിശ്ചയിക്കുന്നതുമുതൽ തീവ്രവോട്ടർപ്പട്ടിക പരിഷ്കരണംവരെയുള്ള കാര്യങ്ങളിലുണ്ടായ ദുരനുഭവങ്ങളുടെ ഉറവിടം മറ്റൊന്നല്ല. അതേസമയം വരുത്തിയ പരിഷ്കരണങ്ങളും മാറ്റങ്ങളും ധാർമികമല്ലെങ്കിലും സാങ്കേതികാർഥത്തിൽ ചട്ടപ്രകാരമാണ്. തന്മൂലം നിയമനടപടികൾക്ക് സാധ്യതയില്ലാതായി. പശ്ചിമബംഗാളിലും നേരത്തെ ബിഹാറിലും രൂപംകൊണ്ട സമീപകാല സംഭവവികാസങ്ങൾ ഈയൊരു പശ്ചാത്തലത്തിൽ രാഷ്ട്രീയ ഗവേഷണവിഷയമാക്കേണ്ടതാണ്.
അടിയന്തരാവസ്ഥയും അതിനുശേഷമുള്ള ആഗോളവൽക്കരണ നയങ്ങളുമാണ് ഇന്ത്യയിലെ മൂല്യച്യുതിയുടെയും ദുഃഖദുരിതങ്ങളുടെയും മൂലകാരണം. പൊതുമേഖലാ- സർക്കാർ പദ്ധതികളുടെ ഇഴച്ചിലും ചുവപ്പുനാട സാങ്കേതികത്വങ്ങളും ചൂണ്ടിക്കാണിച്ചാണ് നവലിബറൽ നയങ്ങൾക്ക് സാധുത നേടിയെടുത്തത്. ബദലായി ഉയർത്തിക്കാട്ടിയ തുറന്ന കമ്പോളം വന്നാൽ മത്സരം മുറുകുമെന്നും നീതി ഉറപ്പാക്കുമെന്നുമായിരുന്നു അവകാശവാദം. അതിനായി കുത്തകനിയന്ത്രണം സാധ്യമാക്കുന്ന റിസർവ് ബാങ്ക് അടക്കമുള്ള എല്ലാ സംവിധാനങ്ങളെയും ദുർബലമാക്കി. പകരം കമ്പോളം അഥവാ മാർക്കറ്റിനെ റെഗുലേറ്ററായി നിശ്ചയിച്ചു. അതോടെ കമ്പോള രാജാക്കന്മാർക്ക് സർവാധിപത്യം കൈവന്നു. പൊതുമേഖലയെ തകർത്തതോടെ സുതാര്യതയും സാമൂഹ്യനീതിയും നിലച്ചു. സർക്കാരുകളെ വരുതിയിലാക്കിയ വൻകിട കോർപറേറ്റുകൾ ചെറുകിടക്കാരെയെല്ലാം തുടച്ചുനീക്കി. എല്ലാ മേഖലയിലും നാലോ അഞ്ചോ അധിപന്മാരുടെ കുത്തകാധിപത്യം. കുത്തകകളെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കലുമായി സർക്കാരിന്റെ കർത്തവ്യം.
കോർപറേറ്റ് നികുതികൾ വെട്ടിക്കുറച്ചതും അവരുടെ ബാങ്ക് കിട്ടാക്കടം എഴുതിത്തള്ളിയതുമൊക്കെ സർക്കാർ ഖജനാവിനെ ചോർത്തിയെടുത്തിട്ടാണ്. മനഃപൂർവം ബാങ്ക് വായ്പ മുടക്കംവരുത്തുന്ന കളങ്കിത കോർപറേറ്റുകളെ ഒരു വർഷത്തിനുശേഷം വിശുദ്ധരാക്കി പ്രഖ്യാപിക്കാമെന്ന റിസർവ് ബാങ്ക് നിർദേശം കോർപറേറ്റ് പ്രീണനത്തിന്റെ നേർക്കാഴ്ചയാണ്. എന്നാൽ, പഠനകാലത്ത് വാങ്ങിയ വിദ്യാഭ്യാസ വായ്പയിൽ മുടക്കംവന്നാൽ പതിറ്റാണ്ടുകൾക്കുശേഷവും സിബിൽ സ്കോർ കളങ്കിതമായി തുടരുകയും ചെയ്യും. പാവപ്പെട്ടവരുടെ സബ്‌സിഡി നിഷേധിക്കുകയും വൻകിടക്കാരുടെ ഗ്രാന്റുകൾ ഉയർത്തുകയും ചെയ്തു. പ്രത്യുപകാരമായി കോർപറേറ്റുകൾ നൽകുന്ന കൈക്കൂലിയുടെ പരസ്യ രൂപമാണ് രാഷ്ട്രീയപാർടികൾക്ക് പണം നൽകുന്ന ഇലക്‌ടറൽ ബോണ്ട് സംവിധാനം. പണം, മസിൽ, മതം, മാധ്യമം എന്നിവയാണ് പുതിയകാല വോട്ട് സമാഹരണ സങ്കേതങ്ങൾ.
കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും രോഗവും സമൃദ്ധമായി തളം കെട്ടിനിൽക്കുകയും അതിന്റെ നടുവിൽ കോർപറേറ്റ് സമ്പന്നതയുടെ തിളങ്ങുന്ന ദ്വീപ് സമൂഹം ഉടലെടുത്തതുമാണ് നവലിബറൽ കാലത്തെ ഇന്ത്യൻ സാമൂഹ്യ കാഴ്ച. കോർപറേറ്റുകളുടെ ക്ഷേമവും സമാധാനവും ഉറപ്പാക്കാനുള്ള രണ്ട് സംവിധാനങ്ങളായി മതാധിഷ്ഠിത ഭരണകൂടവും മാധ്യമവും രംഗത്തുണ്ട്.
ആശയങ്ങളില്ലാത്ത ഒരു സമൂഹത്തിൽ പ്രചാരണങ്ങൾക്കാണ് വർധിത പ്രാധാന്യം. ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തലും മൂല്യങ്ങളെ നിരാകരിക്കലും പൊതുമണ്ഡലത്തിൽ യാദൃശ്ചികമായി വന്നതല്ല. കോർപറേറ്റുകൾക്ക് അനുകൂലമായി ജനമനസ്സുകളെ സൃഷ്ടിക്കാനും വിധേയമാക്കാനുമുള്ള മാധ്യമ നീക്കങ്ങളാണവ. അധികാര കേന്ദ്രങ്ങൾ സുസംഘടിതമെങ്കിലും ജനങ്ങൾ ഒറ്റയാന്മാരാണ്. കൊടിയ ദാരിദ്ര്യവും ജീവിത പ്രയാസങ്ങളും നിലനിൽക്കുമ്പോൾ മറ്റു സാമൂഹ്യ ചിന്തകളിലൊന്നും വിഹരിക്കാൻ അവർ സന്നദ്ധമാകില്ലെന്നും കോർപറേറ്റുകൾ വിലയിരുത്തുന്നുണ്ട്. അവരെ വശീകരിച്ചും വിരട്ടിയും ഒറ്റയാന്മാരായി നിൽക്കാനുമുള്ള ആഹ്വാനമാണ് കോർപറേറ്റുകൾ കൈക്കലാക്കിയ മാധ്യമങ്ങൾ നടപ്പാക്കുന്നത്. വർഗീയ ചേരിതിരിവുണ്ടാക്കി സ്പർധയും പരസ്പര വിദ്വേഷവും കുത്തിവച്ച് ശ്രദ്ധ തിരിക്കലാണ് മാധ്യമങ്ങളുടെ മറ്റൊരു ചതിപ്രയോഗം. ഭരണാധികാര–കോർപറേറ്റ് –മാധ്യമ കൂട്ടുകെട്ടിലൂടെ ജനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും പാർശ്വവൽക്കരിക്കപ്പെടുന്ന ദയനീയ സ്ഥിതി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവമഞ്ചമൊരുക്കൽ.
തൊഴിലാളികളുടെയും ജനങ്ങളുടെയും കൂട്ടായ്മകളെ മാത്രമേ കോർപറേറ്റുകൾക്ക് ഭയമുള്ളു. അതിനാലാണ് തൊഴിലാളികളെ പരിഹസിക്കുകയും യൂണിയനുകളെ കളിയാക്കുകയും ചെയ്യുന്ന കെട്ടുകഥകൾ മാധ്യമവിചാരണകളിൽ സമൃദ്ധമാകുന്നത്. സമൂഹത്തിലെ പൊതുകാര്യങ്ങളും സങ്കീർണതകളും ജനങ്ങൾ മനസ്സിലാക്കേണ്ടതില്ല എന്ന സിദ്ധാന്തം രൂപപ്പെട്ടതും കൃത്യമായ അജൻഡയോടെയാണ്. മനുഷ്യ ജീവിതത്തിന്റെ തിരക്കഥ തയ്യാറാക്കുന്ന ഇടമാണ് രാഷ്ട്രീയമെന്നത് ഒരിക്കലും ഇക്കൂട്ടർ ജനങ്ങളെ അറിയിക്കുകയില്ല. വിവിധ മേഖലകളിൽ അധ്വാനവർഗം നടത്തുന്ന ശക്തിസമാഹരണമാണ് ഇരുൾമൂടുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീക്ഷ.














