വിശ്വാസ്യത തകരുന്ന പ്രവേശനപരീക്ഷകൾ

ടി ചന്ദ്രമോഹൻ
Published on May 12, 2026, 10:15 PM | 3 min read
രാജ്യത്തെ 22 ലക്ഷത്തിലേറെ വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് യുജിയുടെ ചോദ്യപേപ്പർ ഇൗ വർഷവും ചോർന്നുവെന്ന വാർത്ത അതീവഗൗരവത്തോടെ കാണേണ്ടതാണ്. 720ൽ 600 മാർക്കിന്റെ ചോദ്യങ്ങൾവരെ മുൻകൂട്ടി പുറത്തായെന്ന കണ്ടെത്തൽ പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യതയെത്തന്നെ പിടിച്ചുലയ്‌ക്കുന്നതാണ്. മെയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായത് വിദ്യാർഥികളോടുള്ള വലിയ അനീതിയാണ്. 22 ലക്ഷത്തിലേറെപ്പേർ എഴുതിയ പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയത്. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് തയ്യാറെടുത്ത കുട്ടികളും അവരുടെ രക്ഷിതാക്കളും ഇപ്പോൾ അനുഭവിക്കുന്നത് അസഹ്യമായ മാനസികസമ്മർദമാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചും കടം വാങ്ങിയും കുട്ടികളെ കോച്ചിങ്ങിന് അയക്കുന്ന സാധാരണ കുടുംബങ്ങൾക്ക് ഇത് വലിയ ആഘാതമാണ്. ഒരു പരീക്ഷയുടെ വിശ്വാസ്യത തകരുമ്പോൾ ഇല്ലാതാകുന്നത് കുട്ടികളുടെ ആത്മവിശ്വാസവും രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തോടുള്ള ജനവിശ്വാസവുംകൂടിയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് ഏറ്റവും ഭീതിജനകം. കഴിഞ്ഞവർഷങ്ങളിലും നീറ്റ് യുജി, നീറ്റ് പിജി, മറ്റ് ദേശീയ പ്രവേശനപരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും നടന്നിരുന്നു. എന്നിട്ടും ശക്തമായ നടപടികൾ സ്വീകരിക്കാത്തത് മോദിസർക്കാരിന്റെ കഴിവുകേടാണ് വ്യക്തമാക്കുന്നത്. ദേശീയ പ്രവേശനപരീക്ഷകൾ ഇന്ന് സുതാര്യതയുടെയും തുല്യാവകാശത്തിന്റെയും പ്രതീകമല്ല, മറിച്ച് പണമുള്ളവർക്കും സ്വാധീനമുള്ളവർക്കും അനുകൂലമായി മാറുന്ന സംവിധാനങ്ങളാണ്.
2024ലും 20 ലക്ഷത്തിലേറെ വിദ്യാർഥികൾ എഴുതിയ നീറ്റ് യുജി പരീക്ഷ വിവാദത്തിൽപ്പെട്ടിരുന്നു. ആറ് സെന്ററുകളിലായി പരീക്ഷയെഴുതിയ ഏതാണ്ട് 1500 വിദ്യാർഥികൾ, തങ്ങൾക്ക് പരീക്ഷയെഴുതാൻ അനുവദിക്കപ്പെട്ട സമയം ലഭിച്ചില്ലെന്നു പരാതിപ്പെട്ട് കോടതിയെ സമീപിക്കുന്നതോടെയാണ് അന്ന് വിവാദങ്ങൾക്ക് തുടക്കമായത്. പരാതിക്കാർക്ക് ഗ്രേസ് മാർക്ക് നൽകാൻ കോടതി ഉത്തരവിടുന്നു. ഫലം വന്നപ്പോൾ 720ൽ 720 മാർക്കും നേടി 67 പേർ ഒന്നാംറാങ്കുകാരായി. പലർക്കും 718ഉം 719ഉം മാർക്ക് ലഭിച്ചിരിക്കുന്നു. പരീക്ഷയ്ക്കുമുന്പേ ചോദ്യപേപ്പർ പുറത്തായി. ഒൗദ്യോഗിക ഉത്തരസൂചികയിൽ പിഴവുകളുള്ളതായും മൂല്യനിർണയത്തിൽ പല മാനദണ്ഡങ്ങൾ സ്വീകരിച്ചെന്നും കണ്ടെത്തി. സുപ്രീംകോടതിതന്നെ ദേശീയ പ്രവേശനപരീക്ഷയുടെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചു. 2024ലെ ചോദ്യചോർച്ച വിവാദത്തെ തുടർന്ന് സുപ്രീംകോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണവും സർക്കാർ നിയോഗിച്ച ഉന്നതാധികാരസമിതിയും അന്വേഷണം നടത്തിയിരുന്നു. ബിഹാറിലെ പട്നയിലും ജാർഖണ്ഡിലെ ഹസാരിബാഗിലും ചോദ്യപേപ്പർ ചോർന്നതായി അന്വേഷണത്തിൽ സിബിഐ കണ്ടെത്തിയെങ്കിലും പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനത്തിൽ പിഴവുകളും ഏകോപനക്കുറവും ഉണ്ടെന്ന് കോടതി വിമർശിച്ചിരുന്നു.
‘ഈ ഘട്ടത്തിൽ, പരീക്ഷയുടെ ഫലം മോശമായെന്നോ അല്ലെങ്കിൽ പരീക്ഷയുടെ പവിത്രത ലംഘിച്ചെന്നോ ഉള്ള നിഗമനത്തിലെത്താൻ രേഖകളുടെ അഭാവമുണ്ട്’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. സിബിഐയാകട്ടെ, തുടർന്ന് കാര്യമായ കണ്ടെത്തലുകളൊന്നും നടത്താതെ അന്വേഷണം അവസാനിപ്പിച്ചു.
ഗുരുതരമായ പൊരുത്തക്കേടുകൾ അന്വേഷിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി യുജിസി മുൻ ചെയർമാൻ പ്രദീപ് കുമാർ ജോഷിയുടെ നേതൃത്വത്തിൽ നാലംഗ ഉന്നതാധികാരസമിതിയെ നിയോഗിച്ചിരുന്നു. ചോദ്യപേപ്പർ പ്രിന്റിങ് മുതൽ വിതരണംവരെ കൂടുതൽ കർശനമായ സുരക്ഷാസംവിധാനം വേണമെന്നും ഡിജിറ്റൽ ഡാറ്റയ്ക്ക് ശക്തമായ സൈബർ സുരക്ഷാ പ്രോട്ടോകോളുകൾ നടപ്പാക്കണമെന്നും പരീക്ഷാകേന്ദ്രങ്ങളിൽ തിരിച്ചറിയൽ പരിശോധന ശക്തമാക്കണമെന്നും സമിതി നിർദേശിച്ചു. പരീക്ഷാനടത്തിപ്പിനായി കൂടുതൽ സുതാര്യവും പ്രൊഫഷണലുമായ സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് എൻടിഎയിൽ ഘടനാപരമായ പരിഷ്‌കാരം നടപ്പാക്കണമെന്നും പലവിധ കാരണങ്ങളാൽ അനുവദിക്കുന്ന ഗ്രേസ് മാർക്ക് സംവിധാനം പുനഃപരിശോധിക്കണമെന്നും ക്രമക്കേടുണ്ടായാൽ അന്വേഷണ ഏജൻസികളുടെ ശക്തമായ ഇടപെടലിലൂടെ ചോർച്ചയുമായി ബന്ധപ്പെട്ട ക്രിമിനൽശൃംഖല കണ്ടെത്തണമെന്നും സമിതി നിർദേശിച്ചിരുന്നു. സമിതിയുടെ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കാത്തതുകൊണ്ടാണ് ഇത്തവണയും ചോദ്യപേപ്പർ വ്യാപകമായി ചോർന്നത്. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, കേന്ദ്ര സർവകലാശാലകളുടെ പ്രവേശനപരീക്ഷയിലെ (സിയുഇടി) പൊരുത്തക്കേടുകൾ, നാലുവർഷ ബിഎഡ് പ്രോഗ്രാമിലേക്ക് 2024ൽ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) റദ്ദാക്കിയത്, -നെറ്റിന്റെ ക്രമക്കേടും റദ്ദാക്കലും തുടങ്ങിയവയെല്ലാം ദേശീയ ടെസ്റ്റിങ് ഏജൻസിയുടെ വിശ്വാസ്യതയെ ബാധിച്ചു.
വിദ്യാഭ്യാസമേഖലയെ പൊതുസ്വഭാവത്തിൽനിന്ന് അകറ്റി കോർപറേറ്റുകളുടെ ലാഭവിപണിയാക്കി മാറ്റിയ മോദിസർക്കാരിന്റെ നയങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. മെഡിക്കൽ പഠന കോഴ്‌സുകളിലേക്ക് സംസ്ഥാനതലത്തിൽ നടത്തിയിരുന്ന പരീക്ഷകൾ റദ്ദാക്കി കേന്ദ്രസർക്കാരാണ് ദേശീയതലത്തിൽ ഒറ്റപ്പരീക്ഷ അടിച്ചേൽപ്പിച്ചത്. വൻകിട സ്വകാര്യ കോച്ചിങ് സെന്ററുകളെ വളർത്താനും അരികുവൽക്കരിക്കപ്പെട്ട വിദ്യാർഥികളെ ഉന്നതവിദ്യാഭ്യാസമേഖലയിൽനിന്ന് പുറത്താക്കാനും ലക്ഷ്യമിട്ടാണ് എൻടിഎ സംവിധാനത്തിന് രൂപംനൽകിയത്. ദേശീയ പ്രവേശനപരീക്ഷകൾ വൻ അഴിമതിക്ക് വഴിവയ്‌ക്കുകയാണ്. ക്രമക്കേടിന്റെ പേരിൽ പരീക്ഷകൾ റദ്ദാക്കുന്പോൾ പരീക്ഷകളുടെ തയ്യാറെടുപ്പിനായി വിദ്യാർഥികൾ ചെലവഴിച്ച വിലപ്പെട്ട സമയവും വിഭവങ്ങളും നശിപ്പിക്കുകമാത്രമല്ല, വലിയ അനിശ്ചിതത്വവും ഉൽക്കണ്ഠയും സൃഷ്ടിക്കുകയുമാണ് കേന്ദ്രസർക്കാർ.
‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന മുദ്രാവാക്യത്തിനുപിന്നിൽ വളർന്നത് അസമത്വവും ചൂഷണവുമാണ്. ഗ്രാമങ്ങളിലെയും സാധാരണ സർക്കാർ സ്കൂളുകളിലെയും വിദ്യാർഥികൾ പിന്നാക്കംപോകുമ്പോൾ കോടികൾ ചെലവഴിക്കുന്ന കോച്ചിങ് വ്യവസായമാണ് നേട്ടമുണ്ടാക്കുന്നത്.
ദേശീയ പ്രവേശനപരീക്ഷകളുടെ നടത്തിപ്പിലും ഫലനിർണയത്തിലും ഉത്തരവാദപ്പെട്ട നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഓരോ വർഷവും ഉദാസീനത തുടരുകയാണ്. അന്വേഷണങ്ങൾ പ്രഖ്യാപിക്കുന്നതല്ലാതെ പരീക്ഷാ ക്രമക്കേടുകൾക്കുപിന്നിലുള്ള വൻസംഘങ്ങളെ നിയമത്തിനുമുന്നിൽ എത്തിക്കാൻ സാധിക്കുന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ റാക്കറ്റുകളും കോടികളുടെ ഇടപാടുകളും കോച്ചിങ് സെന്ററുകളുടെ അനിയന്ത്രിത വളർച്ചയും ചേർന്നാണ് ഈ അഴിമതിവലയം പ്രവർത്തിക്കുന്നതെന്നാണ് ഓരോ ക്രമക്കേടും പുറത്തുവരുന്പോൾ വ്യക്തമാകുന്നത്. ഒരു ദശകത്തിലേറെയായി നടന്നുവരുന്ന നീറ്റ് പരീക്ഷ എന്നും വിവാദത്തിൽപ്പെടുന്നു. പരീക്ഷാക്രമക്കേടുകൾ ഒഴിവാക്കാനെന്ന പേരിൽ വസ്ത്രധാരണത്തിൽ കൊണ്ടുവന്ന നിബന്ധനകൾ പരീക്ഷാർഥികളെ അപമാനിക്കുന്നതിന് ഇടയാക്കിയതും പരീക്ഷാ സെന്ററുകളിലെ അപര്യാപ്തതകളുമൊക്കെ വിവാദമായിട്ടുണ്ട്. പകരക്കാരെ പരീക്ഷയെഴുതാൻ നിയോഗിച്ച സംഭവങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്‌തു. എല്ലാത്തിനും മകുടം ചാർത്തുന്നതായി ഇക്കുറി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയത്.
മോദിസർക്കാരിന്റെ 12 വർഷത്തിനിടെ വിദ്യാഭ്യാസമേഖലയെ ഒന്നടങ്കം കാവിവൽക്കരിക്കുന്നതോടൊപ്പം കോർപറേറ്റുവൽക്കരിക്കുകയും ചെയ്‌തു. ഉന്നതവിദ്യാഭ്യാസരംഗത്തെ സംഘപരിവാറിന്റെ അജൻഡ നടപ്പാക്കുന്നതിനായി വിട്ടുകൊടുത്തു. യുജിസി ചെയർമാൻ, കേന്ദ്ര സർവകലാശാലാ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള ഉന്നതസ്ഥാനങ്ങളിലെല്ലാം യോഗ്യത നോക്കാതെ ആർഎസ്‌എസ് പ്രവർത്തകരെ നിയമിച്ചു. സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള സർവകലാശാലകളിൽ ഗവർണർമാരെ ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ സംഘപരിവാറുകാരെ തിരുകിക്കയറ്റി. ഉന്നതവിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുന്നതിനിടയിലാണ് ദേശീയ പ്രവേശനപരീക്ഷകളുടെ വിശ്വാസ്യതയും സമഗ്രതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.















