ജനത ഗവണ്മെന്റിന്റെ മിന്നൽ തീരുമാനങ്ങൾ...


വി എ എൻ നമ്പൂതിരി
Published on Jun 30, 2026, 12:30 PM | 3 min read
1975 ജൂൺ 25-ന് പ്രഖ്യാപിക്കപ്പെട്ട് 1977 മാർച്ച് വരെ നീണ്ടുനിന്ന ഇന്ത്യയിലെ ദേശീയ അടിയന്തരാവസ്ഥയുടെ കാലഘട്ടത്തെക്കുറിച്ചുള്ള അനുഭവങ്ങളും ഓർമ്മകളും രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സമുന്നത നേതാവായിരുന്ന വിഎഎൻ നമ്പൂതിരി പങ്കുവയ്ക്കുന്നു...
അടിയന്തരാവസ്ഥയിൽ നൂറ് കണക്കായ പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ട്രേഡ് യൂണിയൻ നേതാക്കളും സർക്കാരിനെ വിമർശിച്ചവരും എല്ലാം ഒരു വിചാരണയും തെളിവും ഇല്ലാതെ ജയിലിലടക്കപ്പെട്ടു. ക്രൂര മർദനങ്ങൾ.പോലീസ് അഴിഞ്ഞാടി. എഞ്ചിനീയറിംഗ് വിദ്യാർത്ഥി രാജൻ ക്രൂര മർദനത്തിന്നിരയായി കൊല്ലപ്പെട്ടു.
പത്രങ്ങൾക്കും വാർത്തകൾക്കും പൂർണ സെൻഷർ. പൗരാവകാശങ്ങൾ പൂർണമായും നിഷേധിക്കപ്പെട്ടു. നിർബന്ധ കുടുംബ ആസൂത്രണം.' വാ അടക്കൂ, പണിയെടുക്കൂ ' നീതി. അടിയന്തരാവസ്ഥക്കെതിരെ സ. ജയപ്രകാശിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം.
സ്ഥിതിഗതികൾ അനുകൂലമാണെന്ന ധാരണയിൽ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇന്ദിര അടക്കം കോൺഗ്രസ് പ്രമുഖരെല്ലാം അമ്പേ പരാജയപ്പെട്ടു. ജനത സർക്കാർ അധികാരത്തിലെത്തി.
കോഴിക്കോട് ടെലിഫോൺസിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടവരെയെല്ലാം വിട്ടയച്ചു. അടിയന്തരാവസ്ഥ റദ്ദാക്കപ്പെട്ടു. ജയിൽ മോചിതനായെങ്കിലും സ. സത്യനാഥന്റെ ഒരു പരാതി പരിഹരിക്കേണ്ടതുണ്ടായിരുന്നു. ജയിലിൽ കിടക്കുമ്പോഴാണ് സഖാവിന്ന് ഇന്ത്യൻ ബാങ്കിൽ ജോലി ലഭിച്ചു കൊണ്ടുള്ള കത്ത് വരുന്നത്. ജയിലിൽ ആയതു നിമിത്തം ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. നിയമനം റദ്ദാക്കപ്പെട്ടു. ബാങ്ക് ജോലി വേണമെന്ന് സത്യനാഥന്ന് അതിയായ ആഗ്രഹം. ബാങ്ക് തെയ്യാറുമല്ല.
ഞാൻ അടുത്ത ദിവസം റിസർവേഷൻ പോലുമില്ലാതെ തീവണ്ടിയിൽ ഡൽഹിയിലേക്ക്. ധനകാര്യ മന്ത്രിക്കുള്ള സത്യനാഥന്റെ ഒരു അപേക്ഷ തയ്യാറാക്കി അതും കയ്യിലെടുത്തു. അവിടെ എത്തിയ ശേഷം താമസം വിനാ നേരെ ജനത പാർട്ടി പ്രവർത്തിക്കുന്ന ബംഗ്ലാവിലേക്ക്. ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന വിശാലമായ ഗ്രൗണ്ട് മുഴുവൻ ചെറിയ ടെന്റുകൾ. ഓരോന്നിന്റെ മുന്നിലും ഓരോ നേതാക്കളുടെ, മന്ത്രിമാരുടെ ബോർഡുകൾ. അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി നൂറുകണക്കിന് ജനങ്ങൾ നേതാക്കളെ കാണാൻ. ചായയും, മധുരവും ചപ്പാത്തിയും സബ്ജിയുമെല്ലാം സൗജന്യമായി വിതരണം. ആകെ വിജയത്തിന്റെ, സന്തോഷത്തിന്റെ ബഹളം. ഞാൻ ജനത പാർട്ടി ഓഫീസിൽ കയറി സെക്രട്ടറിയെ കണ്ടു കാര്യം പറഞ്ഞു കത്ത് കാണിച്ചു. അദ്ദേഹം മലയാളിയായത് സൗകര്യമായി.
അദ്ദേഹം അപേക്ഷയുടെ ഒരു വശത്ത് ഇനിഷ്യൽ ചെയ്തു നേരെ പോയി ധനകാര്യ മന്ത്രിയെ കാണാൻ ഉപദേശിച്ചു. ഓട്ടോ റിക്ഷയിൽ നേരെ നോർത്ത് ബ്ലോക്കിൽ ധനകാര്യ മന്ത്രിയുടെ മുറിയിലേക്ക്. എവിടെയും സെക്യൂരിറ്റി ചെക്കപ്പോ ചോദ്യങ്ങളോ ഒന്നുമില്ല. ഞാൻ മുറിയിലേക്ക് കയറുമ്പോൾ ധനകാര്യ മന്ത്രി ശ്രീ എഛ് എം പട്ടേൽ പുറത്തേക്ക് വരുന്നു. അപേക്ഷ നൽകിക്കൊണ്ട് ഞാൻ കാര്യം അവതരിപ്പിച്ചു. അടിയന്തരാവസ്ഥ തടവുകാരനായ സത്യനാഥന്ന് നഷ്ടപ്പെട്ടു പോയ ഇന്ത്യൻ ബാങ്കിലെ ജോലി ലഭ്യമാക്കണം. അപേക്ഷയുടെ മാർജിനിൽ ഒപ്പിട്ട ശേഷം അത് അടുത്ത മുറിയിലുള്ള ധനകാര്യ സെക്രട്ടറിക്ക് നൽകാൻ പറഞ്ഞു. ഉടൻ സെക്രട്ടറിയെ കണ്ട് അപേക്ഷ കൊടുത്തു . അത് വായിച്ചു നോക്കി ഇനിഷ്യൽ ചെയ്തു എന്നോട് ഡാക് ഭവന്റെ എതിർവശത്തുള്ള എൽ ഐ സി ഭവന്റെ അഞ്ചാം നിലയിലുള്ള ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയെ കാണാൻ നിർദേശിച്ചു. ഓട്ടോ റിക്ഷ പിടിച്ചു സ്ഥലത്തെത്തി മുറിയിൽ കയറി സെക്രട്ടറിയെക്കണ്ടു. അവിടെയും സെക്യൂരിറ്റിയും ഒന്നുമില്ല.
അപേക്ഷ വിശദമായി പഠിച്ച ശേഷം എന്താണ് വേണ്ടതെന്നു എന്നോട് ചോദിച്ചു. ഇന്ത്യൻ ബാങ്കിൽ നഷ്ടപ്പെട്ടു പോയ ജോലി ലഭ്യമാക്കണമെന്ന് ഞാൻ പറഞ്ഞു.
ജോയിന്റ് സെക്രട്ടറി ടെലിഫോൺ എടുത്തു നേരെ ഇന്ത്യൻ ബാങ്കിന്റെ മദ്രാസ് ഹെഡ് ഓഫീസിലെ ഡയറക്ടറെ വിളിച്ചു കാര്യം പറയുകയും സത്യ നാഥന്ന് നിയമനം നൽകാൻ നിർദേശം നൽകുകയും ചെയ്തു. തുടർന്ന് ഇങ്ങിനെ കൂടി പറഞ്ഞു : " അപേക്ഷയുമായി വന്ന മിസ്റ്റർ നമ്പൂതിരി എന്റെ മുന്നിലുണ്ട്. അദ്ദേഹം കോഴിക്കോട് എത്തുന്നതിനു മുൻപ് നിയമന കല്പന അവിടെ എത്തിയിരിക്കണം. " സന്തോഷമായില്ലേ എന്ന് എന്നോട് ഒരു ചോദ്യവും.
രണ്ട് മണിക്കൂറിനുള്ളിൽ ജനത പാർട്ടി സെക്രട്ടറി, ധനകാര്യ മന്ത്രി, വകുപ്പ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എല്ലാവരെയും കാണുകയും നിയമനം തീരുമാനമാവുകയും ചെയ്ത അപൂർവ സംഭവം.
അവിടെ നിന്നും ഇറങ്ങി നേരെ വി പി ഹൗസിൽ പോയി കോഴിക്കോട് വിളിച്ചു വിവരം അറിയിച്ചു. ഉറപ്പ് നൽകിയ പോലെ ഞാൻ കോഴിക്കോട് എത്തുന്നതിനു മുൻപ് സത്യ നാഥന്ന് നിയമന ഉത്തരവ് ലഭിച്ചു. മദ്രാസിൽ പോയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
1975 ലെ അടിയന്തരാവസ്ഥ കഴിഞ്ഞു അര നൂറ്റാണ്ട് പിന്നിടുന്ന ഈ സന്ദർഭത്തിൽ, പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥ സ്ഥിതിയാണുള്ളത്. ജന വിരുദ്ധ, തൊഴിലാളി - കർഷക വിരുദ്ധ നയങ്ങളും നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്.. മത സ്പർത്ഥ വളർത്തുന്ന നയങ്ങൾ തുടരുന്നു. പൗരവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.
അവയ്ക്കെതിരായ പ്രക്ഷോഭങ്ങളും, പോരാട്ടങ്ങളും ഉയർന്നു വരുന്നുവെന്നത് ആവേശം നൽകുന്നു.
(അവസാനിക്കുന്നു)














