Deshabhimani

Articles

വൈദ്യുതി നിയമഭേദഗതി

ദരിദ്രരെ മോദി ഇരുട്ടിലാക്കും

electricity act amendment
avatar
എളമരം കരീം

Published on Oct 24, 2025, 12:15 AM | 3 min read

വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കാൻ ലക്ഷ്യമിട്ട്‌ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണ്. ഇലക്ട്രിസിറ്റി (ഭേദഗതി) ബില്‍ 2025 തയ്യാറാക്കി ബന്ധപ്പെട്ടവരുടെ അഭിപ്രായംതേടാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2003ല്‍ വൈദ്യുതിനിയമം നടപ്പാക്കിയശേഷം വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഭീമമായ നഷ്ടമുണ്ടായി എന്നാരോപിച്ചാണ് പുതിയ നിയമനിര്‍മാണം. നവ -ഉദാരവാദ നയങ്ങളാണ് വൈദ്യുതിമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്ന യാഥാര്‍ഥ്യം കേന്ദ്രം മറച്ചുവയ്ക്കുകയാണ്. 2014ല്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയമം ഭേദഗതി ചെയ്യാന്‍ ശ്രമിച്ചു. 2022ല്‍ പാര്‍ലമെന്റിൽ സ്വകാര്യവല്‍ക്കരണ ബിൽ കൊണ്ടുവന്നു. കര്‍ഷകരും വൈദ്യുതി ജീവനക്കാരും ശക്തമായി പ്രതിഷേധിച്ചതോടെ പിറകോട്ടുപോയി. 2022ല്‍ മാറ്റിവച്ച ബില്ലിനേക്കാള്‍ ദ്രോഹവ്യവസ്ഥകളാണ് പുതിയ കരടുബില്ലിലുള്ളത്. വ്യാപകമായ സ്വകാര്യവല്‍ക്കരണം, വ്യാപാരവല്‍ക്കരണം, വൈദ്യുതിമേഖലയുടെ കേന്ദ്രീകരണം തുടങ്ങിയവയാണ് നിര്‍ദേശിച്ചിരിക്കുന്നത്. പൊതുമേഖലയിലെ വൈദ്യുതിവിതരണ സ്ഥാപനങ്ങളുടെ സാമ്പത്തികഭദ്രതയെ തകര്‍ക്കുന്ന ഭേദഗതികളുമുണ്ട്. ഇവ ഉപഭോക്താക്കളുടെ അവകാശവും സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങളും തൊഴിലാളികളുടെ ജീവിതവും തകര്‍ക്കുന്നതാണ്. നിര്‍ദിഷ്‌ട ഭേദഗതി ബിൽ പാസായാൽ വൈദ്യുതി ഉല്‍പ്പാദന വിതരണ മേഖലയാകെ സ്വകാര്യ കോര്‍പറേറ്റുകളുടെ അധീനതയിലാകും. ഭേദഗതി ബില്ലിലെ സെക്‌ഷന്‍ 14, 42, 43 അനുസരിച്ച് നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വൈദ്യുതിവിതരണത്തിന്‌ സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാം.


electricity act amendment


മത്സരാധിഷ്ഠിതമായും വൈദ്യുതി വിതരണം ചെയ്യുക എന്ന നിര്‍ദിഷ്ട ബില്ലിലെ വ്യവസ്ഥ നടപ്പായാല്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി ഉപയോഗിക്കുന്ന വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലെ വിതരണം സ്വകാര്യസ്ഥാപനങ്ങള്‍ ഏറ്റെടുക്കും. വരുമാനം കുറഞ്ഞ ഗ്രാമീണമേഖലകളിലെ വിതരണം പൊതുമേഖലാ ബോര്‍ഡുകള്‍ നടത്തേണ്ടിവരും. എല്ലാ വൈദ്യുതി ബോര്‍ഡുകളും നഷ്ടത്തിലായി തകരും. ഗ്രാമീണമേഖലകളിലെ വൈദ്യുതിവിതരണം താറുമാറാകും. വിതരണശൃംഖലയുടെ മേല്‍നോട്ടവും വികസനവുമെല്ലാം പൊതുമേഖലാ ബോര്‍ഡുകളുടെ ചുമതലയിലായിരിക്കും. ഈ പശ്ചാത്തലസൗകര്യം ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ ലാഭം കൊയ്യും.


ജനങ്ങള്‍ക്ക് ലഭിച്ചുവരുന്ന ‘ക്രോസ്‌ സബ്സിഡി' (വരുമാനം അനുസരിച്ച് വ്യത്യസ്ത നിരക്കുകള്‍ നിശ്ചയിക്കുന്ന രീതി) എന്ന തത്വം ഇല്ലാതാകും. വീട്ടാവശ്യങ്ങള്‍ക്കും കൃഷിക്കും ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് ഉയരും. ഈ ‘മള്‍ട്ടിപ്പിള്‍ ലൈസന്‍സിങ്‌’ നടപ്പാക്കാനുള്ള ഉപാധിയാണ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കല്‍. വന്‍കിടക്കാര്‍ക്കുവേണ്ടിയുള്ള പദ്ധതിയെ ജീവനക്കാര്‍ എതിര്‍ക്കുന്നത് പൊതുതാല്‍പ്പര്യം സംരക്ഷിക്കാനാണ്‌.

നിര്‍ദിഷ്ട ബില്ലിലെ 43 (4) വകുപ്പനുസരിച്ച് ഒരു മെഗാവാട്ടില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സ്വകാര്യസ്ഥാപനങ്ങളിലേക്ക് മാറാന്‍ റഗുലേറ്ററി കമീഷനുകള്‍ക്ക് അനുമതി നൽകാം. ഇത് പൊതുമേഖലാ വൈദ്യുതിവിതരണ കമ്പനികളെ നഷ്ടത്തിലേക്ക് തള്ളും. ഇത്തരം ബോര്‍ഡുകള്‍ക്ക് ‘ക്രോസ് സബ്സിഡി’ നല്‍കാനാകില്ല. എല്ലാവര്‍ക്കും വൈദ്യുതി നല്‍കുകയെന്ന ബാധ്യത സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കേണ്ടതില്ല.


electricity act amendment


ലാഭകരമല്ലാത്ത ഒരു ഉപഭോക്താവിനും കണക്‌ഷന്‍ നല്‍കാന്‍ ഇവര്‍ക്ക് ബാധ്യതയില്ല. വൈദ്യുതിമേഖലയില്‍ വ്യത്യസ്ത ഉപഭോക്താക്കള്‍ക്ക് വ്യത്യസ്‌ത നിരക്കാണ് നിലവിലുള്ളത്. വ്യവസായികള്‍, വന്‍കിട വ്യാപാര- വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് താരതമ്യേന ഉയര്‍ന്ന നിരക്കും കുറച്ച്‌ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കുമാണ്. ഇതിനെയാണ് ‘ക്രോസ് സബ്സിഡി' എന്നു പറയുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ക്രോസ് സബ്‌സിഡി നിര്‍ത്തലാക്കലാണ് ലക്ഷ്യം. ഇതോടെ പാവപ്പെട്ടവരും കർഷകരും ഗ്രാമീണരും ഉയര്‍ന്ന വൈദ്യുതിനിരക്ക് നൽകേണ്ടിവരും. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ, മെട്രോ റെയില്‍ തുടങ്ങിയവയെയെല്ലാം ഇത്‌ ഗുരുതരമായി ബാധിക്കും. മോദിസര്‍ക്കാരിന്റെ പുതിയ നീക്കം, ദരിദ്രജനതയെ കൂടുതല്‍ കഷ്ടതയിലേക്ക് തള്ളുക എന്നതാണ്.


നിര്‍ദിഷ്ട ഭേദഗതിനിയമത്തിലെ സെക്‌ഷന്‍ 66 അനുസരിച്ച് വൈദ്യുതി, ‘ജനങ്ങളുടെ അടിസ്ഥാന ആവശ്യം ' എന്ന നിലയില്‍നിന്ന്, കമ്പോളത്തിലെ ഒരു ‘ചരക്ക്' എന്ന നിലയിലേക്ക് മാറുകയാണ്. കമ്പോളത്തിലെ ഊഹക്കച്ചവടം സൃഷ്ടിക്കുന്ന വിലക്കുതിപ്പിന് ഈ സാഹചര്യം ഇടയാക്കും. കമ്പോളത്തിന്റെ സ്വാതന്ത്ര്യത്തിന് വിട്ടാല്‍ വൈദ്യുതിവാങ്ങലിനുള്ള ദീര്‍ഘകാല കരാര്‍ ഇല്ലാതാകും. വൈദ്യുതി ഉല്‍പ്പാദനം കൈയിലുള്ള സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്ക്, ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാന്‍ കരാറുകള്‍ ഉണ്ടാക്കാന്‍ കഴിയില്ലെങ്കില്‍, വിതരണം താറുമാറാകും. വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിച്ച എല്ലാ രാജ്യങ്ങളിലെയും അവസ്ഥ ഇതാണ്. ബില്ലിലെ സെക്‌ഷന്‍ 58, 64, 126, 127 അനുസരിച്ച് റഗുലേറ്ററി കമീഷനുകള്‍ക്ക് ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെവരും. സ്ഥാപനങ്ങളുടെ സാമ്പത്തികശേഷി അനുസരിച്ചായിരിക്കും വിതരണസംവിധാനത്തിന്റെ ശേഷി. അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്യാനോ ആധുനികീകരിക്കാനോ കഴിയാത്ത അവസ്ഥ സംജാതമാകും. ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്കും ലഭിക്കുന്ന സേവനം ദുര്‍ബലമാകുന്ന അവസ്ഥയും വരും.


സെക്‌ഷന്‍ 86 (ഇ) അനുസരിച്ച്, പുനരുല്‍പ്പാദന ഊര്‍ജം ഉപയോഗിക്കാനുള്ള ടാര്‍ഗറ്റ് നിശ്ചയിച്ച് സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ റഗുലേറ്ററി കമീഷന് അധികാരമുണ്ടാകും. സെക്‌ഷന്‍ 166 (1എ) അനുസരിച്ച്, ഒരു ‘കേന്ദ്ര ഇലക്ട്രിസിറ്റി കൗണ്‍സില്‍' കേന്ദ്ര ഊര്‍ജമന്ത്രി അധ്യക്ഷനായി രൂപംകൊള്ളും


​പുതിയ ബില്ലിലെ സെക്‌ഷന്‍ 15(2), 18 (2)(ബി) അനുസരിച്ച്, സ്വകാര്യ വൈദ്യുതിവിതരണ കമ്പനികള്‍ക്ക് പ്രതിരോധസ്ഥാപനങ്ങളുടെ ഭൂമിയിലൂടെ വൈദ്യുതിലൈന്‍ സ്ഥാപിക്കാന്‍, സുരക്ഷാസ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ഇത് ദേശീയസുരക്ഷയെ ബാധിക്കുന്ന ഗൗരവമുള്ള പ്രശ്നമാണ്. സെക്‌ഷന്‍ 86(ഇ), 90,166,176 പ്രകാരം ഫെഡറല്‍ തത്വങ്ങള്‍ മാനിക്കാതെ പ്രവര്‍ത്തിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അവസരം ലഭിക്കും. സെക്‌ഷന്‍ 86 (ഇ) അനുസരിച്ച്, പുനരുല്‍പ്പാദന ഊര്‍ജം ഉപയോഗിക്കാനുള്ള ടാര്‍ഗറ്റ് നിശ്ചയിച്ച് സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ റഗുലേറ്ററി കമീഷന് അധികാരമുണ്ടാകും. സെക്‌ഷന്‍ 166 (1എ) അനുസരിച്ച്, ഒരു ‘കേന്ദ്ര ഇലക്ട്രിസിറ്റി കൗണ്‍സില്‍' കേന്ദ്ര ഊര്‍ജമന്ത്രി അധ്യക്ഷനായി രൂപംകൊള്ളും. ഈ കൗണ്‍സില്‍, സംസ്ഥാനങ്ങളുടെ അധികാരം മാനിക്കാതെ സംസ്ഥാന വൈദ്യുതിനയം തീരുമാനിക്കും. സെക്‌ഷൻ 176 അനുസരിച്ച്, പാര്‍ലമെന്ററി പരിശോധന കൂടാതെ വൈദ്യുതിവിതരണമേഖലയിലെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടാകും.


നിര്‍ദിഷ്ട വൈദ്യുതി നിയമഭേദഗതി, വൈദ്യുതി സുരക്ഷമാത്രമല്ല, ഈ മേഖലയിലെ തൊഴില്‍ സുരക്ഷിതത്വത്തെയും തകര്‍ക്കും. പൊതുമേഖലയിലെ വൈദ്യുതിവിതരണ സ്ഥാപനങ്ങള്‍ തകരുമ്പോള്‍, ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ‘താങ്ങാവുന്ന നിരക്കില്‍ സുരക്ഷിത വൈദ്യുതി' എന്ന അവസ്ഥ പൂര്‍ണമായും ഇല്ലാതാകും. പൊതുസമ്പത്ത്‌ സ്വകാര്യ കുത്തകകളെ ഏല്‍പ്പിക്കല്‍മാത്രമാണ് പുതിയ നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. വൈദ്യുതി നിയമഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാരും ഉപഭോക്താക്കളും ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും പ്രക്ഷോഭത്തിനിറങ്ങുകയും വേണം.


(ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ) പ്രസിഡന്റാണ്‌ ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home